Wednesday, June 30, 2010

കയര്‍ത്തൊഴിലാളികള്‍ക്ക് രണ്ടിരട്ടി നേട്ടം

നാലുവര്‍ഷത്തിനിടെ കയര്‍ത്തൊഴിലാളികളുടെ വേതനം ഇരട്ടിയോളം വര്‍ധിച്ചു; പെന്‍ഷന്‍ രണ്ടിരട്ടിയും. എല്‍ഡിഎഫ് സര്‍ക്കാര്‍ കയര്‍ വികസന വകുപ്പിനെയും സഹകരണ മേഖലയെയും ബന്ധപ്പെടുത്തിയും സമന്വയിപ്പിച്ചുമുള്ള വികസന പദ്ധതിയിലൂടെ ഈ പരമ്പരാഗത വ്യവസായത്തിലെ ലക്ഷക്കണക്കിന് കുടുംബങ്ങള്‍ക്കാണ് ആശ്വാസം പകര്‍ന്നത്. കയര്‍പിരി തൊഴിലാളികളുടെ പ്രതിദിന വേതനം 150 രൂപയാക്കി പുതുക്കിനിശ്ചയിക്കുമെന്ന് കയര്‍-സഹകരണ വകുപ്പുമന്ത്രി ജി സുധാകരന്‍ പ്രഖ്യാപിച്ചു. ഇപ്പോഴും നൂറുരൂപപോലും വേതനം നല്‍കാന്‍ തയ്യാറാകാത്ത കയര്‍മുതലാളിമാര്‍ക്ക് മറ്റൊരു താക്കീതാകും സര്‍ക്കാരിന്റെ നടപടി.

തൊഴിലുറപ്പ് പദ്ധതിയില്‍ നൂറും നൂറ്റിഇരുപതും രൂപ കൂലി കിട്ടുമ്പോള്‍ കൂടുതല്‍ അധ്വാനത്തോടെയും ദുഷ്കരമായ പശ്ചാത്തലത്തിലും ജോലിചെയ്യുന്ന കയര്‍ത്തൊഴിലാളികള്‍ക്ക് 150 രൂപയെങ്കിലും ലഭിക്കണമെന്നത് സാമാന്യ നീതിമാത്രമാണെന്ന് മന്ത്രി പറഞ്ഞു. മാത്രമല്ല, ട്രേഡ്യൂണിയനുകളുടെ യോഗം വിളിച്ചശേഷം കയര്‍വികസന വകുപ്പ് ഡയറക്ടര്‍ ഇക്കാര്യത്തില്‍ സര്‍ക്കാരിന് ശുപാര്‍ശ സമര്‍പ്പിച്ച കാര്യവും മന്ത്രി വെളിപ്പെടുത്തി. മലബാര്‍ മേഖലയില്‍ 125 രൂപയും തെക്കന്‍ മേഖലയില്‍ 150 രൂപയും നിശ്ചയിക്കാനാണ് ശുപാര്‍ശ. ഇത് നടപ്പാകുമ്പോള്‍ കേരളത്തിലെ കയര്‍പിരി മേഖലയിലെ അഞ്ചുലക്ഷത്തോളം തൊഴിലാളികുടുംബങ്ങള്‍ക്കാണ് നേട്ടം. നാലുവര്‍ഷംമുമ്പ് 100 രൂപയായിരുന്ന കയര്‍തൊഴിലാളി പെന്‍ഷനും മറ്റു സാമൂഹ്യപെന്‍ഷനോടൊപ്പം മുന്നൂറ് രൂപയാക്കുമ്പോള്‍ ചരിത്രത്തിലാദ്യമായി ജൂലൈ അവസാനം അഡ്വാന്‍സ് പെന്‍ഷനടക്കം 1800 രൂപവീതം കയര്‍ത്തൊഴിലാളി കുടുംബങ്ങളിലുമെത്തും. എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഓണസമ്മാനമാണ് കൂലിയിലും പെന്‍ഷനിലും രണ്ടിരട്ടിയുള്ള ഈ ഇരട്ടനേട്ടം. 57,000 കയര്‍ത്തൊഴിലാളി കുടുംബങ്ങള്‍ക്കായി 10,26,00,000 രൂപയാണ് എത്തുക.

കയര്‍വികസന വകുപ്പ് നടപ്പാക്കുന്ന കയര്‍കടാശ്വാസ പദ്ധതി ചെറുകിട ഉല്‍പാദകര്‍ക്കും സഹകരണ സ്ഥാപനങ്ങള്‍ക്കും സ്തംഭനം ഒഴിവാക്കി സുഗമമായി പ്രവര്‍ത്തിക്കാന്‍ സഹായകമാണ്. ധനകാര്യസ്ഥാപനങ്ങളില്‍നിന്നും സ്ഥിരം മൂലധനമായും പ്രവര്‍ത്തനമൂലധനമായും 2008 മാര്‍ച്ച് 31നോ അതിനുമുമ്പോ വായ്പയെടുത്ത് സ്ഥാപനം തുടങ്ങുകയോ വിപുലീകരിക്കുകയോ ചെയ്തവര്‍ക്കാണ് സഹായം ലഭ്യമാക്കുന്നത്. യഥാസമയം വായ്പ തിരിച്ചടയ്ക്കാന്‍ കഴിയാത്തവര്‍ക്ക് പിഴപ്പലിശ മാത്രമല്ല, പലിശപോലും ഒഴിവാക്കുകയാണ്. 91 സഹകരണസംഘങ്ങള്‍ക്കും 199 ചെറുകിട ഉല്‍പാദകര്‍ക്കുമായി ഇതിനകം 2.18 കോടി രൂപ അനുവദിച്ചു. കയര്‍പിരി മേഖലയിലെ തൊഴിലാളികള്‍ക്ക് 5000 രൂപ വീതവും ഉല്‍പാദന മേഖലയിലും തൊണ്ടുതല്ല് മേഖലയിലും പ്രവര്‍ത്തിക്കുന്നവര്‍ക്ക് ഒരു തൊഴിലാളിക്ക് 15,000 രൂപ എന്ന ക്രമത്തിലും ലഭിക്കും. സഹകരണമേഖല ഒഴികെ സൂക്ഷ്മ സംരംഭങ്ങളിലെ ചെറുകിട ഉല്‍പാദകര്‍ക്കും 25,000 രൂപ നിരക്കില്‍ കടാശ്വാസം നല്‍കുന്നുണ്ട്.

കയര്‍വ്യവസായത്തിന്റെ പുനരുദ്ധാരണത്തിനായി പതിറ്റാണ്ടുകളായി ഈ മേഖലയില്‍ പോരാട്ടം തുടരുകയാണ്. വ്യവസായ പുനരുദ്ധാരണവും വികസനവും കൊണ്ടല്ലാതെ തൊഴിലാളികളുടെ ദുരിതം അവസാനിക്കില്ലെന്ന തിരിച്ചറിവാണ് ഈ പരമ്പരാഗത തൊഴിലാളികളെ പ്രക്ഷോഭത്തിനിറക്കിയിട്ടുള്ളത്. 1967ലെ ഇ എം എസ് സര്‍ക്കാരിന്റെ കാലത്ത് വ്യവസായമന്ത്രി ടി വി തോമസ് കൊണ്ടുവന്ന കയര്‍വികസന പദ്ധതിക്ക് കേന്ദ്രാനുമതി ലഭിച്ചില്ല. പതിനഞ്ചുകോടി രൂപയുടെ ധനസഹായം അക്കാലത്ത് കേന്ദ്രം നല്‍കിയിരുന്നെങ്കില്‍, അനേകകോടി ഡോളര്‍ നേടിത്തരുന്ന വിദേശ കയറ്റുമതിയുള്ള ഈ വ്യവസായത്തിന് അടിസ്ഥാനവികസനമാകുമായിരുന്നു. കേന്ദ്രഗവണ്‍മെന്റിന്റെ നിയന്ത്രണത്തിലുള്ള കയര്‍ ബോര്‍ഡ്, കയറ്റുമതിക്കാരായ കുത്തക വ്യവസായികളുടെ താല്‍പര്യത്തിനൊത്താണ് നയരൂപീകരണവും വികസനപദ്ധതികളും നടപ്പാക്കുന്നത്. ഈ സാഹചര്യത്തിലും പരിമിതമായ അധികാരവും വിഭവദാരിദ്രവുമുള്ള സംസ്ഥാന ഗവണ്‍മെന്റ് ഇത്തരം വികസന-ക്ഷേമ പദ്ധതികള്‍ നടപ്പാക്കുന്നത് ശ്ളാഘനീയമാണ്.

സഹകരണ മേഖലയില്‍ പണിയെടുക്കുന്ന രണ്ടുലക്ഷത്തോളം കയര്‍പിരി തൊഴിലാളികള്‍ക്ക് 150 രൂപ ക്രമത്തിലുള്ള കൂലി ആദ്യം ഉറപ്പാക്കും. തുടര്‍ന്ന് സ്വകാര്യമേഖലയിലെ മൂന്നുലക്ഷത്തോളംപേര്‍ക്കും അത് ലഭിക്കാനുള്ള ക്രമീകരണങ്ങള്‍ ഉല്‍പാദകരുടെ സഹകരണത്തോടെ നടപ്പാക്കുകയാണ് കയര്‍ക്ഷേമ വകുപ്പിന്റെ ലക്ഷ്യം. കൂലിവര്‍ധന നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന അധിക ഉല്‍പാദനച്ചെലവ് കണക്കാക്കിയുള്ള വില കയറിന് നല്‍കാന്‍ കയര്‍ഫെഡിന് ആവശ്യമായ പണവും നല്‍കിയിട്ടുണ്ട്. സ്വകാര്യമേഖലയില്‍ പ്രഖ്യാപിച്ച കൂലി നല്‍കി ഉല്‍പാദിപ്പിച്ച ചെറുകിടക്കാരുടെ കയര്‍, സഹകരണസംഘങ്ങളിലൂടെ സംഭരിക്കാനുള്ള തുടര്‍നടപടിയും ഉണ്ടാകാനാണ് സാധ്യത. ഇക്കാര്യം കയര്‍വികസന വകുപ്പ് ഗൌരവപൂര്‍വം പരിഗണിക്കും. സഹകരണമേഖല ചെറുകിട ഉല്‍പാദകരില്‍നിന്ന് ഏറ്റെടുക്കുന്ന കയറിന് അതുല്‍പാദിപിച്ച തൊഴിലാളികള്‍ക്ക് നിശ്ചിത കൂലി നല്‍കിയെന്ന് ഉറപ്പുവരുത്തേണ്ടതുണ്ട്.

നാലുവര്‍ഷംമുമ്പ് എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരമേല്‍ക്കുമ്പോള്‍ എഴുപത്തഞ്ചും എണ്‍പതും രൂപയായുരുന്നു കയര്‍ത്തൊഴിലാളികള്‍ക്ക് പ്രതിദിനം കിട്ടിയിരുന്നത്. കയര്‍വ്യവസായ കുത്തകകളുടെ ചൂഷണം ചെറുകിട ഉല്‍പാദകരിലേക്കും നീളുന്ന സാഹചര്യത്തില്‍, കുറഞ്ഞ കൂലി ഏതറ്റംവരെ താഴ്ത്താനും ഉല്‍പാദകരെയാണ് ഉപയോഗിക്കുന്നത്. ഉല്‍പന്നങ്ങളുടെ വില കൂട്ടാതെ നിശ്ചത കൂലി നല്‍കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കും ബുദ്ധിമുട്ടായി. ഈഗവണ്‍മെന്റ് അധികാരത്തില്‍ വന്ന ആദ്യവര്‍ഷംതന്നെ സഹകരണ സ്ഥാപനങ്ങളില്‍ കെട്ടിക്കിടന്ന കയറും ഉല്‍പന്നങ്ങളും ലക്ഷക്കണക്കിന് രൂപയുടെ സബ്സിഡി നല്‍കി ശേഖരിച്ചു.

കയര്‍ സഹകരണസംഘങ്ങളുടെ സര്‍ക്കാര്‍ വായ്പകളും എന്‍സിഡിസി വായ്പകളും ഓഹരിയാക്കി. 53 കോടി രൂപയുടെ ആശ്വാസം സഹകരണസംഘങ്ങള്‍ക്കുണ്ടായി. 23 കോടി രൂപയാണ് പ്രവര്‍ത്തനമൂലധനമായി നല്‍കിയത്. കയര്‍ഫെഡിന്റെ 20 കോടി രൂപ സര്‍ക്കാര്‍ വായ്പയും പലിശയും ഓഹരിയാക്കി. പ്രവര്‍ത്തനമൂലധനമായി 15 കോടി രൂപയും നല്‍കി. കയര്‍ ക്രയവില സ്ഥിരതാപദ്ധതി മുഖേന 100 കോടി രൂപയുടെ ഓര്‍ഡര്‍ ചെറുകിട ഉല്‍പാദകര്‍ക്ക് നല്‍കിയപ്പോള്‍ ചെറുകിട ഫാക്ടറികളിലും കയര്‍പിരി കേന്ദ്രങ്ങളിലും കൂടുതല്‍ തൊഴിലവസരങ്ങളുണ്ടായി. ഇതിനുപുറമേ കയര്‍ കോര്‍പറേഷന്‍ പരമാവധി ഉല്‍പന്നങ്ങള്‍ ശേഖരിച്ചും ഓര്‍ഡര്‍ നല്‍കി ചെറുകിട ഫാക്ടറികളുടെ പ്രവര്‍ത്തനം സജീവമാക്കിയും തൊഴിലവസരങ്ങള്‍ വര്‍ധിപ്പിച്ചു. ആഭ്യന്തര കമ്പോളം വികസിപ്പിക്കാനുള്ള സ്റാളുകളും ഫെസ്റിവല്‍ മേളകളും വന്‍ വിജയമായി. കയര്‍ഫെഡും ഫോംമാറ്റിങ്സ് ഇന്ത്യയും ഈ വഴിക്കാണ് വിപണി വിപുലപ്പെടുത്തിയത്.

ഈ സംയുക്തസംരംഭത്തിന് സംസ്ഥാന കയര്‍വികസന വകുപ്പ് നേതൃത്വം നല്‍കി. ഓരോ പ്രതിസന്ധിഘട്ടത്തെയും തരണംചെയ്യാനുള്ള ഉല്‍പാദന-വിതരണ തന്ത്രങ്ങളും സ്തംഭനം ഉണ്ടാകാത്തവിധം ഉല്‍പന്നങ്ങളുടെ സംഭരണവും സുഗമമാക്കാന്‍ കോടികളാണ് സര്‍ക്കാര്‍ വിനിയോഗിച്ചത്. പൊതുമേഖലയിലും സഹകരണ മേഖലയിലും പ്രവര്‍തിക്കുന്ന സ്ഥാപനങ്ങളുടെ അധ്യക്ഷന്മാരുമായി കയര്‍-സഹകരണവകുപ്പുമന്ത്രി ജി സുധാകരന്‍ നടത്തിയ കൂടിയാലോചനകളുടെയും ഉല്‍പാദനമേഖയെ സജീവമാക്കാനായി വിളിച്ചുകൂട്ടിയ കോണ്‍ഫറന്‍സുകളുടെയും നാള്‍വഴി പരിശോധിച്ചാല്‍ ഈ ഗവണ്‍മെന്റിന് കയര്‍വ്യവസായത്തോടും അതിലെ തൊഴിലാളികളോടുമുള്ള പ്രതിബദ്ധതയാണ് തെളിയുക.

1960കള്‍ക്ക് മുമ്പുള്ള കയര്‍വ്യവസായരംഗത്തെ സുവര്‍ണകാലത്തെക്കുറിച്ച് പലരും പറയാറുണ്ട്. വിദേശ ഓര്‍ഡറുകളെമാത്രം ആശ്രയിച്ച് ഉല്‍പന്നങ്ങളുണ്ടാക്കി കയറ്റുമതിചെയ്യുന്ന കൂറ്റന്‍ ഫാക്ടറികള്‍ ഏറെയും വിദേശികളായ മുതലാളിമാരുടേതായിരുന്നു. ബ്രിട്ടീഷ് ഭരണകാലത്ത് ഇവിടെ വ്യവസായത്തിന് 'നങ്കൂര'മിട്ട വെള്ളക്കാര്‍ ബ്രിട്ടനിലെ തൊഴില്‍നിയമങ്ങളാണ് ഭരണകൂടത്തിന്റെ പിന്തുണയോടെ അടിച്ചേല്‍പ്പിച്ചിരുന്നത്. എന്നാല്‍, കുറഞ്ഞ കൂലിയാണെങ്കിലും വ്യവസ്ഥാപിതമായ മാര്‍ഗങ്ങളുണ്ടായിരുന്നു; തൊഴില്‍ സ്ഥിരതയും. നവോത്ഥാന പ്രസ്ഥാനത്തിലും സ്വാതന്ത്ര്യസമരത്തിലും ചാലകശക്തിയായിരുന്ന കയര്‍വ്യവസായ തൊഴിലാളികള്‍ നടത്തിയ ധീരമായ പോരാട്ടവും പണിമുടക്കുകള്‍ ഉള്‍പ്പെടെയുള്ള പ്രതിരോധങ്ങളും അവരുടെ സംഘടനാശേഷിയുടെ ഉരകല്ലായിരുന്നു. കൂറ്റന്‍ ഫാക്ടറികളില്‍ പണിയെടുത്ത ആയിരങ്ങള്‍ 'സൈറണ്‍' മുഴങ്ങാതെതന്നെ നിരനിരയായി ഇറങ്ങിവന്ന് സ്വാതന്ത്ര്യസമര പോരാട്ടങ്ങളില്‍ അണിചേര്‍ന്നത് പിറന്ന നാടിന്റെയും ജനങ്ങളുടെയും മോചനത്തിനായിരുന്നു. പുന്നപ്ര-വയലാര്‍ സമരത്തിലെ മുന്നണിപ്പോരാളികളും കയര്‍വ്യവസായ തൊഴിലാളികളായിരുന്നുവെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു.

തൊഴിലാളികളുടെ സംഘടിതശക്തിയെ ഇല്ലാതാക്കാന്‍ 1950 കളില്‍ കരുപ്പിടിപ്പിച്ച തന്ത്രമായിരുന്നു കയര്‍വ്യവസായത്തിലെ വികേന്ദ്രീകരണം. കൂറ്റന്‍ ഫാക്ടറികള്‍ ഓരോന്നായി പൊളിച്ചടുക്കി; ആയിരങ്ങള്‍ തൊഴില്‍രഹിതരായി. ചെറുകിട ഫാക്ടറികള്‍ കൂണുപോലെ പൊങ്ങി. വന്‍ ഫാക്ടറി നടത്തി ഉല്‍പന്നങ്ങള്‍ കയറ്റുമതിചെയ്ത മുതലാളിമാരുടെ ഉല്‍പാദനകേന്ദ്രങ്ങള്‍ ചെറുകിട ഫാക്ടറികളായി. കൂലിയും ബോണസും ക്ഷാമബത്തയും വെട്ടിക്കുറച്ചു. ഉല്‍പന്നങ്ങള്‍ ശേഖരിക്കുന്ന മുതലാളിമാരുടെ ഡിപ്പോകള്‍ 'ഇടത്തട്ടു' താവളമായി. ഇങ്ങനെയാണ് വ്യവസായ പ്രതിസന്ധി രൂക്ഷമായത്.

തൊഴിലാളികളെ ചൂഷണംചെയ്തും ലാഭത്തില്‍മാത്രം കണ്ണുവെച്ചും എങ്ങനെയും വ്യവസായം നടത്താന്‍ കയറ്റുമതിക്കാരായ മുതലാളിമാര്‍ക്ക് ഇന്ത്യയിലെ വ്യവസായ-തൊഴില്‍ നിയമങ്ങള്‍ പരിരക്ഷ നല്‍കുന്നു. സംസ്ഥാന ഗവണ്‍മെന്റിന് നിയന്ത്രിക്കാനുള്ള അധികാരമില്ല. തൊഴിലാളികളുടെ അവകാശസമരങ്ങളെ അടിച്ചമര്‍ത്താന്‍ പൊലീസിനെ അയക്കാതിരിക്കാനും, കള്ളക്കേസ് തടയാനും സംസ്ഥാന ഗവണ്‍മെന്റിനാകും. ഇടതുപക്ഷ ഗവണ്‍മെന്റുകള്‍ അധികാരത്തില്‍ വന്നപ്പോഴൊക്കെ ആ സംരക്ഷണം ഉണ്ടായിട്ടുമുണ്ട്. സമരത്തിലൂടെ പരിമിതമായ നേട്ടങ്ങളെങ്കിലും സ്ഥാപിക്കാനുമായി. ആദ്യത്തെയും രണ്ടാമത്തെയും ഇ എം എസ് ഗവണ്‍മെന്റുകളാണ് പൊതുമേഖലയിലും സഹകരണ മേഖലയിലും കയര്‍ഫാക്ടറി സ്ഥാപിക്കാനുള്ള നടപടികള്‍ക്ക് തുടക്കമിട്ടത്. വ്യവസായത്തിന്റെ അടിസ്ഥാനമാറ്റത്തിന് പിന്നീട് വന്ന നായനാര്‍ ഗവണ്‍മെന്റും വിവിധ ഘട്ടങ്ങളില്‍ പദ്ധതികള്‍ ആവിഷ്കരിച്ച് നടപ്പാക്കി. ഇപ്പോള്‍ വി എസ് സര്‍ക്കാര്‍ നടപ്പാക്കുന്ന കയര്‍വികസന-വിപണന പദ്ധതികള്‍ കേരളത്തിലും ഇതര സംസ്ഥാനങ്ങളിലും കമ്പോളങ്ങളുണ്ടാക്കി. തൊഴിലാളികള്‍ക്ക് കൂടുതല്‍ തൊഴിലിനും സഹകരണമേഖലവഴി ആനുകൂല്യങ്ങള്‍ക്കും വഴിതുറന്നു. പെന്‍ഷന്‍, ഇന്‍ഷുറന്‍സ് പദ്ധതികള്‍ ഉള്‍പ്പെടെയുള്ള സാമൂഹ്യക്ഷേമ പരിപാടികളും വിപുലമാക്കി. തൊഴിലാളികളോടും കയര്‍വ്യവസായത്തോടും ഈ സര്‍ക്കാരിനുള്ള പ്രതിബദ്ധതയാണിത്.

പി വി പങ്കജാക്ഷന്‍ ചിന്ത വാരിക 02072010

കര്‍ണാടകത്തില്‍ ദളിതരുടെ റാലി

1981ല്‍ നടന്ന വിജയവാഡ പാര്‍ടികോണ്‍ഗ്രസിന്റെ രാഷ്ട്രീയ സംഘടനാ റിപ്പോര്‍ട്ടില്‍ കര്‍ണാടകത്തെപ്പറ്റി ഇതുപോലെ എഴുതി:

"ദക്ഷിണഭാരതത്തിലുള്ള നാല് സംസ്ഥാനങ്ങളില്‍ കര്‍ണാടകം ഏഴെട്ട് ശതകത്തിനുമുമ്പ് സാമൂഹ്യപരിഷ്കാരത്തിന്റെ സമരനിര ഒരുക്കി-. 12-ാം നൂറ്റാണ്ടിലെ ബസവേശ്വരയുടെ നേതൃത്വത്തില്‍ നടന്ന വര്‍ണാശ്രമ ധര്‍മത്തിനും ജാതിവ്യവസ്ഥയ്ക്കും വൈദിക മേധാവിത്വത്തിനും എതിരെ അന്ന് കല്യാണദ്വാജ്യത്തില്‍ നടന്ന രൂക്ഷമായ സമരമാണ് ലിംഗായത്ത് പ്രസ്ഥാനത്തിന് അടിത്തറ പാകിയത്. ചാമരരും കുംഭാരരും ക്ഷുരകനും അന്ന് ലിംഗായത്ത് ഗുരുക്കളായി. സ്വയം ജീവന്‍ അര്‍പ്പിക്കേണ്ടിവന്ന ബസവേശ്വരന്റെ ത്യാഗം എട്ട് നൂറ്റാണ്ടുകള്‍ക്കുമുമ്പ് ഉണ്ടായതാണ്''.

ഇന്ന് മറ്റയല്‍ സംസ്ഥാനത്തെല്ലാം ആധുനിക (മുതലാളിത്ത) പദ്ധതിയോടൊപ്പം 19ഉം 20ഉം നൂറ്റാണ്ടുകളില്‍ നടന്ന സാമൂഹിക പരിഷ്കാരം കര്‍ണാടകത്തില്‍ ഇല്ലാതെപോയതാണ് കര്‍ണാടകത്തിന്റെ ഇന്നത്തെ പിന്നോക്കാവസ്ഥയ്ക്ക് ഇടം നല്‍കിയത്.

ഇതു മനസ്സിലാക്കിയ കര്‍ണാടകത്തിലെ അന്നത്തെ ഇടതുപക്ഷ പ്രസ്ഥാനം നടത്തിയ സമരശ്രേണിയാണ് 1983ല്‍ കോണ്‍ഗ്രസിന്റെ സ്വാതന്ത്ര്യാനന്തര കാലത്തെ തുടര്‍ച്ചയായ ഭരണം അവസാനിപ്പിച്ചത്.

എന്നാല്‍, അന്ന് അധികാരമേറ്റ ജനതാപാര്‍ടി ഭിന്നിച്ചു ഒടുവില്‍ കോണ്‍ഗ്രസ് വിരോധപ്രസ്ഥാനത്തെ കയ്യടക്കാന്‍ ഭാരതീയ ജനതാപാര്‍ടിക്ക് കഴിഞ്ഞു.

ഇന്ന് ബസവേശ്വരന്റെ പിന്‍ഗാമിയാണെന്ന് ആണയിടുന്ന യദിയൂരപ്പ വൈദികധര്‍മത്തിന്റെ മഠാധിപതിയായ ഉഡുപ്പി അഷ്ടമഠത്തിന്റെ അധിപതികളുടെ ചവിട്ടുമെത്തയായിരിക്കുന്നു.

കര്‍ണാടകത്തിലെ അധഃകൃത വിഭാഗങ്ങളുടെ കണ്ണീരൊപ്പാന്‍ ഇന്ന്, പടപൊരുതാന്‍ കമ്യൂണിസ്റ് മാര്‍ക്സിസ്റ് പാര്‍ടി മുന്നോട്ടുവന്നതിന്റെ പൊതുപ്രദര്‍ശനമായിരുന്നു ജൂണ്‍ പത്താം തീയതി ബാംഗ്ളൂര്‍ ഫ്രീഡം പാര്‍ക്കിനു സമീപം നടന്ന ദളിതരുടെ റാലി. കര്‍ണാടകത്തിലുടനീളം താലൂക്കടിസ്ഥാനത്തില്‍ ദളിത അവകാശ കമ്മിറ്റികള്‍ സ്ഥാപിക്കാന്‍ റാലിയില്‍ തീരുമാനമായി.

അമ്പതിലേറെ ഗ്രാമങ്ങളില്‍ ഊരുവിലക്ക് കല്‍പിക്കപ്പെട്ട്, ദളിതര്‍ പൊതുവിപണിയില്‍ ചരക്കുകള്‍ വാങ്ങാനോ ഉന്നതജാതിക്കാരുടെ ഭൂമിയില്‍ പണിചെയ്യുവാനോ ആകാത്ത പരിതഃസ്ഥിതിയാണ് ഇന്ന് കര്‍ണാടകത്തിലുള്ളത്.

അയിത്തത്തിനെതിരായ നിയമം അനുസരിച്ച് ഇങ്ങനെയുള്ള ഊരുവിലക്കുകള്‍ നടത്തുന്നവരെ ജയിലില്‍ അടയ്ക്കാന്‍ വകുപ്പുണ്ട്. നിയമം പാലിക്കേണ്ടവര്‍ നിയമലംഘനം ചെയ്താല്‍ അവരെ ജയിലില്‍ അടയ്ക്കേണ്ട വകുപ്പ് ഉണ്ടെങ്കിലും അത് നടപ്പാക്കാത്തതുകൊണ്ട് ദളിത വിഭാഗങ്ങള്‍, പട്ടികവര്‍ഗക്കാര്‍ ദുരിതമനുഭവിക്കുകയാണ്.

ഇക്കാലമത്രയും സാമ്പത്തികസമരങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കിയ കര്‍ണാടകത്തിലെ ഇടതുപക്ഷ പ്രസ്ഥാനം, ഒപ്പത്തിനൊപ്പം സാമൂഹിക പരിഷ്കാരത്തിനായും സമരം സംഘടിപ്പിക്കാന്‍ മുന്നോട്ടുവന്നിരിക്കുകയാണ്.

കര്‍ണാടകത്തില്‍ 21 ലക്ഷത്തോളം ദേവദാസികള്‍ക്ക്, അച്ഛനില്ലാത്ത കുട്ടികളെ വളര്‍ത്താന്‍ മാസം 2000 രൂപ പെന്‍ഷന്‍ നല്‍കേണ്ടത് യദിയൂരപ്പ നല്‍കുന്നില്ല. 23.75 ശതമാനംവരുന്ന ദളിതവിഭാഗങ്ങള്‍ക്ക് ബജറ്റില്‍ വേണ്ടത്ര തുക വകയിരുത്താതിരിക്കുന്നതിനെയോ ബജറ്റില്‍ വകയിരുത്തിയ തുകയില്‍തന്നെ 30 ശതമാനംമാത്രം ചെലവഴിക്കുന്നതിനെയോ ചോദ്യംചെയ്യാതിരിക്കുകയാണ് കര്‍ണാടകത്തില്‍ അധികാരമാളുന്നവര്‍.

12-16 രൂപയ്ക്ക് അരി ലഭിക്കുന്ന കേരളത്തില്‍ ഒരു ദളിതവിദ്യാര്‍ഥിക്ക് പ്രതിമാസം ആഹാരത്തിന് 1600 രൂപ നല്‍കുമ്പോള്‍ 42 രൂപയ്ക്ക് അരി വാങ്ങേണ്ട കര്‍ണാടകത്തില്‍ ഒരു ദളിതവിദ്യാര്‍ഥിക്ക് നല്‍കുന്ന പ്രതിമാസം ആഹാരച്ചെലവ് 650 രൂപമാത്രമാണ് ഇതില്‍ പകുതി അധികാരികളും രാഷ്ട്രീയക്കാരും പങ്കിടുന്ന അവസ്ഥയാണ് കര്‍ണാടകത്തിലുള്ളത്.

1980കളില്‍ വളര്‍ന്നുവന്ന ദളിത് സംഘര്‍ഷ സമിതികള്‍ ഇന്ന് അത്രയേറെ കഷ്ടപ്പെടാത്ത സംവരണം കൈമുതലാക്കിയവരും സാമൂഹിക ഇടപെടലില്‍ പങ്കുകച്ചവടം നടത്തുന്നവരും ഭൂമി മുതലായ ഇടപാടുകളില്‍ പങ്കെടുക്കുന്നവരുമായി ഭിന്നിച്ച് മത്സരിക്കുന്ന ഗ്രൂപ്പുകളായി മാറിക്കഴിഞ്ഞു.

ദളിതരുടെ കൂട്ടക്കൊലകള്‍, മലം തീറ്റിക്കല്‍, മൂത്രം കുടിപ്പിക്കല്‍ ഇങ്ങനെയുള്ള മേല്‍ജാതിക്കാരുടെ സാമൂഹിക അടിച്ചമര്‍ത്തലില്‍ 2500 ലധികം കേസുകളില്‍ ദളിതര്‍ക്കെതിരായി തീരുമാനിക്കപ്പെട്ടിട്ടുണ്ട്. ഇതിനെല്ലാം എതിരായി അടുത്തകാലത്തുണ്ടായ മുന്നേറ്റത്തില്‍ പങ്കുചേരാനും ജാതിവ്യവസ്ഥ അവസാനിപ്പിക്കാനുള്ള സമരത്തില്‍ പങ്കെടുക്കാനും ജൂണ്‍ 10ന്റെ റാലി ആഹ്വാനം ചെയ്തിരിക്കുകയാണ്.

ദളിതരുടെയും മതന്യൂനപക്ഷക്കാരുടെയും (മുസ്ളീം) പിന്നോക്കസമുദായക്കാരുടെയും ഭക്ഷണമായ ഗോമാംസത്തിന് വിലക്കുകല്‍പ്പിക്കാനും കഴിക്കുന്നവരെ ശിക്ഷിക്കുവാനും ബിജെപി ഗവണ്‍മെന്റ് നിയമം കൊണ്ടുവന്നിരിക്കുകയാണ്. ഈ അനീതികള്‍ക്കെല്ലാം എതിരായ പോരാട്ടത്തിനാണ് ബംഗ്ളൂരില്‍ ചേര്‍ന്ന 3500 ദളിതര്‍ പ്രതിജ്ഞയെടുത്തത്.

12-ാം നൂറ്റാണ്ടിലെ പരിഷ്കര്‍ത്താക്കളുടെ സ്വപ്നമായിരുന്ന ജാതി ഉന്മൂലനം നടപ്പിലാക്കാന്‍ കഴിഞ്ഞില്ല. പകരം ആ ലിംഗായത്ത് വിഭാഗത്തെ അധികാരത്തിനായി യദിയൂരപ്പ ആര്‍എസ്എസിനും ഹൈന്ദവ മേധാവിത്വത്തിനും അടിയറവെച്ചതിന് എതിരെയാണ് 2010 ജൂണ്‍ 10ന് സിപിഐ എമ്മിന്റെ നേതൃത്വത്തില്‍ നടന്ന ദളിത് റാലിയും പ്രഖ്യാപനവും. ഇത് സമരങ്ങളെ അഴിച്ചുനിടുന്നതിന് മുന്നോടിയാകുമെന്ന ഉറപ്പാണ്.

വി ജെ കെ നായര്‍ ചിന്ത വാരിക 02072010

കന്ദമല്‍ : ബിജെപി എംഎല്‍എയ്ക്ക് 7 വര്‍ഷം കഠിനതടവ്

ഭുവനേശ്വര്‍: ഒറീസയിലെ കന്ദമല്‍ ക്രൈസ്തവ വേട്ടയുമായി ബന്ധപ്പെട്ട കേസില്‍ ബിജെപി എംഎല്‍എയ്ക്ക് ഏഴു വര്‍ഷം കഠിന തടവ്. കന്ദമലിലെ ഉദയഗിരി എംഎല്‍എ മനോജ് പ്രധാനെതിരെയാണ് അതിവേഗ കോടതിയുടെ വിധി. 2008 ആഗസ്ത് 27ന് ബുദേദി ഗ്രാമത്തിലെ പരികിത ദിഗല്‍ എന്ന ക്രൈസ്തവ വിശ്വാസിയെ കൊലപ്പെടുത്തിയ കേസിലാണ് മനോജ് പ്രധാനെ ശിക്ഷിച്ചത്. പ്രഫുല്ല മാലിക് എന്ന ബിജെപി പ്രവര്‍ത്തകനെയും ഏഴ് വര്‍ഷത്തെ തടവിന് ശിക്ഷിച്ചിട്ടുണ്ട്. കന്ദമല്‍ ക്രൈസ്തവ വേട്ടയുമായി ബന്ധപ്പെട്ട ഏഴു കേസില്‍ കൂടി മനോജ് പ്രധാന്‍ പ്രതിയാണ്. ഇതില്‍ മൂന്നു കൊലപാതക ക്കേസും ഉള്‍പ്പെടും. ക്രൈസ്തവ വിശ്വാസികളുടെ വീടുകള്‍ തകര്‍ത്തതിനും വര്‍ഗീയ കലാപത്തിന് പ്രേരിപ്പിച്ച കുറ്റത്തിനും ഇയാള്‍ക്കെതിരെ കേസുണ്ട്. ബെര്‍ഹാംപൂരില്‍നിന്ന് 2008 ഡിസംബറില്‍ അറസ്റിലായ പ്രധാന് 2009 ഡിസംബറില്‍ ജാമ്യം ലഭിച്ചു. ജയിലില്‍ കിടന്നാണ് ഇയാള്‍ തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്. വിഎച്ച്പി നേതാവ് സ്വാമി ലക്ഷ്മണാനന്ദ സരസ്വതിയുടെ മരണത്തെ തുടര്‍ന്നുണ്ടായ ക്രൈസ്തവ വേട്ടയില്‍ 38 പേരാണ് കൊല്ലപ്പെട്ടത്. നിരവധി ക്രൈസ്തവര്‍ സംഘപരിവാറിന്റെ പീഡനത്തിന് ഇരയായിരുന്നു.

ദേശാഭിമാനി 30062010

അധ്യാപകര്‍ക്ക് യുജിസി മാര്‍ക്കിടും

അധ്യാപകര്‍ക്ക് യുജിസി മാര്‍ക്കിടും

സര്‍വകലാശാലാ അധ്യാപകരുടെ സ്ഥാനക്കയറ്റവും മറ്റ് പദവികളും ഇനി മികവിന്റെ അടിസ്ഥാനത്തില്‍. അധ്യാപന നിലവാരത്തിന്റെയും മറ്റ് കഴിവുകളുടെയും അടിസ്ഥാനത്തില്‍ അധ്യാപകരെ ഗ്രേഡ് ചെയ്യാനുള്ള സമ്പ്രദായം നടപ്പാക്കാന്‍ യുജിസി തീരുമാനിച്ചു. പെര്‍ഫോമന്‍സ് ബേസ്ഡ് അസസ്മെന്റ് സിസ്റ്റം (പിബിഎഎസ്) അനുസരിച്ച് എല്ലാവര്‍ഷവും അധ്യാപകര്‍ക്ക് യുജിസി മാര്‍ക്കിടും. കേന്ദ്ര മാനവശേഷി വികസന മന്ത്രാലയത്തിന്റെ അംഗീകാരത്തോടെ യുജിസി നടപ്പാക്കുന്ന മാനദണ്ഡമനുസരിച്ചാണ് വിലയിരുത്തല്‍. അധ്യാപനത്തിലും അതുമായി ബന്ധപ്പെട്ട മൂല്യനിര്‍ണയത്തിലും പരീക്ഷാനടത്തിപ്പിലും മറ്റും പുലര്‍ത്തുന്ന പ്രാഗത്ഭ്യത്തിനാണ് 75 ശതമാനം മാര്‍ക്കും നല്‍കുക. അധ്യാപന ഇതരരംഗത്തെ മികവിനാണ് 15 ശതമാനം മാര്‍ക്ക്. എന്‍എസ്എസ്, എന്‍സിസി തുടങ്ങിയവയിലെ പ്രവര്‍ത്തനം, സെമനിനാറുകളിലെയും കോണ്‍ഫറന്‍സുകളിലെയും പങ്കാളിത്തം, പരിശീലന ക്ളാസുകളിലെയും മറ്റ് ചര്‍ച്ചകളിലെയും പ്രകടനം തുടങ്ങിയവ ഇതില്‍ ഉള്‍പ്പെടും. സ്വന്തമായി എഴുതിയ പുസ്തകം പ്രസിദ്ധീകരിച്ചാല്‍ 50 പോയിന്റും ഏതെങ്കിലും പുസ്തകത്തിലെ ഒരു അധ്യായത്തിന് 10 പോയിന്റും ലഭിക്കും. ക്ളാസ് മുറികളിലും ഗവേഷണ പ്രബന്ധാവതരണവേളയിലും നേരിട്ട് വിലയിരുത്തല്‍ നടത്താന്‍ യുജിസി നിയോഗിക്കുന്ന സമിതിക്ക് അധികാരമുണ്ടാകും. പിഎബിഎസിന്റെ മാതൃകാരൂപം യുജിസി ഉടന്‍ സര്‍വകലാശാലകള്‍ക്ക് അയക്കും. അധ്യാപകര്‍ക്ക് കൂടുതല്‍ നിയന്ത്രണം ഏര്‍പ്പെടുത്താനും യുജിസിയുടെ പരിഷ്കരണത്തില്‍ ലക്ഷ്യമിടുന്നുണ്ട്. സര്‍വകലാശാലാ അധ്യാപകര്‍ 180 ദിവസം കോളേജില്‍ എത്തിയിരിക്കണം. 30 ആഴ്ചകളില്‍ ഓരോ ആഴ്ചയും 40 മണിക്കൂര്‍ അധ്യയനസമയവും നിര്‍ബന്ധമാക്കി. എല്ലാദിവസവും അഞ്ച് മണിക്കൂര്‍ കോളേജില്‍ അധ്യാപകന്‍ ഉണ്ടാകണം. 10 ശതമാനംപേരെ മാത്രമേ കരാറടിസ്ഥാനത്തില്‍ നിയമിക്കാനാകൂ. യുജിസി നടപ്പാക്കുന്ന പരിഷ്കരണത്തിന് അനുസൃതമായി ബന്ധപ്പെട്ട വകുപ്പുകള്‍ ഭേദഗതിചെയ്യാന്‍ സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടിട്ടുണ്ട്. അധ്യാപകര്‍ക്ക് ഗവേഷണത്തിനും മറ്റും സൌകര്യമൊരുക്കാന്‍ സര്‍വകലാശാലകള്‍ക്കും കോളേജുകള്‍ക്കും യുജിസി നിര്‍ദേശം നല്‍കി.

എംബിബിഎസ് പ്രവേശനം: പൊതുപരീക്ഷയ്ക്ക് ശുപാര്‍ശ

എംബിബിഎസ് കോഴ്സിലേക്കുള്ള പ്രവേശനത്തിന് ദേശീയതലത്തില്‍ പൊതുപ്രവേശന പരീക്ഷ നടത്താന്‍ മെഡിക്കല്‍ കൌസില്‍ ഓഫ് ഇന്ത്യ ഭരണനിര്‍വഹണ സമിതി കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. നിലവില്‍ വിവിധ സംസ്ഥാനങ്ങളില്‍ വ്യത്യസ്ത പരീക്ഷയാണ് നടക്കുന്നത്. സിബിഎസ്ഇയുടെ സഹായത്തോടെ അടുത്ത അധ്യയനവര്‍ഷംമുതല്‍ ദേശീയ പൊതുപ്രവേശന പരീക്ഷ നടത്താനാണ് ഉദ്ദേശിക്കുന്നതെന്ന് സമിതി അധ്യക്ഷന്‍ ഡോ. എസ് കെ സരിന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുപരീക്ഷ വരുന്നതോടെ സംസ്ഥാനസര്‍ക്കാരും സ്വാശ്രയ കോളേജ് മാനേജ്മെന്റുകളുടെ കസോര്‍ഷ്യവും നടത്തുന്ന പ്രവേശനപരീക്ഷ ഇല്ലാതാകും. സ്വാശ്രയ-ന്യൂനപക്ഷ മാനേജ്മെന്റുകള്‍ നടത്തുന്ന കോളേജുകള്‍ ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും ദേശീയപരീക്ഷ ബാധകമാണ്. വിവിധ സംസ്ഥാനങ്ങളിലെ സംവരണവ്യവസ്ഥയില്‍ മാറ്റമുണ്ടാകില്ല. സുപ്രീംകോടതിയില്‍ കേസുള്ളതിനാല്‍ സ്വാശ്രയ മാനേജ്മെന്റുകളുമായി ചര്‍ച്ചചെയ്ത് സമവായത്തിലൂടെയാകും പരിഷ്കാരം നടപ്പാക്കുക. കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനസര്‍ക്കാരുകളുമായും സ്വാശ്രയ മാനേജ്മെന്റുകളുമായും ആശയവിനിമയം നടത്തുകയാണ്. ആവശ്യമെങ്കില്‍ നിയമനിര്‍മാണത്തിന് കേന്ദ്രസര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യുമെന്നും ഡോ. സരിന്‍ പറഞ്ഞു. മെഡിക്കല്‍രംഗത്ത് ഉന്നത നിലവാരം ഉറപ്പാക്കാന്‍ ബിരുദ-ബിരുദാനന്തര തലത്തില്‍ പാഠ്യപദ്ധതി പരിഷ്കരിക്കാന്‍ എംസിഐ ഭരണനിര്‍വഹണ സമിതി വിദഗ്ധസമിതിയെ നിയോഗിച്ചു. കോഴക്കേസില്‍ പ്രസിഡന്റ് കേതന്‍ ദേശായ് അറസ്റിലായതിനെത്തുടര്‍ന്ന് മെഡിക്കല്‍ കൌണ്‍സില്‍ പിരിച്ചുവിട്ടശേഷമാണ് ഡോ. എസ് കെ സരിന്‍ അധ്യക്ഷനായി ഭരണനിര്‍വഹണ സമിതിയെ കഴിഞ്ഞമാസം ചുമതലയേല്‍പ്പിച്ചത്.

ജി -20 ഉച്ചകോടിയിലെ ജനവിരുദ്ധ തീരുമാനം

കനഡയിലെ ടൊറന്റോയില്‍ ചേര്‍ന്ന വന്‍ സമ്പദ്രാജ്യങ്ങളുടെ ഉച്ചകോടി (ജി-20) പുറത്തിറക്കിയ സംയുക്ത പ്രസ്താവന അംഗരാജ്യമായ ഇന്ത്യയെ സംബന്ധിച്ചിടത്തോളം ആശങ്കാജനകമാണ്. അംഗരാജ്യങ്ങള്‍ ധനകമ്മി കുറയ്ക്കണമെന്നും ഇതിനായി പൊതുകടം 2013 ല്‍ പകുതിയായി കുറയ്ക്കണമെന്നുമാണ് തീരുമാനം.

2008ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ആരംഭിച്ചശേഷം ചേരുന്ന നാലാമത്തെ ജി-20 ഉച്ചകോടിയാണിത്. കഴിഞ്ഞ മൂന്നു സമ്മേളനവും പ്രതിസന്ധി മുറിച്ചുകടക്കാനുള്ള ഉത്തേജക പാക്കേജുകള്‍ക്കാണ് ഊന്നല്‍ നല്‍കിയത്. ഇക്കാര്യത്തില്‍ യോജിപ്പോടെയുള്ള തീരുമാനങ്ങളാണ് ഉണ്ടായത്. എന്നാല്‍, ഇത്തവണ ട്രാക്ക് മാറ്റിയിരിക്കുന്നു. ധനകമ്മിയെക്കുറിച്ചും പൊതുകടത്തെക്കുറിച്ചുമാണ് ഊന്നല്‍ നല്‍കിയത്. ലോകം മാന്ദ്യത്തില്‍നിന്ന് കരകയറിയിട്ടില്ലെന്നു മാത്രമല്ല യൂറോപ്പിനെ കൂടുതലായി ബാധിച്ചിരിക്കുകയുമാണ്. ഈ അവസരത്തില്‍ത്തന്നെ യൂറോപ്യന്‍ ധനിക രാജ്യങ്ങളായ ബ്രിട്ടനും ജര്‍മനിയും മറ്റുമാണ് ട്രാക്ക് മാറ്റത്തിന് ചുക്കാന്‍ പിടിച്ചതെന്നത് വിരോധാഭാസമാണ്. മാന്ദ്യം പിടിച്ചുലച്ച അമേരിക്കയും പൊതുകടത്തെ ഏറ്റവുമേറെ ആശ്രയിക്കുന്ന ജപ്പാനും ഇതിനെ എതിര്‍ക്കുകയാണുണ്ടായത്. സാമ്രാജ്യത്വ രാജ്യങ്ങള്‍ തമ്മിലുള്ള സാമ്പത്തിക വൈരുധ്യങ്ങള്‍ ഇതില്‍ പ്രതിഫലിക്കുന്നുണ്ട്. അഭിപ്രായവ്യത്യാസങ്ങള്‍ക്കിടയിലും പൊതുതീരുമാനത്തിലെത്തിയാണ് ഉച്ചകോടി പിരിഞ്ഞത്.
നേരത്തെ സാമ്രാജ്യത്വ രാജ്യങ്ങളുടെ സാമ്പത്തിക വൈരുധ്യങ്ങള്‍ ജി 7 രാജ്യങ്ങളാണ് കൈകാര്യം ചെയ്തുവന്നത്. പിന്നീട് റഷ്യയെക്കൂടി ഉള്‍പ്പെടുത്തി ജി-8 ആക്കി. ആഗോളവല്‍ക്കരണം ശക്തിപ്രാപിച്ചതോടെയാണ് 20 രാജ്യങ്ങളുടെ വേദിയിലേക്ക് വരുന്നത്. ഇതില്‍ ഇന്ത്യ ഉള്‍പ്പെടുത്തപ്പെട്ടു എന്നത് വളരുന്ന സാമ്പത്തിക ശക്തിയെന്ന അംഗീകാരമായി പരിഗണിക്കപ്പെടുന്നുണ്ട്. എന്നാല്‍, ഇന്ത്യയുടെ പരിമിതമായ സാമ്പത്തിക സ്വാതന്ത്ര്യത്തിനുമേല്‍ കടിഞ്ഞാണ്‍ വീഴുകയുമാണ് ഇതുവഴി. ഇന്ത്യ എത്ര പൊതുകടമെടുക്കണം, ധനകമ്മി എത്രയാവാം എന്നെല്ലാം തീരുമാനിക്കുന്നത് ജി-20 ഉച്ചകോടിയാവുമ്പോള്‍ അത് നമ്മുടെ പരമാധികാരത്തിനു മേലുള്ള കടന്നുകയറ്റം തന്നെയാണ്. ഇന്ത്യ ഉള്‍പ്പെടെയുള്ള ദുര്‍ബല അംഗങ്ങള്‍ക്ക് വന്‍ ശക്തികളുടെ തീട്ടൂരത്തിന് വഴങ്ങുകയല്ലാതെ മറ്റ് മാര്‍ഗമില്ല.

2013ല്‍ പൊതുകടം പകുതിയായി കുറയ്ക്കാം എന്ന് അംഗീകരിച്ചുകൊണ്ടാണ് പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഇന്ത്യയിലേക്ക് വിമാനം കയറുന്നത്. ഇത് ഇന്ത്യയിലുണ്ടാക്കുന്ന പ്രത്യാഘാതം ചില്ലറയായിരിക്കില്ല. സര്‍ക്കാരിന്റെ വരവും ചെലവും തമ്മിലുള്ള അന്തരമാണ് ധനകമ്മിയെന്ന് ലളിതമായി പറയാം. വരവിനൊത്തുമാത്രം ചെലവുചെയ്താല്‍ ഒരു സമ്പദ് വ്യവസ്ഥയും വളരുകയില്ല. ധനകമ്മി എന്നത് മുതലാളിത്ത വളര്‍ച്ചയുടെ അവിഭാജ്യഘടകമാണ്. വികസിച്ചുകഴിഞ്ഞ രാജ്യങ്ങള്‍ക്ക് ധനകമ്മി താരതമ്യേന കുറവായിരിക്കും. എന്നാല്‍, വികസനപാതയിലുള്ള രാജ്യങ്ങള്‍ക്ക് ധനകമ്മി വര്‍ധിക്കാതെ വയ്യ. ഇന്ത്യയുടെ ധനകമ്മി ജിഡിപിയുടെ 10.3 ശതമാനമാണിപ്പോള്‍. ഇത് മൂന്നുവര്‍ഷംകൊണ്ട് പകുതിയാക്കുക എന്നുപറഞ്ഞാല്‍ പശ്ചാത്തല സൌകര്യം, വ്യവസായവളര്‍ച്ച, സാമൂഹ്യക്ഷേമ പ്രവര്‍ത്തനം എന്നിവയില്‍നിന്നെല്ലാം സര്‍ക്കാര്‍ പകുതിയായി പിന്‍വാങ്ങുമെന്നാണ് അര്‍ഥം. രൂക്ഷമായ തൊഴിലില്ലായ്മയും തൊഴില്‍നഷ്ടവും നിത്യജീവിത ദുരിതവുമായിരിക്കും ഇതിന്റെ ഫലം.

കുത്തകകള്‍ക്ക് ഇത് ബാധകമാവില്ല. അവര്‍ക്ക് നല്‍കിവരുന്ന സൌജന്യങ്ങള്‍ക്കുമേല്‍ കൈവയ്ക്കാന്‍ മുതലാളിത്ത ഭരണകൂടത്തിന് കഴിയില്ലെന്നു മാത്രമല്ല, ശ്രമിക്കുകയുമില്ല. സാധാരണക്കാരന്റെ മേലുള്ള കുതിരകയറ്റമല്ലാതെ മറ്റൊന്നും കേന്ദ്രസര്‍ക്കാര്‍ ചെയ്യില്ല. അതിന് ഒട്ടും മടിയില്ലാത്ത സര്‍ക്കാരാണ് മന്‍മോഹന്‍സിങ്ങിന്റെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ ഉള്ളതെന്നത് പ്രശ്നത്തിന്റെ രൂക്ഷത വര്‍ധിപ്പിക്കും. അധികാരമേറി ഒരു വര്‍ഷംകൊണ്ട് പെട്രോള്‍ -ഡീസല്‍ വില മൂന്നുതവണ വര്‍ധിപ്പിച്ചവരാണിവര്‍. കോടിക്കണക്കായ സാധാരണക്കാര്‍ക്കുമേല്‍ അധികഭാരം അടിക്കടി ഏല്‍പ്പിക്കാന്‍ ഒട്ടും മടിയില്ലാത്ത ക്രൂരമുഖമാണ് കോണ്‍ഗ്രസ് സര്‍ക്കാര്‍ പുറത്തെടുക്കുന്നത്.

ബൂര്‍ഷ്വാ സമ്പദ്ശാസ്ത്രത്തിന്റെ തലതൊട്ടപ്പനായ മന്‍മോഹന്‍സിങ്ങിന് തന്റെ സ്ഥൂല സമ്പദ് കണക്കുകളിയില്‍ പൊതുജനം കളത്തിനു പുറത്താണ്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനെന്ന കള്ളം പറഞ്ഞാണ് പെട്രോളിയം വിലവര്‍ധനയിലൂടെ പൊതുജനത്തില്‍നിന്ന് കഴിഞ്ഞ ദിവസം ശതകോടികള്‍ തട്ടിയെടുത്തത്. റിലയന്‍സ് തുടങ്ങിയ എണ്ണക്കുത്തകകളല്ലാതെ ഇതിനെ ന്യായീകരിച്ചവര്‍ ചുരുക്കം. കോണ്‍ഗ്രസ് നേതാക്കളും മന്ത്രിമാരുമെല്ലാം കള്ളമൌനത്തിലാണ്.

ഇതിനെതിരെ കേരളം ഒറ്റക്കെട്ടായി ഹര്‍ത്താലിലൂടെ പ്രതിഷേധിച്ചപ്പോള്‍'ഹര്‍ത്താല്‍ ദുരിതത്തെക്കുറിച്ച്' കഥ ചമയ്ക്കുകയായിരുന്നു കുത്തക മാധ്യമങ്ങള്‍. 'ജനങ്ങള്‍ക്കുവേണ്ടി, ജനങ്ങളാല്‍ തെരഞ്ഞെടുക്കപ്പെട്ട, ജനങ്ങളുടെ'ഭരണത്തില്‍ ജനം പുറത്താണ്. ജനാധിപത്യത്തെ പൂര്‍ണമായി നിരസിക്കാന്‍ തങ്ങള്‍ക്ക് മടിയില്ലെന്ന് അടിയന്തരാവസ്ഥയിലൂടെ കോണ്‍ഗ്രസ് തെളിയിച്ചതാണ്. അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ തന്നെയാണ് ജനവികാരത്തെ പുച്ഛിച്ചുള്ള പെട്രോള്‍ വിലവര്‍ധന.

ടൊറന്റോയില്‍നിന്നും ഡല്‍ഹിയില്‍ വിമാനമിറങ്ങിയ പ്രധാനമന്ത്രിയുടെ ആദ്യപ്രഖ്യാപനംതന്നെ പെട്രോള്‍, ഡീസല്‍, മണ്ണെണ്ണ, പാചകവാതക വില ഒരുകാരണവശാലും പിന്‍വലിക്കില്ലെന്നായിരുന്നു. ഒരു തെരഞ്ഞെടുപ്പില്‍പ്പോലും ഇതുവരെ മത്സരിക്കാതെ രണ്ടുതവണ പ്രധാനമന്ത്രിയായ മന്‍മോഹന്‍സിങ് ഏത് ജനവിരുദ്ധ നീക്കത്തിനും വ്യക്തിപരമായിത്തന്നെ സദാ സന്നദ്ധനാണ്. ടൊറന്റോയില്‍നിന്ന് സാമ്രാജ്യത്വ രാജ്യങ്ങളുടെ കുറിപ്പടിയും വാങ്ങി അദ്ദേഹത്തിന്റെ സര്‍ക്കാര്‍ ഇനി എന്തൊക്കെയാണ് നടപ്പാക്കാന്‍ പോകുന്നതെന്നത് ആശങ്കയോടെയേ വീക്ഷിക്കാനാവൂ. ഇത് തടയാനുള്ള ശക്തമായ പോരാട്ടത്തിന് തയ്യാറെടുക്കേണ്ടത് അടിയന്തര കടമയാവുകയാണ്.

ദേശാഭിമാനി മുഖപ്രസംഗം 30062010

Tuesday, June 29, 2010

മനോരമയുടെ കള്ളക്കഥ പൊളിയുന്നു

മനോരമയുടെ കള്ളക്കഥ പൊളിയുന്നു; കോട്ടണ്‍ മില്ലില്‍ മൂന്നാംഘട്ട നവീകരണം തുടങ്ങുന്നു

തിരുവണ്ണൂര്‍ കോട്ടണ്‍ മില്‍ മൂന്നാംഘട്ട നവീകരണത്തിന് ജൂലൈയില്‍ തുടക്കമാകും. നവീകരണത്തിന്റെ ഭാഗമായി പുതിയ യന്ത്രങ്ങള്‍ സ്ഥാപിക്കുന്നതോടെ സംസ്ഥാനത്തെ ഏറ്റവും വലിയ ടെക്സ്റ്റൈല്‍ വ്യവസായകേന്ദ്രമായി മില്‍ മാറും. നിലവില്‍ നഷ്ടങ്ങള്‍ നികത്തി മുന്നേറുന്ന സ്ഥാപനം മൂന്നാംഘട്ട നവീകരണം പൂര്‍ത്തിയാകുന്നതോടെ ലാഭത്തിലാകുമെന്നാണ് പ്രതീക്ഷ. മൂന്നാംഘട്ട നവീകരണത്തിന് സംസ്ഥാന സര്‍ക്കാര്‍ എട്ടുകോടി രൂപയാണ് അനുവദിച്ചത്. നൂറുകണക്കിന് ജീവനക്കാരെ പട്ടിണിയിലാക്കി യുഡിഎഫ് ഭരണത്തില്‍ അടച്ചുപൂട്ടിയ സ്ഥാപനമാണ് എല്‍ഡിഎഫ് സര്‍ക്കാരിന്റെ ഇഛാശക്തിമൂലം ഉയര്‍ച്ചയുടെ പടവുകള്‍ കയറുന്നത്.

2006ല്‍ വീണ്ടും തുറന്ന മില്ലില്‍ രണ്ടാംഘട്ട നവീകരണത്തിന്റെ ഭാഗമായി അഞ്ച് ആധുനികയന്ത്രങ്ങളാണ് കഴിഞ്ഞമാസം സ്ഥാപിച്ചത്. ഇതോടെ സ്പിന്റലുകള്‍ 16,122 ആയി വര്‍ധിച്ചു. മൂന്നാംഘട്ട നവീകരണം പൂര്‍ത്തിയാകുമ്പോള്‍ ഇത് 25,000 ആകും. സ്വകാര്യ മില്ലുകളെപ്പോലും വെല്ലുന്ന രീതിയില്‍ മില്ലില്‍ നവീകരണം സാധ്യമാക്കുമ്പോഴും കള്ളക്കഥകള്‍ ചമച്ച് സര്‍ക്കാരിനെ പഴിപറയാനാണ് 'മലയാള മനോരമ' ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ തയ്യാറാകുന്നത്.

യുഡിഎഫ് ഭരണത്തില്‍ തൊഴിലാളികളെ പട്ടിണിക്കിട്ട് സ്ഥാപനം അടച്ചുപൂട്ടിയപ്പോള്‍ സങ്കടപ്പെടാത്ത മനോരമ കഴിഞ്ഞദിവസം മില്ലിലെ തൊഴിലാളികളുടെ പേരില്‍ കണ്ണീര്‍ പൊഴിച്ചത് ഇതിന്റെ ഭാഗമാണ്. സ്ഥാപനം തുറന്നിട്ട് തൊഴിലാളികള്‍ക്ക് എന്തുകിട്ടി എന്നാണ് മനോരമയുടെ ചോദ്യം. നൂറോളം തൊഴിലാളികള്‍ക്ക് ജോലി തിരിച്ചുകിട്ടിയതും സ്ഥാപനം ലാഭത്തിലേക്ക് കുതിക്കുന്നതും മറച്ചുവെച്ചാണ് ഈ വ്യാജ കണ്ണീര്‍. മില്ല് ലാഭത്തിലായെന്ന് സമ്മതിക്കുമ്പോഴും അതിനനുസരിച്ച് തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ കിട്ടിയില്ലെന്നാണ് പത്രത്തിന്റെ കണ്ടെത്തല്‍. തൊഴിലാളികള്‍ക്ക് ലേ-ഓഫ് വേതനം കൊടുത്തുതീര്‍ത്തില്ല, വേതന വര്‍ധന അനുവദിച്ചില്ല, ജോലിഭാരം കൂടി എന്നെല്ലാമാണ് പത്രം തട്ടിവിടുന്നത്. ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ തൊഴിലാളികള്‍ സമരം ചെയ്യാത്തതിലും പത്രം സങ്കടപ്പെടുന്നു.

ടെക്സ്റ്റൈല്‍ രംഗത്തെ എല്ലാ യൂണിയന്‍ പ്രതിനിധികളും തൊഴിലുടമാ പ്രതിനിധികളും ലേബര്‍ ഡിപ്പാര്‍ട്ട്മെന്റ് പ്രതിനിധികളും അടങ്ങിയ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍ കമ്മിറ്റിയാണ് വേതനവര്‍ധന അനുവദിക്കേണ്ടത്. അതിനുള്ള ചര്‍ച്ചകള്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇതെല്ലാം മറച്ചുവെച്ചാണ് മനോരമയുടെ മുതലക്കണ്ണീര്‍. മില്‍ തുറക്കണമെന്നാവശ്യപ്പെട്ട് ഒരു വര്‍ഷത്തോളം തൊഴിലാളികള്‍ സമരം നടത്തിയപ്പോഴും തിരിഞ്ഞുനോക്കാത്ത പത്രമാണ് സര്‍ക്കാര്‍ വിരുദ്ധ വാര്‍ത്തയ്ക്ക് എരിവുപകരാന്‍ തൊഴിലാളിസ്നേഹം മേമ്പൊടിയായി ചാലിച്ചത്.

ദേശാഭിമാനി

അമ്മയ്ക്കും 'രക്ഷിതാവാ'കാം; നിയമം മാറ്റുന്നു

ദത്തെടുക്കല്‍ വ്യവസ്ഥകളിലും മാറ്റം: അമ്മയ്ക്കും 'രക്ഷിതാവാ'കാം; നിയമം മാറ്റുന്നു

അച്ഛന്‍ മരിച്ച, പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ രക്ഷിതാവിനെ നിയമിക്കേണ്ടിവന്നാല്‍ കോടതികള്‍ ആരെ നിയോഗിക്കും? നിലവിലുള്ള നിയമപ്രകാരം കോടതിക്ക് ആരെയും നിയോഗിക്കാം. അമ്മ ജീവിച്ചിരിപ്പുണ്ടെങ്കിലും മറ്റൊരാളെ രക്ഷിതാവാക്കാമെന്നാണ് നിയമം പറയുന്നത്. വിവാഹിതനായ പുരുഷന് ഒരു കുട്ടിയെ ദത്തെടുക്കണമെങ്കില്‍ എന്തുചെയ്യണം? ഭാര്യയുടെ അനുമതി നേടിയാല്‍ മതി. എന്നാല്‍ ഭാര്യക്ക് കുട്ടിയെ ദത്തെടുക്കണമെങ്കിലോ?. ഭര്‍ത്താവിന്റെ അനുമതിയോടെപോലും അങ്ങനെ ചെയ്യാന്‍ നിയമവ്യവസ്ഥയില്ല. ഇന്ത്യന്‍നിയമങ്ങളില്‍ സ്ത്രീകളോട് വിവേചനം കാട്ടുന്ന ഒട്ടേറെ യുക്തിരഹിതമായ വ്യവസ്ഥകളില്‍ രണ്ടെണ്ണമാണ് ഇവ. ഏറെക്കാലമായി സ്ത്രീസംഘടനകള്‍ ചൂണ്ടിക്കാട്ടുന്ന ഈ വിവേചനം അവസാനിക്കാന്‍ ഒടുവില്‍ വഴിതെളിയുന്നു. രക്ഷിതാവിനെ നിശ്ചയിക്കുന്നതിലെ വിവേചനം അവസാനിപ്പിക്കാന്‍ ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിലും ദത്തെടുക്കല്‍ വിവേചനം അവസാനിപ്പിക്കാന്‍ ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ടിലും ഭേദഗതി വരുത്താനാണ് സര്‍ക്കാര്‍തീരുമാനം. ഇതിനുള്ള ബില്‍ തയ്യാറായി. രാജ്യസഭയില്‍ അവതരിപ്പിക്കുകയും ചെയ്തു.

ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ട് 1890ല്‍ പാസാക്കിയതാണ്. 120 വര്‍ഷമായി നിലനില്‍ക്കുന്ന വിവേചനമാണ് അവസാനിക്കുന്നത്. ദത്തെടുക്കല്‍ നിയമം 1956ല്‍ നിലവില്‍വന്നതാണ്. 1989ല്‍ ഇന്ത്യന്‍ നിയമകമീഷന്‍ അതിന്റെ 133-ാം റിപ്പോര്‍ട്ടില്‍ ഈ ഭേദഗതികള്‍ നിര്‍ദേശിച്ചിരുന്നു. അന്നത്തെ നിയമമന്ത്രി ബി ശങ്കരാനന്ദിനു നല്‍കിയ ആ ശുപാര്‍ശയാണ് 21 വര്‍ഷത്തിനുശേഷം നടപ്പാക്കുന്നത്. ബ്രിട്ടീഷുകാര്‍ നിര്‍മിച്ച നിയമത്തിലെ സ്ത്രീവിവേചനം സ്വതന്ത്ര ഇന്ത്യയിലും അതേപടി തുടരുകയായിരുന്നു. എന്നാല്‍ ബ്രിട്ടീഷ് സര്‍ക്കാര്‍ 1925ല്‍ത്തന്നെ ബ്രിട്ടനില്‍ അവരുടെ നിയമം പുതുക്കി. ഇവിടെ പിന്നെയും 85 വര്‍ഷത്തിനുശേഷമാണ് മാറ്റം. വ്യക്തിനിയമ (ഭേദഗതി) ബില്‍ 2010 എന്ന പേരിലാണ് പുതിയ നിയമം. ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിലും ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ടിലും ഏതൊക്കെ വകുപ്പുകളില്‍ മാറ്റം വേണമെന്ന് ബില്‍ നിര്‍ദേശിക്കുന്നു.

ഗാര്‍ഡിയന്‍ ആന്‍ഡ് വാര്‍ഡ്സ് ആക്ടിന്റെ 19-ാം വകുപ്പിലാണ് മാറ്റം വേണ്ടത്. പ്രായപൂര്‍ത്തിയാകാത്ത ഒരു കുട്ടിയുടെ അച്ഛന്‍ ജീവിച്ചിരിപ്പില്ലെങ്കിലോ അല്ലെങ്കില്‍ അയാള്‍ രക്ഷാകര്‍ത്താവായിരിക്കാന്‍ യോഗ്യനല്ലെന്ന് കോടതിക്ക് തോന്നുകയോ ചെയ്താല്‍ മറ്റൊരാളെ കുട്ടിയുടെ രക്ഷിതാവായി കോടതിക്ക് നിയോഗിക്കാം എന്നാണ് ഇപ്പോള്‍ നിയമത്തില്‍ പറയുന്നത്. ഇതിനു പകരം അച്ഛനോ അമ്മയോ ജീവിച്ചിരിപ്പില്ലെങ്കില്‍ എന്ന ഭേദഗതിയാണ് ചേര്‍ക്കുന്നത്. ഇപ്പോള്‍ അമ്മ ജീവിച്ചിരിക്കുമ്പോള്‍തന്നെ കുട്ടിയുടെ രക്ഷാകര്‍തൃത്വം മറ്റേതെങ്കിലും ബന്ധുവിനെ ഏല്‍പ്പിക്കുകയാണ് കോടതികള്‍ ചെയ്യുന്നത്.

ഹിന്ദു അഡോപ്ഷന്‍സ് ആന്‍ഡ് മെയിന്റനന്‍സ് ആക്ടില്‍ 8, 9 വകുപ്പുകളിലാണ് മാറ്റം. ഇപ്പോഴത്തെ വകുപ്പനുസരിച്ച് അവിവാഹിതയായ സ്ത്രീക്ക് ദത്താകാം. വിവാഹിതയാണെങ്കില്‍ ഭര്‍ത്താവ് മരിച്ചതോ തിരിച്ചുവരാത്തവിധം ഉപേക്ഷിച്ചുപോയതോ ആണെങ്കിലേ ദത്ത് പാടുള്ളൂ. അല്ലെങ്കില്‍ ഭര്‍ത്താവ് മാനസിക സ്ഥിരതയില്ലാത്തയാളാണെന്ന് ഏതെങ്കിലും കോടതി പ്രഖ്യാപിച്ചിട്ടുണ്ടാകണം. എന്നാല്‍ പുരുഷനാണ് ദത്തെടുക്കുന്നതെങ്കില്‍ ഭാര്യയുടെ അനുമതി മതി. ഈ വ്യവസ്ഥ മാറ്റി പുതിയ വ്യവസ്ഥ ഉള്‍പ്പെടുത്തുകയാണ് ഭേദഗതിനിയമം ചെയ്യുന്നത്. ഇതനുസരിച്ച് ഇനി പ്രായപൂര്‍ത്തിയായ ഏതു സ്ത്രീക്കും കുട്ടികളെ ദത്തെടുക്കാം. അവര്‍ വിവാഹിതയാണെങ്കില്‍ ദത്തെടുക്കലിന് ഭര്‍ത്താവിന്റെ സമ്മതംകൂടി വേണം. ഭര്‍ത്താവ് മരിച്ചതോ എന്നെന്നേക്കുമായി ഉപേക്ഷിച്ചുപോയതോ മാനസികസ്ഥിരത ഇല്ലാത്തയാളോ ആണെങ്കില്‍ അനുമതി വേണ്ട. അതേപോലെ ഒരു കുട്ടിയെ ദത്തു നല്‍കാനുള്ള അവകാശവും അച്ഛനു മാത്രമാണ് നിലവിലുള്ള നിയമത്തിലുള്ളത്. അമ്മയുടെ സമ്മതം മതി. എന്നാല്‍ അമ്മയ്ക്ക് അച്ഛന്റെ അനുമതിയോടെ പോലും ഇതു ചെയ്യാനാകില്ല. ഇതും അച്ഛനും അമ്മയ്ക്കും തുല്യാവകാശമാകുംവിധം ഭേദഗതിചെയ്തതാണ് പുതിയ ബില്‍.
(അഡ്വ. കെ ആര്‍ ദീപ)

deshabhimani

നടപ്പാക്കാനാവാത്തവിധി

അപ്രായോഗികവും അയുക്തികവും ജനവിരുദ്ധവും അധാര്‍മികവുമായ വിധികള്‍ പുറപ്പെടുവിക്കുന്നതിന് നമ്മുടെ ജുഡീഷ്യറി കുപ്രസിദ്ധിനേടിക്കഴിഞ്ഞിരിക്കുന്നു. താഴേതട്ടിലുള്ള കോടതി മുതല്‍ പരമോന്നത കോടതിവരെ അക്കാര്യത്തില്‍ പിറകോട്ടല്ല എന്നാണ് ഭോപ്പാല്‍ കേസിലെ വിധിയും അതിന് ആധാരമായി പ്രതികള്‍ക്ക് കുറ്റവകുപ്പുകളില്‍ ഇളവ് നല്‍കിക്കൊണ്ട് 1996ല്‍ സുപ്രിംകോടതി നടത്തിയ ഇടപെടലും തെളിയിക്കുന്നത്. 25000 പേരുടെ കൊലപാതകത്തിനും ആറുലക്ഷത്തോളം പേരുടെ തീരാദുരിതത്തിനും ഇടവരുത്തിയ സംഭവത്തെ ഒരു പെറ്റിക്കേസിന്റെ ലാഘവത്തോടെ കണ്ട ജുഡീഷ്യറി, പക്ഷേ ജനങ്ങളുടെ സംഘടനാസ്വാതന്ത്ര്യം സംബന്ധിച്ച പ്രശ്നംവരുമ്പോള്‍ ഉരുക്കുമുഷ്ടിതന്നെയാണ് പ്രയോഗിക്കുന്നത്. ജൂണ്‍ 23ന് കേരള ഹൈക്കോടതിയില്‍നിന്നുണ്ടായ, പൊതുനിരത്തുകള്‍ക്ക് സമീപം പൊതുയോഗങ്ങള്‍ നടത്തുന്നത് നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് അതാണ് ചൂണ്ടിക്കാണിക്കുന്നത്. ബന്ദുകളും ഹര്‍ത്താലുകളും നിരോധിച്ചുകൊണ്ടും ബീഡിവലി നിരോധിച്ചുകൊണ്ടും മറ്റും പ്രസിദ്ധമായ വിധി പുറപ്പെടുവിച്ചിട്ടുള്ള ഹൈക്കോടതി, അത്തരം ജനാധിപത്യവിരുദ്ധ- ജനവിരുദ്ധ ഉത്തരവുകളുടെ കൂട്ടത്തിലേക്ക് പുതിയ ഒരെണ്ണംകൂടി തിരുകിക്കയറ്റിയിരിക്കുന്നു.

നടപ്പാക്കാന്‍ കഴിയുന്ന വിധിയേ പുറപ്പെടുവിക്കാവൂ എന്നതാണ് വിധിക്കുപിന്നിലെ പ്രാഥമിക യുക്തി. ബീഡിവലിക്കുന്നത് തടയാനും ഹര്‍ത്താല്‍ നിരോധിക്കാനും കോളേജ് ക്യാമ്പസ് രാഷ്ട്രീയം തടയാനും ആദിവാസികളെ വെടിവെച്ചിട്ടായാലും ഇറക്കിവിടാനും മറ്റും കല്‍പിക്കുന്നത് അതിന്റെ പ്രായോഗികതയെക്കുറിച്ച് ഒട്ടും ആലോചിക്കാതെയാണ്. അതുപോലെതന്നെ റോഡരികിലെ പൊതുയോഗങ്ങള്‍ നിരോധിക്കാന്‍ കല്‍പിച്ചതും പ്രായോഗികത പരിഗണിച്ചല്ല. പൊതുയോഗങ്ങള്‍ നടത്താന്‍ നിര്‍മിച്ചിട്ടുള്ള മൈതാനത്തിന് ഈ ഉത്തരവ് ബാധകമല്ലെന്ന് പ്രസ്താവിച്ച കോടതി, കേരളത്തില്‍ എത്രസ്ഥലത്ത് പൊതുയോഗങ്ങള്‍ നടത്താനായി നിര്‍മിക്കപ്പെട്ടിട്ടുള്ള മൈതാനങ്ങളുണ്ടെന്ന് പരിഗണിച്ചില്ല. പ്രധാന നഗരങ്ങളില്‍പോലും ഇതിനുള്ള മൈതാനങ്ങളില്ല എന്നതാണ് യാഥാര്‍ഥ്യം. തിരുവനന്തപുരത്തെ പ്രസിദ്ധമായ പുത്തരിക്കണ്ടം മൈതാനവും കോഴിക്കോട്ടെ മുതലക്കുളം മൈതാനവുമെല്ലാം എന്നേ മൈതാനമല്ലാതായി കഴിഞ്ഞു. എന്നിട്ടും ഒരു സൌജന്യമെന്നനിലയില്‍ അങ്ങനെ വിധിക്കുന്ന കോടതി ജനങ്ങളുടെ ജനാധിപത്യപരമായ അവകാശത്തിനുനേരെ വാളോങ്ങുന്നത്.

ഈ കേസില്‍ ആലുവ റെയില്‍വേസ്റ്റേഷന്‍ മൈതാനിയില്‍ പൊതുയോഗം നടത്തുന്നത് വഴിതടസ്സമാകും എന്നതായിരുന്നു അന്യായക്കാരന്റെ ആവലാതി. അവിടെ പൊതുയോഗം നടക്കുന്നത് റോഡുവക്കത്തല്ല, മൈതാനത്താണെന്നും അന്യായം അന്യായമാണെന്നും അതില്‍നിന്നുതന്നെ വ്യക്തമാണ്. എന്നിട്ടും അതനുവദിച്ച ഹൈക്കോടതി,തങ്ങളുടെ മുന്നില്‍വന്ന പ്രശ്നത്തില്‍ ഒതുങ്ങിനില്‍ക്കാതെ, കേരളത്തില്‍ ഒരിടത്തും റോഡരികില്‍ പൊതുയോഗം നടത്താന്‍ പാടില്ല എന്ന സമഗ്രവും സര്‍വവ്യാപിയുമായ കല്‍പന പുറപ്പെടുവിക്കുകയാണ് ചെയ്തത്. നാട്ടിന്‍പുറത്തെ പഞ്ചായത്തുകളെപോലും അതില്‍നിന്ന് ഒഴിവാക്കിയിട്ടില്ല. ഇത്തരം പൊതുയോഗങ്ങള്‍ കൊണ്ടാണത്രേ റോഡപകടങ്ങള്‍ ഉണ്ടാകുന്നത്! 25,000 പേരുടെ കൊലപാതകത്തെ സുപ്രിംകോടതി പെറ്റിക്കേസ് ആക്കിയെങ്കില്‍, പെറ്റിക്കേസിനെ സംസ്ഥാനവ്യാപകമായ മഹാസംഭവമാക്കി മറ്റൊരു കോടതികാണുന്നു! നാളെ നാലാളുകള്‍ റോഡില്‍നിന്ന് വര്‍ത്തമാനം പറഞ്ഞാല്‍ പൊലീസിന് വേണമെങ്കില്‍ കേസെടുക്കാം!

യഥാര്‍ഥത്തില്‍ ഇതില്‍ അന്തര്‍ഭവിച്ചിട്ടുള്ളത് റോഡപകടങ്ങളല്ല, ജനങ്ങളുടെ സംഘടനാസ്വാതന്ത്ര്യത്തിന്മേലുള്ള നിയന്ത്രണവും നിരോധനവുമാണ്. കേന്ദ്രഗവണ്‍മെന്റിന്റെ നാനാവിധ ജനദ്രോഹനയങ്ങള്‍ കാരണം പൊറുതിമുട്ടിയ ജനങ്ങള്‍, തങ്ങള്‍ക്ക് ഭരണഘടന അനുവദിച്ച, സംഘംചേരുന്നതിനും അഭിപ്രായപ്രകടനത്തിനും ഉള്ള സ്വാതന്ത്ര്യം വിനിയോഗിക്കാന്‍ തുനിയുമ്പോള്‍ അതിന് വിലങ്ങുതടിയിടുകയാണ് കോടതി. സമീപകാലത്ത് ഇത്തരം ജനദ്രോഹകരവും ജനാധിപത്യവിരുദ്ധവുമായ നിരവധി വിധികള്‍ വിവിധ കോടതികളില്‍നിന്നുണ്ടായിട്ടുണ്ട്. പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങള്‍ കാരണം വീര്‍പ്പുമുട്ടുന്ന ജനങ്ങളുടെ പ്രതിഷേധപ്രകടനാവകാശംപോലും നിരോധിക്കുന്ന ഈ വിധി അതിന്റെ തുടര്‍ച്ചയാണ്. കേന്ദ്രസര്‍ക്കാരിന്റെ പുത്തന്‍ ഉദാരവല്‍ക്കരണനയങ്ങളില്‍നിന്ന് ജനങ്ങള്‍ക്ക് പരിമിതമായ ആശ്വാസങ്ങളെങ്കിലും നല്‍കാന്‍ ശ്രമിക്കുന്ന എല്‍ഡിഎഫ് സര്‍ക്കാരിന്റെ ജനക്ഷേമ നടപടികളെ മിക്കപ്പോഴും തടഞ്ഞിട്ടുള്ള (സ്വാശ്രയനിയമത്തിന്റെ കാര്യത്തിലെന്നപോലെ) കോടതി, ജനങ്ങളുടെ സംഘടനാസ്വാതന്ത്ര്യത്തിന്മേലും അഭിപ്രായപ്രകടനസ്വാതന്ത്ര്യത്തിന്മേലും നടത്തുന്ന ഈ കൈയേറ്റത്തെ കേരളജനത ആ അര്‍ഥത്തില്‍തന്നെ കാണണം.

chintha editorial 02072010

കൊടുക്കണം ഫിഫയ്ക്ക് കപ്പ്; പിടിപ്പുകേടിന്

മലബാറിലെ വിതയും കൊയ്ത്തുമില്ലാത്ത പാടങ്ങളില്‍, മുളങ്കമ്പുകളാല്‍ കെട്ടിയുയര്‍ത്തിയ ഗാലറികള്‍ക്കു നടുവില്‍ നടക്കുന്ന സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍പ്പോലും ഇപ്പോള്‍ ഗോളുകള്‍ ഒരു തര്‍ക്കവിഷയമല്ല. എന്നാല്‍, ലോകഫുട്ബോളിലെ സൃഷ്ടി, സ്ഥിതി, സംഹാരമൂര്‍ത്തിയായ ഫിഫയുടെ മുഖ്യകാര്‍മികത്വത്തില്‍ ദക്ഷിണാഫ്രിക്കയില്‍ അരങ്ങേറുന്ന ലോകകപ്പില്‍ വിവാദങ്ങള്‍ മലവെള്ളംപോലെ. കളി നിയന്ത്രിക്കുന്നതിലെ പിഴവുകളും അതു പരിഹരിക്കാന്‍ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗിക്കില്ലെന്നു ദുര്‍വാശി പിടിക്കുന്ന ഭരണാധികാരികളും ഒത്തുചേരുമ്പോള്‍ ഒന്നുറപ്പ്; പിടിപ്പുകേടിന് ലോകകപ്പുണ്ടെങ്കില്‍ അത് ഫിഫയ്ക്കു നല്‍കണം.

ലയണല്‍ മെസിയും കാകയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുമൊക്കെ എന്തു മായാജാലം കാട്ടിയാലും കളിയെ കളിക്കളത്തില്‍ കൊന്നുകൊലവിളിച്ച റഫറിമാരുടെ പിഴവുകളുടെ പേരിലാകും ദക്ഷിണാഫ്രിക്കന്‍ ലോകകപ്പ് ചരിത്രത്തില്‍ രേഖപ്പെടുത്തുക. 52 മത്സരങ്ങള്‍ മാത്രം പൂര്‍ത്തിയായപ്പോള്‍ ഒന്നും രണ്ടുമല്ല ഒരു ഡസനോളം മത്സരങ്ങളെയാണ് റഫറിമാര്‍ ഞെരിച്ചുകൊന്നത്. മജീഷ്യനെപ്പോലെ കാര്‍ഡുകള്‍ വാരിവിതറിയും ഗോളുകള്‍ തോന്നുംപോലെ നല്‍കിയും നിഷേധിച്ചും റഫറിമാര്‍ കോമാളിക്കൂട്ടമായി മാറുന്ന കാഴ്ച ദയനീയമാണ്.

ഞായറാഴ്ച പ്രിക്വാര്‍ട്ടറില്‍ ജര്‍മനിക്കെതിരെ ഇംഗ്ളണ്ടിന്റെ ഫ്രാങ്ക് ലംബാര്‍ഡിന്റെ ഷോട്ട് ഗോള്‍വര കടന്നിട്ടും നിഷേധിച്ചതും മെക്സിക്കോക്കെതിരെ അര്‍ജന്റീനയുടെ കാര്‍ലോസ് ടെവസ് ഓഫ്സൈഡ് കയറി അടിച്ച ഗോള്‍ അനുവദിച്ചതും ഫുട്ബോളിലെ ഏതു മാനദണ്ഡത്തിന്റെ പേരിലാണ് അംഗീകരിക്കപ്പെടുക. നേരത്തെ, അമേരിക്കയും ചിലിയുമൊക്കെ റഫറിമാരുടെ പിഴവിന് വിലകൊടുക്കേണ്ടിവന്നവരാണ്.

ഫുട്ബോളില്‍ ഇത്തരം വിവാദങ്ങള്‍ പുത്തരിയല്ല. 1966 ലോകകപ്പിന്റെ ഫൈനലില്‍ ജര്‍മനിക്കെതിരെ ജെഫ് ഹേഴ്സ്റ്റിന്റെ വിവാദഗോള്‍, 1986ല്‍ ഇംഗ്ളണ്ടിനെതിരെ ക്വാര്‍ട്ടര്‍ ഫൈനലില്‍ മാറഡോണ കൈകൊണ്ടുനേടിയ ഗോള്‍, ഈ ലോകകപ്പിന്റെ യോഗ്യതയില്‍ അയര്‍ലന്‍ഡിനെതിരെ ഫ്രാന്‍സിന്റെ തിയറി ഒന്റിയും 'ദൈവത്തിന്റെ കൈകൊണ്ട്' നേടിയ ഗോള്‍.... വിവാദ തീരുമാനങ്ങളുടെ ദീപശിഖ റഫറിമാര്‍ തലമുറകളിലൂടെ കെടാതെ സൂക്ഷിക്കുകയാണ്.

എന്തുകൊണ്ടാണ് ഫുട്ബോളില്‍ മാത്രം റഫറിമാരുടെ തെറ്റായ തീരുമാനങ്ങള്‍ ഇത്രയേറെ കോലാഹലമുയര്‍ത്തുന്നത്? മറ്റു സ്പോര്‍ട്സ് ഇനങ്ങളില്‍ പരാതികള്‍ നാമമാത്രമാകുന്നത്?

ഉത്തരം ലളിതമാണ്. അമ്പയര്‍മാരുടെ തെറ്റായ തീരുമാനങ്ങള്‍ തിരുത്താന്‍ ക്രിക്കറ്റിലും റഗ്ബിയിലും ടെന്നീസിലുമൊക്കെ സാങ്കേതികവിദ്യയുടെ സഹായം പ്രയോജനപ്പെടുത്തുന്നു. പക്ഷേ, ഫുട്ബോളില്‍ മാത്രം കളി എന്നു തുടങ്ങിയോ ആ കാലത്തേതുപോലെ റഫറി എന്ന സാധാരണ മനുഷ്യന്‍ ചോദ്യംചെയ്യപ്പെടാത്ത, കല്ലേപ്പിളര്‍ക്കുന്ന കല്‍പ്പനകള്‍ പുറപ്പെടുവിക്കുന്ന പൊന്നുതമ്പുരാനായി തുടരുന്നു. ഫിഫയും ഫുട്ബോളിലെ നിയമനിര്‍മാതാക്കളായ ഇന്റര്‍നാഷണല്‍ ഫുട്ബോള്‍ അസോസിയേഷന്‍ ബോര്‍ഡും (ഐഎഫ്എബി) കാളവണ്ടിയുഗത്തില്‍നിന്ന് മാറിച്ചിന്തിക്കാന്‍ തയ്യാറാകാത്തിടത്തോളം ഇത്തരം പിഴവുകള്‍ തുടര്‍ന്നുകൊണ്ടേയിരിക്കും.

ഞായറാഴ്ചത്തെ വിവാദ സംഭവങ്ങള്‍ക്കുശേഷവും ഫുട്ബോളില്‍ സാങ്കേതികവിദ്യയുടെ സഹായം ഉപയോഗപ്പെടുത്തില്ലെന്ന പിടിവാശിയിലാണ് ഫിഫ. അടുത്ത ലോകകപ്പില്‍ രണ്ട് ഗോള്‍ലൈന്‍ റഫറിമാരെ അധികമായി ഉള്‍പ്പെടുത്തുന്ന കാര്യം പരിഗണിക്കുമെന്നാണ് ഫിഫ വക്താവ് നിക്കോളാസ് മെയ്ന്‍ഗോട്ട് പറയുന്നത്. മലബാറിലെ പല സെവന്‍സ് ടൂര്‍ണമെന്റുകളിലും എത്രയോ വര്‍ഷംമുമ്പ് ഏര്‍പ്പെടുത്തിയ കാര്യമാണ് ഫിഫയുടെ നാവില്‍നിന്നു കേള്‍ക്കുന്നത് എന്നതിലും പരിഹാസ്യമായി മറ്റൊന്നില്ല.

ഫുട്ബോളിലെ നിയമങ്ങള്‍ മാറ്റാനോ നിര്‍മിക്കാനോ ഫിഫയ്ക്ക് അധികാരമില്ല. 1882ല്‍ രൂപീകൃതമായ ഐഎഫ്എബിയാണ് പുതിയ നിയമങ്ങള്‍ക്ക് രൂപംനല്‍കുന്നത്. ഇതിന് അംഗീകാരം നല്‍കുന്നതിലൊതുങ്ങുന്നു ഫിഫയുടെ അധികാരം. ഐഎഫ്എബിയുടെ ഘടനതന്നെയാണ് പുതിയ നിയമങ്ങള്‍ നിര്‍മിക്കുന്നതില്‍ പ്രധാന തടസ്സം. ആകെയുള്ള എട്ടുപേരില്‍ നാലും യുണൈറ്റഡ് കിങ്ഡത്തില്‍പ്പെടുന്ന ഇംഗ്ളണ്ട്, സ്കോട്ലന്‍ഡ്, വടക്കന്‍ അയര്‍ലന്‍ഡ്, വെയ്ല്‍സ് എന്നിവയില്‍നിന്നുള്ളവര്‍. ഫിഫയില്‍ അംഗങ്ങളായ മറ്റ് ഇരുന്നൂറിലധികം രാജ്യങ്ങളില്‍നിന്ന് നാലുപേര്‍ മാത്രം. നിയമനിര്‍മാണത്തിനോ ഭേദഗതിക്കോ എട്ടില്‍ ആറു പേരുടെ പിന്തുണ വേണം. യുകെ രാജ്യങ്ങള്‍ ഒന്നിച്ചുനിന്നാല്‍ ഏതു തീരുമാനത്തെയും അട്ടിമറിക്കാമെന്നു ചുരുക്കം. വര്‍ഷത്തില്‍ രണ്ടുതവണ കൂടുന്ന ഐഎഫ്എബി ഒരു പ്രധാന നിയമഭേദഗതി വരുത്തിയിട്ട് ഇപ്പോള്‍ കാലങ്ങളായി മൈനസ് പാസ് ഗോള്‍കീപ്പര്‍മാര്‍ കൈകൊണ്ടു പിടിക്കാന്‍ പാടില്ലെന്ന 1992ലെ ഭേദഗതിയും 1993ല്‍ കൊണ്ടുവന്ന് 2004ല്‍ പിന്‍വലിച്ച ഗോള്‍ഡന്‍ഗോളുമാണ് രണ്ടു പതിറ്റാണ്ടിനിടെ ഐഎഫ്എബിയുടെ സംഭാവനകള്‍.

deshabhimani 29062010

എണ്ണമേഖല റിലയന്‍സിന്റെ കൈപ്പിടിയിലേക്ക്

രാജ്യത്തെ പെട്രോളിയംമേഖല പൂര്‍ണമായും റിലയന്‍സിന്റെ കൈകളിലേക്ക്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ നയങ്ങളാണ് പൊതുമേഖലയുടെ കുത്തകയായിരുന്ന ഈ രംഗം റിലയന്‍സിന്റെ കൈപ്പിടിയിലെത്തിക്കുന്നത്. എണ്ണമേഖലയിലെ ഭീമനായി റിലയന്‍സ് കമ്പനിയെ വളര്‍ത്തുകയാണ് കേന്ദ്രസര്‍ക്കാര്‍. ഇതിന്റെ ഭാഗമാണ് പെട്രോളിന്റെ വില നിശ്ചയിക്കാനുള്ള അധികാരം സ്വകാര്യമേഖലയ്ക്ക് വിട്ടത്.

തന്ത്രപ്രധാനമായ ഊര്‍ജമേഖലയില്‍ പൊതുമേഖലയെ മാത്രമായിരുന്നു അനുവദിച്ചിരുന്നത്. ഉദാരവല്‍ക്കരണനയത്തിന്റെ ഭാഗമായി സ്വകാര്യമേഖലയ്ക്കും പ്രവര്‍ത്തനാനുമതി നല്‍കിയതിനെത്തുടര്‍ന്നാണ് റിലയന്‍സും എസ്സാറും മറ്റും ഈ മേഖലയിലേക്ക് കടന്നുവന്നത്. റിലയന്‍സ് പ്രധാനമായും എണ്ണശുദ്ധീകരണരംഗത്താണ് ശ്രദ്ധിച്ചത്. ശുദ്ധീകരണത്തിന് പൊതുമേഖലയില്‍ ആവശ്യത്തിന് സൌകര്യമുണ്ടായിട്ടും റിലയന്‍സിനെ പ്രവര്‍ത്തിക്കാന്‍ അനുവദിച്ചു. ഇതോടെ ആഭ്യന്തര ആവശ്യത്തേക്കാള്‍ 35 ശതമാനമായി അധിക ഉല്‍പ്പാദനമുണ്ടായി. പിന്നീട് റിലയന്‍സിനെ സഹായിക്കാന്‍ കയറ്റുമതി അനുവദിച്ചു. കയറ്റുമതിയെ പ്രോത്സാഹിപ്പിക്കാനെന്ന പേരില്‍ അസംസ്കൃത എണ്ണ നികുതിയില്ലാതെ ഇറക്കുമതി അനുവദിച്ചു. വന്‍ തുക സബ്സിഡിയും നല്‍കി. 2008-09ല്‍ മാത്രം സ്വകാര്യകമ്പനികള്‍ 85,000 കോടി രൂപയുടെ ശുദ്ധീകരിച്ച പെട്രോളിയം ഉല്‍പ്പന്നങ്ങളാണ് കയറ്റുമതിചെയ്തത്. 2005-06ല്‍ റിലയന്‍സ് മാത്രം ഈ ഇടപാടില്‍ 5915 കോടി രൂപ നേടിയപ്പോള്‍, 2008-09ല്‍ ഇത് 15,000 കോടിയായി ഉയര്‍ന്നു.

അമേരിക്കയില്‍പ്പോലും റിഫൈനറികള്‍ അമിതലാഭനികുതി കൊടുക്കണം. എന്നാല്‍, ഇന്ത്യയില്‍ റിലയന്‍സും മറ്റും ഇത്തരമൊരു നികുതി നല്‍കാതെയാണ് കൊള്ളലാഭം കൊയ്യുന്നത്. പെട്രോളിയം രാസവള മന്ത്രാലയത്തിന്റെ സ്റാന്‍ഡിങ് കമ്മിറ്റി ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ നികുതി നടപ്പാക്കിയില്ല. പൊതുമേഖലാ സ്ഥാപനങ്ങളായ ഒഎന്‍ജിസിയും ഐഒസിയും മറ്റും സര്‍ക്കാരിന് നികുതിയും ലാഭവിഹിതവും നല്‍കണം. ഇതിനു പുറമെ സെസ് നല്‍കണമെന്നും സര്‍ക്കാര്‍ ശഠിച്ചു.

ഒരു ടണ്ണിന് 900 രൂപയാണ് 2000-01ല്‍ സെസ്സായി നല്‍കേണ്ടതെങ്കില്‍ 2006ല്‍ 2500 രൂപയായി വര്‍ധിച്ചു. 1974നു ശേഷംമാത്രം ഈയിനത്തില്‍ 80,000 കോടിയാണ് സര്‍ക്കാര്‍ ലഭിച്ചത്. റിലയന്‍സിന് സെസ് നല്‍കേണ്ടതില്ല. കയറ്റുമതി പ്രോത്സാഹനത്തിനായി എണ്ണശുദ്ധീകരണത്തിനും അനുമതി നല്‍കി. തുടര്‍ന്ന് ആഭ്യന്തരകമ്പോളത്തില്‍ ചില്ലറ വില്‍പ്പനയ്ക്കും അനുവാദം നല്‍കി. ഇത് റിലയന്‍സിന് വന്‍ ലാഭം നേടിക്കൊടുത്തു. വിലനിയന്ത്രണം എടുത്തുകളഞ്ഞാല്‍ ഈ ലാഭം പതിന്മടങ്ങ് വര്‍ധിക്കുമെന്ന് കണ്ട റിലയന്‍സ് ഇതിനായി കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തി. ഇതില്‍ വിജയിച്ചതോടെ റീട്ടെയ്ല്‍ കേന്ദ്രങ്ങള്‍ വീണ്ടും തുറന്നു പ്രവര്‍ത്തിക്കാന്‍ തുടങ്ങി. ഗോദാവരി തീരത്തുനിന്നും റിലയന്‍സ് വാതകം ഉല്‍പ്പാദിപ്പിക്കാന്‍ ആരംഭിച്ചതോടെ അതില്‍നിന്നും കൊള്ളലാഭം നേടാന്‍ അംബാനിയെ സഹായിക്കാനും സര്‍ക്കാര്‍ തയ്യാറായി. ഒരു യൂണിറ്റ് വാതകത്തിന് 1.8 ഡോളറാണ് പൊതുമേഖലാ കമ്പനികള്‍ ഈടാക്കിയത്. എന്നാല്‍, റിലയന്‍സ് ഈ രംഗത്ത് വന്നതോടെ കഴിഞ്ഞവര്‍ഷം ഈ തുക 4.2 ഡോളറായി ഉയര്‍ത്തി. ഇതിലൂടെയും കോടികളാണ് റിലയന്‍സ് കീശയിലാക്കിയത്.
(വി ബി പരമേശ്വരന്‍)

ദേശാഭിമാനി 29062010

മാണി-ജോസഫ് ലയനം കോണ്‍ഗ്രസ് കീഴടങ്ങി

ജോസഫ്-മാണി ലയനം അംഗീകരിക്കില്ലെന്ന് പ്രഖ്യാപിച്ച കോണ്‍ഗ്രസ് കെ എം മാണിയുടെ ശാഠ്യത്തിനുമുന്നില്‍ മുട്ടുമടക്കി. പി ജെ ജോസഫിനെയും കൂട്ടരെയും നിയമസഭയില്‍ യുഡിഎഫ് ബ്ളോക്കില്‍ ഇരുത്തില്ലെന്ന നിലപാടും കോണ്‍ഗ്രസ് തിരുത്തി. ജോസഫ്-മാണി ലയനം യാഥാര്‍ഥ്യമാണെന്നും ലയനത്തര്‍ക്കം അടഞ്ഞ അധ്യായമാണെന്നും യുഡിഎഫ് യോഗത്തിനുശേഷം കവീനര്‍ പി പി തങ്കച്ചന്‍ വ്യക്തമാക്കി. ജോസഫ്-മാണി ലയനം കോണ്‍ഗ്രസ് അംഗീകരിക്കില്ലെന്ന കെപിസിസി നേതൃയോഗത്തിന്റെ പ്രമേയം ഇതോടെ അകാലത്തില്‍ പൊലിഞ്ഞു.

ലയനം യുഡിഎഫില്‍ ചര്‍ച്ചചെയ്യണമെന്ന് പ്രതിപക്ഷനേതാവ് ഉമ്മന്‍ചാണ്ടിയും പ്രഖ്യാപിച്ചിരുന്നു. ഈ അന്ത്യശാസനങ്ങളെയെല്ലാം തള്ളിയ മാണി വരച്ചവരയില്‍ നില്‍ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം നിര്‍ബന്ധിതമായി. ലയനത്തെപ്പറ്റി മിണ്ടില്ലെന്ന നിബന്ധന അംഗീകരിച്ചാലേ യുഡിഎഫ് യോഗത്തിനുള്ളൂവെന്ന മാണിയുടെ മുന്നുപാധി സ്വീകരിച്ചതിനെത്തുടര്‍ന്നാണ് തിങ്കളാഴ്ച ഉച്ചയ്ക്കുശേഷം പ്രതിപക്ഷനേതാവിന്റെ ഔദ്യോഗികവസതിയില്‍ യുഡിഎഫ് ഉന്നതാധികാരസമിതിയോഗം ചേര്‍ന്നത്. യോഗത്തിനുമുമ്പായിത്തന്നെ ഘടകകക്ഷിനേതാക്കളോട് ലയനവിഷയം ഉന്നയിക്കേണ്ടെന്ന് കോണ്‍ഗ്രസ് നേതാക്കളും കണ്‍വീനറും അറിയിച്ചിരുന്നു. ഇതിനനുസരണമായി കേരള കോണ്‍ഗ്രസ് ബി നേതാവ് ആര്‍ ബാലകൃഷ്ണപിള്ള യോഗത്തില്‍ പ്രതികരിക്കുകയുംചെയ്തു. ജോസഫ്-മാണി ലയനം യാഥാര്‍ഥ്യമായതിനാല്‍ ഇനി സംസാരിച്ചിട്ടു കാര്യമില്ലെന്നായിരുന്നു പിള്ളയുടെ പരാമര്‍ശം.

ജോസഫ് പക്ഷത്തെ മൂന്ന് എംഎല്‍എമാരെ തന്റെ പാര്‍ടിയോടൊപ്പം പരിഗണിക്കണമെന്ന മാണിയുടെ കത്ത് സ്പീക്കര്‍ കെ രാധാകൃഷ്ണന്‍ അംഗീകരിക്കുകയും നിയമസഭയില്‍ പ്രതിപക്ഷത്തെ രണ്ടാംകക്ഷിയായി മാണിഗ്രൂപ്പിനെ അംഗീകരിക്കുകയും ചെയ്തു. ഇതേത്തുടര്‍ന്ന്, നിയമസഭയില്‍ മുസ്ളിംലീഗിന്റെ ഇരിപ്പിടം പ്രതിപക്ഷത്ത് മൂന്നാമതായി. കേരളകോണ്‍ഗ്രസും ലീഗും ഉള്‍പ്പെട്ട യുഡിഎഫിന്റെ ചരിത്രത്തില്‍ ഈ ഗതിമാറ്റം ആദ്യം. നിയമസഭയില്‍ എട്ട് അംഗങ്ങളുള്ള ലീഗിനു പിന്നിലായിരുന്നു ഏഴുപേരുള്ള കേരളകോണ്‍ഗ്രസ് എം. എന്നാല്‍, ആദ്യം പി സി ജോര്‍ജിനെയും പിന്നീട് പി ജെ ജോസഫ് ഉള്‍പ്പെടെ മൂന്ന് എംഎല്‍എമാരെയും കൂട്ടിയപ്പോള്‍ കേരളകോണ്‍ഗ്രസ് എമ്മിന്റെ അംഗബലം 11 ആയി. ജോസഫിന്റെകൂടി ബലത്തില്‍ മാണി പ്രതിപക്ഷത്തെ ഒന്നാംനിരയില്‍ രണ്ടാമത്തെ കസേര നേടുകയും രണ്ടാംകസേരയിലിരുന്ന ലീഗിന്റെ നിയമസഭാകക്ഷിനേതാവ് സി ടി അഹമ്മദലിയെ മൂന്നാമത്തെ കസേരയിലേക്ക് മാറ്റുകയുംചെയ്തു. പ്രതിപക്ഷനിരയില്‍ മാണിക്കു പിന്നിലുള്ള രണ്ടാംനിരയിലാണ് ജോസഫിന്റെ ഇരിപ്പിടം.

മാണിയുമായി അണിയറ ചര്‍ച്ച നടത്തി എല്‍ഡിഎഫ് വിട്ട പി ജെ ജോസഫ് ലയനത്തെപ്പറ്റി പറഞ്ഞതുമുതല്‍ കോണ്‍ഗ്രസ് നേതൃത്വം കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. അഴിമതി ആരോപണം നേരിടുന്ന വ്യക്തിയാണ് ജോസഫെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല പറഞ്ഞു. ഡിഐസിയെ യുഡിഎഫില്‍ ചേര്‍ത്തതുവഴി കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് വന്‍ തിരിച്ചടിയുണ്ടായെന്നും ഈ അനുഭവം പി ജെ ജോസഫിന്റെ കാര്യത്തില്‍ ആവര്‍ത്തിക്കരുതെന്നുള്ളതുകൊണ്ടാണ് ലയനത്തെ എതിര്‍ക്കുന്നതെന്നും ചെന്നിത്തല വ്യക്തമാക്കിയിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് മുന്നറിയിപ്പ് മാണി വകവച്ചില്ല. ഇതെല്ലാം പൊടുന്നനെ വിസ്മരിച്ചാണ് ലയനത്തിന് കോണ്‍ഗ്രസും യുഡിഎഫും അംഗീകാരം നല്‍കിയത്. ജോസഫ്-മാണി ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സമുദായശക്തികളുടെ സമ്മര്‍ദത്തിന് കോണ്‍ഗ്രസ് നേതൃത്വം കീഴടങ്ങിയതിന്റെ ഫലമാണ് ഈ മലക്കംമറിച്ചില്‍.
(ആര്‍ എസ് ബാബു)

ലയനം അടഞ്ഞ അധ്യായം, അംഗീകരിക്കാതെ മാര്‍ഗമില്ലെന്ന് തങ്കച്ചന്‍

കേരള കോണ്‍ഗ്രസുകളുടെ ലയനം യാഥാര്‍ഥ്യമായെന്നുംഇത് അംഗീകരിക്കാതെ മാര്‍ഗമില്ലെന്നും യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചന്‍. ലയനക്കാര്യം നേരത്തെ ആലോചിക്കാമായിരുന്നെന്ന് പ്രതിപക്ഷനേതാവും കെപിസിസി പ്രസിഡന്റും പറഞ്ഞിരുന്നു. എന്നാല്‍, കുടുംബകാര്യമാണെന്നാണ് മാണി പറഞ്ഞത്. ഇപ്പോള്‍ അത് അടഞ്ഞ അധ്യായമായെന്നും യുഡിഎഫ് യോഗത്തിനുശേഷം തങ്കച്ചന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലെ തെരഞ്ഞെടുപ്പു മാത്രമാണ് യോഗം ചര്‍ച്ചചെയ്തത്. യുഡിഎഫ് ജില്ലാ കമ്മിറ്റികള്‍ ജൂലൈ ഒന്നിനും നിയോജകമണ്ഡലം കമ്മിറ്റികള്‍ രണ്ടിനും ചേരും. സംസ്ഥാന തെരഞ്ഞെടുപ്പു കമീഷന്‍ സിപിഐ എമ്മിന്റെ നിര്‍ദേശങ്ങള്‍ക്ക് അനുസൃതമായ തീരുമാനങ്ങളാണ് കൈക്കൊള്ളുന്നതെന്ന് തങ്കച്ചന്‍ ആരോപിച്ചു. സംസ്ഥാനത്ത് പകര്‍ച്ചപ്പനി നിയന്ത്രണവിധേയമാണെന്ന കേന്ദ്രസംഘത്തിന്റെ വിലയിരുത്തല്‍ ശരിയല്ല. ജനങ്ങളെ പലവിധത്തിലും ബുദ്ധിമുട്ടിക്കുന്ന പെട്രോള്‍, ഡീസല്‍ വിലവര്‍ധന ഒഴിവാക്കണമെന്ന ആവശ്യം ബന്ധപ്പെട്ടവരെ അറിയിക്കുമെന്നും തങ്കച്ചന്‍ പറഞ്ഞു. കോണ്‍ഗ്രസ് നിയമസഭാകക്ഷിയില്‍നിന്ന് കെപിസിസിയിലേക്ക് 15 പേരെ നാമനിര്‍ദേശം ചെയ്തു. ഇതില്‍ ഒമ്പതും ഉമ്മന്‍ചാണ്ടിപക്ഷത്തിനാണ്. വിശാല ഐക്ക് നാല് സ്ഥാനംകൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. വയലാര്‍ രവി പക്ഷത്തിനും ജി കാര്‍ത്തികേയന്‍ വിഭാഗത്തിനും ഓരോ സ്ഥാനം കിട്ടി.

ദേശാഭിമാനി 29062010

തൃശൂരില്‍ ബിജെപി പിളരുന്നു

തൃശൂരില്‍ ബിജെപി പിളരുന്നു; ഓണത്തിനു മുമ്പ് പുതിയ പാര്‍ടി

ആഭ്യന്തര കലാപം രൂക്ഷമായതിനെത്തുടര്‍ന്ന് കൂട്ടരാജികള്‍ തുടരുന്ന തൃശൂരില്‍ ബിജെപി പിളര്‍പ്പിലേക്ക്. ഓണത്തിനു മുമ്പ് വിമതപക്ഷം ഔദ്യോഗികമായി വേറിട്ട് പുതിയ പാര്‍ടിയാകാനാണ് തീരുമാനം. മുന്‍ ജില്ലാ പ്രസിഡന്റും മുകുന്ദന്‍ പക്ഷ നേതാവുമായ ശ്രീശന്‍ അടിയാട്ടാണ് വിമതവിഭാഗത്തിന് നേതൃത്വം നല്‍കുക. സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്റെയും ജില്ലാ പ്രസിഡന്റ് ബി ഗോപാലകൃഷ്ണന്റെയും നയങ്ങള്‍ക്കെതിരായി കഴിയുന്നത്ര പ്രവര്‍ത്തകരെ ഒരുമിപ്പിക്കുകയാണ് ലക്ഷ്യം. പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ സമാനചിന്താഗതിക്കാരുമായി യോജിച്ച് ഔദ്യോഗിക ബിജെപിക്കെതിരെ മത്സരിക്കുമെന്ന് വിമതപക്ഷത്തിന്റെ വക്താവ് 'ദേശാഭിമാനി'യോടു പറഞ്ഞു.

സംസ്ഥാന പ്രസിഡന്റായി വി മരുളീധരനും ജില്ലാ പ്രസിഡന്റായി ബി ഗോപാലകൃഷ്ണനും വന്നതോടെയാണ് കുഴപ്പങ്ങള്‍ തുടങ്ങിയതെന്നാണ് വിമതരുടെ ആരോപണം. അഞ്ചുമാസം മുമ്പാണ് ബി ഗോപാലകൃഷ്ണനെ പ്രസിഡന്റായും എ നാഗേഷിനെ ജനറല്‍ സെക്രട്ടറിയുമായും ആര്‍എസ്എസ് പിന്തുണയോടെ സംസ്ഥാന പ്രസിഡന്റ് നിയമിച്ചത്. തുടര്‍ന്ന് പാര്‍ടിക്കുള്ളില്‍ ജനാധിപത്യം ഇല്ലാതായെന്ന് ആരോപിച്ചാണ് ബിജെപിയുടെയും മോര്‍ച്ചകളുടെയും നേതാക്കളും പ്രവര്‍ത്തകരും പാര്‍ടി വിടാന്‍ തുടങ്ങിയത്. കര്‍ഷകമോര്‍ച്ച സംസ്ഥാന സെക്രട്ടറി കെ പി സുധീര്‍ബാബു, യുവമോര്‍ച്ച സംസ്ഥാന സെക്രട്ടറി ബിജോയ് തോമസ്, ബിജെപി ജില്ലാ വൈസ് പ്രസിഡന്റുമാരായ സുധീര്‍ ജി കൊല്ലാറ, സി എ വേലായുധന്‍ എന്നിവരുള്‍പ്പെടെ പല പ്രധാന നേതാക്കളും പാര്‍ടി വിട്ടു. 54 ജില്ലാ ഭാരവാഹികളില്‍ 35 പേരും ഔദ്യോഗിക നേതൃത്വത്തിനെതിരാണെന്ന് ഒരു വിമതപക്ഷം നേതാവ് പറഞ്ഞു. പതിനായിരത്തോളം അനുഭാവികള്‍ ബിജെപി വിട്ടു. കഴിഞ്ഞ ദിവസം പാവറട്ടിയില്‍ 500 കുടുംബങ്ങളിലെ പ്രവര്‍ത്തകര്‍ പ്രകടനം നടത്തി രാജിവച്ചു. പതിനായിരത്തോളം പ്രവര്‍ത്തകര്‍ ഇനിയും പാര്‍ടി വിട്ടുവരുമെന്നും വിമതപക്ഷം അവകാശപ്പെടുന്നു.

എന്നാല്‍, തൃശൂര്‍ ജില്ലയില്‍ സംഘടനാ കാര്യങ്ങള്‍ ശക്തിപ്പെടുകയാണെന്നും ചിലര്‍ പാര്‍ടി വിടുന്നതില്‍ തെല്ലും ഉല്‍ക്കണ്ഠയില്ലെന്നും ഈയിടെ വി മുരളീധരന്‍ വിമതരെ ഓര്‍മ്മിപ്പിച്ചിരുന്നു. തൃശൂര്‍ ജില്ലയിലെ കളിമ മാഫിയയുടെ നേതൃത്വം ബിജെപി ജില്ലാ നേതൃത്വത്തിനാണെന്നും ഒ രാജഗോപാല്‍, സി കെ പത്മനാഭന്‍, പി എസ് ശ്രീധരന്‍ പിള്ള എന്നിവര്‍ ഇവരുടെ അന്യായങ്ങള്‍ സംസ്ഥാന നേതൃത്വത്തോട് തുറന്നുപറയാന്‍ തയ്യാറാവണമെന്നാണ് വിമതപക്ഷത്തിന്റെ ആവശ്യം.

മറ്റൊരു വാര്‍ത്ത

പാവറട്ടിയില്‍ വിമതയോഗം ബിജെപിയില്‍ വീണ്ടും കൂട്ടരാജി: അഞ്ഞൂറോളംപേര്‍ പാര്‍ടിവിട്ടു

ബിജെപിയില്‍ വീണ്ടും രാജി. ജില്ലാ നേതൃത്വത്തിന്റെ ജനാധിപത്യവിരുദ്ധനടപടിയില്‍ പ്രതിഷേധിച്ച് മണലൂര്‍ നിയോജകമണ്ഡലത്തിലെ പാവറട്ടിയില്‍ അഞ്ഞൂറോളംപേര്‍ രാജിവച്ചു. ഞായറാഴ്ച രാവിലെ പാവറട്ടി വ്യാപാരഭവനില്‍ ചേര്‍ന്ന ഔദ്യോഗികവിഭാഗത്തിന് എതിരായുള്ള യോഗത്തിലാണ് കൂട്ടരാജി പ്രഖ്യാപിച്ചത്. ഒരു മാസത്തിനിടെ നിരവധി നേതാക്കള്‍ രാജി പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് പ്രവര്‍ത്തകര്‍ പ്രകടനമായി എത്തി രാജിവച്ചത്. പ്രകടനത്തില്‍ ജില്ലാ പ്രസിഡന്റ് അഡ്വ. ബി ഗോപാലകൃഷ്ണന് എതിരായി മുദ്രാവാക്യം വിളിച്ചു. ജില്ലയില്‍ കളിമലോബിയില്‍നിന്നും പണംപറ്റുന്ന ജില്ലാ ജനറല്‍ സെക്രട്ടറിയുടെ അണികളാവാന്‍ തങ്ങളെ കിട്ടില്ലെന്ന് വിളിച്ചുപറഞ്ഞു.

ബിജെപി ജില്ലാ പഠനകേന്ദ്രം ചെയര്‍മാനായിരുന്ന അരവിന്ദന്‍ ചൂണ്ടല്‍, പാവറട്ടി പഞ്ചായത്ത് ഒന്നാംവാര്‍ഡ് അംഗം സിന്ധു അനില്‍കുമാര്‍, പാവറട്ടി സഹ. ബാങ്ക് ഡയറക്ടര്‍ അനില്‍കുമാര്‍, പാവറട്ടി പഞ്ചായത്ത് പ്രസിഡന്റ് എം കെ ഭാസ്കരന്‍, യുവമോര്‍ച്ച മുന്‍ നിയോജകമണ്ഡലം പ്രസിഡന്റ് സെന്തില്‍ വെട്ടിയാര്‍, സെക്രട്ടറി എ പി മണികണ്ഠന്‍, എബിവിപി സംസ്ഥാനകമ്മിറ്റി അംഗം വി എന്‍ സുജിത്ത്, കെ പി ശശിധരന്‍, മനോജ് വാക, വെങ്കിടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എ കെ വിജയന്‍, രമേശ് പി നായര്‍, ഇ ആര്‍ സുനില്‍കുമാര്‍, സതീശ് പൂവത്തൂര്‍, ഇ എസ് മുകുന്ദന്‍, ഷാജി തൈക്കാട്, ബൈജു വാക എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനവും രാജിയും. യോഗത്തില്‍ കെ പി സുധീര്‍ബാബു, ചൂണ്ടല്‍ അരവിന്ദന്‍, സജീവന്‍ പാലയ്ക്കല്‍, സുഭാഷ് കോട്ടപ്പുറം, വി നന്ദകുമാര്‍, ഇ ആര്‍ സുധീഷ്കുമാര്‍, തങ്ക കുഞ്ഞുണ്ണി, പി എ അപ്പുക്കുട്ടന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ നേതൃത്വം പിടിച്ചടക്കുന്നതിന് നേതൃത്വം വൃത്തികെട്ട കളികളാണ് നടത്തിയതെന്ന് പാര്‍ടിവിട്ട നേതാക്കള്‍ പറഞ്ഞു. ജില്ലയില്‍ ശ്രീശന്‍ അടിയാട്ടിന്റെ നേതൃത്വത്തില്‍ ജനാധിപത്യബോധമുള്ള പ്രതികരണശക്തിയായി പ്രവര്‍ത്തിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.

തൃശൂര്‍ മണ്ഡലത്തിലെ നേതാക്കളും പ്രവര്‍ത്തകരും ഒന്നടങ്കം രാജിവച്ചതോടെ ജില്ലയില്‍ പൊട്ടിത്തെറി രൂക്ഷമായി. യുവമോര്‍ച്ച ജില്ലാ ഭാരവാഹികളും കുന്നംകുളം, വടക്കാഞ്ചേരി, ചേലക്കര തുടങ്ങിയ മണ്ഡലങ്ങളിലെ ബിജെപിപ്രവര്‍ത്തകരും രാജിക്കൊരുങ്ങിയിട്ടുണ്ട്. ജില്ലാതലത്തില്‍ രാജിവച്ചവരുടെ കൂട്ടായ യോഗം വിളിക്കാന്‍ ആലോചനയുണ്ട്. പഞ്ചായത്തു തെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ഥികള്‍ക്കെതിരെ സ്ഥാനാര്‍ഥികളെ നിര്‍ത്താനും തീരുമാനമുണ്ട്.

ദേശാഭിമാനി 29062010

Monday, June 28, 2010

കോണ്‍ഗ്രസ് ദയനീയമായി ഒറ്റപ്പെടുന്നു

പെട്രോള്‍, ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നീ ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച കടുത്ത ജനവിരുദ്ധനടപടിക്ക് യുപിഎയിലെ പ്രമുഖ കക്ഷികളുടെ പിന്തുണപോലും ഇല്ലെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്രം ഭരിക്കുന്ന യുപിഎ സര്‍ക്കാരിന് അധികാരത്തില്‍ തുടരാനുള്ള ധാര്‍മികമായ അര്‍ഹത പൂര്‍ണമായും നഷ്ടപ്പെട്ടിരിക്കുന്നു. ഭരണാധികാരംമാത്രം ലക്ഷ്യമാക്കിയിട്ടുള്ള ചില പാര്‍ടികള്‍ സാങ്കേതികമായി പിന്തുണ പിന്‍വലിച്ചിട്ടില്ലെങ്കില്‍പ്പോലും മന്ത്രിസഭയുടെ സുപ്രധാനമായ ഒരു തീരുമാനത്തിന് ഭരണസഖ്യത്തിലെ രണ്ടു പ്രമുഖ കക്ഷികള്‍ ഭിന്നാഭിപ്രായം പരസ്യമായി പ്രകടിപ്പിച്ചിരിക്കുകയാണ്. മന്ത്രിസഭയുടെ കൂട്ടുത്തരവാദിത്തം നഷ്ടപ്പെട്ടിരിക്കുന്നു. പാര്‍ലമെന്ററി ജനാതിപത്യവ്യവസ്ഥയില്‍ കൂട്ടുത്തരവാദിത്തം ഭരണത്തിന്റെ ആണിക്കല്ലാണ്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിച്ച നടപടിയോട് യോജിപ്പില്ലാത്തതുകൊണ്ടാണ് ബോധപൂര്‍വം വിട്ടുനിന്നതെന്നും വിലവര്‍ധന ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്ര ക്യാബിനറ്റ് മന്ത്രിയുമായ മമത ബാനര്‍ജി തുറന്നുപറഞ്ഞിരിക്കുന്നു. ഇതൊരു കപടനാടകമാണെങ്കില്‍പ്പോലും സര്‍ക്കാരിന്റെ നടപടിക്ക് പരസ്യമായി പിന്തുണ നല്‍കിയാല്‍ ജനങ്ങളില്‍നിന്ന് സ്വയം ഒറ്റപ്പെടാനിടയാകുമെന്ന ഭയമാണ് ഈ വെളിപ്പെടുത്തലിനുള്ള അടിസ്ഥാനമെന്ന് വ്യക്തമാണ്. സഖ്യത്തിലെ മറ്റൊരു പ്രമുഖ കക്ഷിയായ ഡിഎംകെയുടെ നേതാവ് അഴഗിരിയും തീരുമാനവുമായി യോജിക്കുന്നില്ലെന്നാണ് പറഞ്ഞിരിക്കുന്നത്. മറ്റൊരു വിചിത്രമായ കാര്യം കോണ്‍ഗ്രസ് നേതാക്കള്‍ക്കുപോലും ഭിന്നാഭിപ്രായം പ്രകടിപ്പിക്കേണ്ടിവന്നു എന്നതാണ്. വില വര്‍ധിപ്പിക്കാനുള്ള തീരുമാനം പിന്‍വലിക്കണമെന്നാണ് വി എം സുധീരന്‍ ആവശ്യപ്പെട്ടതായി കാണുന്നത്. ഉമ്മന്‍ചാണ്ടിയും വിലവര്‍ധന പിന്‍വലിക്കണമെന്നാണ് പറയുന്നത്. മറ്റു പല കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഈ അഭിപ്രായമുണ്ടെന്നാണ് ന്യായമായും അനുമാനിക്കേണ്ടത്. വില വര്‍ധിപ്പിച്ച ധിക്കാരപരമായ നടപടിയെ പിന്തുണയ്ക്കാന്‍ സ്വന്തം കക്ഷിയിലുള്ളവര്‍പോലും തയ്യാറല്ലെന്ന ഗതികേടില്‍ കോണ്‍ഗ്രസ് നേതൃത്വവും കേന്ദ്രഭരണ നേതൃത്വവും എത്തപ്പെട്ടിരിക്കുകയാണ്.

കഴിഞ്ഞ ബജറ്റ് സമ്മേളനത്തില്‍തന്നെ കോണ്‍ഗ്രസിന്റെ പാര്‍ലമെന്റിലെ ഒറ്റപ്പെടല്‍ ജനങ്ങള്‍ക്ക് ബോധ്യപ്പെട്ട കാര്യമാണ്. ഒരുവര്‍ഷംമുമ്പ് മുന്നൂറിലധികം ലോക്സഭാ അംഗങ്ങളുടെ പിന്തുണയോടെ അധികാരത്തില്‍ വന്ന സര്‍ക്കാരാണ് ഇത്രവേഗം ന്യൂനപക്ഷമായി മാറിയത്. ബജറ്റ് സമ്മേളനത്തില്‍ പ്രതിപക്ഷം കൊണ്ടുവന്ന ഖണ്ഡനോപക്ഷേപം വോട്ടിനിട്ടപ്പോള്‍ ഭരണമുന്നണിക്ക് അനുകൂലമായി 289 വോട്ടാണ് ലഭിച്ചത്. അതാകട്ടെ പ്രതിപക്ഷത്തുള്ള മായാവതി നയിക്കുന്ന ബിഎസ്പിയുടെ 21 എംപിമാരുടെയും ഷിബു സോറന്റെയും പിന്തുണ ലഭിച്ചതുമൂലമാണ്. അതില്ലായിരുന്നെങ്കില്‍ 267 വോട്ടേ അനുകൂലമായി രേഖപ്പെടുത്തുള്ളൂ. കേവല ഭൂരിപക്ഷത്തിന് അഞ്ച് വോട്ട് കുറവുണ്ടെന്നത് വ്യക്തം. 23 അംഗങ്ങളുള്ള പ്രതിപക്ഷത്തെ സമാജ്വാദി പാര്‍ടിയും നാല് അംഗങ്ങളുള്ള ആര്‍ജെഡിയും വോട്ടെടുപ്പുസമയത്ത് ഇറങ്ങിപ്പോക്ക് നടത്തിയത് ഭരണമുന്നണിയുമായുണ്ടാക്കിയ ധാരണയെത്തുടര്‍ന്നാണെന്നതും രഹസ്യമല്ല. നഗ്നമായ പാര്‍ലമെന്ററി കുതന്ത്രം പ്രയോഗിച്ചുകൊണ്ടാണ് കോണ്‍ഗ്രസ് ഈ മൂന്നു പാര്‍ടികളുടെ പ്രത്യക്ഷവും പരോക്ഷവുമായ പിന്തുണ നേടിയത്. അതിന് നല്‍കേണ്ടിവന്ന വിലയുടെ കാര്യവും രഹസ്യമല്ല. കോണ്‍ഗ്രസിന്റെ സാമ്പത്തികനയത്തില്‍ എതിര്‍പ്പുണ്ടെന്നും പിന്തുണ പ്രശ്നാധിഷ്ഠിതമാണെന്നുമാണ് മായാവതി പറയുന്നത്. ഖണ്ഡനോപക്ഷേപത്തിന് പിന്തുണ നല്‍കിയ ബിഎസ്പി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയെ പരസ്യമായി എതിര്‍ത്തിരിക്കുകയാണ്. വിലവര്‍ധനയ്ക്കെതിരെ പാര്‍ലമെന്റിന് പുറത്ത് നടന്ന പ്രതിഷേധം അടങ്ങാത്ത ജനരോഷത്തിന്റെ വ്യക്തമായ പ്രതിഫലനമാണ്. കേരളത്തില്‍ ഇടതുപക്ഷ ജനാധിപത്യമുന്നണി ആഹ്വാനംചെയ്ത ഹര്‍ത്താലിന് അഭൂതപൂര്‍വമായ ജനപിന്തുണയാണ് ലഭിച്ചതെന്ന് നിസ്സംശയം പറയാന്‍ കഴിയും. ഹര്‍ത്താല്‍ പൂര്‍ണവിജയമാണെന്ന് സകലര്‍ക്കും ബോധ്യമായി കഴിഞ്ഞതാണ്. പശ്ചിമബംഗാളില്‍ നടന്ന പ്രതിഷേധപണിമുടക്കിനും വമ്പിച്ചതോതിലുള്ള പിന്തുണയാണ് ലഭിച്ചതെന്ന് മാധ്യമങ്ങള്‍ ഏകസ്വരത്തില്‍ സമ്മതിച്ചിരിക്കുന്നു. ഇടതുപക്ഷത്തിന്റെ കടുത്ത എതിരാളിയായ മമത ബാനര്‍ജിക്കുപോലും പണിമുടക്കിനെ ഭംഗ്യന്തരേണ അംഗീകരിക്കേണ്ടിവന്നു. അതായത് കോണ്‍ഗ്രസ് ജനങ്ങളില്‍നിന്നുമാത്രമല്ല യുപിഎയില്‍പോലും ഒറ്റപ്പെടുന്ന നിലയുണ്ടായിരിക്കുന്നു.

1984ല്‍ നടന്ന ഭോപാല്‍ദുരന്തവുമായി ബന്ധപ്പെട്ട് പുറത്തുവന്ന വിവരവും കോണ്‍ഗ്രസ് നേതൃത്വത്തിന് അപഖ്യാതി വരുത്തുന്നതാണെന്നതില്‍ സംശയമില്ല. 1984 ഡിസംബര്‍ രണ്ടിനാണ് ഭോപാലിലെ യൂണിയന്‍ കാര്‍ബൈഡ് അപകടം സംഭവിച്ചത്. ഇരുപതിനായിരത്തോളം നിരപരാധികളായ മനുഷ്യര്‍ക്ക് ജീവഹാനി സംഭവിച്ചു. യൂണിയന്‍ കാര്‍ബൈഡ് ചെയര്‍മാന്‍ വാറന്‍ ആന്‍ഡേഴ്സ അറസ്റുചെയ്യപ്പെട്ടു. നിരവധി വകുപ്പുകള്‍ ഉള്‍പ്പെടുത്തിയാണ് ആന്‍ഡേഴ്സനെ അറസ്റുചെയ്ത് കസ്റഡിയില്‍വച്ചത്. ജാമ്യം ലഭിക്കാനിടയില്ലാത്ത വകുപ്പുകള്‍ അനുസരിച്ചാണ് കുറ്റപത്രം തയ്യാറാക്കിയത്. ആന്‍ഡേഴ്സനെ ജാമ്യത്തില്‍ വിട്ടപ്പോള്‍ ഒപ്പിട്ട കരാറനുസരിച്ച് പൊലീസോ കോടതിയോ ആവശ്യപ്പെടുമ്പോള്‍ ഹാജരായിക്കൊള്ളാമെന്ന വ്യവസ്ഥയുണ്ടായിരുന്നു എന്ന് ഹിന്ദു പത്രം വെളിപ്പെടുത്തിയത് നിസ്സാരമായി തള്ളിക്കളയാന്‍ കഴിയുന്നതല്ല. അന്നത്തെ പ്രധാനമന്ത്രി രാജീവ്ഗാന്ധിക്ക് ആന്‍ഡേഴ്സന്റെ സന്ദര്‍ശനവിവരം അറിയാമായിരുന്നു. ആന്‍ഡേഴ്സനെ സുരക്ഷിതമായി എത്തിച്ചതിന്റെ ഉത്തരവാദിത്തം അന്നത്തെ മധ്യപ്രദേശ് മുഖ്യമന്ത്രി അര്‍ജുന്‍സിങ്ങിന്റെ തലയില്‍വച്ച് കൈകഴുകാനുള്ള കോണ്‍ഗ്രസ് നേതൃത്വത്തിന്റെ കുതന്ത്രം പൊളിഞ്ഞുപോയിരിക്കുന്നു. ഇന്ത്യയിലെ ജനങ്ങളോടല്ല കോണ്‍ഗ്രസിന്റെ കൂറെന്നും അമേരിക്കയിലെ കോര്‍പറേറ്റ് ഭീമനോടാണെന്നും വ്യക്തമായിരിക്കുന്നു. ആണവസുരക്ഷാ ബില്ലിന്റെ കാര്യത്തിലും ഇന്ത്യയിലെ ജനങ്ങളുടെ പ്രശ്നമല്ല കോണ്‍ഗ്രസിന് പ്രധാനം. അമേരിക്കയിലെ റിയാക്ടര്‍ ഉടമകളുടെ താല്‍പ്പര്യമാണ് പ്രധാനം. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധനയിലും ഇന്ത്യയിലെ ജനങ്ങളുടെ താല്‍പ്പര്യമല്ല, റിലയന്‍സുള്‍പ്പെടെയുള്ള ശതകോടീശ്വരന്മാരുടെ താല്‍പ്പര്യം സംരക്ഷിക്കുന്നതിലാണ് കോണ്‍ഗ്രസ് നേതൃത്വത്തിനും യുപിഎ സര്‍ക്കാരിനും വ്യഗ്രതയുള്ളത്. ഇന്ത്യക്കകത്തും പുറത്തുമുള്ള കുത്തകകളും ബഹുരാഷ്ട്രകുത്തകകളുമാണ് ഇക്കൂട്ടര്‍ക്ക് പ്രിയപ്പെട്ടത്. ഇന്ത്യയിലെ ജനങ്ങളല്ലെന്ന് വ്യക്തം. ഈ തിരിച്ചറിവ് ജനങ്ങള്‍ക്കുണ്ടാകുക എന്നതാണ് പ്രധാനം. ഹര്‍ത്താല്‍ വന്‍ വിജയമാക്കിയ എല്ലാവരും അഭിനന്ദനം അര്‍ഹിക്കുന്നു.

ദേശാഭിമാനി മുഖപ്രസംഗം 28062010

ഐടി സ്വപ്നങ്ങള്‍ക്കു ചിറകേകി അതുല്യ തുറന്നു

സംസ്ഥാനത്തിന്റെ ഐടി തൊഴില്‍സ്വപ്നങ്ങള്‍ക്കു ചിറകേകി ഇന്‍ഫോ പാര്‍ക്കിലെ അതുല്യ ഐടി കെട്ടിടസമുച്ചയം തുറന്നു. അതുല്യയിലെ കഫറ്റേരിയ കെട്ടിടത്തില്‍ പ്രത്യേകം സജ്ജമാക്കിയ വേദിയില്‍ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ റിമോട്ടില്‍ വിരലമര്‍ത്തി ഫലകം മൂടിയിരുന്ന നാട നീക്കി. ഐടി വിദഗ്ധരടക്കമുള്ള വലിയ സദസ്സ് ചടങ്ങിനു സാക്ഷിയായി. അതുല്യയിലെ ആദ്യ ഐടി സംരംഭകനായ ഒലിവ് അഡ്വൈസറി സര്‍വീസിന്റെ മാനേജിങ് ഡയറക്ടര്‍ ഷിന്റോ മാത്യുവിന് മുഖ്യമന്ത്രി താക്കോലും കൈമാറി.

5.5 ലക്ഷം ചതുരശ്ര അടിയിലാണ് കെട്ടിടം പണിതീര്‍ത്തത്. ഇതില്‍ 3.5 ലക്ഷം ചതുരശ്ര അടി സ്ഥലം ഐടിക്കു മാത്രമാണ്. 50 ശതമാനത്തിലേറെ സ്ഥലം വിവിധ കമ്പനികള്‍ സ്വന്തമാക്കി ക്കഴിഞ്ഞു. വലുതും ചെറുതുമായ കമ്പനികള്‍ക്ക് ഒരുപോലെ അവരുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഉപയോഗപ്പെടുത്താന്‍ കഴിയുംവിധമാണ് കെട്ടിടത്തിന്റെ നിര്‍മാണം. പുതുസംരംഭകരെ സഹായിക്കാന്‍ ഇങ്കുബേറ്റര്‍ പദ്ധതിപ്രകാരമുള്ള മുറികളും സജ്ജീകരിച്ചിട്ടുണ്ട്. നാഗാര്‍ജുന കണ്‍സ്ട്രക്ഷന്‍സാണ് നിര്‍മാണം നിര്‍വഹിച്ചത്. 95 കോടി രൂപയാണ് ചെലവ്. സോഫ്റ്റ്വെയര്‍ വികസനത്തിനു പുറമെ ഏഴു നിലകളിലായി 300 കാറുകള്‍ക്ക് പാര്‍ക്ക്ചെയ്യാന്‍ കഴിയുന്ന മള്‍ട്ടിലെവല്‍ കാര്‍പാര്‍ക്കിങ് സെന്റര്‍, ഫുഡ്കോര്‍ട്ടും ഷോപ്പിങ് മാളുമടങ്ങുന്ന കഫറ്റേരിയ എന്നിവയും അതുല്യയില്‍ ഉണ്ട്. ചെറിയ സബ്സ്റ്റേഷന്‍, വാട്ടര്‍ ട്രീറ്റ്മെന്റ് പ്ളാന്റ് എന്നിവയും ഉണ്ട്. 18 മാസംകൊണ്ട് പണി പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിച്ച കെട്ടിടം 15 മാസംകൊണ്ട് പൂര്‍ത്തീകരിച്ചു.

യുഡിഎഫ് സര്‍ക്കാര്‍ കൈമാറാന്‍ വച്ചിരുന്ന ഇന്‍ഫോ പാര്‍ക്ക് പൊതുമേഖലയില്‍ നിലനിര്‍ത്താന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്ന് വി എസ് പറഞ്ഞു. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് സ്മാര്‍ട്ട്സിറ്റിയില്‍ വിഭാവനം ചെയ്തതിനേക്കാള്‍ കൂടുതല്‍ തൊഴില്‍ ഇന്‍ഫോപാര്‍ക്കില്‍ ലഭ്യമാക്കാന്‍ നടപടി സ്വീകരിച്ചു. നാലുവര്‍ഷംകൊണ്ട് വമ്പിച്ച വികസനമാണിവിടെ ഉണ്ടായത്. ഇന്ന് 31 ലക്ഷത്തോളം ചതുരശ്ര അടി കെട്ടിടം പ്രവര്‍ത്തനസജ്ജമായി. അടുത്ത മൂന്നുവര്‍ഷംകൊണ്ട് 20 ലക്ഷത്തോളം ചതുരശ്ര അടി ഐടി കെട്ടിടംകൂടി ഇവിടെ സജ്ജമാക്കും. നാല്‍പ്പതിനായിരത്തോളം ഐടി പ്രൊഫഷണലുകള്‍ക്ക് ജോലി ലഭിക്കും. 1.10 ലക്ഷം പേര്‍ക്ക് തൊഴിലവസരം നല്‍കുന്ന ഇന്‍ഫോ പാര്‍ക്ക് രണ്ടാംഘട്ട വികസനത്തിന്റെ മാസ്റര്‍പ്ളാന്‍ തയ്യാറാക്കാനുള്ള നടപടി പുരോഗമിക്കുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഐടിയുടെ കുതിപ്പിനും വളര്‍ച്ചയ്ക്കും സഹായകമായി സമയത്തിനു മുമ്പേ പദ്ധതി പൂര്‍ത്തിയാക്കാന്‍ കേരളത്തിനു കഴിയുമെന്നതിനു തെളിവാണിതെന്ന് മന്ത്രി എസ് ശര്‍മ അധ്യക്ഷപ്രസംഗത്തില്‍ പറഞ്ഞു. മന്ത്രി ജോസ് തെറ്റയില്‍, കെ ബാബു എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി എസ് ഷൈല, അംഗം എം ഇ ഹസൈനാര്‍, ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇക്കോരന്‍, സെസ് ഡെവലപ്മെന്റ് കമീഷണര്‍ കെ രമേശ്കുമാര്‍, നബാര്‍ഡ് ചീഫ് ജനറല്‍ മാനേജര്‍ കെ സി ശശിധര്‍, പഞ്ചായത്ത് പ്രസിഡന്റ് സബിത കരീം, ബ്ളോക്ക് പഞ്ചായത്ത് അംഗം കെ ആര്‍ ബാബു, കെ എം യൂസഫ് എന്നിവര്‍ സംസാരിച്ചു. ഐടി സെക്രട്ടറി ഡോ. അജയകുമാര്‍ സ്വാഗതവും ഇന്‍ഫോപാര്‍ക്ക് സിഇഒ സിദ്ധാര്‍ഥ ഭട്ടാചാര്യ നന്ദിയും പറഞ്ഞു.

സ്മാര്‍ട്ട്സിറ്റി പദ്ധതി അനിശ്ചിതത്വം ഉടന്‍ തീരും: മുഖ്യമന്ത്രി

സ്മാര്‍ട്ട്സിറ്റി പദ്ധതി സംബന്ധിച്ച ഇപ്പോഴത്തെ അനിശ്ചിതത്വം ഏതാനും ദിവസങ്ങള്‍ക്കകം പരിഹരിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. എന്നാല്‍, ഇതിനുവേണ്ടി സംസ്ഥാന താല്‍പ്പര്യം ബലികഴിക്കാന്‍ ഒരുക്കമല്ലെന്നും ഇന്‍ഫോപാര്‍ക്കിലെ ഐടി സമുച്ചയമായ അതുല്യ ഉദ്ഘാടനം ചെയ്ത് അദ്ദേഹം വ്യക്തമാക്കി. പദ്ധതിയിലെ അനിശ്ചിതത്വംകൊണ്ട് സംസ്ഥാനത്ത് ഐടി മേഖലയില്‍ ഒരു ന്യൂനതയുമുണ്ടായിട്ടില്ല. നിരവധി കമ്പനികള്‍ കേരളത്തിലേക്ക് വരികയും നിര്‍മാണത്തിലിരിക്കുന്ന പാര്‍ക്കുകളില്‍ താല്‍പ്പര്യമറിയിക്കുകയും ചെയ്തിട്ടുണ്ട്. സ്മാര്‍ട്ട്സിറ്റിക്കു വേണ്ടി ഏറ്റെടുത്ത സ്ഥലത്ത് അല്‍പ്പം വൈകിയാലും സംസ്ഥാന താല്‍പ്പര്യം സംരക്ഷിച്ച് ഐടി പാര്‍ക്ക് സ്ഥാപിക്കുകതന്നെ ചെയ്യുമെന്നും അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ നാലുവര്‍ഷംകൊണ്ട് രണ്ട് ഐടി പാര്‍ക്കുകളിലെ അടിസ്ഥാന സൌകര്യം അഞ്ചര മടങ്ങ് വര്‍ധിച്ചു. 19 ലക്ഷത്തില്‍നിന്ന് 105 ലക്ഷം ചതുരശ്രയടിയിലേക്കാണ് വര്‍ധന. തിരുവനന്തപുരം, കൊച്ചി എന്നീ നഗരങ്ങളെ മാത്രം കേന്ദ്രീകരിച്ചുള്ള ഐടി വികസനമല്ല സര്‍ക്കാര്‍ നടപ്പാക്കിയത്. മലബാറിന്റെ ചിരകാല സ്വപ്നമായിരുന്ന കോഴിക്കോട് സൈബര്‍പാര്‍ക്കിന്റെ നിര്‍മാണം തുടങ്ങി. ടെക്നോപാര്‍ക്കിന്റെയും, ഇന്‍ഫോപാര്‍ക്കിന്റെയും സൈബര്‍ പാര്‍ക്കിന്റെയും അനുബന്ധമായി അമ്പലപ്പുഴയിലും ചേര്‍ത്തലയിലും കൊല്ലത്തും കൊരട്ടിയിലും എരമത്തും ചീമേനിയിലും ഐടി പാര്‍ക്കുകളുടെ നിര്‍മാണം നടക്കുകയാണ്. ഗ്രാമങ്ങളില്‍ ചെറുകിട ഐടി പാര്‍ക്കുകളായ ടെക്നോലോഡ്‌ജുകള്‍ പ്രവര്‍ത്തനമാരംഭിച്ചുകഴിഞ്ഞു. ഈ വര്‍ഷം ആറ് ടെക്നോലോഡ്‌ജുകള്‍കൂടി പ്രവര്‍ത്തനസജ്ജമാകുമെന്നും അദ്ദേഹം പറഞ്ഞു.

deshabhimani 28062010

ആദിവാസികള്‍ക്ക് 14185 ഏക്കര്‍ നല്‍കി

ആദിവാസികള്‍ക്ക് 14185 ഏക്കര്‍ നല്‍കി: ബാലന്‍

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം ഒരിഞ്ച് ‘ഭൂമിപോലും പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തിട്ടില്ലെന്ന പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടിയുടെ ആരോപണം ഹിമാലയന്‍ നുണയും രാഷ്ട്രീയ സദാചാരത്തിന് നിരക്കാത്തതുമാണെന്ന് മന്ത്രി എ കെ ബാലന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കക്ഷിരാഷ്ട്രീയത്തിന് അതീതമായി എംപിമാരും എംഎല്‍മാരും ഭൂമി വിതരണചടങ്ങുകളില്‍ പങ്കെടുത്തിട്ടുണ്ട്. നാലു വര്‍ഷത്തിനിടെ 14,185 ഏക്കര്‍ ‘ഭൂമി ആദിവാസി വന നിയമം പ്രകാരം മാത്രം ആദിവാസികള്‍ക്ക് വിതരണം ചെയ്തിട്ടുണ്ട്. ഇതില്‍ 2,000 ഏക്കര്‍ ‘ഭൂമി ആറളത്ത് 2,000 ആദിവാസി കുടുംബങ്ങള്‍ക്കും 350 ഏക്കര്‍ ‘ഭൂമി ആലക്കോടുമാണ് വിതരണം ചെയ്തത്. മറ്റുജില്ലകളിലായി 9,803 പേര്‍ക്കായി 11,835 ഏക്കര്‍ ‘ഭൂമിയും വിതരണം ചെയ്തു. ഇതിന് പുറമെ മന്ത്രി കെ പി രാജേന്ദ്രന്റെ നേതൃത്വത്തില്‍ റവന്യൂവകുപ്പ് 56 പട്ടയമേളകള്‍ നടത്തി 146000 പേര്‍ക്ക് ഭൂമി നല്‍കിയിട്ടുണ്ട്. 13678 പേര്‍ക്ക് ഭൂമി നല്‍കാനായി 20000 ഏക്കര്‍ സ്ഥലത്തിന്റെ സര്‍വ്വെ കഴിഞ്ഞു. വിവിധ ജില്ലകളില്‍ നടന്ന ‘ഭൂമിവിതരണ ചടങ്ങില്‍ മന്ത്രിമാര്‍ക്ക് പുറമെ കോണ്‍ഗ്രസ് എംപിമാരായ എം ഐ ഷാനവാസ്, കെ സുധാകരന്‍, എംഎല്‍എ മാരായ ആര്യാടന്‍ മുഹമ്മദ്, തേറമ്പില്‍ രാമകൃഷ്ണന്‍ തുടങ്ങി ഒട്ടനവധി യുഡിഎഫ് നേതാക്കള്‍ പങ്കെടുത്തിട്ടുണ്ട്.

എ കെ ആന്റണി കണ്ടെത്തിയ 17,000 ഏക്കര്‍ ‘ഭൂമിയാണ് വിതരണം ചെയ്യുന്നതെന്ന വാദവും തെറ്റാണ്. ഈ ഭൂമി സംബന്ധിച്ച കേസ് സുപ്രിംകോടതിയല്‍ നടക്കുന്നതിനാല്‍ ഇതില്‍ നിന്ന് ഒരു തുണ്ട് ഭൂമി പോലും വിതരണം ചെയ്യാന്‍ കഴിഞ്ഞിട്ടില്ല. കോടതി വിധി വന്നശേഷം അതും ഏറ്റെടുത്ത് വിതരണം ചെയ്യും. ‘ഭൂമി ലഭിക്കാത്ത ആദിവാസികള്‍ക്ക് ‘ഭൂമി വിതരണം ചെയ്യുന്നതിന് വയനാട്ടില്‍ 1000 ഏക്കര്‍ കൂടി ഏറ്റെടുക്കാന്‍ കലക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

സംസ്ഥാനത്ത് വിതരണം ചെയ്ത് സിഎഫ് ലാംപുകള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ പണം തന്നുവെന്ന യുഡിഎഫ് പ്രചാരണം എട്ടുകാലി മമ്മുഞ്ഞിന്റെ അവകാശവാദമാണ്. ഇതിന് കേന്ദ്ര സര്‍ക്കാര്‍ ഒരു ധനസഹായവും നല്‍കിയിട്ടില്ല. സിഎഫ്എല്‍ വിതരണത്തിന് സംസ്ഥാനസര്‍ക്കാര്‍ 40 കോടി രൂപയും വൈദ്യുതി ബോര്‍ഡ് 55 കോടിയുമാണ് ചെലവഴിച്ചത്. ഈ പദ്ധതി പൂര്‍ണമായി സംസ്ഥാന സര്‍ക്കാറിന്റേതാണ്. ഐക്യരാഷ്ട്രസഭയുടെ കാലവസ്ഥ വ്യതിയാന സമിതിയുടെ കാര്‍ബ ക്രെഡിറ്റ് ലഭ്യമാക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ബ്യൂറോ ഓഫ് എനര്‍ജി എഫിഷ്യന്‍സി സമിതിയുടെ സര്‍ട്ടിഫിക്കിറ്റനായി സമീപിച്ചിട്ടുണ്ട്. ഇത് നല്‍കാന്‍ കേന്ദ്രം സഹായിച്ചാല്‍ കാര്‍ബ ക്രെഡിറ്റ് സഹായം നേടിയെടുക്കാന്‍ കഴിയും. കേന്ദ്ര സര്‍ക്കാരിന് ഈ പദ്ധതിയുമായി ഒരു ബന്ധവുമില്ല. സിഎഫ്എല്‍ വിതരണത്തിന് കേന്ദ്രത്തിന്റെ പണം വാങ്ങിത്തന്നാല്‍ അത് വാങ്ങാന്‍ മടിക്കില്ലെന്നും മന്ത്രി പറഞ്ഞു.

ദേശാഭിമാനി 28062010

കൈയേറ്റം തെളിഞ്ഞാല്‍ വീരേന്ദ്രകുമാര്‍ ഭൂമി വിട്ടുകൊടുക്കണം

കൈയേറ്റം തെളിഞ്ഞാല്‍ വീരേന്ദ്രകുമാര്‍ ഭൂമി വിട്ടുകൊടുക്കണം: കൃഷ്ണയ്യര്‍

കൈവശംവച്ചിരിക്കുന്ന ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്നു തെളിഞ്ഞാല്‍ നിയമയുദ്ധത്തിനു പോകാതെ അത് സര്‍ക്കാരിനു വിട്ടുകൊടുക്കാന്‍ എം പി വീരേന്ദ്രകുമാര്‍ തയ്യാറാകണമെന്ന് ജസ്റ്റിസ് വി ആര്‍ കൃഷ്ണയ്യര്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ഈ ഭൂമി ആദിവാസികള്‍ക്കു നല്‍കണമെന്നും അദ്ദേഹം മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു. വീരേന്ദ്രകുമാറിന്റെ ഭൂമി സംബന്ധിച്ച തന്റെ പ്രസ്താവന തര്‍ക്കവിഷയമായതിനാലാണ് ഇക്കാര്യം വ്യക്തമാക്കുന്നതെന്ന് കൃഷ്ണയ്യര്‍ പറഞ്ഞു.

വീരേന്ദ്രകുമാറിന്റെ കൈയേറ്റത്തിനു തെളിവുണ്ടെന്ന് സുല്‍ത്താന്‍ബത്തേരി എംഎല്‍എ പി കൃഷ്ണപ്രസാദ് എന്നെ അറിയിച്ചിട്ടുണ്ട്. വയനാട്ടില്‍ തന്റെ ഏതെങ്കിലും ഭൂമി സര്‍ക്കാര്‍ഭൂമിയാണെന്നു തെളിഞ്ഞാല്‍ വിട്ടുകൊടുക്കാമെന്ന് വീരേന്ദ്രകുമാറും പറയുന്നു. വിവാദം നീട്ടിക്കൊണ്ടുപോകാതെ ഒരു സ്വതന്ത്ര ജുഡീഷ്യല്‍ കമീഷനെക്കൊണ്ട് വിഷയം അന്വേഷിപ്പിക്കാന്‍ ആഭ്യന്തരമന്ത്രിയോ റവന്യുമന്ത്രിയോ ഉത്തരവിടണം. എംഎല്‍എയുടെ കൈയില്‍ രേഖകളുണ്ട്. ആദിവാസിനേതാക്കള്‍ ഒട്ടേറെ രേഖകള്‍ എനിക്കു കൈമാറിയിട്ടുണ്ട്. കൂടുതല്‍ രേഖകളുണ്ടെങ്കില്‍ അതും കമീഷനുമുന്നില്‍ വരട്ടെ. ട്രിബൂണല്‍ തീരുമാനം ഇരുകൂട്ടരും അംഗീകരിക്കണം. പിന്നെ നിയമയുദ്ധം പാടില്ല. കേസെന്നാല്‍ ചെലവും കാലതാമസവുമാണ്. ആദിവാസികള്‍ക്ക് എത്രയുംവേഗം ഭൂമി ലഭിക്കണം. അവര്‍ക്ക് അതിന് അര്‍ഹതയുണ്ട്. സമീപകാലത്ത് സുപ്രീംകോടതിയില്‍നിന്നോ ഹൈക്കോടതിയില്‍നിന്നോ വിരമിച്ച ജഡ്ജിയെ കമീഷന്റെ അധ്യക്ഷനായി നിയമിക്കാം- കൃഷ്ണയ്യര്‍ നിര്‍ദേശിച്ചു.

വയനാട്ടിലെ കൈയേറ്റഭൂമി മുഴുവന്‍ ഒഴിപ്പിച്ച് ആദിവാസികള്‍ക്കു നല്‍കണം. ഇതിനായി വിപുലമായ അധികാരങ്ങളുള്ള ഒരു ജുഡീഷ്യല്‍ കമീഷനെയും പരിഗണിക്കാവുന്നതാണ്. ക്രൈംബ്രാഞ്ച് അന്വേഷണം ഇക്കാര്യത്തില്‍ അപര്യാപ്തമാണ്. വയനാട്ടിലെ അനധികൃത കൈയേറ്റങ്ങള്‍ കണ്ടെത്തി പൂര്‍ണമായി ഒഴിപ്പിക്കാന്‍ അധികാരമുള്ള കമീഷനെയാണ് നിയമിക്കേണ്ടത്. അങ്ങനെ ഒഴിപ്പിച്ചെടുക്കുന്ന ഭൂമി എത്രയുംവേഗം ആദിവാസികള്‍ക്ക് കൈമാറുകയുംവേണം. ഈ കമീഷന്റെ അധ്യക്ഷനായി കേരളീയനായ ഒരു റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി വേണം. ഹൈക്കോടതിയില്‍നിന്നു വിരമിച്ച മൂന്നോ നാലോ ജഡ്ജിമാരെ അംഗങ്ങളാക്കാം. വയനാട്ടിലെ ഭൂമിപ്രശ്നങ്ങള്‍ അറിയാവുന്ന ഒരു റിട്ടയേഡ് ചീഫ് സെക്രട്ടറിയെ കമീഷന്‍ സെക്രട്ടറിയായി നിയോഗിക്കാം. വയനാട് കലക്ടര്‍ ജോയിന്റ് സെക്രട്ടറിയായി പ്രവര്‍ത്തിക്കുന്നത് പ്രയോജനപ്രദമാകും. റിട്ടയേഡ് സുപ്രീംകോടതി ജഡ്ജി കെ ടി തോമസ്, ഹൈക്കോടതിയില്‍നിന്നു വിരമിച്ച ജഡ്ജിമാരായ ടി എല്‍ വിശ്വനാഥ അയ്യര്‍, ജെ എം ജെയിംസ്, ഷംസുദ്ദീന്‍, കെ ബാലകൃഷ്ണന്‍നായര്‍ എന്നിവരുടെ പേരുകളും കമീഷനിലേക്ക് പരിഗണിക്കാനായി കൃഷ്ണയ്യര്‍ കത്തില്‍ നിര്‍ദേശിക്കുന്നു.

deshabhimani 28062010

എണ്ണവിലയില്‍ ഇന്ത്യ മുന്നില്‍ത്തന്നെ

കേന്ദ്ര സര്‍ക്കാര്‍ വാദം പൊളിയുന്നു എണ്ണവിലയില്‍ ഇന്ത്യ മുന്നില്‍ത്തന്നെ

പെട്രോളിനും ഡീസലിനും രാജ്യത്ത് കുറഞ്ഞ വിലയായതിനാലാണ് അതു വര്‍ധിപ്പിച്ചതെന്ന യുപിഎ സര്‍ക്കാരിന്റെ അവകാശവാദം പൊളിയുന്നു. വികസിതരാഷ്ട്രങ്ങളിലെ നിരക്കിലുള്ള വില ഏതാണ്ട് ഇന്ത്യയിലും ഈടാക്കുന്നുവെന്നതാണ് വസ്തുത. പ്രമുഖ രാഷ്ട്രങ്ങളില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് ഇന്ത്യയിലേതിനേക്കാള്‍ വിലയുണ്ടെന്നും വന്‍ശക്തിയാകാന്‍ ഇന്ത്യയിലും വില ഉയര്‍ത്തണമെന്നുമാണ് പെട്രോളിയം മന്ത്രാലയം വാദിക്കുന്നത്. എന്നാല്‍, വര്‍ധിപ്പിക്കുംമുമ്പുതന്നെ വികസിത രാഷ്ട്രങ്ങളിലേതിനു തുല്യമായ വില ഇന്ത്യയിലും ഉണ്ടായിരുന്നെന്ന് കണക്ക് വ്യക്തമാക്കുന്നു.

അമേരിക്കയെ മാതൃകയാക്കുന്ന മന്‍മോഹന്‍സിങ് സര്‍ക്കാര്‍ പെട്രോള്‍ വിലയുടെ കാര്യത്തില്‍ അതു മറന്നു. അമേരിക്കയില്‍ ഒരു ലിറ്റര്‍ ഡീസലിന് 35 രൂപയും പെട്രോളിന് 34 രൂപയുമാണ്. മാത്രമല്ല, ഇന്ത്യയില്‍ പെട്രോളിനുമേലുള്ള നികുതിവിലയുടെ പകുതിയിലധികം വരുമ്പോള്‍ അമേരിക്കയില്‍ പെട്രോളിന് 0.11 ഡോളറും (5.65 രൂപ) ഡീസലിന് 0.12 ഡോളറും (5.10 രൂപ) മാത്രമാണ് നികുതി. യൂറോപ്യന്‍ രാജ്യങ്ങളില്‍ മാത്രമാണ് നേരിയതോതില്‍ കൂടുതല്‍ വില. എന്നാല്‍, അമേരിക്കയിലും യൂറോപ്യന്‍ രാജ്യങ്ങളിലും ഇന്ത്യയേക്കാള്‍ ഗുണനിലവാരമുള്ള പെട്രോളും ഡീസലുമാണ് വിതരണം ചെയ്യുന്നത്. ഗുണം കുറഞ്ഞ ഇന്ധനത്തിനു കൂടുതല്‍ വില നല്‍കേണ്ട ഗതികേടിലാണ് ഇന്ത്യന്‍ ഉപയോക്താക്കള്‍.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില രാജ്യാന്തര നിലവാരത്തിലാക്കാന്‍ മത്സരിക്കുന്ന യുപിഎ സര്‍ക്കാര്‍ ജനങ്ങളുടെ ജീവിതനിലവാരം അതേ നിലവാരത്തിലേക്ക് ഉയര്‍ത്താന്‍ താല്‍പ്പര്യം പ്രകടിപ്പിക്കാത്തത് പ്രതിഷേധാര്‍ഹമാണെന്ന് സിഐടിയു ദേശീയ സെക്രട്ടറിയും പെട്രോളിയം മേഖലയിലെ തൊഴിലാളികളുടെ നേതാവുമായ ദേവ്റോയ് പറഞ്ഞു. മനുഷ്യവികസന സൂചികയില്‍ 180 രാജ്യത്തിന്റെ പട്ടികയില്‍ 134-ാമത്തെ സ്ഥാനമാണ് ഇന്ത്യക്കുള്ളത്. രാജ്യത്തെ 70 ശതമാനം ജനങ്ങളും ദിവസം 20 രൂപപോലും വരുമാനമില്ലാത്തവരാണെന്ന് സര്‍ക്കാര്‍ നിയമിച്ച കമീഷന്‍ തന്നെയാണ് കണ്ടെത്തിയത്. അത്തരമൊരു രാജ്യത്ത് പെട്രോളിയം വിലമാത്രം രാജ്യാന്തര നിലവാരത്തില്‍ ഉയര്‍ത്താന്‍ ശ്രമിക്കുന്നത് സ്വകാര്യ എണ്ണക്കമ്പനികളെ മാത്രം സഹായിക്കാനാണ്-ദേവ്റോയ് പറഞ്ഞു.
(വി ബി പരമേശ്വരന്‍)

deshabhimani 28062010

Sunday, June 27, 2010

രാജ്യമാകെ പ്രതിഷേധാഗ്നി

കേരളം നിശ്ചലമായി

വിലക്കയറ്റത്തിന്റെ എരിതീയിലേക്ക് ജനങ്ങളെയാകെ വലിച്ചെറിഞ്ഞ കേന്ദ്രസര്‍ക്കാരിന്റെ കൊടുംചതിക്കെതിരായ പ്രതിഷേധക്കൊടുങ്കാറ്റില്‍ കേരളം നിശ്ചലമായി. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില കുത്തനെ വര്‍ധിപ്പിച്ചതിലും വില നിശ്ചയിക്കാന്‍ കമ്പനികള്‍ക്ക് അധികാരം നല്‍കിയതിലും പ്രതിഷേധിച്ച് എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റി ആഹ്വാനംചെയ്ത ഹര്‍ത്താല്‍ സംസ്ഥാനം ഏകമനസ്സോടെ ഏറ്റെടുത്തു. നിത്യോപയോഗസാധന വില വീണ്ടും കുതിച്ചുകയറാന്‍ അവസരം ഒരുക്കിയതിനെതിരെ ആഞ്ഞടിച്ച ജനരോഷം കേന്ദ്രസര്‍ക്കാരിന് ശക്തമായ താക്കീതായി. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയായിരുന്നു ഹര്‍ത്താല്‍. നഗര-ഗ്രാമവ്യത്യാസമില്ലാതെ റോഡുകള്‍ വിജനമായി. കടകമ്പോളങ്ങളും സ്ഥാപനങ്ങളുമെല്ലാം അടഞ്ഞു. പെട്ടിക്കടപോലും പലയിടത്തും തുറന്നില്ല. ജീവനക്കാരും ഫാക്ടറികളിലെയും വ്യവസായശാലകളിലെയും തൊഴിലാളികളും ജോലിയില്‍നിന്ന് വിട്ടുനിന്നു. വിരലിലെണ്ണാവുന്ന ജീവനക്കാര്‍മാത്രമാണ് സര്‍ക്കാര്‍ ഓഫീസുകളില്‍ എത്തിയത്. കേന്ദ്രസര്‍ക്കാര്‍ ഓഫീസും പ്രവര്‍ത്തിച്ചില്ല. അപൂര്‍വം സ്വകാര്യവാഹനങ്ങള്‍മാത്രമാണ് റോഡിലിറങ്ങിയത്. സ്വകാര്യബസും ടാക്സി, ഓട്ടോറിക്ഷ, ടെമ്പോ തുടങ്ങിയ വാഹനങ്ങളും ഓടിയില്ല. തൊഴിലാളികള്‍ പണിമുടക്കിയതിനാല്‍ കെഎസ്ആര്‍ടിസി ബസും ഓടിയില്ല. ട്രെയിനുകളില്‍ യാത്രക്കാര്‍ കുറവായിരുന്നു. സംഘടനാ വ്യത്യാസമില്ലാതെ വ്യാപാരികള്‍ ഹര്‍ത്താലില്‍ പങ്കാളികളായി. എവിടെയും അനിഷ്ടസംഭവങ്ങളുണ്ടായില്ല.

പണിമുടക്കിയ തൊഴിലാളികളും ജീവനക്കാരും അധ്യാപകരും യുവജനങ്ങളും വിദ്യാര്‍ഥികളും വീട്ടമ്മമാരും കര്‍ഷകരും കര്‍ഷകത്തൊഴിലാളികളുമെല്ലാം അണിചേര്‍ന്ന പ്രതിഷേധപ്രകടനം സംസ്ഥാനത്താകെ നടന്നു. തിരുവനന്തപുരത്ത് രക്തസാക്ഷിമണ്ഡപത്തില്‍നിന്ന് ആരംഭിച്ച പ്രകടനം ഏജീസ് ഓഫീസിനുമുന്നില്‍ സമാപിച്ചു. പ്രതിഷേധയോഗം സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം ആനത്തലവട്ടം ആനന്ദന്‍ ഉദ്ഘാടനംചെയ്തു. ഹര്‍ത്താല്‍ പൂര്‍ണവിജയമാക്കിയ കേരളജനതയെ എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ അഭിവാദ്യംചെയ്തു. കേന്ദ്രസര്‍ക്കാര്‍ ജനദ്രോഹനനയം തുടരാനാണ് ഭാവമെങ്കില്‍ ചെറുത്തുതോല്‍പ്പിക്കാന്‍ ജനങ്ങളാകെ അണിനിരക്കണമെന്ന് വൈക്കം വിശ്വന്‍ അഭ്യര്‍ഥിച്ചു. ഹര്‍ത്താല്‍ വിജയിപ്പിച്ച തൊഴിലാളികളെയും ബഹുജനങ്ങളെയും സിഐടിയു സംസ്ഥാന കമ്മിറ്റി അഭിവാദ്യംചെയ്തു. ഇന്ധനവിലവര്‍ധന പിന്‍വലിക്കാനും വിലനിയന്ത്രണം പുനഃസ്ഥാപിക്കാനും സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ആവശ്യപ്പെട്ടു. ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ സംസ്ഥാനത്താകെ പ്രകടനം നടത്തി. പ്രധാനമന്ത്രി മന്‍മോഹന്‍സിങ്ങിന്റെ കോലം കത്തിച്ചു. യുവമോര്‍ച്ച ജില്ലാ കേന്ദ്രങ്ങളില്‍ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു.

രാജ്യമാകെ പ്രതിഷേധാഗ്നി

സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാന്‍ ഇന്ധനവില വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിനെതിരെ രാജ്യമാകെ പ്രതിഷേധം അലയടിച്ചു. കക്ഷിരാഷ്ട്രീയ ഭേദമെന്യേ ജനങ്ങള്‍ ശനിയാഴ്ച തെരുവിലിറങ്ങി. ഇടതുപക്ഷ പാര്‍ടികള്‍ക്കുപുറമെ ബിജെപിയും മറ്റ് കക്ഷികളും പ്രതിഷേധപ്രകടനങ്ങള്‍ നടത്തി. പശ്ചിമബംഗാളില്‍ വാഹനപണിമുടക്ക് പൂര്‍ണമായിരുന്നു. ത്രിപുരയില്‍ തിങ്കളാഴ്ച ഇടതുമുന്നണി ബന്ദിന് ആഹ്വാനംചെയ്തു. തമിഴ്നാട്, ആന്ധ്രപ്രദേശ്, ബിഹാര്‍, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ്, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെല്ലാം വന്‍ പ്രതിഷേധമുണ്ടായി. ഡല്‍ഹിയില്‍ ഇടതുപക്ഷ പാര്‍ടികളും ബിജെപിയും പ്രതിഷേധ റാലികള്‍ നടത്തി. സിപിഐ എം, സിപിഐ, ആര്‍എസ്പി, ഫോര്‍വേഡ് ബ്ളോക്ക് പാര്‍ടികളുടെ സംയുക്തറാലി പാര്‍ലമെന്റ് സ്ട്രീറ്റില്‍ പൊലീസ് തടഞ്ഞു. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം വൃന്ദ കാരാട്ടും സിപിഐ ജനറല്‍ സെക്രട്ടറി എ ബി ബര്‍ദനും നേതൃത്വം നല്‍കി. കര്‍ണാടകത്തിന്റെ വിവിധ ഭാഗങ്ങളില്‍ സിപിഐ എം നേതൃത്വത്തില്‍ മേഖലാ അടിസ്ഥാനത്തില്‍ നടന്ന പ്രതിഷേധ പ്രകടനത്തില്‍ ആയിരങ്ങള്‍ അണിനിരന്നു. സിഐടിയു നേതൃത്വത്തില്‍ തുമകൂറുവില്‍ പ്രതിഷേധപ്രകടനം നടത്തി. മഹിളാ അസോസിയേഷന്‍ ബംഗളൂരു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധപ്രകടനം സംഘടിപ്പിച്ചു. ഹുബ്ബള്ളിയില്‍ കര്‍ണാടക രക്ഷണവേദികെ പ്രവര്‍ത്തകര്‍ പൊതുനിരത്തില്‍ ഗ്യാസ് ഉപയോഗിച്ച് ഭക്ഷണം പാകം ചെയ്ത് പ്രതിഷേധിച്ചു. മൈസൂരുവില്‍ വിവിധ കക്ഷികളുടെ നേതൃത്വത്തില്‍ റോഡ് തടഞ്ഞു.

deshabhimani 27062010

അഭിമാനഹത്യയല്ല, കാടത്തം

ദുരഭിമാനഹത്യ: ഡല്‍ഹിയില്‍ പ്രതിഷേധം

കുടുംബത്തിന്റെയും ജാതിയുടെയും താല്‍പ്പര്യങ്ങള്‍ക്കു വിരുദ്ധമായി പ്രണയിച്ച് വിവാഹംചെയ്യുന്നവരെ ക്രൂരമായി കൊലപ്പെടുത്തുന്ന കാടത്തത്തിനെതിരെ ഡല്‍ഹിയില്‍ പ്രതിഷേധം. ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വ്യാപകമായ ഇത്തരം ദുരഭിമാനഹത്യ തലസ്ഥാനത്തും ആവര്‍ത്തിച്ചിട്ട് നടപടിയെടുക്കാത്ത ഭരണാധികാരികള്‍ക്കെതിരെ മഹിള, യുവജന, വിദ്യാര്‍ഥി സംഘടനകളുടെ നേതൃത്വത്തില്‍ ധര്‍ണ നടത്തി. അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍, ഡിവൈഎഫ്ഐ, എസ്എഫ്ഐ, ഡല്‍ഹി ടീച്ചേഴ്സ് ഫെഡറേഷന്‍ (ഡിടിഎഫ്), ജനസംസ്കൃതി, ജനനാട്യമഞ്ച് തുടങ്ങിയ സംഘടനകളുടെ ആഭിമുഖ്യത്തില്‍ പാര്‍ലമെന്റ് സ്ട്രീറ്റിലെ ജന്തര്‍ മന്ദറിലാണ് ധര്‍ണ നടന്നത്. ആഭ്യന്തരമന്ത്രി പി ചിദംബരത്തിന് സംഘടനാ നേതാക്കള്‍ നിവേദനം നല്‍കി. കുടുംബത്തിന്റെ മാനം കാക്കാനെന്ന പേരില്‍ നടക്കുന്ന ഇത്തരം കാടത്തങ്ങളെ തടയാന്‍ സമഗ്ര നിയമം വേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ധര്‍ണ. ചില ജാതിപഞ്ചായത്തുകളുടെ പ്രാകൃതാചാരം ഇപ്പോള്‍ നഗരങ്ങളിലേക്കും വ്യാപിക്കുകയാണ്. സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് എംപി ഉദ്ഘാടനംചെയ്തു.

അഭിമാനഹത്യയല്ല, കാടത്തം: വൃന്ദ

ന്യൂഡല്‍ഹി: ചില ജാതിപഞ്ചായത്തുകളുടെ പ്രാകൃതാചാരം പിന്തുടര്‍ന്ന് പ്രണയവിവാഹിതരെ കൊലപ്പെടുത്തുന്നതിനെ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് അപലപിച്ചു. ഇത്തരം കൊലപാതകത്തോട് ചേര്‍ത്ത് അഭിമാനമെന്ന വാക്ക് മാധ്യമങ്ങള്‍ പ്രയോഗിക്കുന്നതുതന്നെ തെറ്റാണെന്ന് വൃന്ദ പറഞ്ഞു. ജാതിപഞ്ചായത്തുകളുടെ ക്രൂരതയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണത്തെക്കുറിച്ച് കഴിഞ്ഞവര്‍ഷം പാര്‍ലമെന്റില്‍ ചോദ്യം ഉന്നയിച്ചപ്പോള്‍ അത്തരം സംഭവങ്ങള്‍ നടക്കുന്നതായി വിവരം ഇല്ലെന്നായിരുന്നു സര്‍ക്കാരിന്റെ മറുപടി. വോട്ടുബാങ്കില്‍ കണ്ണുവച്ച് ജാതിപഞ്ചായത്തുകളുടെ ക്രൂരതയ്ക്ക് ഭരണാധികാരികള്‍ കൂട്ടുനില്‍ക്കുകയാണ്. ആവര്‍ത്തിക്കുന്ന ഇത്തരം ക്രൂരത തടയാന്‍ സമഗ്രവും ശക്തവുമായ നിയമം കൊണ്ടുവരാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് വൃന്ദ ആവശ്യപ്പെട്ടു.

deshabhimani 27062010

ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 30 രൂപ മാത്രം

ഇന്ധനവില വര്‍ധന: പൊതുമേഖലാനഷ്ടം കള്ളക്കഥ

പൊതുമേഖലാ കമ്പനികളുടെ നഷ്ടത്തിന്റെ പേര് പറഞ്ഞ് ഇന്ധനവില വര്‍ധിപ്പിച്ചത് സ്വകാര്യമേഖലയെ സഹായിക്കാനെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. വില കുറച്ച് വില്‍ക്കുന്നതു കാരണം പൊതുമേഖലാ കമ്പനികള്‍ വന്‍ നഷ്ടം സഹിക്കുകയാണെന്നും അതിനാലാണ് വിലനിയന്ത്രണം ഒഴിവാക്കി വില വര്‍ധിപ്പിച്ചതെന്നുമുള്ള കേന്ദ്രത്തിന്റെ വാദം പൊള്ളയാണെന്ന് വെളിപ്പെടുന്നതാണ് പൊതുമേഖലാകമ്പനികളുടെ വരുമാനം.

രാജ്യത്തെ ഏറ്റവും വലിയ എണ്ണക്കമ്പനികളിലൊന്നായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ലാഭം കഴിഞ്ഞ രണ്ടു വര്‍ഷത്തിനിടയ്ക്ക് മൂന്നിരട്ടിയായാണ് വര്‍ധിച്ചത്. 2008-09 സാമ്പത്തിക വര്‍ഷം ഐഒസിയുടെ ലാഭം 2949 കോടിയാണെങ്കില്‍ 2009-10 സാമ്പത്തികവര്‍ഷം ഇത് 10,224 കോടി രൂപയായി ഉയര്‍ന്നു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലകുറച്ച് വിറ്റതിന്റെ ഫലമായി കമ്പനിക്ക് വന്‍ നഷ്ടമുണ്ടായെങ്കില്‍ ലാഭം കുറയേണ്ടതായിരുന്നു. ഭാരത് പെട്രോളിയത്തിന്റെയും ഹിന്ദുസ്ഥാന്‍ പെട്രോളിയത്തിന്റെയും കണക്കും മറിച്ചല്ല.

സര്‍ക്കാര്‍ വന്‍ തുക സബ്സിഡിയായി നല്‍കുന്നതാണ് പൊതുമേഖലാ സ്ഥാപനങ്ങളെ തകര്‍ക്കുന്നതെന്ന വാദം തെറ്റാണെന്ന് ആസൂത്രണ കമീഷനിലെ മുന്‍ മുഖ്യ ഉപദേഷ്ടാവ് സൂര്യ പി സേഥി പറഞ്ഞു. 2008-09 സാമ്പത്തികവര്‍ഷം കേന്ദ്രസര്‍ക്കാരിന് പെട്രോളിയംമേഖലയില്‍നിന്ന് നികുതിയിനത്തില്‍ 1,61,798 കോടി രൂപ ലഭിച്ചപ്പോള്‍ സര്‍ക്കാര്‍ നല്‍കിയ സബ്സിഡിയാകട്ടെ 1,06,980 കോടി രൂപയാണ്. സബ്സിഡി നല്‍കുന്നതിനേക്കാള്‍ തുക എക്സൈസ്- കസ്റംസ് തീരുവയിലൂടെ സമാഹരിക്കുന്ന സര്‍ക്കാര്‍, സബ്സിഡിയുടെ കാര്യം പറയുന്നതില്‍ അര്‍ഥമില്ലെന്നും സേഥി പറഞ്ഞു.

2009-10ല്‍ മാര്‍ച്ചുമുതല്‍ ഡിസംബര്‍വരെ പെട്രോളിയം മേഖലയില്‍നിന്ന് സര്‍ക്കാരിന് ലഭിച്ച വരുമാനം 56,365 കോടി രൂപയാണെങ്കില്‍ സബ്സിഡിയായി നല്‍കിയത് 14,058 കോടി രൂപയും. അതായത്, സാധരണ ജനങ്ങളില്‍നിന്ന് നികുതിയിനത്തില്‍ ഒരു രൂപ പിരിച്ചെടുത്ത് 25 പൈസമാത്രം സബ്സിഡിയായി തിരുച്ചു നല്‍കി. തുച്ഛമായ ഈ സബ്സിഡിയുടെ ഭാരം ഏറ്റെടുക്കുക വഴി പൊതുമേഖലാ സ്ഥാപനങ്ങള്‍ നഷ്ടത്തിലാണെന്ന് പറയുന്നത് നിരര്‍ഥകമാണ്.

2,20,000 കോടി രൂപയുടെ നഷ്ടം പൊതുമേഖലാ കമ്പനികള്‍ക്ക് ഉണ്ടെന്നാണ് സര്‍ക്കാരിന്റെ വാദം. ഇത് സാങ്കല്‍പ്പികനഷ്ടം മാത്രമാണെന്ന് മുന്‍ രാജ്യസഭാംഗവും സിഐടിയു നേതാവുമായ ദീപാങ്കര്‍ മുഖര്‍ജി പറഞ്ഞു. പൊതുമേഖലാ കമ്പനികളുടെ ബാലന്‍സ്ഷീറ്റ് പരിശോധിച്ചാല്‍ ഈ കൊട്ടക്കണക്കിന് അടിസ്ഥാനമില്ലെന്ന് വ്യക്തമാകുമെന്നും അദ്ദേഹം പറഞ്ഞു. എണ്ണക്കമ്പനികളെ സഹായിക്കാന്‍ സര്‍ക്കാരിന് പല വഴിയും ഉണ്ടായിരുന്നു. എക്സൈസ് തീരുവയില്‍ 10 ശതമാനം കുറവ് വരുത്തിയാല്‍മാത്രം 12,000 കോടി അവര്‍ക്ക് നല്‍കാന്‍ സര്‍ക്കാരിന് കഴിയുമായിരുന്നു. എണ്ണവ്യവസായത്തിന്റെ വികസനം ലക്ഷ്യമാക്കി 1974ല്‍ പാസാക്കിയ നിയമമനുസരിച്ച് ഇതുവരെ 81,106 കോടി രൂപ സംഭരിച്ചിട്ടുണ്ട്. ഇതില്‍ 902 കോടി രൂപമാത്രമാണ് ചെലവഴിച്ചത്. ബാക്കി 80,204 കോടി രൂപ സര്‍ക്കാരിന്റെ കൈവശമുണ്ട്. ഇത് പൊതുമേഖലാ കമ്പനികള്‍ക്ക് നല്‍കാമായിരുന്നു. അതൊന്നും ചെയ്യാതെ എല്ലാ ബാധ്യതയും ജനങ്ങളുടെ മേല്‍ അടിച്ചേല്‍പ്പിക്കുകയാണ്. വിലനിയന്ത്രണംമൂലം കൊള്ളലാഭം നേടാന്‍ കഴിയാത്ത സ്വകാര്യ എണ്ണക്കമ്പനികളെ സഹായിക്കാന്‍മാത്രമാണ് ഈ നടപടിയെന്നും അദ്ദേഹം പറഞ്ഞു.
(വി ബി പരമേശ്വരന്‍)

ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 30 രൂപ മാത്രം

ഇന്ധന വിലവര്‍ധനയിലൂടെ ജനജീവിതം ദുസ്സഹമാക്കിയ കേന്ദ്രസര്‍ക്കാര്‍ പെട്രോളിനും ഡീസലിനും ഈടാക്കുന്ന നികുതി ഇളവുചെയ്യാന്‍ തയ്യാറാകുന്നില്ല. അന്താരാഷ്ട്രവിപണിയിലെ വിലയ്ക്കനുസരിച്ച് പരമാവധി 30 രൂപയ്ക്ക് ഒരു ലിറ്റര്‍ പെട്രോള്‍ രാജ്യത്ത് വില്‍ക്കാനാകുമെന്നതാണ് യാഥാര്‍ഥ്യം. ബാക്കി തുക മുഴുവന്‍ സര്‍ക്കാര്‍ ഈടാക്കുന്ന നികുതിയും എണ്ണക്കമ്പനികളുടെയും വിതരണക്കാരുടെയും കമീഷനുമാണ്.

ശനിയാഴ്ച അന്താരാഷ്ട്രവിപണിയില്‍ അസംസ്കൃത എണ്ണയുടെ വില ബാരലിന് 76.51 ഡോളറാണ് (ഏകദേശം 2,150 രൂപ). 158.76 ലിറ്റര്‍ (42 ഗ്യാലന്‍) എണ്ണയാണ് ഒരു ബാരലില്‍ ഉണ്ടാകുക. അതനുസരിച്ച് ഒരു ലിറ്റര്‍ അസംസ്കൃത എണ്ണയ്ക്ക് 22.24 രൂപ. ഇത് സംസ്കരിച്ചെടുക്കാന്‍ ലിറ്ററിന് 52 പൈസ ചെലവാകുമെന്നാണ് വിദഗ്ധരുടെ അഭിപ്രായം. എണ്ണശുദ്ധീകരണശാലകളുടെ മറ്റ് ആവശ്യങ്ങള്‍ക്കായി ലിറ്ററിന് ആറു രൂപയോളവും ചെലവാകും. ഇതെല്ലാമടക്കം ഒരു ലിറ്റര്‍ പെട്രോളിന് ചെലവ് 28.76 രൂപ. നിലവില്‍ ജനങ്ങളില്‍നിന്ന് ഈടാക്കുന്നതിന്റെ പകുതിമാത്രം. ബാക്കി തുക മുഴുവന്‍ കസ്റംസ് നികുതി, എക്സൈസ് തീരുവ, സ്പെഷ്യല്‍ എക്സൈസ് തീരുവ, വിദ്യാഭ്യാസ സെസ് തുടങ്ങിയ പേരില്‍ കേന്ദ്രസര്‍ക്കാര്‍ ഈടാക്കുന്നതാണ്. ഇതടക്കം മൊത്തം വിലയുടെ 54 ശതമാനത്തോളം നികുതിയിനത്തില്‍ ജനങ്ങളില്‍നിന്ന് സര്‍ക്കാര്‍ പിഴിയുന്നു. നിലവിലുള്ള അന്താരാഷ്ട്രവിലയുടെ അടിസ്ഥാനത്തിലാണ് ഈ കണക്ക്.

കഴിഞ്ഞ ആറുമാസമായി ബാരലിന് 70-80 ഡോളറാണ് അന്താരാഷ്ട്രകമ്പോളത്തില്‍ എണ്ണവില. എന്നാല്‍, കഴിഞ്ഞവര്‍ഷം ജൂണില്‍ ബാരലിന് 30 ഡോളറായിരുന്നു. ഇഷ്ടാനുസരണം വില വര്‍ധിപ്പിക്കാനുള്ള അവകാശം എണ്ണക്കമ്പനികള്‍ക്ക് നല്‍കിയതോടെ ആനുപാതികമായ കമീഷന്റെയും നികുതികളുടെയും പേരില്‍ വന്‍ കൊള്ളയാകും സ്വകാര്യ കമ്പനികള്‍ നടത്തുക. ഒരു ദിവസം ലിറ്ററിന് അമ്പതു പൈസ അധികം ഇടാക്കിയാല്‍ എണ്ണക്കമ്പനികള്‍ക്ക് കോടികളാണ് ലാഭം. സര്‍ക്കാര്‍ നിശ്ചയിക്കുന്ന വിലയ്ക്ക് പെട്രോളും ഡീസലും വില്‍ക്കുന്നതിലൂടെ ഉണ്ടാകുന്ന നഷ്ടം പരിഹരിക്കാനെന്ന പേരില്‍ വന്‍ തുകയാണ് സ്വകാര്യകമ്പനികള്‍ക്ക് നല്‍കുന്നത്
(വിജേഷ് ചൂടല്‍)

deshabhimani 27062010

ഗോള്‍ഫ് ക്ളബ് സര്‍ക്കാര്‍ ഏറ്റെടുത്തു

സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ തിരുവനന്തപുരം ഗോള്‍ഫ് ക്ളബ് സര്‍ക്കാര്‍ ഏറ്റെടുത്തു. തിരുവനന്തപുരം തഹസില്‍ദാര്‍ മധു ഗംഗാധറിന്റെ നേതൃത്വത്തിലുള്ള റവന്യൂ അധികൃതരാണ് ഗോള്‍ഫ് ക്ളബും ക്ളബ്ബിന്റെ സ്ഥാവരജംഗമവസ്തുക്കളും ഏറ്റെടുത്തത്. ഇതോടെ കവടിയാറിലെ 25.37 ഏക്കറുംഗോള്‍ഫ് ക്ളബും സര്‍ക്കാരിന്റെ പൂര്‍ണനിയന്ത്രണത്തിലായി.

ഗോള്‍ഫ് ക്ളബ്ബിന്റെ എസ്റേറ്റ് ഓഫീസറായി ഡെപ്യൂട്ടി കലക്ടര്‍ എം അഞ്ജന ചുമതലയേറ്റു. ഗോള്‍ഫ് ക്ളബ് 71 കോടി രൂപ പാട്ടക്കുടിശ്ശിക വരുത്തുകയും പാട്ടക്കരാര്‍ ലംഘിക്കുകയും ചെയ്തിരുന്നു. ക്ളബ് സംസ്ഥാന സര്‍ക്കാരിന് ഏറ്റെടുക്കാമെന്ന് കഴിഞ്ഞ മെയ് 17നാണ് ഹൈക്കോടതി ഉത്തരവിട്ടത്. ഇതിനെതിരെ ക്ളബ് അധികൃതര്‍ സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. 24 മണിക്കൂറിനുള്ളില്‍ ക്ളബ് ഒഴിയണമെന്ന് ആവശ്യപ്പെട്ട് കലക്ടര്‍ ക്ളബ് സെക്രട്ടറിക്ക് വെള്ളിയാഴ്ച നോട്ടീസ് നല്‍കിയിരുന്നു. തുടര്‍ന്ന് തിരുവനന്തപുരം തഹസില്‍ദാറുടെ നേതൃത്വത്തില്‍ ക്ളബ്ബിലെ ഫര്‍ണിച്ചറടക്കമുള്ള ജംഗമവസ്തുക്കളുടെ കണക്കെടുപ്പും ആസ്തിനിര്‍ണയവും തുടങ്ങി. ശനിയാഴ്ച പുലര്‍ച്ചയോടെയാണ് ഇതിന്റെ നടപടിക്രമം പൂര്‍ത്തിയായത്.

ശനിയാഴ്ച ഉച്ചയോടെ ക്ളബ്ബിന്റെ സ്ഥാവരജംഗമവസ്തുക്കള്‍ ഏറ്റെടുക്കുന്നതായി കാണിച്ച് തിരുവനന്തപുരം തഹസില്‍ദാര്‍ നല്‍കിയ ഔദ്യോഗികരേഖയില്‍ ക്ളബ് സെക്രട്ടറി എസ് എന്‍ രഘുചന്ദ്രന്‍നായര്‍ ഒപ്പുവച്ചു. ഗോള്‍ഫ് ക്ളബ്ബിന്റെ ബോര്‍ഡ് നീക്കംചെയ്ത് സര്‍ക്കാര്‍ ബോര്‍ഡ് സ്ഥാപിച്ചു. ഗോള്‍ഫ് ക്ളബ് നടത്തിപ്പിന് ചീഫ് സെക്രട്ടറി തലവനായുള്ള 10 അംഗ സമിതിക്കായിരിക്കും ഇനി അധികാരം. ചീഫ് സെക്രട്ടറിക്കുപുറമെ സര്‍ക്കാര്‍ പ്രതിനിധികളായി അഞ്ചുപേരും നാല് ക്ളബ് ഭാരവാഹികളുമായിരിക്കും സമിതി അംഗങ്ങള്‍.

Saturday, June 26, 2010

യൂറോപ്പ് സുല്ലിട്ടു

നിലവിലുള്ള ജേതാക്കളായ ഇറ്റലിയും റണ്ണറപ്പ് ഫ്രാന്‍സും ദയനീയമായി തോറ്റ് പുറത്ത്. അതേസമയം ദക്ഷിണ അമേരിക്കന്‍ ടീമുകള്‍ മുന്നോട്ട്. ആഫ്രിക്ക ഘാനയില്‍ ഒതുങ്ങിയെങ്കിലും ദക്ഷിണ കൊറിയയും ജപ്പാനും ഏഷ്യയുടെ മാനം കാത്തു- രണ്ടാംറൌണ്ടിലേക്ക് കടക്കുന്ന ലോകകപ്പ് ഫുട്ബോളിന്റെ നഖചിത്രമിങ്ങനെ.

12 ടീമുകളാണ് യൂറോപ്പില്‍നിന്ന് കളിച്ചത്. ഏഴുപേര്‍ പുറത്തായി. ആഫ്രിക്കയില്‍നിന്ന് ആറ്. അവശേഷിക്കുന്നത് ഒന്ന്. ഏഷ്യക്ക് നാല്, രണ്ടുപേര്‍ ബാക്കി. കോണ്‍കാഫിന് മൂന്ന്. രണ്ടുപേര്‍ നോക്കൌട്ടില്‍. ദക്ഷിണ അമേരിക്കയ്ക്ക് അഞ്ചില്‍ അഞ്ചും. ചുരുക്കത്തില്‍ യൂറോപ്പിന് വന്‍ തകര്‍ച്ച, ദക്ഷിണ അമേരിക്കയുടെ സമഗ്രാധിപത്യം.

ലോകകപ്പിന്റെ ചരിത്രം യൂറോപ്പ്-ലാറ്റിനമേരിക്കന്‍ പോരാട്ടങ്ങളുടേതാണ്. കഴിഞ്ഞ 18 ടൂര്‍ണമെന്റുകളില്‍ ഒമ്പതു കിരീടം പങ്കിട്ട് ശാക്തിക ബലാബലത്തില്‍ തുല്യത പാലിച്ചു. യൂറോപ്പ് കിരീടം നേടുന്ന ടൂര്‍ണമെന്റില്‍ ലാറ്റിനമേരിക്കയും ലാറ്റിനമേരിക്ക ജേതാക്കളായ ടൂര്‍ണമെന്റില്‍ യൂറോപ്പും ശക്തമായ ചെറുത്തുനില്‍പ്പ് നടത്തിയിട്ടുണ്ട്. എന്നാല്‍ ചരിത്രത്തില്‍ഇതാദ്യമായി യൂറോപ്പ് ലോകകപ്പ് ഫുട്ബോളിന്റെ പുറമ്പോക്കിലേക്ക് പിന്തള്ളപ്പെടുകയാണ്.

ഇറ്റലിയുടെയും ഫ്രാന്‍സിന്റെയും ആദ്യ റൌണ്ടിലെ പുറത്താകലില്‍ ഒതുങ്ങുന്നില്ല യൂറോപ്പിന്റെ തകര്‍ച്ചയുടെ ആഴം. അടുത്ത റൌണ്ടിലേക്ക് യോഗ്യത നേടിയ ഇംഗ്ളണ്ട്, ജര്‍മനി എന്നിവരുടെ പ്രകടനങ്ങളിലെ ദൈന്യതകൂടി പരിഗണിച്ചാലേ ലോക ഫുട്ബോളിനെ നിയന്ത്രിക്കുന്ന വന്‍കരയില്‍ കാര്യങ്ങള്‍ അടിമുടി കുഴപ്പത്തിലാണെന്ന് വ്യക്തമാകൂ. അമേരിക്കയോടും അല്‍ജീരിയയോടും സമനില വഴങ്ങിയ ഇംഗ്ളണ്ട് കഷ്ടിച്ച് സ്ളൊവേനിയയെ മറികടന്നാണ് നോക്കൌട്ട് റൌണ്ടിലെത്തിയത്. ലോകത്തിലെ ഏറ്റവും മികച്ചതും സമ്പന്നവുമായ ഇംഗ്ളീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന സൂപ്പര്‍ താരങ്ങള്‍ ഒന്നും പതിവ് നിലവാരത്തിലേക്കുയര്‍ന്നില്ല. ആദ്യ കളിയില്‍ ഓസ്ട്രേലിയയെ എതിരില്ലാത്ത നാലു ഗോളിന് തോല്‍പ്പിച്ച ജര്‍മനി അടുത്ത കളിയില്‍ നവാഗതരായ സെര്‍ബിയയോട് തോറ്റു. മൂന്നാംകളിയില്‍ ഘാനയുടെമുന്നില്‍ വിയര്‍ത്തെങ്കിലും ഒരു ഗോളിന് ജയിച്ചു. കറുത്ത കുതിരകള്‍ എന്ന് യൂറോപ്പ് വീമ്പിളക്കിയ സെര്‍ബിയ ജയിച്ചത് ഒരു കളിയും. മൂന്നു മത്സരവും ജയിച്ച് അടുത്ത റൌണ്ടില്‍ കടന്ന ഹോളണ്ട് മാത്രമാണ് ഈ വന്‍കരയ്ക്ക് ആശ്വാസം.

ബ്രസീല്‍, അര്‍ജന്റീന, ഉറുഗ്വേ, പരാഗ്വേ, ചിലി എന്നീ അഞ്ചു ടീമുകളാണ് ലാറ്റിനമേരിക്കയുടെ പ്രതിനിധികള്‍. കളിച്ച 10 മത്സരങ്ങളില്‍ എട്ടു ജയം, രണ്ടു സമനില. ബ്രസീലും അര്‍ജന്റീനയും പതിവുപോലെ തുടങ്ങി. അതില്‍ അത്ഭുതവുമില്ല. എന്നാല്‍ ശേഷിക്കുന്ന മൂന്നു ടീമുകളുടെ പ്രകടനമാണ് ഏറെ ശ്രദ്ധേയം. അര്‍ജന്റീനന്‍ പരിശീലകന്‍ ദ്യേഗോ മാറഡോണ പറയുന്നത് ദക്ഷിണ അമേരിക്കന്‍ ടീമുകളുടെ നാലയലത്ത് മറ്റു വന്‍കരക്കാര്‍ എത്തില്ല എന്നാണ്. ഈ ലോകകപ്പില്‍ അത് വ്യക്തമായെന്നുമാത്രം. വന്‍കരാ യോഗ്യതയില്‍ ആറാമതായിപ്പോയ ഇക്വഡോറിനുപോലും യൂറോപ്പിലെ ആരെയും തോല്‍പ്പിക്കാനാകും- അദ്ദേഹം പറഞ്ഞു. ഈ വാക്കുകള്‍ വിശ്വസിക്കാതെ തരമില്ല. കാരണം, കണക്കുകളും കളിയും ഇതിന് പിന്‍ബലം നല്‍കുന്നു.

മറ്റൊരു വസ്തുതകൂടി കേള്‍ക്കുക. യൂറോപ്പ് ഇതുവരെ സ്വന്തം വന്‍കരയ്ക്ക് പുറത്ത് കിരീടം നേടിയിട്ടില്ല. ഈ ബഹുമതി ദക്ഷിണ അമേരിക്കക്കാര്‍ക്കുമാത്രം. കൃത്യമായി പറഞ്ഞാല്‍ ബ്രസീലിന്. സ്വീഡന്‍ (1958), അമേരിക്ക (1994), ജപ്പാന്‍-കൊറിയ (2002) എന്നിവിടങ്ങളിലാണ് അവര്‍ കിരീടം ഉയര്‍ത്തിയത്. ഇനി ദക്ഷിണാഫ്രിക്ക-2010?

deshabhimani 26062010

Friday, June 25, 2010

യുപിഎ സര്‍ക്കാരിന്റെ എട്ടാമത്തെ വിലവര്‍ധന

എണ്ണക്കമ്പനികള്‍ വിലയിടും

ഇന്ധനവില നിയന്ത്രണത്തില്‍നിന്ന് കേന്ദ്രസര്‍ക്കാര്‍ പിന്മാറിയതോടെ രാജ്യത്തെ ഇന്ധനവിപണി കുത്തകകളുടെ പിടിയില്‍. പൊതുമേഖലാ എണ്ണക്കമ്പനികള്‍ നഷ്ടത്തിലാണെന്നും അവയെ കരകയറ്റാന്‍ വിലവര്‍ധന അനിവാര്യമാണെന്നുമാണ് സര്‍ക്കാര്‍ വാദം. എന്നാല്‍, റിലയന്‍സ് അടക്കമുള്ള സ്വകാര്യ കുത്തകകളുടെ താല്‍പ്പര്യം സംരക്ഷിക്കാനാണ് സര്‍ക്കാര്‍ ശ്രമം. അന്താരാഷ്ട്ര വിപണിയിലെ അസംസ്കൃത എണ്ണയുടെ വിലയ്ക്കനുസരിച്ച് ദിവസവും ഇന്ധനവില വ്യത്യാസപ്പെടുന്ന രീതിയിലേക്കാണ് രാജ്യം നീങ്ങുന്നത്. നിലവില്‍ അന്താരാഷ്ട്ര വിപണിയില്‍ 76 ഡോളറാണ് ബാരല്‍ എണ്ണയുടെ വില. ഇതനുസരിച്ച് വിലനിയന്ത്രണം നീക്കിയതിനെത്തുടര്‍ന്ന് പെട്രോളിന് 3.73 രൂപ വര്‍ധിച്ചു.

വില നിയന്ത്രിക്കാനുള്ള അധികാരം കേന്ദ്രസര്‍ക്കാര്‍ അടിയറവച്ചതിലൂടെ സ്വകാര്യ എണ്ണക്കമ്പനികള്‍ക്ക് വന്‍ നേട്ടമാണ് ഉണ്ടായത്. എണ്ണക്കമ്പനികള്‍ക്ക് ലാഭം കുറയുമെന്നും ഭയപ്പെടേണ്ട. സാധാരണനിലയില്‍ ഒരു വര്‍ഷത്തിനകം അന്താരാഷ്ട്ര വിപണിയില്‍ അസംസ്കൃത എണ്ണയുടെ വില പത്ത് ഡോളറെങ്കിലും വര്‍ധിക്കുമെന്നാണ് വിലയിരുത്തല്‍. അതോടെ രാജ്യത്ത് ഇന്ധനവില ആനുപാതികമായി കുതിക്കും. മണ്ണെണ്ണ വിലയടക്കം അനുദിനം ചാഞ്ചാടുന്ന അവസ്ഥയില്‍ രാജ്യത്തെ പൊതുവിതരണ സംവിധാനം താറുമാറാകും. പാചകവാതകവില നിയന്ത്രണമില്ലാതെ വര്‍ധിക്കുന്നത് സാധാരണക്കാരന്റെ കുടുംബ ബജറ്റിനെ താളംതെറ്റിക്കും. എണ്ണക്കമ്പനികള്‍ ഇന്ധനവില ആനുപാതികമായി വ്യത്യാസപ്പെടുത്തുന്ന രീതി കരിഞ്ചന്തയ്ക്കും പൂഴ്ത്തിവയ്പിനും വഴിയൊരുക്കും. വില വര്‍ധിക്കുന്ന സാഹചര്യത്തില്‍ കഴിയുന്നത്ര ലാഭം കൊയ്യാന്‍ പെട്രോളും ഡീസലും ശേഖരിച്ചു വയ്ക്കാനാകും എണ്ണക്കമ്പനികളും ഇടനിലക്കാരും പമ്പുടമകളും ശ്രമിക്കുക. വില അല്‍പ്പം താണാല്‍ നഷ്ടം ഒഴിവാക്കാനായി എണ്ണവിതരണം നിര്‍ത്താനും വ്യാപാരികള്‍ ശ്രമിക്കും.

വിലനിയന്ത്രണത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയതോടെ റിലയന്‍സും എസ്സാറും അടക്കമുള്ള സ്വകാര്യ എണ്ണക്കമ്പനികളുടെ ഓഹരിവില ആറു ശതമാനത്തോളം ഉയര്‍ന്നു. സര്‍ക്കാരിന്റെ നീക്കം ആര്‍ക്കാണ് പ്രയോജനപ്പെട്ടതെന്നതിന്റെ വ്യക്തമായ തെളിവായി ഇത്. പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് വില കൂട്ടിയതെന്ന വാദവും യുക്തിക്ക് നിരക്കുന്നതല്ല. വ്യക്തമായ കണക്കെടുപ്പ് ഇല്ലാതെയാണ് എണ്ണക്കമ്പനികളുടെ നഷ്ടക്കണക്ക് സര്‍ക്കാര്‍ അവതരിപ്പിക്കുന്നത്. ലാഭത്തിലുണ്ടായ കുറവിനെയാണ് നഷ്ടമായി പെരുപ്പിച്ചു കാട്ടുന്നത്. സര്‍ക്കാരിന്റെ സബ്സിഡിയോടെ കുറഞ്ഞ വിലയ്ക്ക് പൊതുമേഖലാ എണ്ണക്കമ്പനികള്‍ പെട്രോളും ഡീസലും വില്‍ക്കുന്നത് സ്വകാര്യകമ്പനികള്‍ക്ക് വന്‍ തിരിച്ചടിയായിരുന്നു. ആദ്യഘട്ടത്തില്‍ പെട്രോളിന്റെ വിലനിര്‍ണയത്തില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറിയത്. ഘട്ടംഘട്ടമായി ഡീസലിന്റെയും മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വില നിശ്ചയിക്കാനുള്ള അധികാരവും എണ്ണക്കമ്പനികളെ ഏല്‍പ്പിക്കും.
(വിജേഷ് ചൂടല്‍)

യുപിഎ സര്‍ക്കാരിന്റെ എട്ടാമത്തെ വിലവര്‍ധന

യുപിഎ സര്‍ക്കാര്‍ 2004ല്‍ അധികാരമേറ്റശേഷം ഇന്ധനവില വര്‍ധിപ്പിച്ചത് എട്ടുതവണ. രണ്ടാം യുപിഎ സര്‍ക്കാര്‍ വന്നശേഷം ഇത് രണ്ടാം തവണയും. ഒന്നാം യുപിഎ സര്‍ക്കാര്‍ 2004 മെയില്‍ അധികാരമേറ്റ് ഒരു മാസത്തിനകം ഇന്ധനവില വര്‍ധിപ്പിച്ചു. അന്ന് പെട്രോള്‍ ലിറ്ററിന് രണ്ടു രൂപയും ഡീസലിന് ഒരു രൂപയും പാചകവാതകത്തിന് 20 രൂപയുമാണ് വര്‍ധിപ്പിച്ചത്. നാലുമാസത്തിനുശേഷം വീണ്ടും വര്‍ധിപ്പിച്ചു. 2005ല്‍ രണ്ടുതവണയും 2006 ജൂണിലും 2008 ജൂണിലും വില വര്‍ധിപ്പിച്ചു. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ആദ്യ പൂര്‍ണബജറ്റില്‍ എക്സൈസ്-കസ്റംസ് തീരുവ വര്‍ധിപ്പിച്ച് പെട്രോള്‍-ഡീസല്‍ വില രണ്ടര രൂപയിലധികം വര്‍ധിപ്പിച്ചിരുന്നു. യുപിഎ സര്‍ക്കാര്‍കാലത്തുമാത്രം പെട്രോള്‍ ലിറ്ററിന് 20 രൂപയും ഡീസലിന് 15 രൂപയും പാചകവാതകത്തിന് 90 രൂപയും വര്‍ധിപ്പിച്ചു. ഇത്തവണ മണ്ണെണ്ണവിലയും കൂട്ടിയിട്ടുണ്ട്. സാധാരണ ജനങ്ങളുടെ താല്‍പ്പര്യത്തേക്കാള്‍ കോര്‍പറേറ്റുകളുടെ താല്‍പ്പര്യമാണ് തങ്ങള്‍ക്ക് പഥ്യമെന്ന് യുപിഎ സര്‍ക്കാര്‍ തെളിയിച്ചിരിക്കയാണ്.

എണ്ണവിപണി എരിയും; പ്രത്യാഘാതം ഗുരുതരം

ഇന്ധനവില നിശ്ചയിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുത്ത കേന്ദ്രസര്‍ക്കാര്‍ നടപടി രാജ്യത്ത് ഗുരുതരമായ പ്രത്യാഘാതം സൃഷ്ടിക്കും. പണപ്പെരുപ്പം രണ്ടക്കത്തിലേക്ക് കടക്കുകയും ഭക്ഷ്യവിലക്കയറ്റം നിയന്ത്രണാതീതമായി കുതിക്കുകയും ചെയ്യുമ്പോള്‍ ദുരിതത്തീയില്‍ എണ്ണപകരുകയാണ് കേന്ദ്രസര്‍ക്കാര്‍. ഒരുവര്‍ഷത്തിനിടെ മൂന്നാംതവണയും എണ്ണവില വര്‍ധിപ്പിച്ച് സാധരണക്കാരെ തീരാദുരിതത്തിലാക്കിയ കേന്ദ്രസര്‍ക്കാര്‍ വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രിക്കാന്‍ താല്‍പ്പര്യമില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കുകയാണ്. ജനങ്ങള്‍ അനുദിനം ദാരിദ്ര്യത്തിലേക്ക് കൂപ്പുകുത്തുമ്പോഴും കോര്‍പറേറ്റുകളെ പ്രോത്സാഹിപ്പിക്കുന്ന നവഉദാരവല്‍ക്കരണ നടപടികളില്‍നിന്ന് പിന്മാറാന്‍ ഒരുക്കമല്ലെന്നും യുപിഎ സര്‍ക്കാര്‍ വ്യക്തമാക്കുന്നു.

മൊത്തവില സൂചികയനുസരിച്ച് പണപ്പെരുപ്പം 20 ശതമാനത്തിലേക്ക് കുതിക്കുകയാണ്. പെട്രോള്‍-ഡീസല്‍ വിലവര്‍ധന ചരക്കുഗതാഗതത്തിന്റെ ചെലവ് വര്‍ധിപ്പിക്കുന്നതോടെ വിലക്കയറ്റം കൂടുതല്‍ രൂക്ഷമാകും. ബസ് യാത്രാനിരക്കും മറ്റ് ചെലവുകളും വര്‍ധിക്കുന്നതോടെ സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകിടംമറിയും. അന്താരാഷ്ട്രവിപണിയിലെ അസംസ്കൃതവിലയുടെ ദൈനംദിന ചാഞ്ചാട്ടമനുസരിച്ച് സ്വര്‍ണവിലപോലെ ഇന്ധനവിലയും ആടിക്കളിച്ചാല്‍ അതനുസരിച്ച് ബസ്ചാര്‍ജും ഓട്ടോ-ടാക്സി നിരക്കും ചരക്കുകൂലിയും മറ്റും അപ്പപ്പോള്‍ വ്യത്യാസപ്പെടുത്താനാകുമോയെന്ന വിമര്‍ശത്തിന് സര്‍ക്കാരിന് ഉത്തരമില്ല.

നിലവിലുള്ള രീതിയനുസരിച്ച് കുറച്ചുകാലത്തേക്കെങ്കിലും ഇന്ധനവില വ്യതിയാനമില്ലാതെ നിലനില്‍ക്കുന്നതിനാല്‍ മറ്റുവിപണികളും അതിനോട് പൊരുത്തപ്പെട്ട് പോവുകയാണ്. എണ്ണവിലയിലെ അടിക്കടിയുള്ള വ്യതിയാനം ഈ സംവിധാനത്തെ തകിടംമറിക്കും. കഴിഞ്ഞവര്‍ഷം 140 ഡോളര്‍വരെ അന്താരാഷ്ട്രവില ഉയര്‍ന്നിരുന്നു. വീണ്ടും അത്തരമൊരു സാഹചര്യമുണ്ടായാല്‍ പൊട്രോളിനും ഡീസലിനും ലിറ്ററിന് നൂറു രൂപയിലേറെ നല്‍കേണ്ട ഗതികേടാകും. മണ്ണെണ്ണയുടെയും പാചകവാതകത്തിന്റെയും വിലയും ചുരുങ്ങിയ ദിവസംകൊണ്ട് ഇരട്ടിയായാലും അത്ഭുതപ്പെടാനാകില്ല. ഈ ഘട്ടത്തില്‍ ചരക്കുകൂലിയും യാത്രക്കൂലിയും മറ്റും ഇരട്ടിയാക്കണമെന്ന ആവശ്യത്തെ എങ്ങനെ നേരിടുമെന്ന് വ്യക്തമാക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല.

രാജ്യത്തെ പൊതുവിതരണസംവിധാനത്തിന്റെ കടയ്ക്കല്‍ കത്തിവയ്ക്കുന്നതാകും ഇന്ധനവില നിര്‍ണയത്തില്‍നിന്ന് പിന്മാറാനുള്ള സര്‍ക്കാര്‍ തീരുമാനം. രാജ്യത്തെ 80 ശതമാനത്തോളം ജനങ്ങളും മണ്ണെണ്ണയ്ക്കായി ആശ്രയിക്കുന്ന റേഷന്‍കടകളുടെ പ്രവര്‍ത്തനമാകെ പ്രതിസന്ധിയിലാകും. പൊതുബജറ്റിലൂടെ കേന്ദ്രം എണ്ണവില വര്‍ധിപ്പിച്ചത് മൂന്നുമാസംമുമ്പാണ്. ഇതേത്തുടര്‍ന്ന് രാജ്യമാകെ പ്രതിഷേധം അലയടിച്ചെങ്കിലും യുപിഎ അധ്യക്ഷ സോണിയ ഗാന്ധിയുടെ പിന്തുണയോടെ സര്‍ക്കാര്‍ വിലവര്‍ധനയില്‍ ഉറച്ചുനിന്നു. ഇതേത്തുടര്‍ന്നുണ്ടയ പ്രത്യാഘാതത്തിന്റെ ഞെട്ടല്‍ മാറുംമുമ്പാണ് കൂടുതല്‍ ഭീമമായ വിലവര്‍ധന.

തീരുമാനം 'അംബാനിമാരെ' സഹായിക്കാന്‍

പെട്രോളിയംവില നിര്‍ണയിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത് കേന്ദ്രം ഭരിക്കുന്നവര്‍ക്ക് വന്‍ തുക ഫണ്ടുനല്‍കുന്ന സ്വകാര്യകമ്പനികളെ സഹായിക്കാന്‍. സര്‍ക്കാര്‍ വിലനിയന്ത്രിക്കുന്നതു കാരണം കൊള്ളലാഭം നേടാന്‍ അംബാനിയുടെ റിലയന്‍സിനും റൂയിയ കുടംബത്തിന്റെ എസ്സാറിനും കഴിഞ്ഞിരുന്നില്ല. പൊതുമേഖലാ എണ്ണക്കമ്പനികളുമായി താരതമ്യപ്പെടുത്തുമ്പോള്‍ സ്വകാര്യകമ്പനികളുടെ വിലയില്‍ വ്യത്യാസമുണ്ടായിരുന്നു. അതുകൊണ്ട് റിലയന്‍സിന്റെയും എസ്സാറിന്റെയും മറ്റും മൂവായിരത്തിലധികം പെട്രോള്‍ പമ്പ് ഉപയോക്താക്കളെ കിട്ടാതെ അടച്ചുപൂട്ടേണ്ടി വന്നു. കുറച്ചു മാസമായി പെടോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് നല്‍കുന്ന സബ്സിഡി എടുത്തുകളയാന്‍ എണ്ണക്കമ്പനികള്‍ സര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തുകയായിരുന്നു. ഇതിന്റെ ഫലമാണ് ആദ്യപടിയായി പെട്രോളിന്റെ വില നിയന്ത്രിക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയത്. ഇനി റിലയന്‍സിന്റെയും എസ്സാറിന്റെയും മറ്റും അടഞ്ഞു കിടക്കുന്ന പെട്രോള്‍ പമ്പുകള്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാനാകും.

പെട്രോളിന് ലിറ്ററിന് മൂന്നര രൂപ വര്‍ധിച്ചതോടെ സബ്സിഡി വെറും 23 പൈസ മാത്രമായിരിക്കും. സ്വകാര്യകമ്പനികള്‍ യോജിച്ച് വില വര്‍ധിപ്പിച്ചാല്‍ പൊതുമേഖലാ കമ്പനികളും അത് പിന്തുടരേണ്ടിവരും. ഒരു ലിറ്റര്‍ പെട്രോളിന് ഈടാക്കുന്ന വിലയില്‍ 57 ശതമാനവും നികുതിയായതിനാല്‍ വിലക്കയറ്റം കേന്ദ്രസര്‍ക്കാരിനും താല്‍പ്പര്യമുള്ള കാര്യമാണ്. എണ്ണക്കമ്പോളം പിടിക്കാന്‍ കുറച്ചുകാലം വില കുറച്ച് വില്‍ക്കുകയെന്ന തന്ത്രം സ്വകാര്യകമ്പനികള്‍ സ്വീകരിക്കാം. ഇങ്ങനെവന്നാല്‍ പൊതുമേഖലാ കമ്പനികള്‍ അവരുടെ പമ്പുകള്‍ പൂട്ടുന്ന സ്ഥിതിവരും. പൊതുമേഖലയെ തകര്‍ക്കുകയെന്നതും ഉദാരവല്‍ക്കരണം പിന്തുടരുന്ന മന്‍മോഹന്‍സിങ് സര്‍ക്കാരിന്റെ ലക്ഷ്യമാണ്. ആണവരംഗത്തുകൂടി സ്വകാര്യമേഖലയ്ക്ക് കടന്നുവരാന്‍ അനുവാദം നല്‍കുന്നതോടെ തന്ത്രപ്രധാന മേഖലയായ ഊര്‍ജരംഗം സ്വകാര്യമേഖലയുടെ കൈകളിലാകും.

ജനങ്ങള്‍ക്കുമേല്‍ ഇടിത്തീ: ഇടതുപക്ഷം

അവശ്യവസ്തുക്കളുടെ വിലക്കയറ്റത്തില്‍ പൊറുതിമുട്ടുന്ന ജനങ്ങള്‍ക്കുമേല്‍ ക്രൂരമായ പ്രഹരമാണ് യുപിഎ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ചതെന്ന് ഇടതുപക്ഷ പാര്‍ടികള്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരിന്റെ ജനവിരുദ്ധ മുഖമാണ് ഇന്ധനവില വര്‍ധനയിലൂടെ ഒരിക്കല്‍കൂടി തെളിഞ്ഞത്. ജനങ്ങളെ ദ്രോഹിക്കുന്ന ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഇടതുപക്ഷം സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. ഇന്ധനവില വര്‍ധിപ്പിച്ചതിനെതിരെ ശക്തമായ പ്രക്ഷോഭം നടത്താനും പ്രകാശ് കാരാട്ട് (സിപിഐ എം), എ ബി ബര്‍ദന്‍ (സിപിഐ), ടി ജെ ചന്ദ്രചൂഡന്‍ (ആര്‍എസ്പി), ദേവബ്രത ബിശ്വാസ് (ഫോര്‍വേഡ്ബ്ളോക്ക്) എന്നിവര്‍ ജനങ്ങളെ ആഹ്വാനം ചെയ്തു.

ഭക്ഷ്യവസ്തുക്കളുടെ പണപ്പെരുപ്പം 17 ശതമാനവും പൊതുവായ പണപ്പെരുപ്പം ഇരട്ട അക്കത്തിലുമായി ഉയര്‍ന്ന വേളയിലാണ് ഇന്ധനവില കുത്തനെ കൂട്ടുന്നത്. കൂടുതല്‍ ഉപഭോക്തൃ പണപ്പെരുപ്പനിരക്കുള്ള രാജ്യമെന്ന കുപ്രസിദ്ധിയും ഇന്ത്യക്കുണ്ട്. കിരീത് പരീഖ് കമ്മിറ്റി ശുപാര്‍ശപ്രകാരം പെട്രോളിയത്തെ വിലനിയന്ത്രണത്തില്‍നിന്ന് ഒഴിവാക്കിയിരിക്കയാണ്. വില പൂര്‍ണമായും കമ്പോളത്തിന് വിട്ടുകൊടുത്തു. ഇത് രാജ്യത്തിനും സമ്പദ്വ്യവസ്ഥയ്ക്കും ഏറെ ദോഷകരമാണ്. വിലവര്‍ധന ന്യായീകരിക്കാനുള്ള സര്‍ക്കാര്‍ വാദങ്ങളൊന്നും അംഗീകരിക്കാന്‍ കഴിയില്ല.

മൂന്നുമാസംമുമ്പ് ബജറ്റ് വേളയില്‍ പെട്രോളിന്റെയും ഡീസലിന്റെയും വില ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ചിരുന്നു. സാര്‍വദേശീയ വിപണിയില്‍ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില ഇപ്പോള്‍ വര്‍ധിച്ചിട്ടുമില്ല. കിട്ടാക്കടം പിരിച്ചെടുക്കാനായി പൊതുമേഖലാ കമ്പനികളെ സഹായിക്കാനാണ് ഈ നടപടിയെന്ന സര്‍ക്കാര്‍ വാദം വെറും മിഥ്യയാണ്. ഉല്‍പ്പാദനത്തിന്റെ യഥാര്‍ഥ ചെലവ് പരിഗണിക്കാതെ തീര്‍ത്തും ഊഹത്തിന്റെ അടിസ്ഥാനത്തിലുള്ളതാണ് കിട്ടാക്കടം സംബന്ധിച്ച കണക്ക്. സര്‍ക്കാരിന്റെ വിലനിയന്ത്രണമുള്ളതുകൊണ്ട്, കമ്പോളത്തില്‍നിന്ന് പിന്‍വാങ്ങിയ സ്വകാര്യകമ്പനികളെ സഹായിക്കുന്നതിനാണ് വിലനിയന്ത്രണം പിന്‍വലിച്ചത്. സ്വകാര്യകമ്പനികള്‍ക്ക് ഇനി സ്വതന്ത്രമായി കമ്പോളത്തില്‍ പ്രവേശിച്ച് ലാഭം കൊയ്യാനാകും. വിലനിയന്ത്രണം ഒഴിവാക്കിയതോടെ വില തുടര്‍ച്ചയായി വര്‍ധിപ്പിക്കാനുള്ള സാധ്യതയും സര്‍ക്കാര്‍ തുറന്നിരിക്കയാണ്. ഡീസലിന്റെയും മണ്ണെണ്ണയുടെയും വില വര്‍ധിപ്പിച്ചത് കര്‍ഷകരെയും സാധാരണ ജനങ്ങളെയും പ്രതികൂലമായി ബാധിക്കും. പാചകവാതകത്തിന്റെ വിലവര്‍ധന ഇടത്തരക്കാരെയും സാരമായി ബാധിക്കുമെന്ന് ഇടതുപക്ഷം ചൂണ്ടിക്കാട്ടി.

മമതയുടെ കപടനാടകം

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച പ്രശ്നത്തിലും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവും കേന്ദ്രമന്ത്രിയുമായ മമത ബാനര്‍ജി കപടനാടകം കളിക്കുന്നു. വില വര്‍ധിപ്പിക്കാന്‍ തീരുമാനമെടുത്ത മന്ത്രിസഭാസമിതി അംഗമായ മമത ഇതിന്റെ ഉത്തരവാദിത്തത്തില്‍നിന്ന് ഒഴിഞ്ഞുമാറാന്‍ ശ്രമിക്കയാണ്. സമിതിയോഗത്തില്‍ മമത പങ്കെടുത്തിരുന്നില്ല. വിലനിയന്ത്രണം എടുത്തുകളയുന്ന കാര്യം ചര്‍ച്ചചെയ്യാന്‍ ഏഴിന് ചേര്‍ന്ന യോഗത്തിലും മമത പങ്കെടുത്തിരുന്നില്ല. വെളളിയാഴ്ച ഇക്കാര്യത്തില്‍ ഉറപ്പായും തീരുമാനമുണ്ടാകുമെന്ന് അറിയാമായിരുന്ന മമത യോഗത്തില്‍നിന്ന് വിട്ടുനിന്നു. വില വര്‍ധിപ്പിക്കാന്‍ മന്ത്രിസഭാ ഉപസമിതി തീരുമാനിച്ചതില്‍ ദുഃഖിതയാണെന്ന് മമത പിന്നീട് പറഞ്ഞു. എന്നാല്‍, ഇതിന്റെ പേരില്‍ സര്‍ക്കാരിനുള്ള പിന്തുണ പിന്‍വലിക്കാന്‍ തയ്യാറല്ലെന്നും മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കഴിഞ്ഞദിവസം ധനമന്ത്രി പ്രണബ്മുഖര്‍ജിയെ കണ്ട് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധിപ്പിക്കുന്നതിലുള്ള എതിര്‍പ്പ് അറിയിച്ചിരുന്നതായും മമത പറയുന്നു. ഇതിന്റെ പേരില്‍ വഴക്കിടുന്നത് ശരിയല്ല. സര്‍ക്കാരിനുള്ള നിര്‍ണായക പിന്തുണ തുടരും. പക്ഷേ, താന്‍ അസന്തുഷ്ടയാണ്- മമത പറഞ്ഞു. നിസ്സാരവും വ്യക്തിപരവുമായ കാരണങ്ങളുടെ പേരില്‍പ്പോലും കടുത്ത നടപടികളിലേക്കു നീങ്ങുന്ന മമത ജനങ്ങളെ ഏറ്റവും കുടുതല്‍ ബാധിക്കുന്ന ഈ വിഷയത്തില്‍ പതിവില്ലാത്ത സംയമനം പാലിക്കുകയാണ്. ധനമന്ത്രിയെ തലേന്ന് കണ്ട് എതിര്‍പ്പ് അറിയിച്ചെന്നു പറയുന്ന മമത ഇക്കാര്യം ചര്‍ച്ചചെയ്ത മന്ത്രിസഭാ സമിതി യോഗത്തില്‍ പങ്കെടുത്ത് വിയോജിപ്പ് രേഖപ്പെടുത്താന്‍ തയ്യാറായില്ല

ദേശാ‍ഭിമാനി 26062010

ആഘാതം കേരളത്തിന്; കേന്ദ്രം തട്ടുന്നത് 1200 കോടി

ആളിക്കത്തും

സ്വകാര്യ എണ്ണക്കമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങി പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില യുപിഎ സര്‍ക്കാര്‍ കുത്തനെ വര്‍ധിപ്പിച്ചു. വില നിയന്ത്രിക്കാനുള്ള അധികാരം എണ്ണക്കമ്പനികള്‍ക്ക് വിട്ടുകൊടുക്കാനും കേന്ദ്രസര്‍ക്കാര്‍ വെള്ളിയാഴ്ച തീരുമാനിച്ചു. അഭൂതപൂര്‍വമായ വിലക്കയറ്റത്തില്‍ ജനങ്ങള്‍ വലയുമ്പോഴാണ് യുപിഎ സര്‍ക്കാരിന്റെ ഇരുട്ടടി. പെട്രോള്‍ ലിറ്ററിന് മൂന്നരയും ഡീസലിന് രണ്ടും മണ്ണെണ്ണയ്ക്ക് മൂന്നും രൂപയുമാണ് വര്‍ധിപ്പിച്ചത്. പാചകവാതകം സിലിണ്ടറിന് 35 രൂപ കൂട്ടി. വിലവര്‍ധന വെള്ളിയാഴ്ച അര്‍ധരാത്രി തന്നെ നിലവില്‍വന്നു. കേരളത്തിലെത്തുമ്പോള്‍ വില ഇതിലും കൂടും.

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ സബ്സിഡി വെട്ടിക്കുറച്ചാണ് വന്‍ വിലവര്‍ധന അടിച്ചേല്‍പ്പിച്ചത്. പെട്രോള്‍ വില നിയന്ത്രണമാണ് തല്‍ക്കാലം നീക്കിയത്. ഡീസല്‍, പാചകവാതകം, മണ്ണെണ്ണ എന്നിവയുടെ വിലനിയന്ത്രണവും പടിപടിയായി എണ്ണക്കമ്പനികളെ ഏല്‍പ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ട്.

അവശ്യവസ്തുക്കളുടെ വിലക്കയറ്റവും പണപ്പെരുപ്പവും നിയന്ത്രണാതീതമാക്കുന്നതാണ് സര്‍ക്കാര്‍ തീരുമാനം. ധനമന്ത്രി പ്രണബ് മുഖര്‍ജിയുടെ നേതൃത്വത്തിലുള്ള ഇന്ധനവിലസംബന്ധിച്ച മന്ത്രിസഭാസമിതി വെള്ളിയാഴ്ച ഉച്ചയ്ക്ക് യോഗം ചേര്‍ന്നാണ് വില കൂട്ടാനും നിയന്ത്രണം ഒഴിവാക്കാനും തീരുമാനിച്ചത്. വിലവര്‍ധനയെ ഇടതുപാര്‍ടികളും ബിജെപിയും രൂക്ഷമായി വിമര്‍ശിച്ചപ്പോള്‍ സിഐഐ, ഫിക്കി തുടങ്ങി വ്യവസായികളുടെ സംഘടനകള്‍ സ്വാഗതംചെയ്തു.

രണ്ടാം യുപിഎ സര്‍ക്കാര്‍ രണ്ടാംതവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. മൂന്നു മാസംമുമ്പ് ബജറ്റിലെ തീരുവ വര്‍ധനയിലൂടെ മൂന്നു രൂപയോളം പെട്രോള്‍-ഡീസല്‍ വില വര്‍ധിപ്പിച്ചിരുന്നു. അന്താരാഷ്ട്രകമ്പോളത്തില്‍ ബാരലിന് 77 ഡോളര്‍ എന്ന താരതമ്യേന കുറഞ്ഞ നിരക്കിലുള്ളപ്പോഴാണ് ന്യായീകരിക്കാനാകാത്ത ഈ വിലവര്‍ധന രാജ്യത്ത് അടിച്ചേല്‍പ്പിച്ചത്. ആദ്യഘട്ടത്തില്‍ പെട്രോള്‍വില നിയന്ത്രണത്തില്‍നിന്നാണ് സര്‍ക്കാര്‍ പിന്മാറുന്നതെന്ന് മന്ത്രി മുരളി ദേവ്റയും പെട്രോളിയം സെക്രട്ടറി എസ് സുന്ദരേശനും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. നിലവില്‍ 3.73 രൂപയാണ് ഒരു ലിറ്റര്‍ പെട്രോളിനുള്ള സബ്സിഡി. മൂന്നരരൂപ വര്‍ധിപ്പിച്ചതോടെ പെട്രോള്‍വിലയില്‍ സബ്സിഡി ഇല്ലാതായി.

എണ്ണക്കമ്പനികളാണ് ഇനി സാര്‍വദേശീയ വിലയുടെ മാറ്റത്തിനനുസരിച്ച് പെട്രോള്‍വില നിശ്ചയിക്കുക. റിലയന്‍സ്, എസ്സാര്‍ എന്നീ സ്വകാര്യകമ്പനികളുടെ സമ്മര്‍ദത്തിന് വഴങ്ങിയാണ് വിലനിയന്ത്രണം ഒഴിവാക്കിയത്. വില നിയന്ത്രണമുള്ളതിനാല്‍ ഈ സ്വകാര്യ കമ്പനികള്‍ എണ്ണവിപണിയില്‍ നിന്ന് മാറിനില്‍ക്കുകയിരുന്നു. ഇനി അവര്‍ക്കിഷ്ടം പോലെ വിലനിശ്ചയിക്കാം. എന്നാല്‍, പൊതുമേഖലാ എണ്ണക്കമ്പനികളുടെ നഷ്ടം നികത്താനാണ് വിലവര്‍ധന എന്നാണ് ഔദ്യോഗിക വിശദീകരണം. ഡീസലിന്റെ വിലനിയന്ത്രണവും ക്രമേണ ഒഴിവാക്കുമെന്ന് പെട്രോളിയം സെക്രട്ടറി പറഞ്ഞു. രണ്ടു രൂപ വില വര്‍ധിപ്പിച്ചതോടെ ഡീസലിന്റെ സബ്സിഡി 1.80 രൂപമാത്രമാകും. പാചകവാതകത്തിനുള്ള സബ്സിഡി തുടരുമെന്നും അദ്ദേഹം പറഞ്ഞു. സിലിണ്ടറിന് 50 രൂപ വര്‍ധിപ്പിക്കാനാണ് പെട്രോളിയംമന്ത്രി മുരളി ദേവ്റ ആവശ്യപ്പെട്ടതെങ്കിലും 35 രൂപയാണ് വര്‍ധിപ്പിച്ചത്. വിലനിയന്ത്രണം ഒഴിവാക്കിയാല്‍ 227 രൂപകൂടി ഒരു സിലിണ്ടറിന് വര്‍ധിക്കും. മണ്ണെണ്ണയുടെ വിലവര്‍ധനയെ പാകിസ്ഥാനിലും ബംഗ്ളാദേശിലും ശ്രീലങ്കയിലും നേപ്പാളിലുമുള്ള ഉയര്‍ന്ന വില ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ ന്യായീകരിച്ചത്. മണ്ണെണ്ണയ്ക്ക് ലിറ്ററിന് 19 രൂപ സബ്സിഡി നല്‍കുന്നുണ്ടെന്നും അത് പിന്‍വലിക്കാത്തത് ജനങ്ങളോടുള്ള സര്‍ക്കാരിന്റെ പ്രതിബദ്ധതയാണെന്നും മുരളി ദേവ്റ അവകാശപ്പെട്ടു. വിലവര്‍ധനക്കെതിരെ രാജ്യമെങ്ങും വന്‍ പ്രതിഷേധം ഉയരുകയാണ്.
(വി ബി പരമേശ്വരന്‍)

ആഘാതം കേരളത്തിന്; കേന്ദ്രം തട്ടുന്നത് 1200 കോടി

നാലു മാസത്തിനിടെ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില രണ്ടാമതും കൂട്ടിയത് കേരളത്തിന് കനത്ത ആഘാതമാകും. ഉപഭോക്തൃ സംസ്ഥാനമായ കേരളത്തിന് എരിതീയില്‍ എണ്ണ പകരുന്നതിന് സമമാണ് ഇന്ധനവില വര്‍ധന. ഇന്ധനവില കൂട്ടിയതിലൂടെ കേരളീയരുടെ പോക്കറ്റില്‍നിന്നും കേന്ദ്രം ഒറ്റയടിക്ക് തട്ടിയെടുക്കുന്നത് 1200 കോടി രൂപയാണ്. പെട്രോളിന്റെ വില വര്‍ധന വഴി 400 കോടി രൂപയും ഡീസലിന്റെ വില വര്‍ധനമൂലം 350 കോടിയും കേന്ദ്രത്തിന് അധികം കിട്ടും. മണ്ണെണ്ണ, പാചക വാതകം എന്നിവയില്‍നിന്നുള്ള അധികവരുമാനം ഇതിനു പുറമെയാണ്.

90 കോടി ലിറ്റര്‍ പെട്രോളും 200 കോടി ലിറ്റര്‍ ഡീസലുമാണ് കേരളത്തില്‍ ഒരു വര്‍ഷം വിറ്റഴിക്കുന്നത്. പെട്രോളിയം ഉല്‍പ്പന്നങ്ങള്‍ക്ക് കൂടുതല്‍ വില നല്‍കണമെന്നതിനു പുറമെ നാനാമേഖലയിലും അധിക ബാധ്യത അടിച്ചേല്‍പ്പിക്കപ്പെടും. നിത്യോപയോഗ സാധനങ്ങളുടെ വില ഉയരും. ബസ് യാത്രാ നിരക്ക് ഉള്‍പ്പെടെ യാത്രാക്കൂലി കൂടും. കടത്തുകൂലി കൂടുന്നത് ജീവന്‍ രക്ഷാ ഔഷധവിലയില്‍വരെ പ്രതിഫലിക്കും. പെട്രോള്‍-ഡീസല്‍ വിലവര്‍ധന പ്രഖ്യാപിച്ചതിനു തൊട്ടുപിന്നാലെ ബസ് കൂലി വര്‍ധിപ്പിക്കണമെന്ന് പ്രൈവറ്റ് ബസ് ഓപ്പറേറ്റര്‍മാര്‍ ആവശ്യമുന്നയിച്ചുകഴിഞ്ഞു. ടാക്സി- ഓട്ടോ നിരക്കുവര്‍ധന വേണമെന്നും ഉടന്‍ ആവശ്യം ഉയരും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിനുള്ള സംസ്ഥാന സര്‍ക്കാരിന്റെ ശ്രമങ്ങള്‍ക്ക് കേന്ദ്രനടപടി കനത്ത തിരിച്ചടിയാകുമെന്ന് ഉറപ്പാണ്.

സകല നിത്യോപയോഗ സാധനങ്ങള്‍ക്കും അന്യസംസ്ഥാനങ്ങളെ ആശ്രയിക്കുന്ന മലയാളിയുടെ കുടുംബ ബജറ്റ് പാടെ തകരും. റേഷന്‍ മണ്ണെണ്ണ ക്വാട്ട കേരളത്തിന് നിഷേധിക്കുമെന്നതാണ് പതിയിരിക്കുന്ന മറ്റൊരു അപകടം. പാചക വാതക വിലവര്‍ധനയില്‍നിന്ന് ആശ്വാസം തേടി മണ്ണെണ്ണയെ ആശ്രയിക്കാനും കഴിയില്ല. വൈദ്യുതീകരണത്തിന്റെ തോത് അനുസരിച്ച് മണ്ണെണ്ണ ക്വാട്ട നിശ്ചയിക്കണമെന്നതാണ് കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശ. സമ്പൂര്‍ണ വൈദ്യുതീകരണത്തിന് ഊന്നല്‍ നല്‍കുന്ന കേരളത്തിന് ഇത് മറ്റൊരു തിരിച്ചടിയാകും. റേഷന്‍ മണ്ണെണ്ണയില്‍ അധികം വരുന്നതാണ് ഇപ്പോള്‍ മത്സ്യബന്ധനത്തിന് നല്‍കി വരുന്നത്. റേഷന്‍ മണ്ണെണ്ണ കുറച്ചാല്‍ മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണ ലഭിക്കാതെ വരും. ഇത് മത്സ്യമേഖലയില്‍ വന്‍ പ്രത്യാഘാതത്തിന് വഴിയൊരുക്കും. വിലക്കയറ്റം പിടിച്ചുനിര്‍ത്തുന്നതിന് കേരളം നടത്തിവരുന്ന വിപണി ഇടപെടലും പ്രതിസന്ധിയിലാകും. സപ്ളൈകോ വഴിയുള്ള വിപണി ഇടപെടലിന് കഴിഞ്ഞ വര്‍ഷം 200 കോടി രൂപയാണ് ചെലവഴിച്ചത്. പുതിയ സാഹചര്യത്തില്‍ ഇതിന്റെ ഇരട്ടി തുകയെങ്കിലും വേണ്ടിവരും.
(കെ ശ്രീകണ്ഠന്‍)

കടത്തുകൂലി 15 % കൂടും അരിവില ഉയരും

പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വിലവര്‍ധന മൂലം ചരക്കുകടത്തുകൂലി 15 ശതമാനംവരെ വര്‍ധക്കും. ഇത് ഉപഭോക്തൃ സംസ്ഥാനമായ കേരളത്തെയാകും കൂടുതല്‍ ദോഷകരമായി ബാധിക്കുക. നിലവില്‍ കേരളത്തില്‍ നിന്ന് അയല്‍സംസ്ഥാനങ്ങളിലേക്കുള്ള കടത്തുകൂലിയെക്കാള്‍ 30 മുതല്‍ 50 ശതമാനംവരെ കൂടുതലാണ് തിരികെ ഇങ്ങോട്ടുള്ള ഇറക്കുകൂലി. ഇത് വീണ്ടും ഉയരും. ഒരുകിലോഗ്രാം അരിയുടെ വില 30 മുതല്‍ 50 പൈസവരെ ഉയരും. ആന്ധ്രയില്‍നിന്ന് 10 ട അരി എത്തുന്നതിന് ഇപ്പോഴുള്ള കടത്തുകൂലി 16,000 രൂപയാണ്. ഇത് ചുരുങ്ങിയത് ഏഴു ശതമാനമെങ്കിലും വര്‍ധിക്കും. ആന്ധ്ര, കര്‍ണാടകം, തമിഴ്നാട് എന്നിവിടങ്ങളിലെ ലോറിഉടമകള്‍ വരുംദിവസങ്ങളില്‍ത്തന്നെ കടത്തുകൂലി വര്‍ധിപ്പിക്കാനിടയുള്ളതിനാല്‍ ഉടനെ ഇതിന്റെ പ്രത്യാഘാതം സംസ്ഥാനത്തുണ്ടാകും.

മേട്ടുപ്പാളയത്തുനിന്ന് 65 കിലോയുടെ ഒരുചാക്ക് പച്ചക്കറി എറണാകുളത്ത് എത്തിക്കാന്‍ 55 രൂപയാണ് കൂലി. കര്‍ണാടകത്തിലെ ഹുസൂരില്‍നിന്നുള്ള ചരക്കാണെങ്കില്‍ നല്‍കേണ്ടത് 65 രൂപ. ഇത് അഞ്ചുമുതല്‍ ഏഴുരൂപവരെയായി വര്‍ധിക്കാനിടയുണ്ടെന്ന് എറണാകുളം മാര്‍ക്കറ്റിലെ പച്ചക്കറി മൊത്തവ്യാപാരി കെ പി സാദത്ത് പറഞ്ഞു. നേരത്തെ ഡീസലിന് മൂന്നുരൂപ ഉയര്‍ത്തിയപ്പോള്‍ കേരളത്തില്‍ ചരക്കുകൂലി വര്‍ധിപ്പിച്ചിരുന്നില്ല. എന്നാല്‍, ഇപ്പോഴത്തെ സാഹചര്യത്തില്‍ കുറഞ്ഞത് 15 ശതമാനമെങ്കിലും ചരക്കുകൂലി വര്‍ധിപ്പിക്കാതിരിക്കാനാവില്ലെന്ന് ലോറി ഓണേഴ്സ് ഫെഡറേഷന്‍ പ്രസിഡന്റ് കെ കെ ഹംസ പറഞ്ഞു. നിലവില്‍ അയല്‍സംസ്ഥാനങ്ങളിലേക്കാള്‍ കുറഞ്ഞ ചരക്കുകൂലിയാണ് കേരളത്തില്‍. കയറ്റുമതിയുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കണ്ടെയ്നര്‍ ട്രെയ്ലറിന്റെ കൂലിയിലും 10 ശതമാനംവരെ വര്‍ധന വരുത്താതിരിക്കാനാവില്ലെന്ന് കണ്ടെയ്നര്‍ ലോറി ആന്‍ഡ് കാരിയേഴ്സ് ഓണേഴ്സ് അസോസിയേഷന്‍ പ്രസിഡന്റ് പി രാമചന്ദ്രന്‍ പറഞ്ഞു. മാര്‍ബിള്‍, ഗ്രാനൈറ്റ് ഉള്‍പ്പെടെയുള്ള നിര്‍മാണസാമഗ്രികളും അയല്‍സംസ്ഥാനങ്ങളില്‍നിന്നായതിനാല്‍ ഈ മേഖലയിലും കരിനിഴല്‍പടരും.
(ഷഫീഖ് അമരാവതി)

അംബാനിമാര്‍ക്ക് തുണ, പ്രഹരം ജനങ്ങള്‍ക്ക്: എല്‍ഡിഎഫ്

നിലവിലുള്ള വിലക്കയറ്റം പരിഹരിക്കാത്ത കേന്ദ്രസര്‍ക്കാര്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച് ജനങ്ങളുടെമേല്‍ ഇരട്ടപ്രഹരമേല്‍പ്പിച്ചിരിക്കുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ജോസഫ്, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എന്‍ വി പ്രദീപ്കുമാര്‍, കേരളാ കോണ്‍ഗ്രസ് പ്രസിഡന്റ് പി സി തോമസ് എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ ചൂണ്ടിക്കാട്ടി. ആഗോളവല്‍ക്കരണ നയങ്ങളുടെ തിക്താനുഭവങ്ങള്‍ കൂടുതല്‍ തീവ്രമായി ഇന്ത്യന്‍ജനതയില്‍ അടിച്ചേല്‍പ്പിക്കപ്പെടുകയാണ്. പെട്രോള്‍- ഡീസല്‍ വില നിശ്ചയിക്കുന്നതില്‍ സര്‍ക്കാരിന്റെ നിയന്ത്രണം ഇല്ലാതാവുന്നതോടെ ഇനി എണ്ണക്കമ്പനികളുടെ കൊള്ളയാണുണ്ടാവുക. മുകേഷ് അംബാനിയുടെയും അതുപോലുള്ള കുത്തകകളുടെയും താല്‍പ്പര്യമാണ് ഈ നടപടികളിലൂടെ കേന്ദ്രസര്‍ക്കാര്‍ സംരക്ഷിച്ചിരിക്കുന്നത്.

പണപ്പെരുപ്പ-വിലക്കയറ്റ നിരക്കുകള്‍ സര്‍വകാല റെക്കോഡുകള്‍ ഭേദിച്ചിരിക്കുന്ന സ്ഥിതിയില്‍ എല്ലാ വിഭാഗം ജനങ്ങളുടെയും ജീവിതം ദുസ്സഹമാക്കുന്ന നടപടിയാണിത്. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിര്‍ണയിക്കുന്നത് ഇതുവരെ കേന്ദ്രസര്‍ക്കാരായിരുന്നു. ആഗോള വിപണിക്കനുസൃതമായി വില നിശ്ചയിക്കണമെന്ന കിരിത് പരീഖ് കമ്മിറ്റിയുടെ ശുപാര്‍ശയുടെ മറവിലാണ് വിലനിയന്ത്രണാധികാരം കേന്ദ്രസര്‍ക്കാര്‍ ഉപേക്ഷിച്ചത്. 2009 ജൂലൈയില്‍ പെട്രോളിന് നാലും ഡീസലിന് രണ്ടും രൂപ കൂട്ടിയതാണ്. 2010 ഫെബ്രുവരിയിലെ പൊതുബജറ്റില്‍ ഇന്ധനങ്ങളുടെ വില 2.50 രൂപ വര്‍ധിപ്പിച്ച് 28,000 കോടി രൂപയുടെ അധിക ബാധ്യത ജനങ്ങളുടെമേല്‍ അടിച്ചേല്‍പ്പിച്ചു. ഒരു വര്‍ഷം പൂര്‍ത്തിയാക്കുന്ന യുപിഎ സര്‍ക്കാര്‍ ഇത് മൂന്നാം തവണയാണ് വില വര്‍ധിപ്പിച്ചിരിക്കുന്നത്. ജനങ്ങളുടെ വികാരത്തെ തീരെ മാനിക്കാത്ത നടപടിയാണിത്. സാധാരണക്കാരുടെ ഇന്ധനമായ മണ്ണെണ്ണയ്ക്കുപോലും വില വര്‍ധിപ്പിച്ചു. കുടുംബബജറ്റിനെ പ്രതികൂലമാക്കുന്നതായി പാചകവാതക വില കൂട്ടല്‍. ജനഹിതത്തെ ഒട്ടും മാനിക്കാത്ത മന്‍മോഹന്‍സിങ് നയിക്കുന്ന രണ്ടാം യുപിഎ ഗവമെന്റിന്റെ ജനദ്രോഹത്തിനു മുന്നില്‍ കേരളജനത മുട്ടുമടക്കരുത്. അതിവിപുലമായ ജനകീയ പ്രതിഷേധം ഒന്നുകൊണ്ടുമാത്രമേ കേന്ദ്രസര്‍ക്കാരിന്റെ ദുഷ്ചെയ്തികള്‍ക്ക് വിരാമമിടാനാവൂവെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.

കുത്തകകളെ കയറൂരി വിട്ടു: മുഖ്യമന്ത്രി

ഇന്ധനവില വര്‍ധിപ്പിക്കാനുള്ള കേന്ദ്രസര്‍ക്കാരിന്റെ തീരുമാനം വിലക്കയറ്റവും അരാജകത്വവും സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതിലെ കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണം എടുത്തുകളഞ്ഞത് കുത്തകകളെ കയറൂരിവിടുന്ന നിലപാടാണ്. പെട്രോളിയം കമ്പനികളെ സഹായിക്കാനാണിത്. സബ്സിഡികൂടി എടുത്തുകളഞ്ഞത് കൂടുതല്‍ പ്രതിസന്ധി സൃഷ്ടിക്കും. പബ്ളിക് ലൈബ്രറി ഹാളില്‍ പി വിശ്വംഭരന്‍ ശതാഭിഷേക ആഘോഷം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഒരു വര്‍ഷത്തിനിടെ മൂന്നാമത്തെ തവണയാണ് യുപിഎ സര്‍ക്കാര്‍ പെട്രോളിയംവില വര്‍ധിപ്പിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിന്റെ ഒന്നാം വാര്‍ഷിക സമ്മാനമാണിത്. ക്രൂഡോയിലിന് നേരത്തെ 2.5 ശതമാനം വില വര്‍ധിപ്പിച്ചിരുന്നു. ഇതിന്റെ ദുരിതത്തിനിടയിലാണ് വീണ്ടും വിലവര്‍ധന - മുഖ്യമന്ത്രി പറഞ്ഞു.

പ്രതികരിക്കുക: കെഎസ്കെടിയു

അധ്വാനിക്കുന്ന ജനവിഭാഗങ്ങളെ കൊടുംപട്ടിണിക്കാരാക്കുന്നതാണ് യുപിഎ സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഇന്ധന വിലവര്‍ധനയെന്ന് കേരള സ്റ്റേറ്റ് കര്‍ഷകത്തൊഴിലാളിയൂണിയന്‍ ജനറല്‍ സെക്രട്ടറി എം വി ഗോവിന്ദന്‍ പ്രസ്താവനയില്‍ പറഞ്ഞു. എല്ലാ വിഭാഗം ജനങ്ങളെയും ഈ തീരുമാനം ദോഷകരമായി ബാധിക്കും. വിലക്കയറ്റത്തിന്റെ തോത് ഭീമമായി ഉയര്‍ത്തും. പാവപ്പെട്ടവന്റെ ജീവിതം വഴിമുട്ടിക്കുന്ന മണ്ണെണ്ണ വിലവര്‍ധനയും മടിയില്ലാതെ നടപ്പാക്കിയ യുപിഎ സര്‍ക്കാര്‍ സാധാരണ ജനങ്ങളോടല്ല സ്വകാര്യ എണ്ണക്കമ്പനികളോടാണ് കൂറുകാണിക്കുന്നത്. ഒരുതരത്തിലും അംഗീകരിക്കാനാവാത്ത വിലവര്‍ധനയ്ക്കെതിരെ ഉയരുന്ന പ്രതിഷേധമുന്നേറ്റത്തില്‍ കര്‍ഷകത്തൊഴിലാളികളും മുന്നണിയിലുണ്ടാകും. ശനിയാഴ്ച നടക്കുന്ന ഹര്‍ത്താല്‍ വിജയിപ്പിക്കാന്‍ മുഴുവന്‍ കര്‍ഷകത്തൊഴിലാളികളും അണിനിരക്കണമെന്ന് പ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു.

ഇന്ന് ഹര്‍ത്താല്‍; കേരളം നിശ്ചലമാകും

പെട്രോളിയം ഉല്‍പ്പന്നവില വര്‍ധിപ്പിക്കുകയും വിലനിയന്ത്രണം നീക്കുകയും ചെയ്ത കേന്ദ്രസര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് എല്‍ഡിഎഫ് ആഭിമുഖ്യത്തില്‍ ശനിയാഴ്ച ഹര്‍ത്താല്‍ ആചരിക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് ഹര്‍ത്താലെന്ന് മുന്നണി കവീനര്‍ വൈക്കം വിശ്വന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. പാല്‍, പത്രം, ആശുപത്രി തുടങ്ങിയവയെ ഹര്‍ത്താലില്‍നിന്ന് ഒഴിവാക്കി. കേന്ദ്ര ജനദ്രോഹത്തിനെതിരെ നടത്തുന്ന ഹര്‍ത്താല്‍ വിജയമാക്കാന്‍ എല്ലാ വിഭാഗം ജനങ്ങളും സഹകരിക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍, സിപിഐ സംസ്ഥാന സെക്രട്ടറി വെളിയം ഭാര്‍ഗവന്‍, ആര്‍എസ്പി സംസ്ഥാന സെക്രട്ടറി വി പി രാമകൃഷ്ണപിള്ള, ജനതാദള്‍ എസ് സംസ്ഥാന പ്രസിഡന്റ് എന്‍ എം ജോസഫ്, കോണ്‍ഗ്രസ് എസ് സംസ്ഥാന സെക്രട്ടറി എന്‍ വി പ്രദീപ്കുമാര്‍, കേരള കോണ്‍ഗ്രസ് പ്രസിഡന്റ് പി സി തോമസ് എന്നിവര്‍ സംയുക്തപ്രസ്താവനയില്‍ അഭ്യര്‍ഥിച്ചു. ഇന്ധനവില നിര്‍ണയ നിയന്ത്രണം എടുത്തുകളയരുതെന്ന് പാര്‍ലമെന്റിന്റെ പെട്രോളിയം- പ്രകൃതിവാതക സ്റാന്‍ഡിങ് കമ്മിറ്റി ഏപ്രില്‍ 22ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ഏകകണ്ഠമായി നിര്‍ദേശിച്ചത് തള്ളി കിരിത് പരീഖ് കമ്മിറ്റി ശുപാര്‍ശ സ്വീകരിച്ചത് ജനാധിപത്യവിരുദ്ധമാണെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. കേരള സര്‍ക്കാര്‍ നികുതി ഉപേക്ഷിക്കണമെന്ന ഉമ്മന്‍ചാണ്ടിയുടെ ആവശ്യത്തെ പരാമര്‍ശിച്ച്, വിലവര്‍ധന പിന്‍വലിക്കാന്‍ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് കേരളീയനായ ഉമ്മന്‍ചാണ്ടി ചെയ്യേണ്ടതെന്ന് വൈക്കം വിശ്വന്‍ പറഞ്ഞു. എല്‍ഡിഎഫ് സംസ്ഥാന കമ്മിറ്റിയുടെ യോഗം ജൂലൈ ഏഴിന് ചേരും. പി സി തോമസ് നയിക്കുന്ന കേരള കോണ്‍ഗ്രസുമായി ബന്ധപ്പെട്ട കാര്യം അന്നു ചര്‍ച്ചചെയ്യുമെന്ന് ചോദ്യത്തിന് മറുപടിയായി കണ്‍വീനര്‍ പറഞ്ഞു.

കെഎസ്ആര്‍ടിസി തൊഴിലാളികളും പണിമുടക്കും

കേന്ദ്രസര്‍ക്കാര്‍ ഇന്ധനവില വര്‍ധിപ്പിച്ചതില്‍ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസിയിലെ മുഴുവന്‍ തൊഴിലാളികളും ശനിയാഴ്ച പണിമുടക്കും. രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെ നടക്കുന്ന പണിമുടക്ക് വന്‍ വിജയമാക്കാന്‍ കെഎസ്ആര്‍ടി എംപ്ളോയീസ് അസോസിയേഷന്‍ സിഐടിയു ജനറല്‍ സെക്രട്ടറി ടി കെ രാജന്‍ അഭ്യര്‍ഥിച്ചു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില വര്‍ധിപ്പിച്ച നടപടിക്കെതിരെ ശനിയാഴ്ച നടക്കുന്ന ഹര്‍ത്താലില്‍ മുഴുവന്‍ മോട്ടോര്‍ തൊഴിലാളികളും പങ്കെടുക്കുമെന്ന് ഓള്‍ ഇന്ത്യ റോഡ് ട്രാന്‍സ്പോര്‍ട്ട് വര്‍ക്കേഴ്സ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി കെ കെ ദിവാകരന്‍ എംഎല്‍എ അറിയിച്ചു.

ദേശാഭിമാനി 26062010