ലോകമനഃസാക്ഷി മാനിക്കാതെ ഇസ്രയേല്‍ സമാധാനദൂതരെ ജയിലിലടച്ചു
ഐക്യരാഷ്ട്രകേന്ദ്രം: ഗാസയിലേക്കുള്ള ദുരിതാശ്വാസ കപ്പലുകള്‍ ആക്രമിച്ച ഇസ്രയേല്‍ ഭീകരതയ്ക്കെതിരെ ലോകമെങ്ങും പ്രതിഷേധം കത്തിപ്പടരുന്നു. രാജ്യാന്തര സന്നദ്ധപ്രവര്‍ത്തകരെ വധിച്ച ഇസ്രയേല്‍ ലോകജനതയോട് കൊടുംപാതകമാണ് കാട്ടിയതെന്ന് ലോകനേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കപ്പലുകളില്‍നിന്ന് പിടികൂടിയ 480 വിദേശ സന്നദ്ധപ്രവര്‍ത്തകരെ ജയിലിലടച്ച ഇസ്രയേല്‍ ഭരണകൂടം ലോകമനഃസാക്ഷിയെ മാനിക്കാന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവരെ ദക്ഷിണ ഇസ്രയേലിലെ ബേര്‍ഷേബ നഗരത്തിലെ ജയിലിലാണ് അടച്ചത്. സന്നദ്ധപ്രവര്‍ത്തകരില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. 30 പേര്‍ പരിക്കേറ്റ് ഇസ്രയേലിലെ ആശുപത്രികളിലാണ്. മറ്റു 48 പേരെ തിരിച്ചയക്കാനായി ടെല്‍ അവീവ് വിമാനത്താവളത്തില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്.
ബ്രിട്ടന്‍, അയര്‍ലന്‍ഡ്, അള്‍ജീരിയ, കുവൈത്ത്, ഗ്രീസ്, തുര്‍ക്കി എന്നിവിടങ്ങളില്‍നിന്നുള്ള ആറ് ദുരിതാശ്വാസകപ്പലുകളാണ് തിങ്കളാഴ്ച ഇസ്രയേല്‍ കമാന്‍ഡോകള്‍ ആക്രമിച്ചത്. 2007 ജൂണ്‍ മുതല്‍ ഉപരോധം നേരിടുന്ന ഗാസ ജനതയ്ക്ക് മരുന്നും ഭക്ഷണവുമായി വന്നതായിരുന്നു ഈ കപ്പലുകള്‍. തുര്‍ക്കിയിലെ ഒരു സന്നദ്ധസംഘടനയാണ് ഇത് ഏകോപിപ്പിച്ചത്.
ന്യായീകരണമില്ലാത്ത ആക്രമണമാണ് രാജ്യാന്തര സമുദ്രാതിര്‍ത്തിയില്‍ ഇസ്രയേല്‍ കമാന്‍ഡോകള്‍ നടത്തിയതെന്ന് വിവിധ രാജ്യങ്ങള്‍ പ്രതികരിച്ചു. ഇസ്രയേല്‍ ഉടന്‍ വിശദീകരണം നല്‍കണമെന്ന് യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍കി മൂണ്‍ ആവശ്യപ്പെട്ടു. രക്ഷാസമിതി അടിയന്തരയോഗം ചേര്‍ന്ന് ഈ പ്രശ്നം ചര്‍ച്ചചെയ്തെങ്കിലും സംയുക്തപ്രസ്താവന ഇറക്കിയില്ല. ഇസ്രയേലിന്റെ കൂട്ടാളിയായ അമേരിക്ക ആക്രമണത്തെ അപലപിക്കാന്‍ തയ്യാറാകാത്തതാണ് കാരണം. ജീവനാശം നേരിട്ടതില്‍ ഖേദിക്കുന്നെന്നുമാത്രം രക്ഷാസമിതിയിലെ അമേരിക്കന്‍ പ്രതിനിധി അലക്സാന്‍ഡ്രോ വൂള്‍ഫ് പറഞ്ഞു.
ദുരിതാശ്വാസ സാമഗ്രികള്‍ ഗാസമുനമ്പിലേക്ക് കൊണ്ടുവരാന്‍ അതിര്‍ത്തിയിലെ ഉപരോധത്തില്‍ അയവുവരുത്താന്‍ ഈജിപ്ത് തീരുമാനിച്ചതോടെ രാജ്യാന്തരതലത്തില്‍ ഇസ്രയേല്‍ കൂടുതല്‍ ഒറ്റപ്പെട്ടു. പലസ്തീന്‍കാര്‍ക്ക് ഈജിപ്തില്‍ ചികിത്സ നല്‍കുമെന്നും പ്രസിഡന്റ് ഹോസ്നി മുബാറക് അറിയിച്ചു. ഇസ്രയേലിന് ഉടന്‍തന്നെ നേരിട്ട മറ്റൊരു തിരിച്ചടി അവരുടെ തന്ത്രപരമായ പങ്കാളിയായിരുന്ന തുര്‍ക്കി പ്രകടിപ്പിക്കുന്ന കടുത്ത രോഷമാണ്. ഇസ്രയേല്‍ ആക്രമണത്തെ ഭരണകൂടഭീകരതയെന്നു വിശേഷിപ്പിച്ച തുര്‍ക്കി സര്‍ക്കാര്‍ ടെല്‍ അവീവില്‍നിന്ന് അംബാസഡറെ തിരിച്ചുവിളിച്ചു. യൂറോപ്പ് ഒറ്റക്കെട്ടായി ഇസ്രയേലിനെ ആക്രമിക്കണമെന്ന് അങ്കാറയിലും ഈസ്താംബൂളിലും നടന്ന പ്രകടനങ്ങളില്‍ പങ്കെടുത്ത പതിനായിരങ്ങള്‍ ആവശ്യപ്പെട്ടു. തുര്‍ക്കി പ്രധാനമന്ത്രി തയ്യിപ്പ് എര്‍ദോഗന്‍ ലാറ്റിനമേരിക്കന്‍ പര്യടനം വെട്ടിച്ചുരുക്കി നാട്ടിലേക്ക് മടങ്ങി. ഇസ്രയേലുമായുള്ള നയതന്ത്രബന്ധം തുര്‍ക്കി പൂര്‍ണമായും വിച്ഛേദിക്കുമെന്നാണ് രാജ്യാന്തരനിരീക്ഷകര്‍ കരുതുന്നത്. ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ ഏറിയപങ്കും തുര്‍ക്കിക്കാരാണ്.
ഇന്ത്യയുടേത് തണുപ്പന്‍ പ്രതികരണം
ന്യൂഡല്‍ഹി: ഗാസയിലേക്ക് പോയ ദുരിതാശ്വാസ കപ്പലുകളെ ആക്രമിച്ച ഇസ്രയേലി ക്രൂരതയോട് ഇന്ത്യക്ക് തണുപ്പന്‍ പ്രതികരണം. ആക്രമണത്തോടുള്ള വിദേശമന്ത്രാലയത്തിന്റെ പ്രതികരണം അപലപിക്കലില്‍ ഒതുങ്ങി. ഇസ്രയേലിന്റെ പേര് പോലും പറയാതെയാണ് പ്രസ്താവന. ആക്രമണത്തില്‍ മരിച്ചവരുടെ കുടുംബാംഗങ്ങളോടുള്ള അനുശോചനമാണ് പ്രതികരണമായി വന്നത്. ജീവകാരുണ്യസംഘത്തെ ആക്രമിച്ച സംഭവത്തോട് കാര്യമായി പ്രതികരിക്കാത്ത രാജ്യം ഇന്ത്യക്കു പുറമെ അമേരിക്കമാത്രമാണ്.
ഇസ്രയേല്‍ ആക്രമണം: ലോകമാകെ പ്രതിഷേധം
ഐക്യരാഷ്ട്ര കേന്ദ്രം: പലസ്തീനിലേക്ക് സഹായ സാമഗ്രികളുമായി എത്തിയ സന്നദ്ധ പ്രവര്‍ത്തകരുടെ കപ്പല്‍വ്യൂഹത്തെ ആക്രമിച്ച ഇസ്രയേല്‍ നടപടിയില്‍ ലോകമാകെ പ്രതിഷേധം. ഇസ്രയേലിനെ പിന്തുണക്കുന്നവര്‍പോലും ഉരിയാടാന്‍ പറ്റാത്തനിലയല്‍ പ്രതിഷേധം ശക്തമാണ്. ഇസ്രയേലിനെ പിന്തുണക്കുന്ന തുര്‍ക്കിയില്‍ തെരുവിലാകെ പ്രതഷേധം അലയടിച്ചു. ഇസ്രയേലിലെ അംബാസഡറെ തുര്‍ക്കി തിരിച്ചുവിളിച്ചു. പ്രകടനക്കാര്‍ ഇസ്രയേല്‍ പതാക കത്തിച്ച് കോസുലേറ്റിലേക്ക് മാര്‍ച്ച് ചെയ്തു. മനുഷ്യത്വരഹിതമായ ഭീകരതയെന്നാണ് തുര്‍ക്കി പ്രധാനമന്ത്രിതന്നെ ഇതിനെ വിശേഷിപ്പിച്ചത്.
ഇസ്രയേല്‍ ആക്രമണം: കേന്ദ്രം അപലപിക്കണം- സിപിഐ എം
ന്യൂഡല്‍ഹി: ഗാസയില്‍ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുള്ള സാധനസാമഗ്രികളുമായി പോകുന്ന ആറ് കപ്പലുകളെ ആക്രമിച്ച ഇസ്രയേല്‍ നടപടിയില്‍ സിപിഐ എം പൊളിറ്റ്ബ്യൂറോ പ്രതിഷേധിച്ചു. അന്താരാഷ്ട്ര സമുദ്രപാതയില്‍ പ്രകോപനമില്ലാതെ നടത്തിയ ആക്രമണത്തില്‍ 15 സന്നദ്ധ പ്രവര്‍ത്തകര്‍ കൊല്ലപ്പെടുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ഇസ്രയേല്‍ ആക്രമണത്തെ കേന്ദ്രസര്‍ക്കാര്‍ ശക്തമായി അപലപിക്കണമെന്ന് സിപിഐ എം ആവശ്യപ്പെട്ടു. ഗാസയ്ക്കെതിരെയുള്ള അനധികൃത ഉപരോധം പിന്‍വലിക്കുന്നതിന് യുഎന്നിലെ ചേരിചേരാ രാജ്യങ്ങളുമായി ചേര്‍ന്ന് ഇസ്രയേലിനുമേല്‍ കേന്ദ്രസര്‍ക്കാര്‍ സമര്‍ദം ചെലുത്തണം. ഗാസയിലേക്കു നീങ്ങിയ കപ്പലുകളില്‍ വിവിധ രാജ്യങ്ങളില്‍നിന്നുള്ള എഴുനൂറോളം ജീവകാരുണ്യപ്രവര്‍ത്തകരുണ്ടായിരുന്നു. 10,000 ടണ്‍ സാധനസാമഗ്രികളുമായാണ് കപ്പലുകള്‍ നീങ്ങിയിരുന്നത്. മൂന്നുവര്‍ഷമായി ഉപരോധത്തില്‍ കഴിയുന്ന ഗാസയിലെ ജനങ്ങള്‍ക്ക് സഹായം എത്തിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഗാസതീരത്തുനിന്ന് 65 കിലോമീറ്റര്‍ മാറി അന്താരാഷ്ട്ര ജലഅതിര്‍ത്തിക്കുള്ളിലാണ് ആക്രമണം നടന്നത്. അന്താരാഷ്ട്ര നിയമങ്ങളെയും അഭിപ്രായങ്ങളെയും ഇസ്രയേല്‍ വിലകല്‍പ്പിക്കുന്നില്ലെന്നതിന് തെളിവാണ് കപ്പലുകള്‍ക്കു നേരെ നടന്ന ആക്രമണം. കപ്പലുകളെയും യാത്രക്കാരെ ആക്രമിക്കുന്നത് കടല്‍ക്കൊള്ളയ്ക്ക് തുല്യമാണ്. അന്താരാഷ്ട്രസമൂഹം ഈവിധം ഇസ്രയേല്‍ ആക്രമണത്തെ കാണണമെന്നും പൊളിറ്റ്ബ്യൂറോ പ്രസ്താവനയില്‍ പറഞ്ഞു.
പ്രതിഷേധിക്കുക: ഡിവൈഎഫ്ഐ, എസ്എഫ്ഐ
ന്യൂഡല്‍ഹി: ഗാസയിലെ പലസ്തീന്‍ ജനതയ്ക്ക് സഹായവുമായി പോയ രക്ഷാപ്രവര്‍ത്തകരുടെ കപ്പലുകള്‍ ആക്രമിച്ച ഇസ്രയേല്‍ നടപടിയെ കേന്ദ്രസര്‍ക്കാര്‍ പേരെടുത്ത്പറഞ്ഞ് അപലപിക്കണമെന്ന് ഡിവൈഎഫ്ഐയും എസ്എഫ്ഐയും ആവശ്യപ്പെട്ടു. ഗാസയിലെ ശ്വാസംമുട്ടിക്കുന്ന ഉപരോധത്തില്‍നിന്ന് ഇസ്രയേലിനെ പിന്തിരിപ്പിക്കാന്‍ യുഎന്‍ അടക്കമുള്ള അന്താരാഷ്ട്ര വേദികളില്‍ ഇന്ത്യ സമ്മര്‍ദം ചെലുത്തണമെന്നും കേന്ദ്ര എക്സിക്യൂട്ടീവ് കമ്മിറ്റികള്‍ സംയുക്ത പ്രസ്താവനയില്‍ ആവശ്യപ്പെട്ടു. അന്താരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചാണ് ഇസ്രയേലിന്റെ ആക്രമണം. സ്വതന്ത്രമായി അന്വേഷിക്കണം. ഇസ്രയേലിന്റെ പൈശാചികതയ്ക്കെതിരെ പ്രതിഷേധവുമായി രംഗത്തിറങ്ങാന്‍ യുവജനങ്ങളോടും വിദ്യാര്‍ഥികളോടും എസ്എഫ്ഐയും ഡിവൈഎഫ്ഐയും ആവശ്യപ്പെട്ടു.
ദേശാഭിമാനി 02062010
ഗാസയിലേക്കുള്ള ദുരിതാശ്വാസ കപ്പലുകള്‍ ആക്രമിച്ച ഇസ്രയേല്‍ ഭീകരതയ്ക്കെതിരെ ലോകമെങ്ങും പ്രതിഷേധം കത്തിപ്പടരുന്നു. രാജ്യാന്തര സന്നദ്ധപ്രവര്‍ത്തകരെ വധിച്ച ഇസ്രയേല്‍ ലോകജനതയോട് കൊടുംപാതകമാണ് കാട്ടിയതെന്ന് ലോകനേതാക്കള്‍ ചൂണ്ടിക്കാട്ടി. എന്നാല്‍, കപ്പലുകളില്‍നിന്ന് പിടികൂടിയ 480 വിദേശ സന്നദ്ധപ്രവര്‍ത്തകരെ ജയിലിലടച്ച ഇസ്രയേല്‍ ഭരണകൂടം ലോകമനഃസാക്ഷിയെ മാനിക്കാന്‍ തയ്യാറല്ലെന്ന് ഒരിക്കല്‍ക്കൂടി വ്യക്തമാക്കി. വിവിധ ഭൂഖണ്ഡങ്ങളില്‍നിന്നുള്ള ജനപ്രതിനിധികളും മാധ്യമപ്രവര്‍ത്തകരും ഉള്‍പ്പടെയുള്ളവരെ ദക്ഷിണ ഇസ്രയേലിലെ ബേര്‍ഷേബ നഗരത്തിലെ ജയിലിലാണ് അടച്ചത്. സന്നദ്ധപ്രവര്‍ത്തകരില്‍ 10 പേര്‍ കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. 30 പേര്‍ പരിക്കേറ്റ് ഇസ്രയേലിലെ ആശുപത്രികളിലാണ്. മറ്റു 48 പേരെ തിരിച്ചയക്കാനായി ടെല്‍ അവീവ് വിമാനത്താവളത്തില്‍ എത്തിച്ചതായി റിപ്പോര്‍ട്ടുണ്ട്
ReplyDeleteഗസയിലെ പലസ്തീന്‍ ജനതക്ക് ദുരിതാശ്വാസ സാമഗ്രികളുമായി പോയ കപ്പലുകളെ ആക്രമിച്ച സയണിസ്റ്റ് ക്രൂരതയില്‍ പ്രതിഷേധിച്ച് സിപിഐ എമ്മിന്റെയും സിപിഐയുടെയും നേതൃത്വത്തില്‍ ഡല്‍ഹിയിലെ ഇസ്രയേല്‍ എംബസിയിലേക്ക് മാര്‍ച്ച്ചെയ്തു. നൂറുകണക്കിന് പ്രവര്‍ത്തകര്‍ പങ്കെടുത്ത മാര്‍ച്ച് ഇസ്രയേലിന്റെ കാടത്തത്തിന് കുടുപിടിക്കുന്ന കേന്ദ്രസര്‍ക്കാരിന് കനത്ത താക്കീതായി. സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം സീതാറാം യെച്ചൂരി മാര്‍ച്ച് ഉദ്ഘാടനംചെയ്തു. അന്തരാഷ്ട്ര നിയമങ്ങള്‍ ലംഘിച്ചുള്ള നിഷ്ടൂരമായ ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ ഇസ്രയേലുമായുള്ള സൈനിക-സാമ്പത്തിക ഇടപാടുകള്‍ ഉടന്‍ അവസാനിപ്പിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാകണമെന്ന് യെച്ചൂരി ആവശ്യപ്പെട്ടു. ഇസ്രയേലില്‍നിന്ന് ഏറ്റവും കൂടുതല്‍ സൈനിക സാമഗ്രികള്‍ വാങ്ങുന്നത് ഇന്ത്യയാണ്. ഇതുവഴി സമ്പാദിക്കുന്ന പണം ഉപയോഗിച്ചാണ് പലസ്തീനിലെ നിരപരാധികളെ ഇസ്രയേേല്‍ വേട്ടയാടുന്നത്. യുഎന്‍ പോലും പേരെടുത്തുപറഞ്ഞ് ഇസ്രയേലിനെ അപലപിച്ചു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കിയ പ്രസ്താവനയില്‍ ഇസ്രയേലിന്റെ പേര് സൂചിപ്പിക്കാത്തത് അപമാനകരമാണ്. സിപിഐ എം സംസ്ഥാന സെക്രട്ടറി പുഷ്പീന്ദര്‍ ഗ്രേവാള്‍, സിപിഐ ദേശീയ സെക്രട്ടറിമായരായ അതുല്‍കുമാര്‍ അഞ്ജാന്‍, അമര്‍ജിത് കൌര്‍, പലസ്തീന്‍ ഐക്യദാര്‍ഡ്യസമിതി നേതാവ് പ്രബീര്‍ പുര്‍കായസ്ത തുടങ്ങിയവര്‍ സംസാരിച്ചു.
ReplyDeleteഗാസയിലേക്ക് സഹായവുമായെത്തിയ കപ്പലുകള്‍ ആക്രമിച്ചതിനെ ന്യായീകരിക്കാന്‍ ഇന്ത്യയുടെ പേര് ഉപയോഗിച്ചതില്‍ ഇസ്രയേല്‍ ഖേദം പ്രകടിപ്പിച്ചു. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കഴിഞ്ഞ മാസങ്ങളിലുണ്ടായ ആക്രമണങ്ങളില്‍ 500ല്‍പരം ആളുകള്‍ കൊല്ലപ്പെട്ടതിനോട് മൌനം പുലര്‍ത്തിയവരാണ് സ്വയരക്ഷയ്ക്ക് വേണ്ടി ഇസ്രയേല്‍ സൈനികര്‍ നടത്തിയ ആക്രമണത്തെ വിമര്‍ശിക്കുന്നു എന്നായിരുന്നു വിദേശമന്ത്രി അവിദ്ഗോര്‍ ലീബര്‍മാന്‍ കഴിഞ്ഞദിവസം പ്രസ്താവനയില്‍ പറഞ്ഞത്. പ്രസ്താവനയില്‍ ഇന്ത്യയുടെ പേര് അബദ്ധത്തില്‍ വന്നുപോയതാണെന്നും ഇത് നിരുപാധികം പിന്‍വലിക്കുന്നതായും വിദേശമന്ത്രിയുടെ മാധ്യമ ഉപദേശകന്‍ സാച്ചി മോഷെ പറഞ്ഞു. ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡര്‍ മാര്‍ക് സോഫറും ഇക്കാര്യത്തില്‍ ഖേദം പ്രകടിപ്പിച്ചു. ഇസ്രയേല്‍ ശത്രുവായി കാണുന്ന രാജ്യമല്ല ഇന്ത്യയെന്നും അദ്ദേഹം പറഞ്ഞു
ReplyDeleteസന്നദ്ധ കപ്പല്‍ ഇസ്രയേല്‍ പിടിച്ചെടുത്തു.
ReplyDeleteഗാസ: ചികില്‍സാ ഉപകരണങ്ങളും മരുന്നുകളുമായി തുര്‍ക്കിയില്‍ നിന്നെത്തിയ എംവി റേച്ചല്‍ ക്യൂറി എന്ന കപ്പല്‍ ഇസ്രയേല്‍ അധികൃതര്‍ പിടിച്ചെടുത്തു. ഇസ്രയേലിന്റെ 30 നോട്ടിക്കല്‍ മൈല്‍ തീരത്തുള്ള കപ്പലിന്റെ നിയന്ത്രണം ഏറ്റെടുത്തതായി ഇസ്രയേല്‍ വ്യക്തമാക്കി. അഷോദ് തുറമുഖത്തടുപ്പിച്ച കപ്പലില്‍ നിരോധിതവസ്തുക്കളുണ്ടോ എന്നു പരിശോധിച്ചശേഷം കരമാര്‍ഗം ഗാസയിലെത്തിക്കുമെന്നും പറഞ്ഞിട്ടുണ്ട്. സമാധാനത്തിനുള്ള നോബല്‍ സമ്മാനം നേടിയ മയ്റീഡ് മഗ്വൈറിന്റെ നേതൃത്വത്തിലുള്ള സമാധാനപ്രവര്‍ത്തകരാണ് കപ്പലില്‍. തങ്ങളുടെ നാവിക അതിര്‍ത്തിയിലെത്തിയാല്‍ തടയുമെന്ന ഇസ്രയേലിന്റെ ഭീഷണി നിലനില്‍ക്കെയാണ് സമാധാനപ്രവര്‍ത്തകരുള്‍പ്പടെയുള്ള 20 അംഗസംഘം കഴിഞ്ഞ ദിവസം ഗാസയിലേക്കു പുറപ്പെട്ടത്. കുഞ്ഞുങ്ങള്‍ക്കുള്ള വീല്‍ചെയര്‍ അടക്കമുള്ള ഉപകരണങ്ങളാണ് അധികവും കപ്പലിലുണ്ടായിരുന്നത്. കഴിഞ്ഞ ദിവസം തുര്‍ക്കിയില്‍ നിന്നെത്തിയ സമാധാനപ്രവര്‍ത്തകരുടെ കപ്പല്‍ ഇസ്രയേല്‍ സൈന്യം തടഞ്ഞ് ഒന്‍പതുപേരെ വധിച്ചു. ഈ സംഭവത്തില്‍ ലോകമെങ്ങും പ്രതിഷേധമുയര്‍ന്നിരുന്നു. അതിനുപിന്നാലെയാണ് വീണ്ടും സമാധാനസംഘത്തെ ഇസ്രയേല്‍ പിടിച്ചെടുത്തത്. ദിശ മാറിപ്പോകാനുള്ള നിര്‍ദേശങ്ങള്‍ അവഗണിച്ചതാണ് കപ്പല്‍ പിടിച്ചെടുക്കാന്‍ കാരണമെന്നും ഇസ്രയേല്‍ പറയുന്നു. കപ്പലിലേക്കുള്ള വാര്‍ത്താവിനിമയബന്ധങ്ങള്‍ തകരാറിലാക്കിയതായും റിപ്പോര്‍ട്ടുണ്ട്. സമാധാനപ്രവര്‍ത്തകരെ വധിച്ചതില്‍ ലോകമെങ്ങും പ്രതിഷേധം ഉയര്‍ന്ന സാഹചര്യത്തിലാണ് വീണ്ടും കപ്പല്‍ പിടിച്ചെടുത്തത്