Friday, June 4, 2010

ഭീകരതയുടെ പേരില്‍

'മുസ്ളിങ്ങളെല്ലാം തീവ്രവാദികളല്ല, എന്നാല്‍ തീവ്രവാദികളെല്ലാം മുസ്ളിങ്ങളാണ്'’എന്നത് സമീപകാലത്ത് സംഘപരിവാര്‍ തീവ്രമായി പ്രചരിപ്പിച്ച വാദമാണ്. ഇന്ത്യയിലെ മുസ്ളിം ജനസാമാന്യത്തെ കടന്നാക്രമിക്കാനും ഈ സമുദായത്തെ തീവ്രവാദത്തിന്റെ മറുപേരായി വ്യാഖ്യാനിക്കാനും സംഘപരിവാര്‍ ഈ വാദം ശക്തിയായി പ്രയോഗിച്ചു. ഈ വാദത്തെ തുടക്കത്തില്‍ അനുകൂലിച്ചവരില്‍ ബഹുഭൂരിപക്ഷവും ഇന്ന് മറിച്ചാണ് ചിന്തിക്കുന്നത്. കാരണം സമീപകാലത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി സ്ഫോടനങ്ങള്‍ സംഘടിപ്പിച്ചത് സംഘപരിവാര്‍ പാലൂട്ടി വളര്‍ത്തിയ തീവ്രവാദികള്‍ തന്നെയാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമായിക്കഴിഞ്ഞു. അതിലുള്‍പ്പെടുന്നു 2006ല്‍ മാലേഗാവിലും നാന്ദേഡിലും നടന്ന സ്ഫോടനങ്ങള്‍. ഇവയെക്കുറിച്ച് മഹാരാഷ്ട്രയിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) നടത്തിയ അന്വേഷണത്തിന്റെ മുന ഹിന്ദു തീവ്രവാദികളിലേക്കും തിരിഞ്ഞപ്പോഴാണ് മുന്‍പറഞ്ഞ സംഘപരിവാര്‍ വാദത്തിന്റെ ആദ്യത്തെ പല്ല് കൊഴിഞ്ഞത്.

2007 മെയ് 18ന് ഹൈദരാബാദിലെ പ്രശസ്തമായ ചാര്‍മിനാറിനോട് ചേര്‍ന്ന മക്ക മസ്ജിദിലും ഇതേ വര്‍ഷം റംസാന്‍ വ്രതക്കാലത്ത് ഒക്ടോബര്‍ 11ന് രാജസ്ഥാനിലെ അജ്മീറിലെ വിഖ്യാതമായ ഖ്വാജാ മൊയ്നുദ്ദീന്‍ ചിഷ്തിയുടെ ദര്‍ഗയിലും സ്ഫോടനം നടത്തിയത് അഭിനവ് ഭാരതില്‍പ്പെട്ട ഹിന്ദു തീവ്രവാദികളാണെന്ന് സിബിഐയും ആഭ്യന്തരമന്ത്രിയും വെളിപ്പെടുത്തിയതോടെ സംഘപരിവാറിന്റെ വാദം മുച്ചൂടും തകര്‍ന്നടിഞ്ഞു. അജ്മീര്‍ സ്ഫോടനത്തെക്കുറിച്ച് നടത്തിയ അന്വേഷണത്തിനിടയില്‍ ചോദ്യംചെയ്യലിന് വിധേയരായ ദേവേന്ദ്രഗുപ്ത, ചന്ദ്രശേഖര്‍ പാട്ടിദാര്‍ എന്നിവരാണ് ഈ രണ്ടു സ്ഫോടനത്തിലും അഭിനവ് ഭാരതിന് പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്. ഈ കേസ് പുനരന്വേഷിക്കണമെന്ന മുസ്ളിം സംഘടനകളുടെ ആവശ്യത്തിനുമേല്‍ തീരുമാനമെടുക്കാന്‍ കഴിയാതെ കുഴങ്ങുകയാണ് ആന്ധ്രാപ്രദേശിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍. കാരണം,മക്ക മസ്ജിദില്‍ സ്ഫോടനം നടന്ന് നിമിഷങ്ങള്‍ക്കകം തന്നെ ഉത്തരവാദിത്തം ബംഗ്ളാദേശ് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഒരു തീവ്രവാദിയില്‍ ആരോപിക്കുകയായിരുന്നു കോണ്‍ഗ്രസ് സര്‍ക്കാര്‍. ബംഗ്ളാദേശില്‍നിന്ന് മൊബൈല്‍ ഫോണ്‍ വഴി ശാഹിദ് ബിലാല്‍ എന്ന തീവ്രവാദിയാണ് സ്ഫോടനം നടത്തിയതെന്ന് ഉന്നതരായ പൊലീസ് ഉദ്യോഗസ്ഥരും കോണ്‍ഗ്രസ് ഭരണനേതൃത്വവും ആവര്‍ത്തിച്ച് പ്രഖ്യാപിച്ചു. തങ്ങള്‍ സ്ഥാപിച്ച ന്യായവാദങ്ങളില്‍നിന്ന് തലയൂരാന്‍ കഴിയാത്ത അവസ്ഥയിലായ കോണ്‍ഗ്രസ് കേസ് പുനരന്വേഷിക്കണമെന്ന ആവശ്യം കണ്ടില്ലെന്ന് നടിക്കുകയാണ്.

ഏറെ വിവാദം സൃഷ്ടിച്ച സൊഹ്റാബുദ്ദീന്‍ ഏറ്റുമുട്ടല്‍കൊലപാതകത്തിന്റെ ഗൂഢാലോചനയില്‍ ഗുജറാത്ത് പൊലീസിനൊപ്പം ആന്ധ്രാപൊലീസിനും പങ്കുണ്ടെന്ന വാര്‍ത്തകള്‍ സംസ്ഥാനത്ത് കോളിളക്കം സൃഷ്ടിക്കുന്ന സമയത്ത് തന്നെയാണ് മക്ക മസ്ജിദില്‍ സ്ഫോടനം നടന്നത്. പൊലീസിന്റെ അറിവോടെയാണ് സ്ഫോടനം നടന്നതെന്ന് സംശയിക്കേണ്ടതുണ്ടെന്ന വാദം ഇപ്പോള്‍ വീണ്ടും ശക്തിപ്പെടുകയാണ്.

ഈ വര്‍ഷമാദ്യം ഹൈദരാബാദിലെ പഴയനഗരത്തില്‍ കര്‍ഫ്യു നിലനില്‍ക്കുമ്പോള്‍ ഹിന്ദു വര്‍ഗീയവാദികള്‍ക്ക് ഹനുമാന്‍ ജയന്തി ആഘോഷത്തിന് കോണ്‍ഗ്രസ് സര്‍ക്കാര്‍ അനുമതി നല്‍കിയതും ഏറെ പ്രതിഷേധങ്ങള്‍ക്ക് ഇടവെച്ചിരുന്നു. സ്ഫോടനത്തില്‍ മുസ്ളിങ്ങള്‍ക്ക് പങ്കില്ലെന്ന് പ്രഖ്യാപിച്ച സിബിഐയും ആഭ്യന്തരമന്ത്രി പി ചിദംബരവും സമുദായത്തെ കുറ്റവിമുക്തരാക്കിയിട്ടുണ്ടെങ്കിലും തീവ്രവാദികളെന്ന പേരില്‍ മുസ്ളിങ്ങള്‍ നേരിട്ട പീഡനങ്ങള്‍ക്കും സഹനങ്ങള്‍ക്കും ആര്, എന്ത് നഷ്ടപരിഹാരം നല്‍കുമെന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടതുണ്ട്.

മക്ക മസ്ജിദ് സ്ഫോടനത്തിനു തൊട്ടുപിന്നാലെ നഗരത്തിലെ ലുംബിനി പാര്‍ക്കിലും ഗോകുല്‍ ചാറ്റ് ഭണ്ഡാറിലും നടന്ന ഇരട്ടസ്ഫോടനങ്ങള്‍ക്കു ശേഷം പിടികൂടിയ മുസ്ളിം ചെറുപ്പക്കാരെ ഹൈദരാബാദിലെ പൊലീസ് കേന്ദ്രങ്ങളിലും രഹസ്യ ഫാംഹൌസുകളിലുംവച്ച് മനുഷ്യത്വരഹിതമായി പീഡിപ്പിക്കുകയും നിയമവിരുദ്ധമായ നാര്‍കോ ടെസ്റ്റിന് വിധേയമാക്കുകയും ചെയ്തിരുന്നു. നിരപരാധികളായ സ്ത്രീകളെപ്പോലും തീവ്രവാദികളായി മുദ്രകുത്തി അറസ്റ്റ് ചെയ്ത ആന്ധ്രാപൊലീസിന്റെ മനുഷ്യത്വരാഹിത്യം ഹിന്ദുവര്‍ഗീയവാദികള്‍ക്കൊപ്പം ഗുജറാത്തിലെ വംശഹത്യക്ക് കൂട്ടുനിന്ന ഗുജറാത്ത് പൊലീസിന്റെ ക്രൂരതകള്‍ക്ക് സമാനമാണ്. തീവ്രവാദികളെന്ന് ചാപ്പകുത്തി പൊലീസ് പിടിച്ചുകൊണ്ടുപോയി പീഡിപ്പിച്ച യുവാക്കള്‍ക്ക് സാധാരണജീവിതത്തിലേക്ക് തിരിച്ചുവരാന്‍ കഴിയാത്ത സ്ഥിതിയാണിപ്പോഴും. പലരുടെയും ജോലി നഷ്ടപ്പെട്ടു. വിദ്യാഭ്യാസം മുടങ്ങി. സഹോദരിമാരുടെ വിവാഹം മുടങ്ങി. നഗരത്തിലെവിടെ പ്രശ്നമുണ്ടായാലും പൊലീസിന്റെ പീഡനത്തിന് ചെറുപ്പക്കാര്‍ ഇരയാവുന്നത് ഇപ്പോഴും തുടരുകയാണ്.

കഴിഞ്ഞ ഒരു ദശാബ്ദമായി ഹിന്ദുത്വ ശക്തികള്‍ നടത്തി വന്നിരുന്ന വര്‍ഗീയവല്‍ക്കരണപ്രവര്‍ത്തനങ്ങള്‍ ഇന്ത്യയിലെ ഭീകരവാദപ്രവര്‍ത്തനങ്ങളുടെ വളര്‍ച്ചയുമായി അഭേദ്യമായി ബന്ധപ്പെട്ടിരിക്കുന്നു. വര്‍ഗ്ഗീയവാദവും മതതീവ്രവാദവും ഭീകരാക്രമണപ്രവര്‍ത്തനങ്ങളെ ഊട്ടിവളര്‍ത്തുന്നു. അതേസമയം തന്നെ ന്യൂനപക്ഷങ്ങള്‍ക്കെതിരായി നടക്കുന്ന പീഡനങ്ങള്‍, പീഡനങ്ങള്‍ക്കിരയാവര്‍ക്ക് നീതി നിഷേധിക്കപ്പെടുന്നത് തുടങ്ങിയവ ന്യൂനപക്ഷസമുദായങ്ങള്‍ക്കിടയില്‍ മൌലികവാദശക്തികള്‍ ശക്തിപ്പെടുന്നതിന് ഇടയാക്കുന്നു. മുസ്ളീം ജനതയുടെ പൊതുതാല്‍പര്യങ്ങള്‍ക്കെതിരാകയാല്‍ ന്യൂനപക്ഷസമുദായത്തിനകത്ത് വിഭാഗീയ ലക്ഷ്യങ്ങളോടെ വളര്‍ത്തിയെടുക്കുന്ന മൌലികവാദത്തിനും തീവ്രവാദത്തിനുമെതിരെ ശക്തമായ പോരാട്ടം സംഘടിപ്പിക്കേണ്ടതുണ്ട്. ഭീകരവാദത്തിനെതിരെ പോരാടുന്നതിന് മതപരമായ വര്‍ഗീയവാദശക്തികള്‍ക്കെതിരെ പോരാടുകയും അവരെ ഒറ്റപ്പെടുത്തുകയും ചെയ്യേതാവശ്യമാണ്. അതിനാവശ്യം മതനിരപേക്ഷ ജനാധിപത്യ രാഷ്ട്രീയത്തില്‍ അടിയുറച്ചുനിന്നുകൊണ്ടുള്ള ഇന്ത്യയുടെ ഐക്യവും ഉദ്ഗ്രഥനവും സുരക്ഷിതമാക്കാനുള്ള നിശ്ചയദാര്‍ഢ്യമാണ്. എല്ലാതരം വിഭാഗീയ താല്‍പര്യങ്ങളെയും കീഴ്പ്പെടുത്തി രാജ്യത്തിന്റെ ഐക്യം ഉറപ്പിക്കാനുള്ള ദൌത്യമാണ് മതനിരപേക്ഷ സമൂഹം ഏറ്റെടുക്കേണ്ടത്.

ദേശാഭിമാനി മുഖപ്രസംഗം 04062010

ആന്ധ്രയിലെ മോഡി മാതൃക

ഹിന്ദുത്വതീവ്രവാദികളെ തുറന്നു കാട്ടണം

1 comment:

  1. 'മുസ്ളിങ്ങളെല്ലാം തീവ്രവാദികളല്ല, എന്നാല്‍ തീവ്രവാദികളെല്ലാം മുസ്ളിങ്ങളാണ്'’എന്നത് സമീപകാലത്ത് സംഘപരിവാര്‍ തീവ്രമായി പ്രചരിപ്പിച്ച വാദമാണ്. ഇന്ത്യയിലെ മുസ്ളിം ജനസാമാന്യത്തെ കടന്നാക്രമിക്കാനും ഈ സമുദായത്തെ തീവ്രവാദത്തിന്റെ മറുപേരായി വ്യാഖ്യാനിക്കാനും സംഘപരിവാര്‍ ഈ വാദം ശക്തിയായി പ്രയോഗിച്ചു. ഈ വാദത്തെ തുടക്കത്തില്‍ അനുകൂലിച്ചവരില്‍ ബഹുഭൂരിപക്ഷവും ഇന്ന് മറിച്ചാണ് ചിന്തിക്കുന്നത്. കാരണം സമീപകാലത്ത് രാജ്യത്തെ വിവിധ സംസ്ഥാനങ്ങളില്‍ നടന്ന നിരവധി സ്ഫോടനങ്ങള്‍ സംഘടിപ്പിച്ചത് സംഘപരിവാര്‍ പാലൂട്ടി വളര്‍ത്തിയ തീവ്രവാദികള്‍ തന്നെയാണെന്ന് അര്‍ഥശങ്കക്കിടയില്ലാത്ത വിധം വ്യക്തമായിക്കഴിഞ്ഞു. അതിലുള്‍പ്പെടുന്നു 2006ല്‍ മാലേഗാവിലും നാന്ദേഡിലും നടന്ന സ്ഫോടനങ്ങള്‍. ഇവയെക്കുറിച്ച് മഹാരാഷ്ട്രയിലെ തീവ്രവാദവിരുദ്ധ സ്ക്വാഡ് (എടിഎസ്) നടത്തിയ അന്വേഷണത്തിന്റെ മുന ഹിന്ദു തീവ്രവാദികളിലേക്കും തിരിഞ്ഞപ്പോഴാണ് മുന്‍പറഞ്ഞ സംഘപരിവാര്‍ വാദത്തിന്റെ ആദ്യത്തെ പല്ല് കൊഴിഞ്ഞത്.

    ReplyDelete