Thursday, May 20, 2010

ആന്ധ്രയിലെ മോഡിമാതൃക

പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മുസ്ളിം ആരാധനാലയമാണ് ഹൈദരാബാദ് മെക്കാ മസ്ജിദ്. 2007 മെയ് 18ന് നടന്ന മെക്കാ മസ്ജിദ് സ്ഫോടനത്തിനു പിന്നിലുള്ളവരെക്കുറിച്ച് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ പുതിയ വിവരങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ 2007 ഒക്ടോബര്‍ 11ന് നടന്ന സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാര്‍തന്നെയാണ് ഹൈദരാബാദിലെ മെക്കാ മസ്ജിദിലെ സ്ഫോടനത്തിനു പിന്നിലും എന്നാണ് പുതിയ കണ്ടെത്തല്‍. അജ്മീരില്‍ മൂന്നുപേരും ഹൈദരാബാദില്‍ 9 പേരുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മെക്കാ മസ്ജിദിലെ സ്ഫോടനത്തിന്റെ തുടര്‍ച്ചയായി അവിടെ തടിച്ചുകൂടിയ മുസ്ളിം ബഹുജനങ്ങള്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 5 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. 2008ല്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെയാണ് അഭിനവ് ഭാരത് എന്ന ഹിന്ദുത്വ ഭീകര സംഘടനയുടെ പേര് സമൂഹത്തിന്റെ മുന്നിലെത്തിയത്. അതിന്റെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡ്, അഭിനവ് ഭാരതത്തിന്റെ നേതാക്കളായ കേണല്‍ പുരോഹിതിനെയും സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെയും അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതോടെ സംഘപരിവാറിന് ഭീകരാക്രമണങ്ങളുമായുള്ള ബന്ധം വെളിക്കുവന്നു. മാത്രവുമല്ല ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയതായും തെളിഞ്ഞു. ഇത്തരത്തില്‍ ഭീകരാക്രമണത്തിന്റെ പിന്നിലുള്ള സംഘപരിവാര്‍ ബന്ധം മറച്ചുവയ്ക്കാനാണ് നരേന്ദ്രമോഡിയുടെ കുപ്രസിദ്ധമായ "എല്ലാ മുസ്ളിങ്ങളും ഭീകരവാദികളല്ല എന്നാല്‍, ഭീകരവാദികളെല്ലാം മുസ്ളിങ്ങളാണ്'' എന്ന പ്രയോഗം ഉണ്ടായത്.

മെക്കാ മസ്ജിദിലെ സ്ഫോടനത്തിനു പിന്നിലുള്ള ആര്‍എസ്എസ് ബന്ധം വെളിപ്പെട്ടത് അജ്മീര്‍ സ്ഫോടനക്കേസില്‍ അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകരായ ദേവേന്ദ്ര ഗുപ്തയെയും ചന്ദ്രശേഖര്‍ പാട്ടിദാറിനെയും ഭീകരവിരുദ്ധ സ്ക്വാഡ് അറസ്റ്റ് ചെയ്തതോടെയാണ്. ഇന്ത്യയിലെ ഭീകരവാദ ആക്രമണങ്ങള്‍ക്കുപിന്നില്‍ വിദേശസഹായത്തോടെ പ്രവര്‍ത്തിക്കുന്ന മുസ്ളിം ഭീകരവാദികളുണ്ടെന്ന കാര്യത്തില്‍ സംശയമില്ല. മലേഗാവും അജ്മീറും ഹൈദരാബാദും മറിച്ചൊരു ചിത്രംകൂടിയാണ് ബോധ്യപ്പെടുത്തുന്നത്. എന്നാല്‍, പൊലീസും മറ്റ് അന്വേഷണ ഏജന്‍സികളും ഭീകരാക്രമണം നടത്തിയ കേന്ദ്രങ്ങളിലെല്ലാം മുന്‍വിധിയോടെ മുസ്ളിം ന്യൂനപക്ഷങ്ങള്‍ക്കെതിരായ നടപടികളെടുത്തു എന്ന ആക്ഷേപം മനുഷ്യാവകാശ കമീഷനടക്കം ഉയര്‍ത്തുന്നുണ്ട്.

മെക്കാ മസ്ജിദ് സംഭവം അതിന്റെ ഒന്നാംതരം ഉദാഹരണമാണ്. ഇതിന്റെയടിസ്ഥാനത്തില്‍ ഹൈദരാബാദ് സ്ഫോടനത്തെക്കുറിച്ചുള്ള പുനരന്വേഷണാവശ്യം ശക്തിപ്പെട്ടുകഴിഞ്ഞു.

ആന്ധ്രയിലെ കോണ്‍ഗ്രസ് ഗവമെന്റ് തീരുമാനമെടുക്കാന്‍ കഴിയാത്ത സന്ദിഗ്ധാവസ്ഥയിലാണ്. കാരണം സ്ഫോടനം നടന്ന് 5 മിനിറ്റുകള്‍ക്കകം ബംഗ്ളാദേശ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മുസ്ളിം സംഘടനയാണിതിന്റെ പിന്നിലെന്ന് കോണ്‍ഗ്രസ് ഗവമെന്റിന്റെ ഔദ്യോഗിക വക്താക്കള്‍ പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം ഹൈദരാബാദ് സന്ദര്‍ശിച്ച കേന്ദ്ര ആഭ്യന്തരമന്ത്രി ചിദംബരം മെക്കാ മസ്ജിദ് സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച രണ്ടുപേര്‍ കൊല്ലപ്പെട്ടതോടെ ഈ കേസിന്റെ തുടരന്വേഷണം മരവിച്ചതായി പറയുകയുണ്ടായി. പാകിസ്ഥാനില്‍ കൊല്ലപ്പെട്ട ഷഹീദ് ബിലാല്‍ ആണ് മക്കാ മസ്ജിദ് സ്ഫോടനത്തിന്റെ മുഖ്യശില്‍പ്പിയായി ആന്ധ്ര പൊലീസ് പ്രഖ്യാപിച്ചത്. കൂടാതെ ദക്ഷിണേന്ത്യയിലെ പല ഭീകരാക്രമണങ്ങളുടെയും പിന്നില്‍ ബിലാല്‍ ആണെന്ന് അവര്‍ പ്രചരിപ്പിച്ചു. മെക്കാ മസ്ജിദ് സ്ഫോടനത്തിനുശേഷം ഹൈദരാബാദിലെ ബിനി പാര്‍ക്കിലും ഗോകുല്‍ ചാട്ടിലും നടന്ന സ്ഫോടനങ്ങള്‍ പ്രതികാരപൂര്‍വം മുസ്ളിം തീവ്രവാദികള്‍ നടത്തിയതാണെന്ന് പൊലീസ് വിലയിരുത്തി. ഈ രണ്ടിടങ്ങളിലുമായി നടന്ന സ്ഫോടനങ്ങളില്‍ 43 പേരാണ് കൊല്ലപ്പെട്ടത്.

പുതിയ വെളിപ്പെടുത്തലോടെ മറ്റു ചില പ്രശ്നങ്ങള്‍കൂടി ഉയര്‍ന്നുവന്നിരിക്കയാണ്. അന്ന് ആന്ധ്രാ പൊലീസിന്റെ മുന്‍വിധിയോടെയുള്ള നടപടികളുടെ ഭാഗമായി നടന്ന നിയമവിരുദ്ധ അതിക്രമങ്ങളാണ് സജീവമായ ചര്‍ച്ചാ വിഷയമായിട്ടുള്ളത്. മോഡി മാതൃകയിലാണ് കോണ്‍ഗ്രസ് ഗവണ്മെന്റ് ഈ സ്ഫോടനക്കേസ് കൈകാര്യം ചെയ്തത്. അന്ന് സംശയിക്കപ്പെട്ട, 70 മുസ്ളിം ചെറുപ്പക്കാരെയാണ് പൊലീസ് കസ്റഡിയിലെടുത്തത്. കസ്റ്റഡിയിലെടുത്തവെര അതിഭീകരമായ മര്‍ദനത്തിനും പീഡനത്തിനുമിരയാക്കി. ഈ ക്രൂരമായ മൂന്നാം മുറക്കെതിരെ ആന്ധ്രയിലെ പൌരാവകാശ സംഘടനകളും ന്യൂനപക്ഷ കമീഷനും രംഗത്തു വന്നെങ്കിലും ഫലപ്രദമായ എന്തെങ്കിലും നടപടി ആന്ധ്രയിലെ കോണ്‍ഗ്രസ് ഗവണ്മെന്റ് കൈക്കൊണ്ടില്ല.

എന്നാല്‍, ഇപ്പോള്‍ വെളിപ്പെട്ട വസ്തുതകള്‍ സമൂഹത്തിന്റെ മുന്നില്‍ ചില ചോദ്യങ്ങളുയര്‍ത്തുന്നുണ്ട്. നിരപരാധികള്‍ക്കുനേരെ ആന്ധ്രയിലെ പൊലീസ് നടത്തിയ നിഷ്ഠുരതകള്‍ക്ക് പരിഹാരമെന്ത്? ശാരീരികമായ അവശതയുടെ പരിഹാരം മാത്രമല്ല- വ്യക്തികളെന്ന നിലയിലും സാമുദായികമായും സൃഷ്ടിച്ച മാനസികമായ മുറിപ്പാടുകള്‍ക്ക് പ്രതിവിധിയെന്ത്? നിയമവിരുദ്ധമായ കസ്റ്റഡി പീഡനത്തെക്കുറിച്ച് ആന്ധ്രയിലെ ന്യൂനപക്ഷ കമീഷന്‍, അഡ്വ. എല്‍ രവിചന്ദറിനെ അന്വേഷണ കമീഷനായി നിയോഗിച്ചിരുന്നു. കാമിനേനി ഹോസ്പിറ്റലിലെ ഫോറന്‍സിക് ഡിപ്പാര്‍ട്മെന്റ് തലവന്‍ ഡോ: മഹേന്ദര്‍ റെഡ്ഡിയോടൊപ്പമാണ് ഈ കമീഷന്‍ തെളിവെടുപ്പ് നടത്തിയത്. ആന്ധ്രയിലെ ചേരയ്യപ്പള്ളി ജയിലിലെത്തിയാണ് കമീഷന്‍ തെളിവെടുപ്പ് നടത്തിയത്. തങ്ങള്‍ ഇസ്ളാം മതത്തില്‍ വിശ്വസിച്ചു എന്ന ഒറ്റക്കാരണത്താലാണ് ഈ വിധം പീഡിപ്പിക്കപ്പെട്ടതെന്ന് തടവുകാരായ ചെറുപ്പക്കാര്‍തന്നെ കമീഷന് മൊഴിനല്‍കിയിരുന്നു. അവരുടെ മെഡിക്കല്‍ പരിശോധനയില്‍ മാനസികമായും ദിവസങ്ങളോളം പീഡിപ്പിച്ചതായി ബോധ്യപ്പെട്ടു. ശാരീരികമായ പീഡനം അതിനുപുറമെയാണ്. എല്ലാവരുടെയും കാല്‍വെള്ളയില്‍ മര്‍ദനംകൊണ്ടുള്ള പരിക്കുണ്ടായിരുന്നു. ചെവിയുടെ പുറത്ത് ഒരു സെ. മീ. വ്യാസത്തിലുള്ള മുറിപ്പാടുകള്‍ കമീഷനു കാണാന്‍ സാധിച്ചു. മാറിടത്തില്‍ മുലക്കണ്ണുകള്‍ക്കുചുറ്റും ഷോക്കേല്‍പ്പിക്കുന്നതിന് സൂചി കുത്തിക്കയറ്റിയ രണ്ടു മില്ലീമീറ്റര്‍ വ്യാസത്തിലുള്ള മുറിപ്പാടുകളുണ്ടായി. മാത്രവുമല്ല ഇവരെയെല്ലാം നാര്‍കോ പരിശോധനയ്ക്കും വിധേയരാക്കി.

ഇവയെല്ലാം പൊലീസ് കസ്റ്റഡിയില്‍ നടന്ന അതിക്രമങ്ങളായാണ് കമീഷന്‍ വിലയിരുത്തിയത്. ഇതുസംബന്ധിച്ച് കര്‍ശനമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ന്യൂനപക്ഷ കമീഷന്‍ സംസ്ഥാന ഗവമെന്റിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ഇവര്‍ക്കു നേരെ ക്രിമിനല്‍ ഗൂഢാലോചനയ്ക്കും ഭരണകൂടത്തിനു നേരെ യുദ്ധം നടത്തിയതിന്റെ പേരിലും കുറ്റമാരോപിച്ച് കേസെടുക്കുകയാണ് ആന്ധ്രയിലെ ഗവമെന്റ് ചെയ്തത്. നിരപരാധികളായ തങ്ങള്‍ക്കെതിരെ ഈ വിധം ആന്ധ്രയിലെ പൊലീസ് കേസെടുത്തതില്‍ പ്രതിഷേധിച്ച് ഗവമെന്റ് പ്രഖ്യാപിച്ച പീഡിതര്‍ക്കുള്ള നഷ്ടപരിഹാരത്തുക പോലും പലരും നിരസിക്കുകയാണുണ്ടായത്.

ഭീകരാക്രമണത്തിന്റെ പേരില്‍ ഇങ്ങനെ നിരപരാധികള്‍ പീഡിപ്പിക്കപ്പെട്ടത് മുഖ്യധാരാ മാധ്യമങ്ങള്‍ മറച്ചുവച്ചു എന്നതാണ് ഖേദകരമായ മറ്റൊരു വസ്തുത. ഭരണകൂടത്തിന്റെ വിവിധ തലങ്ങളിലെന്നതുപോലെ മുഖ്യധാര മാധ്യമങ്ങളിലും ഹിന്ദു വര്‍ഗീയതയുടെ വക്താക്കള്‍ സ്വാധീനിക്കുന്നുണ്ട് എന്നതാണ് ഇത് വ്യക്തമാക്കുന്നത്. അതോടൊപ്പം വിവിധ മതങ്ങളിലെ ഭീകരവാദം ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തിന് വലിയ മുറിപ്പാടാണ് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്. വിദേശ സാമ്പത്തിക സഹായത്തോടുകൂടി നടത്തുന്ന ഭീകരാക്രമണങ്ങള്‍ ഇന്ത്യയുടെ ഐക്യത്തെ ശിഥിലീകരിക്കുന്നവയാണ്. അതില്‍ ഇസ്ളാം ഭീകരതയെന്നോ ഹിന്ദു ഭീകരതയെന്നോ വ്യത്യാസമില്ല. ഭീകരവാദികള്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സഹായത്തിന്റെ സ്രോതസ്സുകള്‍ ഭരണകൂടത്തിന് കണ്ടെത്താന്‍ കഴിയുന്നില്ല.

2004 ഫെബ്രുവരി 26ന് ലണ്ടനിലെ പ്രഭുസഭയില്‍ അമ്പരപ്പിക്കുന്ന ഒരു റിപ്പോര്‍ട്ട് പരിഗണിക്കുകയുണ്ടായി. ലണ്ടന്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സൌത്ത് ഏഷ്യന്‍ വാച്ച് എന്ന മതനിരപേക്ഷ സംഘടനയാണ് ഈ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. ബ്രിട്ടീഷ് പൌരന്മാരില്‍നിന്ന് ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെ പേരില്‍ വന്‍ സംഭാവനകള്‍ പിരിക്കുന്നുവെന്നും അത് ഇന്ത്യയിലെ സംഘപരിവാര്‍ സംഘടനകള്‍ ന്യൂനപക്ഷ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നു എന്നുമുള്ള റിപ്പോര്‍ട്ടായിരുന്നു അത്. 1999ലെ ഒറീസ ചുഴലി കൊടുങ്കാറ്റിന്റെ പേരിലും 2001ലെ ഗുജറാത്ത് ഭൂകമ്പത്തിന്റെ പേരിലും ബ്രിട്ടനിലെ സംഘപരിവാര്‍ സംഘടനകള്‍ വഴി ലക്ഷക്കണക്കിന് പൌണ്ടാണ് പിരിച്ചെടുത്തത്. യുകെയിലുള്ള സേവാ ഇന്റര്‍നാഷണല്‍ വഴി 20 ലക്ഷം പൌണ്ട് (16 കോടി രൂപ) സംഘപരിവാര്‍ സംഘടനയായ സേവാ ഭാരതിക്ക് നല്‍കുകയുണ്ടായെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഇന്ത്യയിലെ മതന്യൂനപക്ഷ സംഘടനകള്‍ക്ക് വിദേശഫണ്ട് വരുന്നു എന്നാക്ഷേപിക്കുന്ന സംഘപരിവാറാണ് ഇങ്ങനെ ഫണ്ട് വാങ്ങിയതെന്ന് റിപ്പോര്‍ട്ട് കുറ്റപ്പെടുത്തുന്നുണ്ട്. ഇങ്ങനെ ലഭിക്കുന്ന പണം ഉപയോഗിച്ച് മതന്യൂനപക്ഷങ്ങള്‍ക്കെതിരായ കലാപം നടത്തുന്നതിനാണ് ഉപയോഗിക്കുന്നതെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. രണ്ടായിരത്തിലധികം ആളുകള്‍ കൊല്ലപ്പെടുകയും രണ്ട് ലക്ഷത്തില്‍പരം പേര്‍ പലായനം ചെയ്തതുമായ ഗുജറാത്ത് കലാപം ഈ ഫണ്ട് പിരിവിനുശേഷം 3 വര്‍ഷം കഴിഞ്ഞാണെന്നു കൂടി ഓര്‍ക്കേണ്ടതുണ്ട്. ഈ ഫണ്ടില്‍ ഏറിയ പങ്കും ചെലവഴിച്ചത് ആര്‍എസ്എസ് ഇന്ത്യയില്‍ നടത്തുന്ന സ്കുളുകള്‍ക്കുവേണ്ടിയാണ്. ഒന്നുമറിയാത്ത കുഞ്ഞുങ്ങളില്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിരോധം കുത്തിക്കയറ്റുന്നതിനാണ് ഈ വിദ്യാലയങ്ങളിലെ പാഠ്യപദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. ന്യൂനപക്ഷ വിരുദ്ധ കലാപങ്ങള്‍ക്ക് സംഘപരിവാര്‍ ആശ്രയിക്കുന്ന വനവാസി കല്ല്യാണ്‍ ആശ്രം എന്ന സംഘടനയ്ക്കും ഫണ്ട് ലഭിക്കുകയുണ്ടായി.

ചുരുക്കത്തില്‍ ഇന്ത്യയിലെ വര്‍ഗീയ കൂട്ടക്കൊലകള്‍ക്കും ഭീകരാക്രമണങ്ങള്‍ക്കും പിന്നില്‍ വിദേശ സാമ്പത്തിക സഹായം പ്രയോജനപ്പെടുത്തുന്നുണ്ട്. ഇന്ത്യയിലെ ഭീകരാക്രമണങ്ങള്‍ വിവിധ മതഭീകര ഗ്രൂപ്പുകളുടെ ആസൂത്രണത്തിന്റെ ഭാഗമായി സൃഷ്ടിക്കപ്പെടുന്നതാണെന്ന് ഒരിക്കല്‍ക്കൂടി തെളിഞ്ഞിരിക്കുന്നു. ഭീകരാക്രമണത്തിന് ഉത്തരവാദികള്‍ ഏതെങ്കിലും ഒരു സമുദായത്തില്‍പെട്ടവരാണെന്ന് മുന്‍വിധിയോടെ പ്രഖ്യാപിക്കുന്ന ഭരണാധികാരികള്‍ക്ക് താക്കീതാണ് മെക്കാ മസ്ജിദ് സ്ഫോടനം സംബന്ധിച്ച് വെളിപ്പെട്ട പുതിയ വസ്തുതകള്‍.

പി ജയരാജന്‍ ദേശാഭിമാനി 20052010

1 comment:

  1. പതിനേഴാം നൂറ്റാണ്ടില്‍ നിര്‍മിച്ച മുസ്ളിം ആരാധനാലയമാണ് ഹൈദരാബാദ് മെക്കാ മസ്ജിദ്. 2007 മെയ് 18ന് നടന്ന മെക്കാ മസ്ജിദ് സ്ഫോടനത്തിനു പിന്നിലുള്ളവരെക്കുറിച്ച് മൂന്നുവര്‍ഷം പിന്നിടുമ്പോള്‍ പുതിയ വിവരങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. രാജസ്ഥാനിലെ അജ്മീര്‍ ദര്‍ഗയില്‍ 2007 ഒക്ടോബര്‍ 11ന് നടന്ന സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച സംഘപരിവാര്‍തന്നെയാണ് ഹൈദരാബാദിലെ മെക്കാ മസ്ജിദിലെ സ്ഫോടനത്തിനു പിന്നിലും എന്നാണ് പുതിയ കണ്ടെത്തല്‍. അജ്മീരില്‍ മൂന്നുപേരും ഹൈദരാബാദില്‍ 9 പേരുമാണ് സ്ഫോടനത്തില്‍ കൊല്ലപ്പെട്ടത്. മെക്കാ മസ്ജിദിലെ സ്ഫോടനത്തിന്റെ തുടര്‍ച്ചയായി അവിടെ തടിച്ചുകൂടിയ മുസ്ളിം ബഹുജനങ്ങള്‍ക്കു നേരെ പൊലീസ് നടത്തിയ വെടിവയ്പില്‍ 5 പേര്‍ കൂടി കൊല്ലപ്പെട്ടിരുന്നു. 2008ല്‍ മഹാരാഷ്ട്രയിലെ മലേഗാവില്‍ നടന്ന സ്ഫോടനത്തില്‍ 6 പേര്‍ കൊല്ലപ്പെടുകയുണ്ടായി. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലൂടെയാണ് അഭിനവ് ഭാരത് എന്ന ഹിന്ദുത്വ ഭീകര സംഘടനയുടെ പേര് സമൂഹത്തിന്റെ മുന്നിലെത്തിയത്. അതിന്റെ ഭാഗമായി ഭീകരവിരുദ്ധ സ്ക്വാഡ്, അഭിനവ് ഭാരതത്തിന്റെ നേതാക്കളായ കേണല്‍ പുരോഹിതിനെയും സാധ്വി പ്രജ്ഞാസിങ് ഠാക്കൂറിനെയും അറസ്റ്റ് ചെയ്യുകയുണ്ടായി. ഇതോടെ സംഘപരിവാറിന് ഭീകരാക്രമണങ്ങളുമായുള്ള ബന്ധം വെളിക്കുവന്നു. മാത്രവുമല്ല ഭീകരാക്രമണത്തിന് ഇന്ത്യന്‍ സൈന്യത്തിന്റെ ആയുധങ്ങളും സാങ്കേതികവിദ്യയും ഉപയോഗപ്പെടുത്തിയതായും തെളിഞ്ഞു. ഇത്തരത്തില്‍ ഭീകരാക്രമണത്തിന്റെ പിന്നിലുള്ള സംഘപരിവാര്‍ ബന്ധം മറച്ചുവയ്ക്കാനാണ് നരേന്ദ്രമോഡിയുടെ കുപ്രസിദ്ധമായ "എല്ലാ മുസ്ളിങ്ങളും ഭീകരവാദികളല്ല എന്നാല്‍, ഭീകരവാദികളെല്ലാം മുസ്ളിങ്ങളാണ്'' എന്ന പ്രയോഗം ഉണ്ടായത്.

    ReplyDelete