Thursday, June 3, 2010

സമവായവും അവതാളത്തില്‍; കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

സംഘടനാതെരഞ്ഞെടുപ്പ് ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ സമവായത്തിലൂടെ കെപിസിസി അംഗങ്ങളെ നിശ്ചയിക്കാനുള്ള നീക്കം അവതാളത്തില്‍. ഒപ്പം നേതാക്കള്‍ പരസ്യ ഏറ്റുമുട്ടലിലും. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാകുമെന്ന് ഉറപ്പില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് റിട്ടേണിങ് ഓഫീസര്‍ വന്നതിനാല്‍ രമേശിന് പ്രസിഡന്റിന്റെ അധികാരമില്ലെന്നും പി സി ചാക്കോ അഭിപ്രായപ്പെട്ടത് എതിര്‍ക്യാമ്പിനെ പ്രകോപിപ്പിച്ചു. ചാക്കോയ്ക്ക് മറുപടിയില്ലെന്ന് ചെന്നിത്തല പറഞ്ഞതിനു പിന്നാലെ കെ സുധാകരനും കെ സി വേണുഗോപാലും ചാക്കോ അച്ചടക്കം ലംഘിച്ചെന്നും സമനില തെറ്റിയെന്നും ആരോപിച്ചു. അച്ചടക്കലംഘനമാണെങ്കില്‍ നടപടിയെടുക്കൂ എന്ന വെല്ലുവിളിയുമായി ചാക്കോ തിരിച്ചടിച്ചു.

ചെന്നിത്തല തന്നെ പ്രസിഡന്റാകുമെന്ന് വയലാര്‍ രവി പറഞ്ഞതിനെ ചോദ്യം ചെയ്താണ് ചാക്കോ ബുധനാഴ്ച രംഗത്തുവന്നത്. കെപിസിസി അംഗങ്ങളുടെ ലിസ്റ്റ് പൂര്‍ത്തിയാക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് പരസ്യപൊട്ടിത്തെറിക്ക് ഇടയാക്കിയത്. 280 ബ്ളോക്കില്‍നിന്ന് ഓരോന്നുവീതം 280 കെപിസിസി അംഗങ്ങളുടെ ലിസ്റ്റാണ് ജില്ലകളില്‍നിന്ന് ഇന്ദിരാഭവനില്‍ എത്തിയത്. പക്ഷേ, പ്രതിഷേധം കാരണം പട്ടികയ്ക്ക് അന്തിമരൂപം നല്‍കാനാകുന്നില്ല. കെ കരുണാകരന്‍, പി സി ചാക്കോ, വി എം സുധീരന്‍, മുല്ലപ്പള്ളി രാമചന്ദ്രന്‍, കെ വി തോമസ്, ടി എച്ച് മുസ്തഫ തുടങ്ങിയവരെല്ലാം ശക്തമായ എതിര്‍പ്പിലാണ്. കരുണാകരന്റെ പരാതി പരിഗണിച്ച് അര്‍ഹമായ പരിഹാരം കാണാമെന്ന് റിട്ടേണിങ് ഓഫീസര്‍ കൃഷ്ണസ്വാമി ഉറപ്പു നല്‍കിയ സാഹചര്യത്തില്‍ ജില്ലകളില്‍നിന്ന് വന്ന പട്ടികയില്‍ മാറ്റം വരും. സംസ്ഥാനതലത്തില്‍ സമവായം ഉണ്ടായാലേ പട്ടികയ്ക്ക് അംഗീകാരമാകൂ.

ഡിസിസി ഭാരവാഹികളെ പൊതുസമ്മതത്തിലൂടെ നിശ്ചയിക്കാനുള്ള നീക്കവും തടസ്സപ്പെട്ടു. കൊല്ലം ജില്ലയിലെ കെപിസിസി അംഗങ്ങളായിരുന്ന കൊടിക്കുന്നില്‍ സുരേഷ്, പി സി വിഷ്ണുനാഥ്, രാജ്മോഹന്‍ ഉണ്ണിത്താന്‍ എന്നിവര്‍ ജില്ലാ ലിസ്റ്റിലില്ല. പത്മജയെ എറണാകുളത്തെ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയെങ്കിലും കെപിസിസി വൈസ് പ്രസിഡന്റായ പീതാംബരക്കുറുപ്പ് എംപി കൊല്ലത്തെ ലിസ്റ്റിലില്ല. ശശി തരൂരും പുറത്താണ്. 280 കെപിസിസി അംഗങ്ങളെ നിശ്ചയിച്ചാല്‍ അതിന്റെ പത്തുശതമാനമായ 28 പേരെ നോമിനേറ്റ് ചെയ്യാം. ജില്ലകളില്‍ നിന്ന് വന്ന ലിസ്റ്റ് പ്രകാരമാണെങ്കില്‍ ഒരുഗ്രൂപ്പിനും ഒറ്റയ്ക്ക് ഭൂരിപക്ഷമില്ല. എന്നാല്‍, ചെന്നിത്തലയും വയലാര്‍ രവിയും ചേര്‍ന്ന വിശാല ഐ ഗ്രൂപ്പിനാണ് മുന്‍കൈ. പക്ഷേ, ഉമ്മന്‍ചാണ്ടി നയിക്കുന്ന എ ഗ്രൂപ്പിനൊപ്പം കരുണാകരപക്ഷവും മറ്റുവിഭാഗങ്ങളും കൈകോര്‍ത്താല്‍ ചെന്നിത്തല പുറത്താകും.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് പ്രദേശ് കോണ്‍ഗ്രസ് റിട്ടേണിങ് ഓഫീസര്‍ വന്നാല്‍ കോണ്‍ഗ്രസ് ഭരണഘടനപ്രകാരം നിലവിലുള്ള കെപിസിസിക്കും പ്രസിഡന്റിനും അധികാരമില്ലാതെയാകുമെന്നത് കെ കരുണാകരനാണ് ആദ്യം ചൂണ്ടിക്കാട്ടിയത്. സമവായചര്‍ച്ചകള്‍ക്കെത്തിയ നേതാക്കളോട് കരുണാകരന്‍ ഇത് സൂചിപ്പിച്ചിരുന്നു. ഇത് പരസ്യമായി പറയുകയാണ് ചാക്കോ ചെയ്തത്. യൂത്ത്കോണ്‍ഗ്രസില്‍ സംഘടനാതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ സംസ്ഥാനകമ്മിറ്റിയെയും പ്രസിഡന്റിനെയും പിരിച്ചുവിട്ടു. അത് കോണ്‍ഗ്രസിലും വേണമെന്ന ആവശ്യം ചെന്നിത്തലക്കെതിരെ ഉയരുന്നുണ്ട്. ബൂത്ത്-മണ്ഡലം-ബ്ളോക്ക് ഭാരവാഹികളെ നിശ്ചയിക്കുന്നതിന് മാനദണ്ഡമാക്കിയത് പൊതുവില്‍ തല്‍സ്ഥിതി തുടരുകയെന്ന ഫോര്‍മുലയാണ്. ഇത് ജില്ലകളില്‍ ആവര്‍ത്തിച്ചാല്‍ നിലവിലുള്ള ഡിസിസി പ്രസിഡന്റുമാരെ ഒഴിവാക്കാന്‍ കഴിയാതെ വരും. അല്ലെങ്കില്‍ മാറുന്ന ഡിസിസി ഭാരവാഹികളെ പിസിസി ഭാരവാഹികളാക്കേണ്ടി വരും. ഈ രീതിയോട് കോണ്‍ഗ്രസില്‍ കടുത്ത അസംതൃപ്തിയാണ്. അവരുടെ പിന്തുണകൂടി പ്രതീക്ഷിച്ചാണ് ചാക്കോ പരസ്യമായി രംഗത്തുവന്നത്. ഉമ്മന്‍ചാണ്ടി വിഭാഗവും കെ മുരളീധരനെ അനുകൂലിക്കുന്നവരും ചാക്കോയെ പിന്താങ്ങുന്നുണ്ട്.
(ആര്‍ എസ് ബാബു)

ചെന്നിത്തലയെ ഒരു ഡസന്‍ നേതാക്കള്‍പോലും പിന്തുണയ്ക്കുന്നില്ല:പി സി ചാക്കോ

കൊച്ചി: കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തലയ്ക്ക് ഒരു ഡസന്‍ നേതാക്കളുടെപോലും പിന്തുണയില്ലെന്ന് കോണ്‍ഗ്രസ് നേതാവ് പി സി ചാക്കോ. എഐസിസി നോമിനിയായതുകൊണ്ടുമാത്രമാണ് അദ്ദേഹത്തെ അംഗീകരിക്കുന്നതെന്നും പി സി ചാക്കോ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പില്‍ സമവായമല്ല തിരുവനന്തപുരത്തുനിന്നുള്ള എഴുതിചേര്‍ക്കലാണ് നടക്കുന്നത്. പ്രവര്‍ത്തകരെ കൂട്ടിയിരുത്തി സമവായചര്‍ച്ച കേരളത്തിലെ ഒരു ബൂത്തിലും നടത്തിയിട്ടില്ല. സംഘടനാ തെരഞ്ഞെടുപ്പ് സമയത്ത് കെപിസിസി അധ്യക്ഷന് സമവായത്തെപ്പറ്റി പറയാന്‍ അധികാരമില്ലെന്ന പ്രസ്താവനില്‍ ഉറച്ചുനില്‍ക്കുന്നു. കോണ്‍ഗ്രസില്‍ ആര്‍ക്കും അഭിപ്രായം പറയാന്‍ അധികാരമുണ്ട്. അച്ചടക്കം ലംഘിച്ചുവെങ്കില്‍ നടപടിയെടുക്കണം- ചാക്കോ വെല്ലുവിളിച്ചു. അതിരപ്പിള്ളി പദ്ധതി സംബന്ധിച്ച് കോണ്‍ഗ്രസ് അഭിപ്രായം രൂപീകരിക്കാതെയാണ് ചെന്നിത്തല അഭിപ്രായം പറഞ്ഞത്-ചാക്കോ പറഞ്ഞു.

പി സി ചാക്കോയ്ക്ക് സമനില തെറ്റിയെന്ന് സുധാകരനും വേണുഗോപാലും

രമേശ് ചെന്നിത്തലയെ വിമര്‍ശിച്ച പി സി ചാക്കോയ്ക്ക് സമനില തെറ്റിയെന്ന് കോണ്‍ഗ്രസ് നേതാക്കളായ കെ സുധാകരനും കെ സി വേണുഗോപാലും. ചാക്കോയ്ക്ക് ഹിഡന്‍ അജണ്ടയാണുള്ളത്. ചെന്നിത്തലക്കെതിരായ പ്രസ്താവന കോണ്‍ഗ്രസ് സംസ്കാരത്തിനും ഭരണഘടനക്കും വിരുദ്ധമാണ്. തുടര്‍ച്ചയായി അച്ചടക്കം ലംഘിക്കുകയാണ് ചാക്കോ. ഇത് വച്ചുപൊറുപ്പിക്കരുത്. ചോറിങ്ങും കൂറങ്ങുമെന്ന സമീപനമാണ് അദ്ദേഹത്തിന് എപ്പോഴും- ഇരുവരും പറഞ്ഞു.

ചെന്നിത്തലയ്ക്ക് പ്രസ്താവന നടത്താമെന്ന് വയലാര്‍ രവി

സംഘടനാ തെരഞ്ഞെടുപ്പു സംബന്ധിച്ച് രമേശ് ചെന്നിത്തല പ്രസ്താവന നടത്തരുതെന്ന പി സി ചാക്കോയുടെ വാദത്തിന് എതിര്‍വാദവുമായി വയലാര്‍ രവി. പുതിയ കെപിസിസി പ്രസിഡന്റിനെ തെരഞ്ഞെടുക്കുംവരെ രമേശ് ചെന്നിത്തലയാണ് പ്രസിഡന്റ്. അദ്ദേഹത്തിന് പ്രസ്താവന നടത്താന്‍ അവകാശവും അധികാരവും ഉണ്ടെന്ന് വയലാര്‍ രവി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കെപിസിസി അംഗങ്ങളുടെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയായാല്‍ എഐസിസി പുതിയ പ്രസിഡന്റിനെ നിര്‍ദേശിക്കും. അതുവരെ പാര്‍ടിയെ നയിക്കാന്‍ ചെന്നിത്തലയ്ക്ക് അവകാശമുണ്ട്. മുരളി പ്രശ്നം ഉടന്‍ തീരും. പൊതുതീരുമാനത്തിനുള്ള കാലതാമസമാണുള്ളത്. പാര്‍ടിയിലെ ഗ്രൂപ്പ് സ്വാഭാവികം. ഞാന്‍ ഗ്രൂപ്പിനെ നയിക്കുന്നില്ല. ഗ്രൂപ്പ് നേതാവാകാന്‍ ആഗ്രഹവുമില്ല.

ദേശാഭിമാനി 03062010

1 comment:

  1. സംഘടനാതെരഞ്ഞെടുപ്പ് ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ സമവായത്തിലൂടെ കെപിസിസി അംഗങ്ങളെ നിശ്ചയിക്കാനുള്ള നീക്കം അവതാളത്തില്‍. ഒപ്പം നേതാക്കള്‍ പരസ്യ ഏറ്റുമുട്ടലിലും. രമേശ് ചെന്നിത്തല കെപിസിസി പ്രസിഡന്റാകുമെന്ന് ഉറപ്പില്ലെന്നും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച് റിട്ടേണിങ് ഓഫീസര്‍ വന്നതിനാല്‍ രമേശിന് പ്രസിഡന്റിന്റെ അധികാരമില്ലെന്നും പി സി ചാക്കോ അഭിപ്രായപ്പെട്ടത് എതിര്‍ക്യാമ്പിനെ പ്രകോപിപ്പിച്ചു. ചാക്കോയ്ക്ക് മറുപടിയില്ലെന്ന് ചെന്നിത്തല പറഞ്ഞതിനു പിന്നാലെ കെ സുധാകരനും കെ സി വേണുഗോപാലും ചാക്കോ അച്ചടക്കം ലംഘിച്ചെന്നും സമനില തെറ്റിയെന്നും ആരോപിച്ചു. അച്ചടക്കലംഘനമാണെങ്കില്‍ നടപടിയെടുക്കൂ എന്ന വെല്ലുവിളിയുമായി ചാക്കോ തിരിച്ചടിച്ചു.

    ReplyDelete