സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി. ഇ പി ജയരാജന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ- സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടതിലൂടെ ഭരണഘടനയുടെയും നിയമസഭാ നടപടി ക്രമങ്ങളുടെയും ലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് സഭയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇ പി ജയരാജന്‍ പറഞ്ഞു.
ബോര്‍ഡുകളുടെയും കോര്‍പറേഷനുകളുടെ വിഭജനത്തി ന് ശേഷവും പണിയില്ലാതെ നടക്കുന്ന ഭരണകക്ഷി നേതാക്കളെ കുടിയിരുത്താനാണ് സഹകരണബാങ്ക് ഭരണസമിതികളിലേക്ക് പിന്‍വാതിലിലൂടെ തിരുകിക്കയറ്റുന്നത്. അടുത്തൊന്നും നിയമസഭ നടക്കാനിടയില്ലെങ്കിലും മറ്റ് മാര്‍ഗങ്ങളില്ലെങ്കിലും അടിയന്തര സാഹചര്യങ്ങളില്‍ മാത്രമേ ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാവൂ. ഈ ചട്ടം മറികടന്ന് സഭ ചേരുന്നതിന് തൊട്ട് മുമ്പ് ഒരു അടിയന്തര സാഹചര്യവുമില്ലാതെയാണ് ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചത്. കേന്ദ്രം പാസാക്കിയ 93-ാം ഭരണഘടനാ ഭേദഗതി അനുസരിച്ച് സംഘങ്ങളുടെ ഭരണസമിതി കാലാവധി അഞ്ചുവര്‍ഷമാണ്. ഭേദഗതി നിയമത്തില്‍ രാഷ്ട്രപതി ഒപ്പുവച്ച് ഒരുമാസം തികയുന്നതിനുമുമ്പാണ് കാലാവധി പൂര്‍ത്തിയാകാത്ത ഭരണസമിതികള്‍ പിരിച്ചുവട്ടത്. ഇതിന് മുമ്പ് കാര്‍ഷികവികസന ബാങ്ക് ഭരണം പിടിച്ചെടുത്തതും ഇതേ മാതൃകയിലാണ്.
നിയമപരവും ജനാധിപത്യപരവുമായ തെരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിച്ച് നാമനിര്‍ദേശം എന്ന ജനാധിപത്യ വിരുദ്ധ നടപടിയാണ് വെറും രണ്ട് അംഗങ്ങളുടെ ഭൂരിപക്ഷം എന്ന അഹന്ത ഉപയോഗിച്ച് സര്‍ക്കാര്‍ ചെയ്യുന്നത്. കടലാസ് സംഘങ്ങളെ ഉപയോഗിച്ച് ഭരണം പിടിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ജില്ലാ സഹകരണബാങ്കുകളില്‍ അഫിലിയേറ്റ് ചെയ്തിരുന്ന 1130 സംഘങ്ങളില്‍ 766ഉം കടലാസ് സംഘങ്ങളാണ്. കഴിഞ്ഞ യുഡിഎഫ് ഭരണകാലത്ത് ജോയിന്റ് രജിസ്റ്റാര്‍മാരെ ഉപയോഗിച്ച് കടലാസ് സംഘങ്ങളുണ്ടാക്കിയാണ് ജില്ലാ ബാങ്ക് ഭരണം പിടിച്ചെടുത്തത്. തുടര്‍ന്ന് അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാര്‍ ഈ തെറ്റ് തിരുത്തുകയും സഹകരണനിയമം അനുസരിച്ച് അര്‍ബന്‍ബാങ്കുകളെയും സര്‍വീസ് ബാങ്കുകളെയും വായ്പാ സംഘങ്ങളെയും മാത്രം അംഗങ്ങളാക്കി പുനഃസംഘടിപ്പിക്കുകയുംചെയ്തു. എ കെ ആന്റണി മുഖ്യമന്ത്രിയായിരിക്കെ നിയോഗിച്ച സമിതിയുടെ ശുപാര്‍ശ അംഗീകരിച്ചുകൊണ്ടാണിത് ചെയ്തത്. ഇത് നിയമവിരുദ്ധമാണെന്ന് പ്രചരിപ്പിക്കുന്ന മുഖ്യമന്ത്രി രാഷ്ട്രീയ സങ്കുചിത താല്‍പ്പര്യംവച്ച് സഹകരണസ്ഥാപനങ്ങളെ തകര്‍ക്കുകയാണ്. സഹകരണമേഖലയെ തകര്‍ക്കുന്ന വൈദ്യനാഥന്‍ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പാക്കി സ്വകാര്യബാങ്കിങ് മേഖലയ്ക്ക് നിക്ഷേപം കൈക്കലാക്കാന്‍ ഒത്താശ ചെയ്യുകയാണ്. ഈ ശ്രമങ്ങള്‍ക്ക് കൂട്ടുനില്‍ക്കുന്നതാണ് ഓര്‍ഡിനന്‍സ് എന്നും ഇ പി പറഞ്ഞു.
കടലാസ് സംഘങ്ങളെ ഉപയോഗിച്ച് ഭരണം പിടിക്കാന്‍ ശ്രമിക്കുന്നുവെന്ന ആക്ഷേപം ശരിയല്ലെന്നും 2007ല്‍ എല്‍ഡിഎഫ് ചെയ്ത തെറ്റ് തിരുത്തുകയാണെന്നും സഹകരണമന്ത്രി ആവര്‍ത്തിച്ചു. മന്ത്രിയുടെ മറുപടിയില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭ വിട്ടു. സഹകരണമന്ത്രി ആരുടേയൊ സമ്മര്‍ദത്തിന് വഴങ്ങിയാണ് ഇങ്ങനെ പ്രവര്‍ത്തിക്കുന്നതെന്ന് ഇറങ്ങിപ്പോക്കിനുമുമ്പ് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു.
പിരിച്ചുവിട്ട ജില്ലാ ബാങ്കുകള്‍ ഭരിക്കാന്‍ ഉദ്യോഗസ്ഥര്‍ മതി
കൊച്ചി: പിരിച്ചുവിട്ട ജില്ലാ സഹകരണബാങ്കുകളുടെ ഭരണത്തിന് ഉദ്യോഗസ്ഥര്‍മാത്രം ഉള്‍പ്പെടുന്ന ഭരണസമിതി രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടു. സഹകരണസംഘം ജോയിന്റ് രജിസ്ട്രാറില്‍ കുറയാത്ത പദവിയിലുള്ളവരാവണം ഭരണസമിതിയെന്നും ജസ്റ്റിസുമാരായ സി എന്‍ രാമചന്ദ്രന്‍നായര്‍ , ബാബു മാത്യു പി ജോസഫ് എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു. ഭരണസമിതിയില്‍ രാഷ്ട്രീയക്കാര്‍ പാടില്ലെന്നും അഴിമതിയാരോപണങ്ങളുള്ള ഉദ്യോഗസ്ഥരെ ഒഴിവാക്കണമെന്നും ഡിവിഷന്‍ ബെഞ്ച് പ്രത്യേകം നിഷ്കര്‍ഷിച്ചു. ആവശ്യമെങ്കില്‍ മറ്റു വകുപ്പിലെ ഉദ്യോഗസ്ഥരെ നിയമിക്കാം. സംസ്ഥാന സഹകരണബാങ്കില്‍ ഗവണ്‍മെന്റ് സെക്രട്ടറി റാങ്കിലുള്ള ഉദ്യോഗസ്ഥനെ നിയമിക്കണമെന്നും നിര്‍ദേശമുണ്ട്.
സഹകരണ ഓര്‍ഡിനന്‍സ് സ്റ്റേചെയ്യാന്‍ വിസമ്മതിച്ച സിംഗിള്‍ ബെഞ്ച് വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ ഹര്‍ജികളാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. എന്തുകൊണ്ട് സഹകരണ ഓര്‍ഡിനന്‍സ് സര്‍ക്കാര്‍ നിയമമാക്കിയില്ലെന്ന് കോടതി ആരാഞ്ഞു. വോട്ടിങ് അധികാരമുള്ള പ്രാഥമിക സഹകരണസംഘങ്ങളെ ജില്ലാ ബാങ്ക് ഭരണസമിതിയില്‍നിന്ന് ഒഴിവാക്കിയതിന്റെ പിന്നിലെ ഉദ്ദേശ്യമെന്തെന്നും കോടതി ചോദിച്ചു. കൂടുതല്‍ ജനാധിപത്യപരമാക്കുന്നതിനാണ് പുതിയ ഓര്‍ഡിനന്‍സ് എന്ന വാദം പൊള്ളയാണെന്നും 2008നു ശേഷമുള്ള പ്രാഥമികസംഘങ്ങളെ ഒഴിവാക്കിയതില്‍നിന്ന് സര്‍ക്കാരിന്റെ പ്രവൃത്തി നീതീകരിക്കത്തക്കതല്ലെന്നും ഇടുക്കി, തൃശൂര്‍ , പത്തനംതിട്ട ജില്ലാ ബാങ്ക് മുന്‍ ഭരണസമിതിക്കുവേണ്ടി ഹാജരായ അഡ്വ. പി സി ശശിധരന്‍ വാദിച്ചു. ഭരണകക്ഷിഅംഗങ്ങളെ ഉള്‍പ്പെടുത്തി അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റികള്‍ രൂപീകരിക്കാനാണ് സര്‍ക്കാര്‍ ശ്രമമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
കോടിക്കണക്കിനു രൂപയുടെ ഫണ്ട് കൈകാര്യംചെയ്യുന്ന ജില്ലാബാങ്ക് ഒരു ഉദ്യോഗസ്ഥന്റെ ഭരണത്തിനു കീഴിലാക്കിയ സര്‍ക്കാര്‍നടപടി നീതീകരികരിക്കാനാവില്ലെന്ന് എറണാകുളം ജില്ലാബാങ്ക് ഭരണസമിതിക്കുവേണ്ടി ഹാജരായ അഡ്വ. എം എം മോനായി വാദിച്ചു. മുതിര്‍ന്ന അഭിഭാഷകരായ ടി എം മുഹമ്മദ് യൂസഫ്, കെ രാംകുമാര്‍ , അഡ്വ. തോമസ് എബ്രഹാം എന്നിവരും സര്‍ക്കാരിന്റെ രാഷ്ട്രീയ ഇടപെടല്‍ ചൂണ്ടിക്കാട്ടി. അടിമുടി അഴിമതിനിറഞ്ഞ ഉദ്യോഗസ്ഥശൃംഖലയെബാങ്കുകളുടെ ഭരണം ഏല്‍പ്പിക്കുന്നത് ഉചിതമല്ലെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
deshabhimani 090312
സംസ്ഥാന-ജില്ലാ സഹകരണ ബാങ്കുകളുടെ തെരഞ്ഞെടുക്കപ്പെട്ട ഭരണസമിതി പിരിച്ചുവിട്ട് അഡ്മിനിസ്ട്രേറ്റീവ് ഭരണം ഏര്‍പ്പെടുത്തിയ ഓര്‍ഡിനന്‍സ് പിന്‍വലിക്കാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയില്‍നിന്നും ഇറങ്ങിപ്പോയി. ഇ പി ജയരാജന്‍ അവതരിപ്പിച്ച ശ്രദ്ധക്ഷണിക്കലിന് സഹകരണമന്ത്രി സി എന്‍ ബാലകൃഷ്ണന്‍ നല്‍കിയ മറുപടി തൃപ്തികരമല്ലാത്തതില്‍ പ്രതിഷേധിച്ചാണ് പ്രതിപക്ഷം സഭ വിട്ടത്. നല്ലനിലയില്‍ പ്രവര്‍ത്തിക്കുന്ന ജില്ലാ- സംസ്ഥാന സഹകരണ ബാങ്ക് ഭരണസമിതികള്‍ പിരിച്ചുവിട്ടതിലൂടെ ഭരണഘടനയുടെയും നിയമസഭാ നടപടി ക്രമങ്ങളുടെയും ലംഘനമാണ് സര്‍ക്കാര്‍ നടത്തിയതെന്ന് സഭയുടെ ശ്രദ്ധ ക്ഷണിച്ചുകൊണ്ട് ഇ പി ജയരാജന്‍ പറഞ്ഞു.
ReplyDelete