Tuesday, November 1, 2011

സിന്‍ഡിക്കറ്റിനെ പിരിച്ചുവിട്ട് എംജിയിലെ പരിഷ്കാരങ്ങള്‍ അട്ടിമറിക്കാന്‍ സര്‍ക്കാര്‍ ശ്രമം

എംജി സര്‍വകലാശാല ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന മാതൃകാ പരിഷ്ക്കാരങ്ങള്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢനീക്കം. 2015 മാര്‍ച്ചുവരെ കാലാവധിയുള്ള സിന്‍ഡിക്കറ്റിനെ നിയമവിരുദ്ധമായി പിരിച്ചുവിട്ടാണ് പരിഷ്ക്കാരങ്ങള്‍ അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. സര്‍വകലാശാലയില്‍ ഏകജാലകവും ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്ററുമുള്‍പ്പെടെ മികച്ച പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് സിന്‍ഡിക്കറ്റിനെ പിരിച്ചുവിടാനുള്ള ശ്രമം. കേരളസര്‍വകലാശാല സിന്‍ഡിക്കറ്റ് ഭാഗികമായും കാലിക്കറ്റ്സര്‍വകലാശാല സിന്‍ഡിക്കറ്റ് പൂര്‍ണമായും സര്‍ക്കാര്‍ പിരിച്ചുവിട്ടുകഴിഞ്ഞു.

രാജ്യത്ത് ആദ്യമായി ബിരുദതലത്തില്‍ ഏകജാലക സംവിധാനത്തിലൂടെ പ്രവേശനം നടപ്പാക്കിയത് എംജി സര്‍വകലാശാലയാണ്. ചോയിസ് ബേസ്ഡ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തിലൂടെ പരീക്ഷകള്‍ സമയബന്ധിതമായി നടത്തി കൃത്യമായി പരീക്ഷാഫലപ്രഖ്യാപനം നടന്നതും അക്കാദമികരംഗത്ത് ഉണര്‍വുണ്ടാക്കി. സിന്‍ഡിക്കറ്റിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ള പരിഷ്ക്കാരങ്ങളുടെ ഫലമായാണ് ഈ നേട്ടങ്ങള്‍ കൈവരിക്കാനായത്. 2010-11വര്‍ഷത്തില്‍ ഏകജാലകത്തിലൂടെ മുപ്പതിനായിരത്തിലധികം വിദ്യാര്‍ഥികള്‍ക്കാണ് പ്രവേശനം നല്‍കിയത്. ഇതില്‍ 2800 പേര്‍ പട്ടികജാതി-വര്‍ഗത്തില്‍പ്പെട്ടവരാണ്. ഒരേ കാലയളവില്‍ ഡിഗ്രിയ്ക്ക് കേരളത്തിലും അന്യസംസ്ഥാന സര്‍വകലാശാലകളിലും പഠിക്കുന്ന കുട്ടികളുടെ ഫലംവരുന്നതിലുള്ള വ്യത്യാസം മാധ്യമങ്ങള്‍ വിമര്‍ശിച്ചിരുന്നു. ഇതിന് മാറ്റംവരുത്താന്‍ ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ വൈസ് ചെയര്‍മാനായിരുന്ന ഡോ. കെ എം പണിക്കരുടെ നിര്‍ദ്ദേശമനുസരിച്ചാണ് ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സിസ്റ്റം എംജിയില്‍ നടപ്പാക്കിയത്. ബിരുദതലത്തില്‍ നടപ്പാക്കിയ ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്റര്‍ സമ്പ്രദായത്തില്‍ പഠിച്ചിറങ്ങിയ വിദ്യാര്‍ഥികള്‍ക്ക് പിജി തലത്തിലും സെമസ്റ്റര്‍ രീതിയില്‍ പാഠ്യപദ്ധതി പരിഷ്ക്കരിക്കാനും സിന്‍ഡിക്കറ്റ് തീരുമാനമെടുത്തു.

ഏകജാലക രീതിയില്‍ അപേക്ഷ ഒന്നിലൂടെ 100 കോളജുകളില്‍ പ്രവേശനത്തിന് ഓപ്ഷന്‍ നല്‍കാമെന്ന സ്ഥിതിയായി. ഇതില്‍ ആധുനിക ഐടി സങ്കേതങ്ങള്‍ ഉപയോഗിക്കുന്നതു മൂലം തെറ്റുകള്‍ ഒഴിവാക്കാനും സുതാര്യത ഉറപ്പാക്കാനും കഴിഞ്ഞു. സര്‍വകലാശാല നേരിട്ട് നടത്തുന്ന എല്ലാ കോഴ്സുകള്‍ക്കും ഏകജാലക സംവിധാനം നടപ്പാക്കാനുള്ള പദ്ധതികള്‍ ആവിഷ്ക്കരിക്കുമ്പോഴാണ് ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെട്ട സിന്‍ഡിക്കറ്റിനെ അനധികൃതമായി പിരിച്ചുവിടാനുള്ള സര്‍ക്കാര്‍ നീക്കം. കീഴ്വഴക്കമനുസരിച്ച് സംസ്ഥാനഭരണമാറ്റത്തിനനുസരിച്ച് സിന്‍ഡിക്കറ്റുകളെ പിരിച്ചുവിടാറില്ല. ഇതിനെതിരെ എംജി സര്‍വകലാശാല സംരംക്ഷണസമിതിയുടെ നേതൃത്വത്തില്‍ ശക്തമായ പ്രക്ഷോഭപരിപാടികള്‍ നടത്താനാണ് തീരുമാനം. സംരക്ഷണസമിതിയുടെ നേതൃത്വത്തില്‍ നടത്തിയ സെക്രട്ടറിയറ്റ്മാര്‍ച്ച് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ ഉദ്ഘാടനം ചെയ്തു. രണ്ടാംഘട്ടത്തില്‍ ചാന്‍സിലറായ ഗവര്‍ണര്‍ക്ക് പരാതി നല്‍കി. മൂന്നാംഘട്ട പ്രക്ഷോഭത്തിന്റെ ഭാഗമായി വ്യാഴാഴ്ച എംജി യൂണിവേഴ്സിറ്റിയിലേയ്ക്ക് മാര്‍ച്ചും ധര്‍ണയും നടത്തും.

deshabhimani 011111

1 comment:

  1. എംജി സര്‍വകലാശാല ഉന്നതവിദ്യാഭ്യാസരംഗത്ത് നടപ്പാക്കുന്ന മാതൃകാ പരിഷ്ക്കാരങ്ങള്‍ അട്ടിമറിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ ഗൂഢനീക്കം. 2015 മാര്‍ച്ചുവരെ കാലാവധിയുള്ള സിന്‍ഡിക്കറ്റിനെ നിയമവിരുദ്ധമായി പിരിച്ചുവിട്ടാണ് പരിഷ്ക്കാരങ്ങള്‍ അട്ടിമറിക്കാന്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിനെതിരെ വ്യാപക പ്രതിഷേധമുയരുകയാണ്. സര്‍വകലാശാലയില്‍ ഏകജാലകവും ക്രെഡിറ്റ് ആന്‍ഡ് സെമസ്റ്ററുമുള്‍പ്പെടെ മികച്ച പരിഷ്ക്കാരങ്ങള്‍ നടപ്പാക്കുന്നതിനിടെയാണ് സിന്‍ഡിക്കറ്റിനെ പിരിച്ചുവിടാനുള്ള ശ്രമം. കേരളസര്‍വകലാശാല സിന്‍ഡിക്കറ്റ് ഭാഗികമായും കാലിക്കറ്റ്സര്‍വകലാശാല സിന്‍ഡിക്കറ്റ് പൂര്‍ണമായും സര്‍ക്കാര്‍ പിരിച്ചുവിട്ടുകഴിഞ്ഞു.

    ReplyDelete