Friday, March 9, 2012

അരുണ്‍കുമാറിനെതിരെയുള്ള സാമ്പത്തിക ആരോപണങ്ങള്‍ തള്ളി

സഭാ സമിതി റിപ്പോര്‍ട്ട് നല്‍കി

പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെകുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ നിയമസഭാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വി ഡി സതീശന്‍ ചെയര്‍മാനായ സമിതി പ്രതിപക്ഷ അംഗങ്ങളുടെ വിയോജനകുറിപ്പ് ഒഴിവാക്കിയാണ് വ്യാഴാഴ്ച സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

അരുണ്‍കുമാറിനെതിരായ റിപ്പോര്‍ട്ട് രാഷ്ട്രീയ പ്രേരിതമാണെന്ന് സമിതിയിലെ പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു. അരുണ്‍കുമാറിനെതിരായ നാല് ആരോപണങ്ങളില്‍ സാമ്പത്തിക ക്രമക്കേടുകള്‍ സംബന്ധിച്ചവ സമിതി തള്ളി. അരുണ്‍കുമാറിനെ ഐ സി ടി അക്കാദമി ചെയര്‍മാനായി നിയമിച്ചതും ഐ എച്ച് ആര്‍ ഡി അഡീഷണല്‍ ഡയറക്ടറായി ഉദ്യോഗക്കയറ്റം നല്‍കിയതും സംബന്ധിച്ച ആരോപണം വസ്തുതാപരമാണെന്നും റിപ്പോര്‍ട്ടില്‍ പറഞ്ഞിട്ടുള്ളതായി വി ഡി സതീശന്‍ പിന്നീട് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

അരുണ്‍കുമാറിനെതിരെ സമര്‍പ്പിക്കുന്ന റിപ്പോര്‍ട്ട് അപൂര്‍ണമാണെന്ന് പ്രതിപക്ഷ ഉപനേതാവ് കോടിയേരി ബാലകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞു. പ്രതിപക്ഷ അംഗങ്ങളുടെ വിയോജന കുറിപ്പ് ഉള്‍പ്പെടുത്താതെയാണ് റിപ്പോര്‍ട്ട് സഭയില്‍ വയ്ക്കുന്നതെന്ന് കോടിയേരി ചൂണ്ടിക്കാട്ടി. സമിതിയുടെ മിനിട്‌സില്‍ വിയോജനകുറിപ്പ് ചേര്‍ത്തിട്ടുണ്ടെന്നും മിനിട്‌സ് റിപ്പോര്‍ട്ടിന്റെ ഭാഗമാണെന്നും  വി ഡി സതശീന്‍ പറഞ്ഞു. ഇക്കാര്യം റിപ്പോര്‍ട്ട് സഭ പരിഗണിക്കുമ്പോള്‍ പരിശോധിക്കാമെന്ന് സ്പീക്കര്‍ റൂളിംഗ്‌നല്‍കി. പിന്നീട്, വിയോജനകുറിപ്പ് ഇല്ലാതെ റിപ്പോര്‍ട്ട് മേശപ്പുറത്ത് വയ്ക്കാന്‍ അനുവദിക്കുകയായിരുന്നു. വിയോജനകുറിപ്പ് റിപ്പോര്‍ട്ടിന്റെ ഭാഗമായി ചേര്‍ക്കേണ്ടതില്ലെന്നും അറിയിച്ചു.

പ്രതിപക്ഷം ശക്തമായി പ്രതിഷേധിച്ചതിനെത്തുടര്‍ന്ന് വിയോജനകുറിപ്പും മേശപ്പുറത്ത് വയ്ക്കാന്‍ അനുവദിച്ചു. മോഡല്‍ ഫിനിഷിംഗ് സ്‌കൂള്‍ ഡയറക്ടറായി അരുണ്‍കുമാറിനെ നിയമിച്ചതും, സ്‌പേസ് എന്ന സ്ഥാപനത്തിന് 5.5 കോടി രൂപ അനുവദിച്ചതുമായി ബന്ധപ്പെട്ട് പി സി വിഷ്ണുനാഥ് ഉന്നയിച്ച  ആരോപണങ്ങളാണ് സമിതി തള്ളിയത്. തികച്ചും രാഷ്ട്രീയ പ്രേരിതമായ റിപ്പോര്‍ട്ടാണ് സമിതി സഭയില്‍ വച്ചതെന്ന് പ്രതിപക്ഷ അംഗങ്ങളായ മുല്ലക്കര രത്‌നാകരന്‍, പി കെ ഗുരുദാസന്‍, എസ് ശര്‍മ, സി കെ നാണു എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സമിതി ചെയര്‍മാന്‍ സ്ഥാനവും അംഗങ്ങളുടെ ഭൂരിപക്ഷവും ഉപയോഗിച്ച് അസത്യങ്ങള സത്യമാക്കി അവതരിപ്പിച്ച് റിപ്പോര്‍ട്ട് സഭയ്ക്ക് സമര്‍പ്പിക്കുകയായിരുന്നു. ഇതിനായി ദുര്‍വ്യാഖ്യാനങ്ങള്‍ നിറഞ്ഞ വാര്‍ത്തകള്‍ നിരന്തരം മാധ്യമങ്ങള്‍ക്ക് നല്‍കി. നിയമസഭാ സമിതികളുടെ പ്രസക്തിതന്നെ ചോദ്യം ചെയ്യുന്ന നടപടികളാണുണ്ടായത്. സമിതിക്ക് ലഭിച്ച മൊഴികളും രേഖകളും പ്രകാരം വിഷ്ണുനാഥ് ഉന്നയിച്ച ആരോപണങ്ങള്‍ അവാസ്തവമാണെന്ന് വ്യക്തമാണ്.

ഐ സി ടി അക്കാദമിയുടെയും ഐ എച്ച് ആര്‍ ഡിയുടെ കാര്യത്തില്‍ വസ്തുതാവിരുദ്ധവും ആത്മനിഷ്ഠവുമായ തീരുമാനമാണ് ചെയര്‍മാനില്‍നിന്നും ഭരണകക്ഷി അംഗങ്ങളില്‍നിന്നുമുണ്ടായത്. തന്റെ താല്‍പര്യം അടിച്ചേല്‍പ്പിക്കാനായി ഒരു ഘട്ടത്തില്‍ തനിക്ക് കാസ്റ്റിംഗ്‌വോട്ട് അവകാശമുണ്ടെന്നും അത് പ്രയോഗിക്കുമെന്നും ചെയര്‍മാന്‍ പറയുകയുണ്ടായി. ആരോപണത്തിനിരായായ ആള്‍ ഉന്നതതല അന്വേഷണത്തിന് ആവശ്യപ്പെട്ട അപൂര്‍വ സംഭവത്തിലാണ് തികച്ചും ജനാധിപത്യവിരുദ്ധമായ നിലയില്‍ സമിതിയിലെ ഭരണകക്ഷി അംഗങ്ങള്‍ റിപ്പോര്‍ട്ട് നല്‍കിയത്. ഇത് ജനങ്ങള്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷ അംഗങ്ങള്‍ പറഞ്ഞു.

 വി എ അരുണ്‍കുമാറിനെതിരെ പി സി വിഷ്ണുനാഥ് ആരോപിച്ച നാല് ആരോപണങ്ങളാണ് വി ഡി സതീശന്‍ അധ്യക്ഷനായ ഒമ്പത് അംഗ നിയമസഭാ സമിതി പ്രധാനമായും അന്വേഷണ വിധേയമാക്കിയത്. ഏഴ് മാസം കൊണ്ടാണ് സമിതി റിപ്പോര്‍ട്ടിന് അന്തിമ രൂപം നല്‍കിയത്. സതീശനെ കൂടാതെ കെ ശിവദാസന്‍ നായര്‍, തോമസ് ഉണ്ണിയാടന്‍, അബ്ദുള്‍ റഹ്മാന്‍ രണ്ടത്താണി, എം വി ശ്രേയംസ് കുമാര്‍, എന്നിവരായിരുന്നു ഭരണപക്ഷത്ത് നിന്നുള്ള സമിതി അംഗങ്ങള്‍.

janayugom 090312

2 comments:

  1. പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്റെ മകന്‍ വി എ അരുണ്‍കുമാറിനെതിരായി ഉന്നയിക്കപ്പെട്ട ആരോപണങ്ങളെകുറിച്ച് അന്വേഷിക്കാന്‍ ചുമതലപ്പെടുത്തിയ നിയമസഭാ സമിതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. വി ഡി സതീശന്‍ ചെയര്‍മാനായ സമിതി പ്രതിപക്ഷ അംഗങ്ങളുടെ വിയോജനകുറിപ്പ് ഒഴിവാക്കിയാണ് വ്യാഴാഴ്ച സഭയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.

    ReplyDelete
  2. വി എസിനെതിരെ സിനിമാതിയറ്ററിലിരുന്ന് ബീഡി വലിച്ചെന്നുപറഞ്ഞ് കേസെടുക്കാനും യുഡിഎഫ് സര്‍ക്കാര്‍ മടിക്കില്ലെന്ന് എ കെ ബാലന്‍ നിയമസഭയില്‍ പറഞ്ഞു. നന്ദിപ്രമേയത്തെ എതിര്‍ത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഒരു പട്ടാളക്കാരന് ഭൂമി വില്‍ക്കാന്‍ അനുമതി നല്‍കിയെന്നും മകന് പ്രൊമോഷന്‍ നല്‍കിയെന്നുമാണ് ഇപ്പോഴത്തെ കേസ്. പ്രൊമോഷന്‍ നല്‍കിയതില്‍ അപാകമുണ്ടെങ്കില്‍ ബന്ധപ്പെട്ട ഡിപ്പാര്‍ട്ട്മെന്റ് ആണ് നടപടി എടുക്കേണ്ടത്. അല്ലാതെ നിയമസഭാസമിതിയല്ല. വിചാരണ നടത്തുന്നതിനുമുമ്പ് വിധി പറച്ചിലാണ് ഇപ്പോള്‍ നടന്നത്. ഇതിനേക്കാള്‍ നല്ലത് ബീഡി വലിച്ചെന്ന് പറഞ്ഞ് കേസെടുക്കുന്നതാണെന്ന് ബാലന്‍ പറഞ്ഞു. പിറവത്ത് യുഡിഎഫ് ജയിക്കുമെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ട് തട്ടിപ്പാണ്. മൂവായിരം വോട്ടിന് ജയിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടെന്നാണ് പ്രചാരണം. പി സി ജോര്‍ജ് പറയുന്നത് കോണ്‍ഗ്രസുകാര്‍ വോട്ട് ചെയ്താല്‍ പതിനായിരം ഭൂരിപക്ഷം കിട്ടുമെന്നാണ്. ഇതുതന്നെ യുഡിഎഫിന്റെ പരാജയത്തിന്റെ സൂചനയാണെന്ന് ബാലന്‍ പറഞ്ഞു.

    ReplyDelete