ഐക്യകേരളം പിറന്നിട്ട് അഞ്ചരപ്പതിറ്റാണ്ടായി. ഇന്നുവരെ, കേരളപ്പിറവിദിനത്തില്‍ തടവുകാര്‍ക്ക് കൂട്ടത്തോടെ ഇളവു നല്‍കുന്ന അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോള്‍ 138 തടവുകാരെ വിട്ടയക്കാനും ഇളവുനല്‍കാനും കേരളപ്പിറവിദിനം തെരഞ്ഞെടുത്തത് കേരളത്തോടുള്ള സ്നേഹംകൊണ്ടല്ല; എത്രയും വേഗം പിള്ളയെ വീട്ടിലെത്തിക്കാനാണ്. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാളെ അധികാര ദുര്‍വിനിയോഗത്തിലൂടെ വിട്ടയക്കുകയാണിവിടെ. അഴിമതിക്കാരനെ വഴിവിട്ടു സംരക്ഷിക്കും എന്ന പ്രഖ്യാപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മലയാളിക്ക് നല്‍കുന്ന കേരളപ്പിറവി സമ്മാനം.
രാജ്യത്തിന്റെ പരമോന്നത നീതിപീഠത്തിന്റെ തീര്‍പ്പിനെപ്പോലും അധികാരഗര്‍വുകൊണ്ട് യുഡിഎഫ് സര്‍ക്കാര്‍ തട്ടിത്തെറിപ്പിക്കുന്നു. പിള്ളയുടെ കുറ്റത്തിന്റെ കാഠിന്യംകൊണ്ടാണ് ഒരുവര്‍ഷം കഠിനതടവിലും 10,000 രൂപ പിഴയിലും ശിക്ഷ ചുരുക്കിയത്. പ്രായവും ആരോഗ്യവുമെല്ലാം കണക്കിലെടുത്ത് പരമാവധി ഇളവു നല്‍കിയാലും ഒരുകൊല്ലമെങ്കിലും തടവില്‍ കഴിഞ്ഞേ മതിയാകൂ എന്നാണ് സുപ്രീംകോടതി പറഞ്ഞത്. അതും കഠിനതടവുതന്നെ വേണമെന്ന്. ആ കോടതിയേക്കാള്‍ വലിയ കോടതി താനാണ് എന്ന് മോചന ഉത്തരവിലൂടെ ഉമ്മന്‍ചാണ്ടി പ്രഖ്യാപിച്ചിരിക്കുന്നു. അഴിമതിക്കേസില്‍ കോടതി വിധിച്ചാലും ശിക്ഷ അനുഭവിക്കാന്‍ യുഡിഎഫുകാര്‍ തയ്യാറാകില്ല എന്നതാണ് ലജ്ജയില്ലാതെ സര്‍ക്കാര്‍ നല്‍കുന്ന സന്ദേശം.
പിള്ളയുടെ കാര്യത്തില്‍ നിയമലംഘനങ്ങളുടെ ഘോഷയാത്രതന്നെയാണുണ്ടായത്. പരോളിലിറങ്ങിയപ്പോള്‍ ചട്ടങ്ങള്‍ ലംഘിച്ച് പിള്ള മാധ്യമങ്ങളോട് സംസാരിച്ചു; രാഷ്ട്രീയ പ്രവര്‍ത്തനത്തിനിറങ്ങി. തിരികെ ജയിലില്‍ കയറിയപ്പോള്‍ ജയില്‍ചട്ടം ലംഘിച്ച് മൊബൈല്‍ഫോണ്‍ ഉപയോഗിച്ചു. ചട്ടലംഘനം അവഗണിക്കാനാകാതെ സര്‍ക്കാരിന് പിള്ളയ്ക്ക് അധികശിക്ഷ നല്‍കേണ്ടിവന്നു. സര്‍ക്കാര്‍ അനുമതി നല്‍കിയതിന്റെ ഭാഗമായി ചികിത്സയ്ക്ക് വിധേയമാകുമ്പോള്‍ ജയിലിന്റെ ഭാഗമെന്ന നിലയിലാണ് ചികിത്സ നടക്കുന്ന മുറിയെയും കാണേണ്ടത്. ജയിലില്‍ ലഭിക്കുന്ന സൗകര്യങ്ങള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളൂ. ഇതെല്ലാം കാറ്റില്‍പറത്തി മൊബൈല്‍ഫോണ്‍ ഉപയോഗിച്ച് ബാലകൃഷ്ണപിള്ള യഥേഷ്ടം സംസാരിക്കുകയും ഭരണനേതൃത്വത്തില്‍പ്പോലും ഇടപെടുകയും ചെയ്തു. ഒരു സ്വകാര്യ ചാനലിന്റെ റിപ്പോര്‍ട്ടര്‍ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ പ്രതികരിച്ചത് പിള്ളതന്നെയായിരുന്നു. ഒരുതരത്തിലും മൂടിവയ്ക്കാനാകാത്ത ഈ ചട്ടലംഘനം പുറത്തുവന്നപ്പോള്‍ ആശുപത്രിയില്‍ പരിശോധിച്ച് ഫോണ്‍ കണ്ടെടുക്കാനോ നിയമനടപടി സ്വീകരിക്കാനോ സര്‍ക്കാര്‍ തയ്യാറായില്ല. പകരം ചാനല്‍ റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുകയും അദ്ദേഹം വലിയ കുറ്റമാണ് ചെയ്തിരിക്കുന്നത് എന്ന് പ്രഖ്യാപിക്കുകയുമായിരുന്നു യുഡിഎഫ് ഭരണം.
ജയില്‍വാസത്തിനിടെ കുറ്റകൃത്യം ചെയ്താല്‍ സ്വാഭാവികമായി ലഭിക്കാവുന്ന ശിക്ഷയിളവുപോലും ഇല്ലാതാകും. ഇവിടെ, പിള്ളയ്ക്ക് നിയമവും നീതിപീഠവും പ്രശ്നമല്ല- യുഡിഎഫിന്റെ സ്ഥാപക നേതാവ് എല്ലാ നിയമത്തിനും അതീതനാണെന്ന് സര്‍ക്കാര്‍ പ്രഖ്യാപിക്കുന്നു. പിള്ള മാനേജരായ സ്കൂളിലെ അധ്യാപകന്‍ ദാരുണമായി ആക്രമിക്കപ്പെടുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ പിള്ളമാത്രമല്ല, അദ്ദേഹത്തിന്റെ മകനും മന്ത്രിയുമായ ഗണേശ്കുമാറും സംശയത്തിന്റെ നിഴലിലാണ്. അധ്യാപകന്‍ എങ്ങനെ; ആരാല്‍ ആക്രമിക്കപ്പെട്ടു എന്ന് ഒരുമാസത്തിലേറെ അന്വേഷിച്ചിട്ടും പൊലീസ് പറയുന്നില്ല. അദ്ദേഹം "കൈകാര്യംചെയ്യപ്പെട്ട"താണ് എന്ന് ഗണേശ്കുമാര്‍ പരസ്യമായി പ്രഖ്യാപിച്ചിരിക്കുന്നു. അധ്യാപകനോട് വ്യക്തിവിരോധമുള്ളത് പിള്ളയ്ക്കുതന്നെയാണ്. അത് തെളിയിക്കാന്‍ വേണ്ടതിലേറെ വിവരങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. എന്നിട്ടും ആ വഴിക്ക് അന്വേഷണമില്ല. പിള്ളയ്ക്ക് ഇടമലയാര്‍ കേസില്‍ ശിക്ഷ വൈകാനും കാരണമായത് നേരത്തെ ഭരിച്ച യുഡിഎഫ് സര്‍ക്കാരിന്റെ നടപടിയാണ്.
ബാലകൃഷ്ണപിള്ള വൈദ്യുതിമന്ത്രിയായിരുന്നപ്പോള്‍ ഇടമലയാര്‍ പദ്ധതിയുടെ സാര്‍ജ് ഷാഫ്റ്റ്, ടണല്‍ നിര്‍മാണക്കരാറുകള്‍ അടങ്കല്‍ തുകയേക്കാള്‍ യഥാക്രമം 188 ശതമാനവും 162 ശതമാനവും വര്‍ധിപ്പിച്ചുകൊടുത്തതിനെക്കുറിച്ച് പി സീതിഹാജി എംഎല്‍എ ചെയര്‍മാനായ പബ്ലിക് അണ്ടര്‍ടേക്കിങ്സ് കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരമാണ് ജുഡീഷ്യല്‍ അന്വേഷണം നടന്നത്. പിള്ള അധികാരദുര്‍വിനിയോഗം നടത്തിയതായി കമീഷന്‍ കണ്ടെത്തി. പ്രത്യേക കോടതി 1999 നവംബര്‍ 10ന് ബാലകൃഷ്ണപിള്ള, കോണ്‍ട്രാക്ടര്‍ സജീവ്, കെ രാമഭദ്രന്‍നായര്‍ എന്നിവരെ അഞ്ചുവര്‍ഷം കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചു. അപ്പീലില്‍ കേരള ഹൈക്കോടതി പ്രതികളെ കുറ്റവിമുക്തരാക്കി. അതില്‍ അപ്പീല്‍ പോകാന്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായില്ല. അന്നത്തെ പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചു. അതിന്‍മേലാണ് ബാലകൃഷ്ണപിള്ളയെ ഒരു വര്‍ഷത്തെ കഠിനതടവിനും 10,000 രൂപ പിഴയടയ്ക്കാനും സുപ്രീംകോടതി വിധിച്ചത്. പ്രത്യേക കോടതിയുടെ ശിക്ഷ അഞ്ചുവര്‍ഷം എന്നത് ഒരുവര്‍ഷമായി ചുരുക്കുകയാണ് സുപ്രീംകോടതി ചെയ്തത്. പ്രത്യേക കോടതിയുടെ ശിക്ഷ റദ്ദാക്കിയ ഹൈക്കോടതി നടപടിയെ സുപ്രീംകോടതി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. നിയമത്തിന്റെ പിടിയില്‍നിന്ന് വഴുതിമാറാനുള്ള പിള്ളയുടെയും രക്ഷപ്പെടുത്താനുള്ള യുഡിഎഫിന്റെയും എല്ലാ ശ്രമത്തെയും പരാജയപ്പെടുത്തിയാണ് സുപ്രീംകോടതി ശിക്ഷ വിധിച്ചത്.
ആ ശിക്ഷ സര്‍ക്കാര്‍ അധികാര ദുര്‍വിനിയോഗത്തിലൂടെ റദ്ദാക്കുമ്പോള്‍ , ഏത് കുറ്റവാളിക്കും ഭരണത്തിന്റെ തണലുണ്ടെങ്കില്‍ നിയമത്തെയും നീതിപീഠത്തെയും പുല്ലുപോലെ മറികടക്കാം എന്നാണ് വ്യക്തമാക്കപ്പെടുന്നത്. ഇത് അപകടകരമാണ്. യുഡിഎഫ് സര്‍ക്കാരിന്റെ കടിഞ്ഞാണില്ലാത്ത ഈ കുതിച്ചോട്ടം അനുവദിക്കാന്‍ പാടില്ല. കുറ്റവാളികളുടെ കൂടാരമായി; കുറ്റകൃത്യങ്ങളുടെ സംരക്ഷകരായി ഇങ്ങനെയൊരു സര്‍ക്കാര്‍ എന്തിന്? അതിശക്തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ട സമയമായി.
ദേശാഭിമാനി മുഖപ്രസംഗം 011111
ഐക്യകേരളം പിറന്നിട്ട് അഞ്ചരപ്പതിറ്റാണ്ടായി. ഇന്നുവരെ, കേരളപ്പിറവിദിനത്തില്‍ തടവുകാര്‍ക്ക് കൂട്ടത്തോടെ ഇളവു നല്‍കുന്ന അനുഭവം ഉണ്ടായിട്ടില്ല. ഇപ്പോള്‍ 138 തടവുകാരെ വിട്ടയക്കാനും ഇളവുനല്‍കാനും കേരളപ്പിറവിദിനം തെരഞ്ഞെടുത്തത് കേരളത്തോടുള്ള സ്നേഹംകൊണ്ടല്ല; എത്രയും വേഗം പിള്ളയെ വീട്ടിലെത്തിക്കാനാണ്. അഴിമതിക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന ഒരാളെ അധികാര ദുര്‍വിനിയോഗത്തിലൂടെ വിട്ടയക്കുകയാണിവിടെ. അഴിമതിക്കാരനെ വഴിവിട്ടു സംരക്ഷിക്കും എന്ന പ്രഖ്യാപനമാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മലയാളിക്ക് നല്‍കുന്ന കേരളപ്പിറവി സമ്മാനം.
ReplyDelete