Tuesday, March 6, 2012

"ഞങ്ങള്‍ കണ്ടിട്ടൊരുപാടു നാളായി...!"

പ്രസിദ്ധമായൊരു ഈസോപ്പു കഥയുണ്ട്. ഒരിക്കല്‍ കാട്ടിലൂടെ ഒരു കുറുക്കനും കൂട്ടുകാരനായ കഴുതയും നടന്നുവരുന്നു. കളിതമാശകള്‍ പറഞ്ഞ് ഇരുവരും നടക്കുകയാണ്. പെട്ടെന്നു മുന്നിലൊരു സിംഹം വന്നുപെട്ടു. മൃഗരാജനെ കണ്ടതോടെ കുറുക്കനും കഴുതയും ഭയന്നു. കുറുക്കന് പെട്ടെന്നൊരു ഉപായം തോന്നി. അവന്‍ കഴുതയെ വിട്ടിട്ട് സിംഹത്തിന്റെ അടുത്തേക്ക് ഭയഭക്തിബഹുമാനത്തോടെ ചെന്നു. എന്നിട്ടു പറഞ്ഞു: "രാജന്‍! ആ കഴുതയെ ഞാന്‍ പതുക്കെ തൊട്ടടുത്തു കാണുന്ന കുഴിയില്‍ തള്ളിയിടാം. താങ്കള്‍ക്ക് സൗകര്യംപോലെ അവനെ ഭക്ഷിക്കാമല്ലോ." അല്‍പ്പനേരം ആലോചിച്ചശേഷം സമ്മതം എന്ന മട്ടില്‍ സിംഹം തലയാട്ടി. കുറുക്കന്‍ കഴുതയുടെ അടുത്തെത്തി ചിരിച്ചുകൊണ്ടു പലതും പറഞ്ഞു മുന്നോട്ടുനടന്നു. കുഴിയുടെ അടുത്തെത്തിയപ്പോള്‍ കഴുതയെ അതിലേക്കു തള്ളിയിട്ടു. വീണ്ടും അവന്‍ സിംഹത്തിന്റെ അടുത്തെത്തി "എങ്ങനെയുണ്ട് എന്റെ പുത്തി" എന്ന മട്ടില്‍ നിന്നു. അപ്പോള്‍ സിംഹം ആലോചിച്ചു: "ഏതായാലും കഴുത കുഴിയിലായി. അത്ര പെട്ടെന്ന് അതിനു രക്ഷപ്പെടാനാകില്ല. ഈ കുറുക്കന്‍ രക്ഷപ്പെട്ടാല്‍ പിന്നീടവനെ കിട്ടിയെന്നുവരില്ല. അതുകൊണ്ട് ഇവനെയാദ്യം തട്ടിയകത്താക്കാം." ഈ ചിന്തയോടെ സിംഹം ഞൊടിയിടയില്‍ കുറുക്കനുമേല്‍ ചാടിവീണു. നിമിഷങ്ങള്‍ക്കുള്ളില്‍ ആ ചതിയന്റെ കഥതീര്‍ന്നു.

ഇക്കഥ ഇവിടെ ഓര്‍ത്തത് നമ്മുടെ ഒരു ജനപ്രതിനിധി കാട്ടുന്ന കാരുണ്യമില്ലായ്മ കാണുമ്പോഴുള്ള വല്ലായ്മകൊണ്ടാണ്. കൊല്ലത്തിന് സ്വന്തമായൊരു എംപി ഉണ്ട്. ഞാന്‍ കഴിഞ്ഞേ ആരുമുള്ളൂ എന്നു ധരിച്ചുവശായി വശംകെട്ട എംപി. ജനങ്ങളുടെ വോട്ടു വാങ്ങാന്‍ , ഈസോപ്പുകഥയിലെ കുറുക്കനെപ്പോലെ, എന്തെല്ലാം നമ്പരുകള്‍ അദ്ദേഹം ഇറക്കി. എന്നിട്ടോ? ജനങ്ങളുടെ വിഷമഘട്ടത്തില്‍ അദ്ദേഹം തനി "മാവിലായിക്കാരന്‍" എന്നു നടിക്കും.

രാത്രിയില്‍ മീന്‍പിടിച്ചുകൊണ്ടിരിക്കെ, ബോട്ടില്‍ കപ്പലിടിച്ച് മൂന്നുപേര്‍ മരിച്ചു. രണ്ടുപേരെ ഇനിയും കണ്ടെത്തിയില്ല. രണ്ടുപേര്‍ ചെറിയ പരിക്കുകളോടെ രക്ഷപ്പെട്ടു. എല്ലാവരും കൊല്ലം, ചവറ തീരദേശത്തുകാര്‍ . കടലില്‍ രണ്ടുപേര്‍ വെടിയേറ്റു മരിച്ചതിന്റെ ഞെട്ടല്‍ വിട്ടുമാറും മുമ്പാണ് രണ്ടാമത്തെ ദുരന്തം. കപ്പലിടിച്ച് ബോട്ടു തകര്‍ന്നത് മാര്‍ച്ച് ഒന്നിനു പുലര്‍ച്ചെ ചേര്‍ത്തലയ്ക്കടുത്ത് അര്‍ത്തുങ്കലിനും അന്ധകാരനഴിക്കും മധ്യേ. മരിച്ച രണ്ടുപേരുടെ മൃതദേഹം അടുത്ത രണ്ടുദിവസങ്ങളിലായി സംസ്കരിച്ചു. മറ്റൊരാളുടേത് ഞായറാഴ്ച വൈകിട്ട് കൊല്ലത്തും നടന്നു. തീര്‍ച്ചയായും ദുരന്തം ഏവരെയും ദുഃഖത്തിലാക്കി. അതിന്റെ ആഘാതം ഏറ്റുവാങ്ങിയ കുടുംബങ്ങള്‍ക്കുണ്ടായത് അപരിഹാര്യമായ നഷ്ടം. ആ നഷ്ടം നികത്താന്‍ ഇപ്പോള്‍ സര്‍ക്കാര്‍ പ്രഖ്യപിച്ചിട്ടുള്ള സഹായം ഒന്നുമാകില്ല.

എന്നാല്‍ , ഈ കുടുംബങ്ങളെ ഒന്നാശ്വസിപ്പിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും അവര്‍ക്കാവശ്യമായ സഹായം ഉറപ്പാക്കാനും എംപി എന്നനിലയില്‍ ഇദ്ദേഹം എന്തുചെയ്തു? ഈ ചോദ്യം കൊല്ലത്തുകാരുടെ മനസ്സില്‍ ദിവസങ്ങളായി ഉയരുന്നു. നിങ്ങളുടെ വോട്ടു മതി. ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളം എന്ന ഭാവത്തിലാണ് അദ്ദേഹമെന്നു തോന്നുന്നു. ജനങ്ങളെ ഓരോന്നുപറഞ്ഞു സുഖിപ്പിച്ചശേഷം ഒടുവില്‍ കാരുണ്യമേതുമില്ലാതെ അത്യാഗാധമായ കുഴിയിലക്കു തള്ളിയിടുന്ന, കഥയിലെ കുറുക്കന്റെ ചതിപോലെയായി എംപിയുടെ കാരുണ്യമില്ലായ്മ എന്നു പറയാതെ വയ്യ. "കണ്ണീരിവിടെ കടലായി, ഞങ്ങള്‍ കണ്ടിട്ടൊരുപാട് നാളായി" എന്ന് വയലാര്‍ എഴുതിയത് ഇത്തരക്കാരെക്കുറിച്ചാണോ?

deshabhimani 050312

1 comment:

  1. ഈ കുടുംബങ്ങളെ ഒന്നാശ്വസിപ്പിക്കാനും അവരുടെ ദുഃഖത്തില്‍ പങ്കുചേരാനും അവര്‍ക്കാവശ്യമായ സഹായം ഉറപ്പാക്കാനും എംപി എന്നനിലയില്‍ ഇദ്ദേഹം എന്തുചെയ്തു? ഈ ചോദ്യം കൊല്ലത്തുകാരുടെ മനസ്സില്‍ ദിവസങ്ങളായി ഉയരുന്നു. നിങ്ങളുടെ വോട്ടു മതി. ബാക്കി കാര്യങ്ങള്‍ ഞാന്‍ നോക്കിക്കോളം എന്ന ഭാവത്തിലാണ് അദ്ദേഹമെന്നു തോന്നുന്നു. ജനങ്ങളെ ഓരോന്നുപറഞ്ഞു സുഖിപ്പിച്ചശേഷം ഒടുവില്‍ കാരുണ്യമേതുമില്ലാതെ അത്യാഗാധമായ കുഴിയിലക്കു തള്ളിയിടുന്ന, കഥയിലെ കുറുക്കന്റെ ചതിപോലെയായി എംപിയുടെ കാരുണ്യമില്ലായ്മ എന്നു പറയാതെ വയ്യ. "കണ്ണീരിവിടെ കടലായി, ഞങ്ങള്‍ കണ്ടിട്ടൊരുപാട് നാളായി" എന്ന് വയലാര്‍ എഴുതിയത് ഇത്തരക്കാരെക്കുറിച്ചാണോ?

    ReplyDelete