Thursday, February 28, 2013

മന്ത്രി ഷിബുവിന്റെ ആര്‍ഭാടത്തിന് ആര്‍പിഎല്‍ ചെലവിട്ടത് കാല്‍ക്കോടി രൂപ


കൊല്ലം: കഴിഞ്ഞ നാല് വര്‍ഷമായി ജീവനക്കാരുടെ ശമ്പളം പുതുക്കാതിരിക്കുന്ന പുനലൂര്‍ റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍, മന്ത്രി ഷിബു ബേബിജോണിന്റെ ആവശ്യപ്രകാരം കാര്‍ വാങ്ങാനും ഡയറി അച്ചടിക്കാനും മറ്റുമായി ചെലവിട്ടത് 25.88 ലക്ഷം രൂപ. ഊര്‍ധശ്വാസം വലിക്കുന്ന കമ്പനിയുടെ മറവില്‍ മന്ത്രി ഷിബു സ്വന്തം സമ്മതിദായകരെ തൃപ്തിപ്പെടുത്താനും അദ്ദേഹത്തിന്റെ ഓഫീസ് മോടിപിടിപ്പിക്കാനുമാണ് തുകയുടെ ഭൂരിഭാഗവും ചെലവഴിച്ചത്.

മന്ത്രിയുടെ ഓഫീസിലേക്ക് പുതിയ ടാറ്റാ ഇന്‍ഡിഗോ കാര്‍ വാങ്ങുന്നതിന് 5.35 ലക്ഷം രൂപ, 140 ഡിജിറ്റല്‍ ക്യാമറകള്‍ വാങ്ങാന്‍ 7.35 ലക്ഷം രൂപ, എല്‍സിഡി പ്രൊജക്ടര്‍, കമ്പ്യൂട്ടര്‍, ലാപ്‌ടോപ്, ഓഫീസ് സ്റ്റേഷനറി എന്നിവയ്ക്കായി 1.8 ലക്ഷം രൂപ, 3000 ഡയറികള്‍ അച്ചടിക്കാനായി 3.9 ലക്ഷം രൂപ എന്നിവയ്ക്കുപുറമെ മന്ത്രിയുടെ ഓഫീസ് ഉപയോഗിക്കുന്ന രണ്ട് കാറുകള്‍ക്ക് ഇന്ധനം വാങ്ങാനും അറ്റകുറ്റപ്പണികള്‍ക്കുമായി 2.45 ലക്ഷം രൂപയും ചെലവഴിച്ചിട്ടുണ്ട്. ജില്ലാ പ്ലാന്റേഷന്‍ വര്‍ക്കേഴ്‌സ് യൂണിയന്‍ റീജിയണല്‍ സെക്രട്ടറി ജി തോമസ്‌കുട്ടി വിവരാവകാശ നിയമപ്രകാരം നല്‍കിയ അപേക്ഷയ്ക്ക് മറുപടിയായിട്ടാണ് ആര്‍പിഎല്‍ മാനേജ്‌മെന്റ് ഇക്കാര്യം വ്യക്തമാക്കിയിട്ടുള്ളത്.

മന്ത്രിയായി ചുമതലയേറ്റ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍തന്നെയാണ് ഷിബുബേബിജോണിന്റെ ആവശ്യപ്രകാരം പുതിയ കാര്‍ ആര്‍പിഎല്‍ മാനേജ്‌മെന്റ് വാങ്ങിനല്‍കിയത്. അച്ചടിച്ച ഡയറികള്‍ മുഴുവന്‍ സ്വന്തം നിയോജകമണ്ഡലത്തിലുള്ളവര്‍ക്ക് സമ്മാനമായി നല്‍കുകയായിരുന്നു മന്ത്രി. വാങ്ങിയ 140 ക്യാമറകള്‍ മന്ത്രിയുടെ സമ്മാനമായി എംഎല്‍എമാര്‍ക്ക് വിതരണം ചെയ്തു. ആര്‍പിഎല്ലില്‍ റീപ്ലാന്റിംഗ് നടക്കുന്ന സമയത്താണ് ഭീമമായ തുക മന്ത്രിയുടെ ആവശ്യപ്രകാരം ചെലവിട്ടത്. കമ്പനിക്കോ തൊഴിലാളികള്‍ക്കോ യാതൊരു ഗുണവും ഇതുമൂലം ഉണ്ടായിട്ടില്ല. ലാഭമുണ്ടാക്കുന്ന ഒരു പൊതുമേഖലാ സ്ഥാപനത്തെക്കൂടി നഷ്ടത്തിലേക്ക് കൂപ്പുകുത്താനുതകുന്ന നടപടിയാണ് മന്ത്രിയില്‍ നിന്നുണ്ടായിട്ടുള്ളത്.

യുഡിഎഫ് മന്ത്രിസഭാകാലഘട്ടത്തിലെല്ലാം ആര്‍പിഎല്ലിനെ കറവപ്പശുവായാണ് അതാത് കാലഘട്ടങ്ങളില്‍ അധികാരത്തിലിരുന്ന തൊഴില്‍വകുപ്പ് മന്ത്രിമാര്‍ നോക്കികണ്ടിരുന്നത്. ബാബുദിവാകരന്‍ തൊഴില്‍വകുപ്പ് മന്ത്രിയായിരുന്നപ്പോള്‍ ആര്‍പിഎല്ലിനെ കൊണ്ട് ഏഴര ലക്ഷം രൂപ വിലമതിക്കുന്ന ഹുണ്ടായ് ആക്‌സന്റ് കാര്‍ വാങ്ങിപ്പിച്ചു. അതേസമയം എല്‍ഡിഎഫ് ഭരണകാലയളവില്‍ മന്ത്രിമാര്‍ക്കോ മന്ത്രിമാരുടെ ഓഫീസിലേക്കോ യാതൊന്നുംതന്നെ വാങ്ങിനല്‍കിയിട്ടില്ലെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. ശാസ്ത്രി-സിരിമാവോ കരാര്‍ അനുസരിച്ച് 1976ലാണ് റീഹാബിലിറ്റേഷന്‍ പ്ലാന്റേഷന്‍ സ്ഥാപിച്ചത്. ശ്രീലങ്കയില്‍ നിന്നെത്തിയ അഭയാര്‍ത്ഥികള്‍ക്ക് തൊഴില്‍ നല്‍കുകയായിരുന്നു ഇതിന്റെ ഉദ്ദേശം. അവിടെ താമസിക്കുന്ന 700ഓളം അഭയാര്‍ത്ഥി കുടുംബങ്ങളിലെ രണ്ടംഗങ്ങള്‍ക്കുവീതം ആര്‍പിഎല്ലില്‍ ജോലി നല്‍കിയിട്ടുണ്ട്. മന്ത്രി ഷിബു ബേബിജോണിന്റെ കെടുകാര്യസ്ഥതയ്‌ക്കെതിരെ ആര്‍പിഎല്ലിലെ തൊഴിലാളി യൂണിയനുകള്‍ രംഗത്തെത്തിയിട്ടുണ്ട്.

janayugom

No comments:

Post a Comment