Thursday, March 14, 2013

ഗള്‍ഫ് തിരിച്ചൊഴുക്ക് ശക്തം


മലയാളിയുടെ ഗള്‍ഫ് കിനാക്കളില്‍ കറുപ്പേറുന്നു. മലയാളി പ്രവാസികളുടെ തിരിച്ചൊഴുക്ക് സമീപകാലത്തായി രൂക്ഷമായതോടെ സംസ്ഥാനത്തെ ദരിദ്രസമൂഹത്തിലേക്കുള്ള ചേക്കേറലും വര്‍ധിച്ചുവെന്ന് കേന്ദ്ര വിദേശകാര്യ വകുപ്പിനുവേണ്ടി നടത്തിയ പഠനത്തില്‍ നിന്ന് വ്യക്തമാവുന്നു.

ഗള്‍ഫ് നാടുകളില്‍ നിന്നും കേരളത്തില്‍ വിമാനമിറങ്ങുന്നവരില്‍ പകുതിയോളം തൊഴിലില്ലാ പട്ടാളത്തില്‍ ചേരാനെത്തുന്നവര്‍. മടങ്ങുന്നവരില്‍ 25 ശതമാനത്തിലേറെ വെറും കയ്യോടെയെത്തി പട്ടിണിപ്പാവങ്ങളുടെ പട്ടികയില്‍ ഇടംപിടിക്കുന്നവരാണെന്നാണ് തലസ്ഥാനത്തെ രാജീവ്ഗാന്ധി ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ഡവലപ്‌മെന്റ് സ്റ്റഡീസിലെ സാമ്പത്തിക വിദഗ്ധനായ എ ബി പ്രകാശ് നടത്തിയ പഠനത്തില്‍ തെളിഞ്ഞത്.

തിരുവനന്തപുരം, മലപ്പുറം, തൃശൂര്‍, പത്തനംതിട്ട ജില്ലകളില്‍ ഗള്‍ഫ് മലയാളികളുടെ കേന്ദ്രീകരണമുള്ള മേഖലകളിലാണ് പഠനം നടത്തിയത്. മടങ്ങിയെത്തുന്നവരില്‍ മുക്കാല്‍ പങ്കും കബളിപ്പിക്കപ്പെട്ടവര്‍. തദ്ദേശീയരെ പരമാവധി നിയമിക്കാന്‍ ഗള്‍ഫ് രാജ്യങ്ങളെല്ലാം തീവ്രയത്‌നം ആരംഭിച്ചതോടെയാണ് പ്രവാസി മലയാളികളുടെ മോഹങ്ങളുടെ ചിറകരിയപ്പെട്ടത്. കരാര്‍ കാലാവധി അവസാനിച്ചാല്‍ കരാര്‍ പുതുക്കാന്‍ മിക്കവാറും സ്ഥാപനങ്ങള്‍ വിസമ്മതിക്കുന്നതും കാലാവധി തീരുംമുമ്പുതന്നെ പിരിച്ചുവിട്ട് കയറ്റി അയക്കുന്നതും വര്‍ധിച്ചുവരുന്നു.

പല കമ്പനികളിലേയ്ക്കും ആകര്‍ഷകമായ ശമ്പളത്തില്‍ റിക്രൂട്ട് ചെയ്യപ്പെടുന്നവര്‍ അവിടെയെത്തുമ്പോഴാണ് കബളിപ്പിക്കപ്പെട്ടുവെന്നറിയുന്നത്. വാഗ്ദാനം ചെയ്തതിന്റെ നാലിലൊന്നുപോലും നല്‍കാതെ അടിമപ്പണി ചെയ്യിക്കുകയാണ് പല കമ്പനികളുടെയും രീതിയെന്ന് സര്‍വേയില്‍ പങ്കെടുത്തവര്‍ അറിയിച്ചു. പലര്‍ക്കും കൃത്യമായി ശമ്പളം പോലും നല്‍കാറില്ല. വാഗ്ദാനം ചെയ്ത ആനുകൂല്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട് തടങ്കല്‍ പാളയങ്ങള്‍ക്ക് തുല്യമായ ജീവിത സാഹചര്യങ്ങള്‍. ഇതെല്ലാമാണ് ഗള്‍ഫ് മലയാളികളുടെ തിരിച്ചുവരവിന്റെ പ്രവാഹശക്തി വര്‍ധിപ്പിച്ചതെന്നും സര്‍വേയില്‍ തെളിഞ്ഞു.
ഇക്കാരണങ്ങളാല്‍ തിരിച്ചുവരുന്നവര്‍ 70 ശതമാനമാണ്. ശമ്പളമില്ലാതെയും പട്ടിണികിടന്ന് ആരോഗ്യം തകര്‍ന്നതുമൂലവും മടങ്ങിവരുന്നവര്‍ 12 ശതമാനമാണെങ്കില്‍ കുടുംബപരമായ പ്രശ്‌നങ്ങള്‍ മൂലം മടങ്ങിവരുന്നവര്‍ 7 ശതമാനം മാത്രം.

കഴിഞ്ഞ പതിറ്റാണ്ടിന്റെ തുടക്കം വരെ ഗള്‍ഫ് പണംകൊണ്ട് പിടിച്ചുനിന്ന ലക്ഷക്കണക്കിന് മലയാളികള്‍ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് അളവില്ലാത്ത ഊര്‍ജമാണ് പകര്‍ന്നുനല്‍കിയതെങ്കില്‍ ക്രമേണ ഗള്‍ഫ് മലയാളിയുടെ സ്വപ്‌നങ്ങള്‍ അതിവേഗം പൊലിയുകയായിരുന്നുവെന്ന് സെന്റര്‍ ഫോര്‍ ഡവലപ്‌മെന്റ് സ്റ്റഡീസ് നേരത്തേ നടത്തിയ മറ്റൊരു സര്‍വേയില്‍ വ്യക്തമായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ സര്‍വേയനുസരിച്ചാണെങ്കില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള സമൂഹവുമായി കൂട്ടുകൂടാനെത്തുന്നവരാണ് ഇപ്പോള്‍ മടങ്ങിവരുന്നവരില്‍ നല്ലൊരുപങ്കുമെന്ന് കാണാം.

ഗള്‍ഫില്‍ നിന്ന് തിരിച്ചൊഴുക്ക് അതിശക്തമായത് സംസ്ഥാന സമ്പദ്‌വ്യവസ്ഥയില്‍ വന്‍ ആഘാതമാണുളവാക്കാന്‍ പോകുന്നതെന്ന് സാമ്പത്തിക വിദഗ്ധരും മുന്നറിയിപ്പ് നല്‍കുന്നു.
മടങ്ങിയെത്തുന്നവരില്‍ 61 ശതമാനവും 20 സെന്റിനുതാഴെ ഭൂമിയും ചെറുവീടുകളും മാത്രം സ്വന്തമായുള്ളവരാണ്. 70 ശതമാനത്തോളം പേര്‍ കടക്കെണിയില്‍ കുടുങ്ങിക്കിടക്കുന്നു. മടങ്ങിവരുന്നവരില്‍ 47 ശതമാനം പേരും ദൈനംദിനച്ചെലവുകള്‍ക്കുപോലും വകയില്ലാതെ വലയുന്നുവെന്നാണ് സര്‍വേയില്‍ കണ്ടെത്തിയ മറ്റൊരു ദയനീയമായ കണക്ക്.

എന്നാല്‍ അന്യസംസ്ഥാന കുടിയേറ്റ തൊഴിലാളികള്‍ക്കുപോലും ക്ഷേമപദ്ധതികള്‍ പ്രഖ്യാപിച്ച സര്‍ക്കാര്‍, തൊഴില്‍രഹിതരായി ഗള്‍ഫില്‍ നിന്ന് മടങ്ങിവന്ന ലക്ഷക്കണക്കിന് മലയാളികളുടെ പ്രശ്‌നങ്ങള്‍ക്കുനേരെ മുഖംതിരിഞ്ഞു നില്‍ക്കുന്നു.

കെ രംഗനാഥ് janayugom

No comments:

Post a Comment