Thursday, March 14, 2013

ഫ്രാന്‍സിസ് ഒന്നാമന്‍ മാര്‍പാപ്പ


വത്തിക്കാന്‍സിറ്റി: ആഗോള കത്തോലിക്ക സഭയുടെ പുതിയ മാര്‍പാപ്പയായി അര്‍ജന്റീനയില്‍ നിന്നുള്ള കര്‍ദിനാള്‍ ജോര്‍ഗെ മാരിയോ ബെര്‍ഗോഗ്ലിയോയെ തെരഞ്ഞെടുത്തു. വിശുദ്ധ ഫ്രാന്‍സിസ് അസീസിയെ അനുസ്മരിച്ച് ഫ്രാന്‍സിസ് ഒന്നാമന്‍ എന്ന പേരിലാകും 76 കാരനായ പുതിയ പാപ്പ അറിയപ്പെടുക. വത്തിക്കാന്‍ സിറ്റിയിലെ സിസ്റ്റീന്‍ ചാപ്പലില്‍ നടന്ന അതീവ രഹസ്യമായ കര്‍ദിനാള്‍ സഭയിലാണ് (കോണ്‍ക്ലേവ്) കത്തോലിക്ക സഭയുടെ 266-ാം പരമാധ്യക്ഷനെ തെരഞ്ഞെടുത്തത്. വിശുദ്ധ പത്രോസിന്റെ പിന്‍ഗാമിയായി ഫ്രാന്‍സിസ് ഒന്നാമന്‍ ഇനി സഭയെ നയിക്കും.

ലാറ്റിനമേരിക്കയില്‍നിന്നുള്ള ആദ്യ മാര്‍പാപ്പയാണ് ഇദ്ദേഹം. ബ്യൂണസ് അയേഴ്സിലെ ആര്‍ച്ച്ബിഷപ്പായ ഇദ്ദേഹത്തെ 2001ല്‍ ജോണ്‍പോള്‍ രണ്ടാമനാണ് കര്‍ദിനാളായി ഉയര്‍ത്തിയത്. 1300 ഓളം വര്‍ഷത്തിനിടെ ആദ്യമായാണ് യൂറോപ്പിന് പുറത്തുനിന്ന് ഒരു പോപ്പുണ്ടാകുന്നത്. 731മുതല്‍ 741വരെ സഭയെ നയിച്ച സിറിയക്കാരനായ ഗ്രിഗറി മൂന്നാമനാണ് ഇതിനുമുമ്പ് യൂറോപ്പിനു പുറത്തുനിന്ന് മാര്‍പാപ്പയായത്. തുടര്‍ച്ചയായി മൂന്നാമത്തെ മാര്‍പാപ്പയാണ് ഇറ്റലിക്കു പുറത്തുനിന്നുണ്ടാകുന്നതും. ജോണ്‍പോള്‍ രണ്ടാമന്‍ പോളണ്ടില്‍നിന്നും ബെനഡിക്ട് പതിനാറാമന്‍ ജര്‍മ്മനിയില്‍ നിന്നുമായിരുന്നു. മാര്‍പാപ്പയായ ആദ്യ ജെസ്യൂട്ട് ൈാദികനുമാണ് ഇദ്ദേഹം.

ഇന്ത്യന്‍ സമയം രാത്രി 11.30 തോടെ അഞ്ചാം വോട്ടെടുപ്പിലാണ് പുതിയ പാപ്പയെ കണ്ടെത്തിയത്. തെരഞ്ഞെടുക്കപ്പെട്ട കാര്‍ദിനാള്‍ പോപ്പാകാനുള്ള സമ്മതം അറിയിച്ചതോടെ സിസ്റ്റീന്‍ ചാപ്പലിലിലെ ചിമ്മനിയില്‍നിന്ന് വെളുത്ത പുക ഉയര്‍ന്നു. തുടര്‍ന്ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്റെ ബസലിക്കയില്‍ മണിയും മുഴങ്ങിയതോടെ ലോകം ആകാംക്ഷയോടെ കാത്തിരുന്ന തെരഞ്ഞെടുപ്പ് നടപടികള്‍ അവസാനിച്ചു. തുടര്‍ന്ന് ഒരുമണിക്കുറിനുശേഷം ബസലിക്കയുടെ മട്ടുപ്പാവില്‍ കോണ്‍ക്ലേവിന്റെ ചുമതലക്കാരനായ കര്‍ദിനാള്‍ എത്തിയാണ് പുതിയ പോപ്പാരാണെന്ന് വെളിപ്പെടുത്തിയത്. 12.55 ഓടെ സ്ഥാനചിഹ്നങ്ങളണിഞ്ഞ് മട്ടുപ്പാവിലെത്തിയ പോപ്പ് കാത്തുനിന വിശ്വാസികളെ അനുഗ്രഹിച്ചു. കോണ്‍ക്ലേവിന്റെ പൂര്‍ണ്ണദിവസമായ ബുധനാഴ്ചത്തെ നാലാം വോട്ടെടുപ്പിലാണ് ചാപ്പലില്‍ സമ്മേളിച്ച 115 കര്‍ദിനാള്‍മാര്‍ കത്തോലിക്കസഭയുടെ വലിയ ഇടയനെ കണ്ടെത്തിയത്. ചൊവ്വാഴ്ച നടന്നതടക്കം അഞ്ചുതവണ പുതിയ മാര്‍പാപ്പയ്ക്കായി വോട്ടെടുപ്പ് നടന്നു. മലയാളികളായ മാര്‍ ജോര്‍ജ് ആലഞ്ചേരി, ബസേലിയോസ് മാര്‍ ക്ലീമിസ് എന്നിവരടക്കം ഇന്ത്യയില്‍നിന്ന് അഞ്ച് കര്‍ദിനാള്‍മാരാണ് കോണ്‍ക്ലേവില്‍ പങ്കെടുത്തത്.

മാര്‍പാപ്പയായിരുന്ന ബെനഡിക്ട് പതിനാറാമന്‍ ഫെബ്രുവരി 28ന് വിരമിച്ചതിനെതുടര്‍ന്നാണ് പുതിയ പാപ്പയെ തെരഞ്ഞെടുത്തത്. ജോണ്‍പോള്‍ രണ്ടാമന്‍ പാപ്പയുടെ പിന്‍ഗാമിയായി 2005ല്‍ രണ്ടു ദിവസം കൊണ്ടാണ് ജര്‍മന്‍കാരനായ കര്‍ദിനാള്‍ ജോസഫ് റാറ്റ്സിങ്ങറെ തെരഞ്ഞെടുത്തത്. പിന്നീട് അദ്ദേഹം ബെനഡിക്ട് പതിനാറാമന്‍ എന്ന പേര് സ്വീകരിക്കുകയായിരുന്നു. കഴിഞ്ഞ നൂറ്റാണ്ടിന്റെ ആരംഭം മുതല്‍ ആദ്യ മൂന്ന് വോട്ടിങ്ങിനുള്ളില്‍ മാര്‍പാപ്പ തെരഞ്ഞെടുക്കപ്പെട്ടത് ഒരിക്കല്‍ മാത്രമാണ്. 1939ല്‍ തെരഞ്ഞെടുക്കപ്പെട്ട പയസ് പന്ത്രണ്ടാമന്‍. കഴിഞ്ഞ ഒമ്പത് കോണ്‍ക്ലേവുകളില്‍ ശരാശരി ഏഴ് തവണ വോട്ടിങ്ങുണ്ടായി. സ്ഥാനമൊഴിഞ്ഞ ബെനഡിക്ട് പതിനാറാമന്‍ 2005ല്‍ തെരഞ്ഞെടുക്കപ്പെട്ടത് നാല് വോട്ടുകള്‍ക്ക് ശേഷമാണ്. നൂറുകണക്കിന് സാധാരണക്കാരുടെ സാന്നിധ്യത്തില്‍ പരസ്യമായിട്ടായിരുന്നു പണ്ട് മാര്‍പാപ്പയുടെ തെരഞ്ഞെടുപ്പ്്. 20-ാം നൂറ്റാണ്ടിനുമുമ്പുവരെ ചില യൂറോപ്യന്‍ രാജാക്കന്മാര്‍ കര്‍ദിനാള്‍മാരുടെ തീരുമാനത്തെ തള്ളിയിട്ടുമുണ്ട്.

സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളില്‍ ശ്രദ്ധ പുലര്‍ത്തിയ പുരോഹിതന്‍

വത്തിക്കാന്‍സിറ്റി: യൂറോപ്പിന് പുറത്തുനിന്ന് ആദ്യമായി മാര്‍പാപ്പയായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് ഒന്നാമന്‍ 44 വര്‍ഷത്തെ പൗരോഹിത്യ ജീവിതത്തിനുശേഷമാണ് കത്തോലിക്ക സഭയുടെ പരമാധ്യക്ഷനായി തെരഞ്ഞെടുക്കപ്പെടുന്നത്. സാധാരണ തൊഴിലാളി കുടുംബത്തില്‍ നിന്നും ലോക ക്രൈസ്തവരുടെ ആരാധ്യപുരുഷനായി തെരഞ്ഞെടുക്കപ്പെട്ട ഫ്രാന്‍സിസ് ഒന്നാമന്‍ പാപ്പയാകുന്ന ആദ്യ ജെസ്യൂട്ട് വൈദികനാണ്.

ബ്യൂണസ് അയേഴ്സില്‍ ഇറ്റാലിയന്‍ റെയില്‍വേ തൊഴിലാളിയുടെ മകനായി 1939ല്‍ ജനനം. ജോര്‍ഗെ ബെര്‍ഗോഗ്ലിയോ എന്നതാണ് യഥാര്‍ഥപേര്. വില്ല ദേവുവിലെ സെമിനാരിയിലെ പഠനത്തിനുശേഷം 1958 മാര്‍ച്ച് 11ന് സൊസൈറ്റി ഓഫ് ജീസസില്‍ ചേര്‍ന്നു. 1969 ഡിസംബര്‍ 13നാണ് വൈദികജീവിതം ആരംഭിക്കുന്നത്. 1973 മുതല്‍ 1979 വരെ അര്‍ജന്റീനയിലെ പ്രൊവിഷന്‍ഷ്യലായി സേവനം അനുഷ്ഠിച്ചു. സൊസൈറ്റി ഓഫ് ജീസസിലെ ജോര്‍ഗെ ബെര്‍ഗോഗ്ലിയോയുടെ പ്രവര്‍ത്തനമികവ് കണക്കിലെടുത്താണ് ഇദ്ദേഹത്തെ പ്രൊവിഷന്‍ഷ്യാലാക്കുന്നത്. സാന്‍ മിഗുലിലെ കോളേജിയോ മാക്സിമോ സാന്‍ ജോസില്‍ നിന്നും തത്വശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് സാഹിത്യം, സൈക്കോളജി എന്നിവയില്‍ ഉപരിപഠനം നടത്തിയശേഷമാണ് വൈദികവൃത്തിയിലേക്ക് എത്തുന്നത്. 1980ല്‍ സാന്‍ മിഗെല്‍ സെമിനാരി റെക്ടറായി നിയോഗിക്കപ്പെട്ടു. 1986 വരെ ഈ സ്ഥാനത്ത് തുടര്‍ന്ന ഫ്രാന്‍സിസ് ഒന്നാമന്‍ ജര്‍മനിയില്‍ നിന്നും ഡോക്ടറേറ്റ് നേടിയശേഷം ജന്മനാട്ടില്‍ പ്രവര്‍ത്തിച്ചു. കോര്‍ഡോബയില്‍ സ്പിരിച്ച്വല്‍ ഡയറക്ടറായി പ്രവര്‍ത്തിച്ചു. 1998 മുതല്‍ ബ്യൂണസ് അയേഴ്സ് ആര്‍ച്ച്ബിഷപ്പായിരുന്നു.

1998ല്‍ കര്‍ദിനാള്‍ പദവിയിലേക്ക് പരിഗണിക്കപ്പെട്ട ബെര്‍ഗോഗ്ലിയോ 2001ല്‍ കര്‍ദിനാളായി ഉയര്‍ത്തപ്പെട്ടു. സെന്റ് റോബര്‍ട് ബെല്ലാര്‍മിനോയുടെ കര്‍ദിനാള്‍ എന്ന പേരിലായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. 2005ല്‍ പോസ്റ്റ് സിനഡല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുക്കപ്പെട്ടു. 2005 നവംബര്‍ എട്ടിന് ബെര്‍ഗോഗ്ലിയോ അര്‍ജന്റീന എപ്പിസ്കോപ്പല്‍ കോണ്‍ഫറന്‍സ് പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. പാവപ്പെട്ടവരും ദരിദ്രരുമടങ്ങുന്ന സമൂഹത്തോട് കരുണ കാണിക്കുന്നതാണ് പരമമായ വിശ്വാസവും ഭക്തിയെന്നും വിശ്വസിച്ച കര്‍ദിനാളാണ് ജോര്‍ഗെ ബെര്‍ഗോഗ്ലിയോ. സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങളില്‍ ശ്രദ്ധയും താല്‍പ്പര്യവും കാട്ടിയ ഈ ജെസ്യൂട്ട് വൈദികന്‍ പൊതു സംവിധാനങ്ങള്‍ മാത്രം ഉപയോഗിക്കാനോ താല്‍പ്പര്യം കാട്ടിയുള്ളു. വാചകകസര്‍ത്തുകള്‍ക്കപ്പുറം അവ ജീവിതത്തില്‍ പ്രാവര്‍ത്തികമാക്കുന്ന കാര്യത്തില്‍ ഏറെ ബദ്ധശ്രദ്ധ പുലര്‍ത്തി.

deshabhimani

No comments:

Post a Comment