Thursday, April 18, 2013

മായ കോട്നാനി അടക്കം 10 പേര്‍ക്ക് വധശിക്ഷ ആവശ്യപ്പെടും


അഹമ്മദാബാദ്: ഗുജറാത്ത് വംശഹത്യയുടെ ഭാഗമായി നരോദപാട്യയില്‍ 97 മുസ്ലിങ്ങളെ മൃഗീയമായി കൊലപ്പെടുത്തിയ കേസില്‍ മുഖ്യമന്ത്രി നരേന്ദ്രമോഡിയുടെ അടുത്ത അനുയായിയും മുന്‍മന്ത്രിയുമായ മായ കോട്നാനിയും ഭജറംഗ് ദള്‍ നേതാവ് ബാബു പട്ടേലും (ബജരംഗി) ഉള്‍പ്പെടെ പത്തുപേര്‍ക്ക് വധശിക്ഷ നല്‍കണമെന്ന് ആവശ്യപ്പെട്ട് ഗുജറാത്ത് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിക്കുമെന്ന് റിപ്പോര്‍ട്ട്. നിഷ്ഠുരമായ നരഹത്യക്ക് നേതൃത്വം കൊടുത്തെന്ന കുറ്റം സംശയാതീതമായി തെളിഞ്ഞ ഇവര്‍ക്ക് ജീവിതാന്ത്യംവരെ തടവ് അടക്കമുള്ള ശിക്ഷയാണ് നേരത്തെ പ്രത്യേകകോടതി വിധിച്ചത്. ഇവരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് ഏഴുമാസത്തിന്ശേഷമാണ് ഗുജറാത്ത് സര്‍ക്കാര്‍ മേല്‍ക്കോടതിയെ സമീപിക്കുന്നത്. കീഴ്ക്കോടതി വിധിക്കെതിരെ മൂന്ന് മാസത്തിനകം അപ്പീല്‍ നല്‍കണമെന്നതാണ് കീഴ്വഴക്കം. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിപദം ലക്ഷ്യംവയ്ക്കുന്ന മോഡി ഗുജറാത്ത് വംശഹത്യയുടെ നിഴലില്‍ നിന്ന് ചുവടുമാറ്റാന്‍ നടത്തുന്ന ശ്രമമായി പുതിയ നീക്കം വ്യാഖ്യാനിക്കപ്പെടുന്നു. മുസ്ലിംവംശഹത്യക്ക് കൂട്ടുനിന്ന മോഡിയുടെ ദേശീയരാഷ്ട്രീയത്തിലേക്കുള്ള ചുവടുവയ്പിന് എന്‍ഡിഎ സഖ്യകക്ഷികളില്‍ നിന്നുപോലും കടുത്ത വിമര്‍ശമുയര്‍ന്ന സാഹചര്യത്തിലാണ് പുതിയ നീക്കം.

2002ലെ ഗുജറാത്ത് വംശഹത്യ കേസില്‍ ശിക്ഷിക്കപ്പെടുന്ന ഉന്നത ബിജെപി നേതാവും ആദ്യ എംഎല്‍എയുമാണ് ഡോക്ടര്‍ കൂടിയായ മായ. 2009ല്‍ അറസ്റ്റിലാകുന്നതുവരെ നരോദ മേഖലയില്‍നിന്നും അവര്‍ മൂന്ന് തവണ പൊതുതെരഞ്ഞെടുപ്പുകളില്‍ ജയിച്ചു. ഗുരുതര കുറ്റാരോപണങ്ങള്‍ നിലനില്‍ക്കെ തന്നെ മോഡി അവരെ 2007ല്‍ വനിതാ ശിശുക്ഷേമ മന്ത്രിയാക്കി. കഴിഞ്ഞ ആഗസ്തിലാണ് അഹമ്മദാബാദിലെ പ്രത്യേക വിചാരണ കോടതി ഇവര്‍ക്ക് 28 വര്‍ഷത്തെ തടവുശിക്ഷ വിധിച്ചത്. ബാബുപട്ടേലിന് ജീവിതാന്ത്യംവരെ തടവും മറ്റ് എട്ടുപേര്‍ക്ക് 31 വര്‍ഷംവരെ ജയില്‍വാസവും വിധിച്ചു. ഇവര്‍ക്ക് വധശിക്ഷ നല്‍കണമെന്ന സുപ്രീംകോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ആവശ്യത്തിനാണ് ഏഴുമാസത്തിനുശേഷം മോഡി സര്‍ക്കാര്‍ സമ്മതം മൂളിയത്. 24 വര്‍ഷംവരെ ശിക്ഷ ലഭിച്ച മറ്റ് 22 പേരുടെ ശിക്ഷ വര്‍ധിപ്പിക്കണമെന്നും ആവശ്യപ്പെടും. അപ്പീല്‍ നല്‍കാനുള്ള കാലവധി അവസാനിച്ചതിനാല്‍ ഹൈക്കോടതിയുടെ അനുമതി തേടിയശേഷം മാത്രമേ സര്‍ക്കാരിന് വിധിക്കെതിരെ മേല്‍ക്കോടതിയില്‍ സമീപിക്കാനാകൂ.

deshabhimani 180413

No comments:

Post a Comment