Thursday, April 18, 2013

അട്ടപ്പാടി ശിശുമരണം ആരോഗ്യവകുപ്പ് ഉരുണ്ടു കളിക്കുന്നു


അട്ടപ്പാടിയിലെ നവജാതശിശുമരണങ്ങളുടെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാന്‍ ആരോഗ്യവകുപ്പ് ഉരുണ്ടുകളിക്കുന്നു. നവജാതശിശുമരണങ്ങള്‍ക്ക്  കാരണം ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് അവശ്യപരിചരണം ലഭിക്കാത്തതാണെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ശിശുക്കള്‍ക്ക് മതിയായ പോഷകാഹാരം ലഭിക്കാത്തതു കൊണ്ടാണ് തുടര്‍ച്ചയായ 15 മാസത്തിനിടെ 30 മരണങ്ങളുണ്ടായതെന്ന സന്നദ്ധ-സാമൂഹിക പ്രവര്‍ത്തകരുടെ കണ്ടെത്തലുകള്‍ തള്ളിക്കൊണ്ടുള്ള റിപ്പോര്‍ട്ടാണ് ഡി എം ഒ ഡോ കെ വേണുഗോപാലിന്റേത്. അതേസമയം മരിച്ച കുഞ്ഞുങ്ങളക്ക് ജനനസമയത്ത് തൂക്കക്കുറവുണ്ടായിരുന്നില്ല എന്നാണ് ഇതേ ഡി എം ഒ കഴിഞ്ഞ ദിവസം എം ബി രാജേഷ് എം പിയോട് പറഞ്ഞത്.

2012 ല്‍ 15 നവജാതശിശുക്കളാണ് അട്ടപ്പാടിയിലെ ആദിവാസി ഊരുകളില്‍ മരിച്ചത്. കഴിഞ്ഞ മൂന്നു മാസത്തിനിടെ ഒമ്പത് കുട്ടികള്‍ മരിച്ചു. ഈ മാസം മാത്രം അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ് കൊണ്ട് മരിച്ചത് ആറു കുഞ്ഞുങ്ങളാണ്. ഈ മരണങ്ങളില്‍ ഭൂരിഭാഗവും 'പ്രീനാറ്റല്‍ കെയര്‍' (ഗര്‍ഭകാലത്ത് അമ്മമാര്‍ക്ക് ലഭിക്കേണ്ട അവശ്യപരിചരണം) ഇല്ലാത്തതു കൊണ്ടാണെന്നാണ് ഡി എം ഒ കണ്ടെത്തിയിരിക്കുന്നത്. അമ്മയുടെ മരണം, ഗര്‍ഭം അലസല്‍, ജനിതകവൈകല്യം, ജനനസമയത്ത് കുഞ്ഞിന് ആവശ്യമായ തൂക്കം ഇല്ലാതിരിക്കല്‍ എന്നിങ്ങനെ നിരവധി പ്രശ്‌നങ്ങള്‍ക്ക് വഴി വെക്കുന്നതാണ് പ്രീനാറ്റല്‍ കെയറിന്റെ അഭാവം.

അതേസമയം, മരിച്ച കുട്ടികള്‍ക്കാര്‍ക്കും ജനനസമയത്ത് തൂക്കക്കുറവ് ഇല്ലായിരുന്നെന്നാണ് ആരോഗ്യവകുപ്പ് നേരത്തേ വ്യക്തമാക്കിയിരുന്നത്. ശരീരത്തില്‍ വേണ്ടത്ര പ്രോട്ടീന്‍  ഇല്ലാത്തതാണ് ('പ്രോട്ടീന്‍ ഡെഫിഷ്യന്‍സി') മരണകാരണമെന്നായിരുന്നു ആദ്യപ്രതികരണം. പോഷകാഹാരം കാലങ്ങളായി ലഭിക്കാത്തവര്‍ക്കാണ് പ്രോട്ടീന്‍ ഡെഫിഷ്യന്‍സി ഉണ്ടാകുന്നത്. കുറെക്കാലം പോഷകാഹാരം ലഭ്യമാകാത്തവര്‍ക്ക് പിന്നീട് ഇവ ലഭിച്ചാല്‍ത്തന്നെ ഇത് ശരീരത്തിലേക്ക് ആഗിരണം ചെയ്യാനുള്ള ശേഷി നഷ്ടപ്പെടുമെന്നും ആരോഗ്യവകുപ്പ് അധികൃതര്‍ വിശദീകരിച്ചിരുന്നു. എന്നാല്‍, അട്ടപ്പാടിയിലെ നവജാതശിശു മരണങ്ങള്‍ വാര്‍ത്തയാകുകയും സര്‍ക്കാരിന്റെ ആദിവാസിക്ഷേമ പ്രവര്‍ത്തനങ്ങള്‍ പ്രതിക്കൂട്ടിലാകുകയും ചെയ്തതോടെ ആരോഗ്യവകുപ്പ് മലക്കം മറിയുകയായിരുന്നു.

janayugom 180413

No comments:

Post a Comment