Sunday, April 14, 2013

സിപിഐ എം അനുഭാവികളെ യൂത്ത് കോണ്‍ഗ്രസാക്കിയ മാതൃഭൂമി വെട്ടിലായി


എരുവട്ടി: സിപിഐ എം അനുഭാവികളെ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാക്കി മാതൃഭൂമി വെട്ടിലായി. വാര്‍ത്തയെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പൊട്ടന്‍പാറയിലെ സിപിഐ എം അനുഭാവികളായ ജോഷിത്ത്, ദീഷിത്ത് എന്നിവര്‍ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കി. യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരാക്കി അവതരിപ്പിച്ച് അപമാനിച്ചതിനെതിരെ അന്വേഷണം ആവശ്യപ്പെട്ടാണ് പരാതി. ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ സാക്ഷിക്ക് വധഭീഷണിയെന്ന വാര്‍ത്തയിലാണ് പത്രം നട്ടാല്‍മുളക്കാത്ത നുണക്കഥ നിരത്തിയത്. പൊട്ടന്‍പാറയിലെ കോണ്‍ഗ്രസ് ഓഫീസിന്റെ ചുമരില്‍ പച്ചില ഉപയോഗിച്ചുള്ള എഴുത്തിനെ ഉപയോഗിച്ചാണ് ഭീഷണിക്കഥമെനഞ്ഞത്. ഇതില്‍ രണ്ടുപേരാണ് ഇപ്പോള്‍ പത്രത്തിനെതിരെ കതിരൂര്‍ പൊലീസില്‍ പരാതി നല്‍കിയത്.
വ്യാജമൊഴി നല്‍കിയതിന്റെ ജാള്യംമറക്കാനും മാധ്യമശ്രദ്ധനേടാനും കോണ്‍ഗ്രസുകാര്‍ ആസൂത്രണംചെയ്ത നാടകമാണ് ഓഫീസിലെ ചുമരെഴുത്തെന്ന സംശയം ബലപ്പെടുത്തുന്നതാണ് മാതൃഭൂമി വാര്‍ത്ത. സാക്ഷികള്‍ക്ക് സിപിഐ എം വധഭീഷണിയെന്ന് വരുത്തിത്തീര്‍ക്കാനുള്ള വേലയാണ് പച്ചില എഴുത്തെന്ന് സംശയമുണ്ട്. ചുമരില്‍ പേരില്ലാത്ത ജോഷിത്തിനെയടക്കം യൂത്ത്കോണ്‍ഗ്രസ് ലേബലൊട്ടിച്ച് പത്രത്തില്‍ അവതരിപ്പിച്ചതും യാദൃച്ഛികമല്ല. പൊലീസ് കാവലില്‍ എഴുത്ത്മായ്ച്ചതിലും ദുരൂഹതയുണ്ട്.

deshabhimani

No comments:

Post a Comment