Wednesday, April 17, 2013

2 സാക്ഷികള്‍കൂടി പ്രോസിക്യൂഷനെതിരെ


ടി പി ചന്ദ്രശേഖരന്‍ വധക്കേസില്‍ രണ്ട് സാക്ഷികള്‍കൂടി പ്രോസിക്യൂഷനെതിരെ മൊഴി നല്‍കി. 65-ാം സാക്ഷി വി വിജിത്ത്, 67-ാം സാക്ഷി എം നവീന്‍ എന്നിവരാണ് പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്ന് പ്രത്യേക അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി ആര്‍ നാരായണ പിഷാരടി മുമ്പാകെ ബോധിപ്പിച്ചത്. 67 പേരെ വിസ്തരിച്ചതില്‍ പ്രോസിക്യൂഷനെതിരെ മൊഴി നല്‍കിയവര്‍ ഇതോടെ 36 ആയി.

പ്രതിപ്പട്ടികയിലുള്ള സിജിത്തിനെ അറിയില്ലെന്ന് വിജിത്ത് പറഞ്ഞു. ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ടതിനുശേഷം 2012 മെയ് ആറിന് സിജിത്തിനെ ഇന്നോവ കാറില്‍ കോഴിക്കോട്ട് ഇറക്കിയെന്ന് താന്‍ പറഞ്ഞതായി പൊലീസ് രേഖപ്പെടുത്തിയത് തെറ്റാണെന്നും പ്രോസിക്യൂഷന്‍ വിസ്താരത്തില്‍ വിജിത്ത് പറഞ്ഞു. കുഞ്ഞനന്തന്‍ സിപിഐ എം മാടായി ഏരിയാ കമ്മിറ്റി ഓഫീസില്‍ വന്നത് കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ അറിയില്ലെന്നും ഇപ്പോള്‍ പൊലീസ് ട്രെയിനിയായ നവീന്‍ മൊഴി നല്‍കി. കേസിലുള്‍പ്പെട്ടതായി പ്രോസിക്യൂഷന്‍ ആരോപിക്കുന്ന ജിഷാദിനെ അറിയില്ല. സരിന്‍ ശശിക്കൊപ്പം ജിഷാദ് മാടായി ഏരിയാ കമ്മിറ്റി ഓഫീസില്‍ വന്നത് കണ്ടതായി പൊലീസിന് മൊഴി നല്‍കിയിട്ടില്ലെന്നും നവീന്‍ കോടതിയില്‍ പറഞ്ഞു.

66-ാം സാക്ഷിയായി വിസ്തരിച്ച അറബി അധ്യാപകന്‍ അബ്ദുള്‍ റൗഫ് പ്രോസിക്യൂഷന് അനുകൂലമായി മൊഴിനല്‍കി. പ്രതിഭാഗത്തിനുവേണ്ടി അഭിഭാഷകരായ എം അശോകന്‍, പി വി ഹരി എന്നിവരും പ്രോസിക്യൂഷനുവേണ്ടി അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ പി കുമാരന്‍കുട്ടിയും സാക്ഷികളെ വിസ്തരിച്ചു. ചൊവ്വാഴ്ച വിസ്തരിക്കേണ്ടിയിരുന്ന നാലുപേരെ വിസ്തരിക്കുന്നില്ലെന്ന് പ്രോസിക്യൂഷന്‍ കോടതിയെ അറിയിച്ചു. 128-ാം സാക്ഷി കെ കെ പവിത്രന്‍ അവധിക്ക് അപേക്ഷ നല്‍കിയിരുന്നു. പവിത്രനെയും 136 മുതല്‍ 142 വരെയുള്ള സാക്ഷികളെയും ബുധനാഴ്ച വിസ്തരിക്കും.

deshabhimani 170413

No comments:

Post a Comment