കോണ്‍ഗ്രസ് ഭാരവാഹി തെരഞ്ഞെടുപ്പ് അലങ്കോലപ്പെടുത്താനെത്തിയ മുസ്ലിംലീഗ് പ്രവര്‍ത്തകരുമായുണ്ടായ തര്‍ക്കത്തെ തുടര്‍ന്ന് കൊടുവള്ളിയില്‍ മുസ്ലിംലീഗും യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഏറ്റുമുട്ടി. യൂത്ത്ലീഗ് കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റിനെ യൂത്ത് കോണ്‍ഗ്രസുകാര്‍ വളഞ്ഞിട്ട് തല്ലി. ടൗണില്‍ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിച്ച ലീഗുകാരെ പിരിച്ചുവിടാന്‍ പൊലീസ് രണ്ടു തവണ ടിയര്‍ഗ്യാസ് പ്രയോഗിച്ചു. വോട്ടെടുപ്പ് കേന്ദ്രത്തിലേക്ക് ഇരച്ചുകയറിയ യൂത്ത്ലീഗുകാര്‍ വോട്ടുരേഖപ്പെടുത്തിയ ബാലറ്റ്പേപ്പറുകളടക്കമുള്ള തെരഞ്ഞെടുപ്പ് സാമഗ്രികള്‍ തകര്‍ത്തു. സംഭവത്തില്‍ മൂന്ന് പൊലീസുകാര്‍ക്കും ഒരു ലീഗുകാരനും പരിക്കേറ്റു. രണ്ടുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
ചൊവ്വാഴ്ച വൈകിട്ട് നാലോടെയാണ് അക്രമം. യൂത്ത്കോണ്‍ഗ്രസ് കൊടുവള്ളി മണ്ഡലം, ബൂത്ത് ഭാരവാഹി തെരഞ്ഞെടുപ്പായിരുന്നു ചൊവ്വാഴ്ച കൊടുവള്ളി പഞ്ചായത്ത് കമ്യൂണിറ്റിഹാളില്‍ തയ്യാറാക്കിയ തെരഞ്ഞെടുപ്പ്കേന്ദ്രത്തില്‍ നടന്നത്. ഇതിനിടയില്‍ കോണ്‍ഗ്രസിലെ എ, ഐ വിഭാഗങ്ങള്‍ തമ്മില്‍ നിരവധി തവണ തമ്മിലടിച്ചിരുന്നു. കമ്മിറ്റി പിടിക്കുന്നതിന് യൂത്ത്ലീഗടക്കമുള്ള സംഘടനകളിലെ ആളുകള്‍ക്ക് വോട്ടുണ്ടാക്കിയതായി പരസ്പരം ആരോപിച്ചാണ് ഇരു വിഭാഗവും തമ്മിലടിച്ചത്. തെരഞ്ഞെടുപ്പ് നിയന്ത്രിക്കുന്നത് ലീഗുകാരാണെന്ന് കോണ്‍ഗ്രസുകാര്‍ക്കുള്ളില്‍ തന്നെ അഭിപ്രായമുണ്ട്. വൈകിട്ട് നാലോടെ പോളിങ് കേന്ദ്രത്തിനടുത്തെത്തിയ യൂത്ത്ലീഗ് നിയോജക മണ്ഡലം ജോയിന്റ് സെക്രട്ടറിയെ യൂത്ത്കോണ്‍ഗ്രസുകാര്‍ മര്‍ദിച്ചെന്നാരോപിച്ചാണ് ലീഗുകാര്‍ അക്രമം നടത്തിയത്. യൂത്ത്ലീഗ് കൊടുവള്ളി നിയോജക മണ്ഡലം പ്രസിഡന്റായ എം കെ ബി മുഹമ്മദിനെ യൂത്ത്കോണ്‍ഗ്രസുകാര്‍ വളഞ്ഞിട്ട് പൊതിരെ തല്ലുകയായിരുന്നു. ലീഗിന്റെ പഞ്ചായത്ത് മെമ്പര്‍ക്കും അടിയേറ്റു. തുടര്‍ന്ന് യൂത്ത്കോണ്‍ഗ്രസിനെതിരെ പോര്‍വിളികളുമായി ലീഗുകാര്‍ നടത്തിയ പ്രകടനത്തിനിടെ പൊലീസിനെ ആക്രമിക്കുകയുമായിരുന്നു. കോഴിക്കോട് എആര്‍ ക്യാമ്പിലെ പൊലീസുകാരായ സുബൈര്‍ (28), ലസിത്, അഭിലാഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. പട്ടികകൊണ്ട് തലക്ക് ഏറ് കൊണ്ടാണ് സുബൈറിന് പരിക്ക്.
ടിയര്‍ഗ്യാസ് പ്രയോഗിച്ച് പൊലീസ് വിരട്ടിയോടിച്ച സമരക്കാര്‍ പിന്നീട് വീണ്ടും സംഘടിച്ച് പൊലീസിനെതിരെയുള്ള മുദ്രാവാക്യം വിളികളുമായി തെരുവില്‍ അഴിഞ്ഞാടി. പോളിങ് കഴിഞ്ഞ് വോട്ടെണ്ണി തുടങ്ങുന്നതിനിടെയാണ് ലീഗുകാര്‍ പോളിങ് കേന്ദ്രം അക്രമിച്ച് തെരഞ്ഞെടുപ്പ് സാമഗ്രികള്‍ നശിപ്പിച്ചത്. ബാലറ്റ് പെട്ടി, പേപ്പര്‍, മേശ, കസേര തുടങ്ങിയ തകര്‍ത്തു. ഇതോടെ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കാന്‍ കഴിഞ്ഞിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന താമരശേരി, മടവൂര്‍ മണ്ഡലം ഭാരവാഹി തെരഞ്ഞെടുപ്പിലും യൂത്ത്കോണ്‍ഗ്രസിലെ ഇരു വിഭാഗവും തമ്മിലടിച്ചിരുന്നു.
deshabhimani 170413
No comments:
Post a Comment