Sunday, April 14, 2013

മലയാളം വിക്കിപീഡിയയില്‍ 30,000 ലേഖനങ്ങള്‍ കവിഞ്ഞു


സ്വതന്ത്ര ഓണ്‍ലൈന്‍ വിജ്ഞാനകോശമായ വിക്കിപീഡയയുടെ മലയാളം പതിപ്പായ മലയാളം വിക്കിപീഡിയയില്‍ 30,000 ലേഖനങ്ങള്‍ കവിഞ്ഞു. ഏപ്രില്‍ ഒമ്പതിനാണ് ലേഖനങ്ങളുടെ എണ്ണം 30,000 കടന്നത്. പ്രാദേശികഭാഷകളായ തമിഴും ഹിന്ദിയും ലേഖനങ്ങളുടെ എണ്ണത്തില്‍ മുന്നിട്ടുനില്‍ക്കുന്നുണ്ടെങ്കിലും ലേഖനങ്ങളുടെ വലുപ്പത്തിലും വിഷയങ്ങളുടെ ആഴത്തിലും മലയാളംവിക്കിയാണ് മുന്നില്‍. നാട്ടറിവുകള്‍, വൈദ്യം, ചരിത്രം, സാഹിത്യം, ശാസ്ത്രം എന്നിങ്ങനെ തുടങ്ങി ചെറിയ നാട്ടറിവുകളും കളികളുംവരെ ലേഖനങ്ങള്‍ക്ക് വിഷയമാകുന്നുണ്ട്. 30,061 ലേഖനങ്ങളിലായി 18 ലക്ഷത്തോളം തിരുത്തലുകളാണ് മലയാളം വിക്കിയിലുള്ളത്.

2002ല്‍ ഡിസംബര്‍ 21ന് അമേരിക്കന്‍ സര്‍വകലാശാലയിലെ ഗവേഷകവിദ്യാര്‍ഥിയായ വിനോദ് പ്രഭാകറാണ് മലയാളം വിക്കി ആദ്യമായി തയ്യാറാക്കിയത്. മലയാളം അക്ഷരമാലയെക്കുറിച്ചുള്ള ലേഖനമാണ് ആദ്യം പ്രസിദ്ധീകരിച്ചത്. എന്നാല്‍, ആദ്യഘട്ടത്തിലെ വളര്‍ച്ച മന്ദഗതിയിലായിരുന്നു. 2006ലാണ് മലയാളം വിക്കിയില്‍ 100 ലേഖനങ്ങള്‍ തികഞ്ഞത്. പിന്നീട് വളര്‍ച്ച പെട്ടെന്നായിരുന്നു. ഓരോ വിഷയത്തിനും സംവാദം താളുകളും നയരൂപീകരണത്തിനായി പ്രത്യേകം താളുകളുമുണ്ട്.

മലയാളം വിക്കിയുടെ പത്താംപിറന്നാളാഘോഷങ്ങളുടെ ഭാഗമായി സ്ത്രീകളെ കൂടുതലായി അംഗങ്ങളാക്കാനുള്ള പദ്ധതിക്കും രൂപംകൊടുത്തിട്ടുണ്ട്. പ്രധാനപ്പെട്ട മലയാള കവിതകള്‍, നോവല്‍, നാടകം, ചെറുകഥകള്‍ എന്നിവയടങ്ങിയ വിക്കിഗ്രന്ഥശാല, വിക്കിപാഠശാല, വിക്കി നിഘണ്ടു, വിക്കി ചൊല്ലുകള്‍ എന്നിങ്ങനെ സഹോദരസംരംഭങ്ങളും മലയാളം വിക്കിയുടേതായുണ്ട്. തികച്ചും സൗജന്യമായി പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം ആളുകളാണ് ഇതിന്റെ വ്യാപനത്തിനായി പ്രവര്‍ത്തിക്കുന്നത്. മലയാളം വിക്കിയില്‍ 46,000 ത്തോളം അംഗങ്ങളുണ്ട്. ഇതില്‍ 300 പേര്‍ സജീവപ്രവര്‍ത്തകരാണ്.
(അനിത പ്രഭാകരന്‍)

deshabhimani 140413

No comments:

Post a Comment