ഹ്യൂഗോ ഷാവേസിന്റെ ബൊളിവാറിയന്‍ സോഷ്യലിസ്റ്റ് വിപ്ലവത്തിന്റെ തുടര്‍ച്ചയ്ക്ക് വെനസ്വേലന്‍ ജനത ഞായറാഴ്ച വിധിയെഴുതും. തന്റെ പിന്‍ഗാമിയായി ഷാവേസ് നിര്‍ദേശിച്ച ആക്ടിങ് പ്രസിഡന്റ് നിക്കോളസ് മഡുറോ നല്ല ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നാണ് അഭിപ്രായ സര്‍വേകള്‍ വ്യക്തമാക്കുന്നത്. ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ ഷാവേസിനോട് തോറ്റ മിരാന്‍ഡ ഗവര്‍ണര്‍ ഹെന്‍റിക് കാപ്രിലെസാണ് പ്രതിപക്ഷസ്ഥാനാര്‍ഥി. ലോകത്ത് ഏറ്റവും എണ്ണനിക്ഷേപമുള്ള രാജ്യത്തെ 2.8 കോടി ജനങ്ങളില്‍ 1.9 കോടി പേരാണ് വോട്ടര്‍മാര്‍. ഞായറാഴ്ച രാവിലെ ആറുമുതല്‍ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്. സ്ഥാനാര്‍ഥികളുടെ ചിത്രം സഹിതമുള്ള അത്യാധുനിക ടച്ച്സ്ക്രീന്‍ വോട്ടിങ് യന്ത്രമാണ് ഉപയോഗിക്കുന്നത്. വോട്ടെടുപ്പ് പൂര്‍ത്തിയായി മൂന്ന് മണിക്കൂറിനുള്ളില്‍ ഫലം അറിയാനാകും.
മാര്‍ച്ച് അഞ്ചിന് ഷാവേസ് അന്തരിച്ചതിനെ തുടര്‍ന്നാണ് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. വന്‍ ഭൂരിപക്ഷത്തോടെ നാലാംവട്ടവും പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഷാവേസിന് അധികാരമേല്‍ക്കാന്‍ കഴിഞ്ഞിരുന്നില്ല. ഷാവേസിന്റെ നയങ്ങള്‍ പിന്തുടരുകയാണ് തന്റെ കടമയെന്ന് അമ്പതുകാരനായ മഡുറോ പ്രഖ്യാപിച്ചിട്ടുണ്ട്. ആറുവര്‍ഷത്തെ അടുത്ത ടേമിലേക്ക് ഷാവേസ് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളുടെ പട്ടികയും നയരേഖയും ഉയര്‍ത്തിക്കാട്ടിയാണ് അദ്ദേഹം തെരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചത്. "എനിക്ക് നിങ്ങളുടെ പിന്തുണ വേണം. ഷാവേസ് എന്നെ ഏല്‍പ്പിച്ചുപോയ ജോലി വളരെ പ്രയാസകരമാണ്. പ്രസിഡന്റും വിപ്ലവത്തിന്റെ നേതാവുമായിരിക്കുന്നത് ഒട്ടും എളുപ്പമുള്ള കാര്യമല്ല"- അദ്ദേഹം പറഞ്ഞു. "ഞാന്‍ ഷാവേസ്. നമ്മള്‍ എല്ലാവരും ഷാവേസ്" എന്ന മുദ്രാവാക്യമാണ് സോഷ്യലിസ്റ്റ് പാര്‍ടിയുടെ പ്രചാരണത്തില്‍ ഉയര്‍ന്നുകേട്ടത്.
അതേസമയം, പ്രചാരണത്തിന്റെ ആദ്യഘട്ടത്തില്‍ മഡുറോക്ക് ലഭിക്കുമെന്ന് പ്രതീക്ഷിച്ച വന്‍ ഭൂരിപക്ഷത്തില്‍ നേരിയ കുറവുവന്നതായി പാശ്ചാത്യ വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്. ഷാവേസ് തുടര്‍ന്നുവന്ന സാമ്പത്തികനയത്തിനെതിരെയാണ് നാല്‍പ്പതുകാരനായ കാപ്രിലെസിന്റെ പ്രധാന പ്രചാരണം. സര്‍ക്കാര്‍ സംവിധാനം മഡുറോ ദുരുപയോഗപ്പെടുത്തുകയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു. അതിനിടെ, തെരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള മറ്റൊരു നീക്കം കൂടി പരാജയപ്പെടുത്തിയതായി വെനസ്വേലന്‍ സര്‍ക്കാര്‍ വെളിപ്പെടുത്തി. വെനസ്വേലന്‍ സൈനികരെന്ന വ്യാജേന രാജ്യത്ത് കടന്നുകയറിയ രണ്ട് കൊളംബിയക്കാരെ അറസ്റ്റുചെയ്തെന്ന് വൈസ് പ്രസിഡന്റ് ജോര്‍ജ് അരിയേസ ദേശീയ ടെലിവിഷനില്‍ അറിയിച്ചു. സാല്‍വദോര്‍ അട്ടിമറി സംഘത്തിലുള്‍പ്പെട്ടവരില്‍നിന്ന് പിടിച്ചെടുത്ത ആയുധങ്ങളും വെടിക്കോപ്പുകളും ടെലിവിഷനില്‍ കാണിച്ചു. തെരഞ്ഞെടുപ്പ് അട്ടിമറിക്കാന്‍ അമേരിക്കയും കൂട്ടാളികളും നടത്തുന്ന ശ്രമങ്ങള്‍ നേരത്തേ തന്നെ വെളിപ്പെട്ടതാണ്. മഡുറോ പര്യടനം നടത്തുന്ന മേഖലയിലെ വൈദ്യുതിബന്ധമാകെ വിച്ഛേദിക്കാന്‍ ശ്രമിച്ചവരെ നേരത്തെ പിടികൂടിയിരുന്നു. പ്രതിപക്ഷസ്ഥാനാര്‍ഥിയായ കാപ്രിലെസിനെ വധിച്ച് രാജ്യത്ത് സംഘര്‍ഷമുണ്ടാക്കാന്‍ അമേരിക്ക ശ്രമിക്കുന്നതായും സര്‍ക്കാരിന് വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് കാപ്രിലെസിന് കനത്ത സുരക്ഷ ഏര്‍പ്പെടുത്തിയിരുന്നു.
deshabhimani 140413
No comments:
Post a Comment