Thursday, April 18, 2013

ഭൂമി ഏറ്റെടുക്കല്‍ ബില്‍ എതിര്‍പ്പ് തുടരും: സിപിഐ എം


ഭൂമി ഏറ്റെടുക്കല്‍ ബില്ലില്‍ സമവായം ഉണ്ടാക്കാനുള്ള യുപിഎ സര്‍ക്കാരിന്റെ ശ്രമത്തിന്റെ ഭാഗമായി ഗ്രാമവികസന മന്ത്രി ജയ്റാം രമേശ് സിപിഐ എം നേതൃത്വവുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബില്ലിനോടുള്ള എതിര്‍പ്പ് തുടരുമെന്ന് ചര്‍ച്ചയില്‍ പങ്കെടുത്ത സിപിഐ എം പൊളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. എന്നാല്‍, നഷ്ടപരിഹാരം പാട്ടകൃഷിക്കാര്‍ക്ക് നല്‍കണമെന്ന ആവശ്യവും പതിമൂന്ന് നിയമങ്ങളെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിക്കൊണ്ടുള്ള തീരുമാനം പുനഃപരിശോധിക്കണമെന്ന ആവശ്യവും പരിഗണിക്കാമെന്ന് മന്ത്രി ഉറപ്പ് നല്‍കി. ബുധനാഴ്ച രാവിലെയാണ് ജയ്റാം രമേശ് എ കെ ജി ഭവനില്‍ നേതാക്കളുമായി ഒരു മണിക്കൂറോളം ചര്‍ച്ച നടത്തിയത്. എസ് ആര്‍ പിക്കു പുറമെ പിബി അംഗം സീതാറാം യെച്ചൂരി, ലോക്സഭയിലെ സിപിഐ എം നേതാവ് ബസുദേവ് ആചാര്യ എന്നിവരും പങ്കെടുത്തു.

ബില്ലിനോട് പൂര്‍ണമായും വിയോജിക്കുന്നതായി നേതാക്കള്‍ ജയ്റാം രമേശിനെ അറിയിച്ചു. ജനങ്ങളെ വഞ്ചിക്കുന്നതാണ് ബില്ലെന്നും എസ് രാമചന്ദ്രന്‍പിള്ള പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് 13 നിയമനിര്‍മാണങ്ങളെ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കിയിരിക്കുകയാണ്. 85 ശതമാനം ഭൂമി ഏറ്റെടുക്കുന്നതും ഈ നിയമങ്ങള്‍ അടിസ്ഥാനമാക്കിയാണ്. ഖനികള്‍, ട്രാംവേ, മെട്രോ, ഹൈവേ, പെട്രോളിയം-ധാതുലവണങ്ങള്‍, റെയില്‍വേ, പൈപ്പ്ലൈന്‍, വൈദ്യുതി, കല്‍ക്കരി ഖനനം എന്നിവയുമായി ബന്ധപ്പെട്ട നിയമങ്ങളാണ് ഭൂമി ഏറ്റെടുക്കല്‍ നിയമത്തിന്റെ പരിധിയില്‍ വരാത്തത്. അതായത് ഈ ആവശ്യങ്ങള്‍ക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി ഉപയോഗിക്കുന്നവരുടെ സമ്മതം വേണ്ട. ഇത് അംഗീകരിക്കാനാവില്ല. കര-വ്യോമ-നാവിക സേനയുടെ ആവശ്യം, റോഡ് നിര്‍മാണം, കുറഞ്ഞ ചെലവിലുള്ള വീട്നിര്‍മാണം, വന്‍ തൊഴില്‍ സാധ്യതയുള്ള പദ്ധതികള്‍ തുടങ്ങി അത്യാവശ്യകാര്യങ്ങള്‍ മാത്രമേ ബില്ലിന്റെ പരിധിയില്‍നിന്ന് ഒഴിവാക്കാവൂ എന്ന് സിപിഐ എം മന്ത്രിയെ ധരിപ്പിച്ചു. ബില്ലിലെ "പൊതു ആവശ്യം" എന്ന പ്രയോഗം മാറ്റണം. എതാവശ്യത്തെയും പൊതുആവശ്യമായി ചിത്രീകരിച്ച് ഭൂമി ഏറ്റെടുക്കാന്‍ ഇത് വഴിയൊരുക്കും. സര്‍ക്കാര്‍പദ്ധതിക്ക് ഭൂമി ഏറ്റെടുക്കുമ്പോള്‍ ഭൂമി ഉപയോഗിക്കുന്നവരുടെ സമ്മതം ആവശ്യമില്ലെന്ന വ്യവസ്ഥ മാറ്റണം. സര്‍ക്കാര്‍പദ്ധതിക്കുള്ള ഭൂമി ഏറ്റെടുക്കലിനും ഭൂമി ഉപയോഗിക്കുന്നവരുടെ സമ്മതം വേണമെന്ന യഥാര്‍ഥ ബില്ലിലെ വ്യവസ്ഥ പുനഃസ്ഥാപിക്കണം. പൊതുമേഖലയ്ക്കായി ഭൂമി ഏറ്റെടുത്ത് പിന്നീട് അത് സ്വകാര്യവല്‍ക്കരിക്കാന്‍ സാധ്യതയുണ്ട്. സ്വകാര്യ പദ്ധതികള്‍ക്കായി ഭൂമി ഏറ്റെടുക്കുമ്പോള്‍ 80 ശതമാനംപേരുടെ സമ്മതം മതിയെന്ന വ്യവസ്ഥയെയും എതിര്‍ത്തു. നൂറ് ശതമാനം പേരുടെയും സമ്മതം വേണമെന്നാണ് സിപിഐ എം ആവശ്യം.

ഭൂവുടമകള്‍ക്കുമാത്രമല്ല, ഭൂമി ഉപയോഗിക്കുന്ന; അതിനെ ആശ്രയിച്ച് കഴിയുന്ന എല്ലാവര്‍ക്കും നഷ്ടപരിഹാരം നല്‍കണമെന്നതാണ് പ്രധാന ആവശ്യം. പാട്ടകൃഷിക്കാര്‍, കര്‍ഷകത്തൊഴിലാളികള്‍ എന്നിവര്‍ക്കും നഷ്ടപരിഹാരം നല്‍കണം. ഗ്രാമീണ മേഖലയില്‍ ഭൂമിയുടെ കമ്പോളവിലയുടെ ആറിരട്ടിയും നഗരങ്ങളില്‍ മൂന്നിരട്ടിയും നഷ്ടപരിഹാരം നല്‍കണമെന്ന ആദ്യ ബില്ലിലെ ശുപാര്‍ശതന്നെ നടപ്പാക്കണമെന്നും സിപിഐ എം ആവശ്യപ്പെട്ടു. സര്‍ക്കാര്‍ അവതരിപ്പിക്കുന്ന ബില്ലില്‍ ഗ്രാമീണമേഖലയില്‍ ഭൂമിയുടെ നാലിരട്ടിയും നഗരങ്ങളില്‍ ഇരട്ടിവിലയും നല്‍കാനാണ് വ്യവസ്ഥ. ആദിവാസികളുടെ ഭൂമി ഗ്രാമസഭയുടെ സമ്മതത്തോടെമാത്രമേ ഏറ്റെടുക്കാവൂ എന്നും സിപിഐ എം ആവശ്യപ്പെട്ടു.
(വി ബി പരമേശ്വരന്‍)

deshabhimani 180413

No comments:

Post a Comment