ന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയിലെ പ്രതികള്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കിയ പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് തള്ളണമെന്ന് ആവശ്യപ്പെട്ട് സാക്കിയ ജാഫ്രി സമര്‍പ്പിച്ച ഹര്‍ജിയിലുള്ളത് ഗോധ്ര ദുരന്തം നരേന്ദ്ര മോഡിയും കൂട്ടരും മുസ്ലിം വംശഹത്യക്ക് ഉപയോഗപ്പെടുത്തിയതിന്റെ നേര്‍ചിത്രം.
ഗോധ്ര ട്രെയിന്‍ ദുരന്ത വാര്‍ത്ത പുറത്തുവന്നതിന് തൊട്ട് പിന്നാലെ വംശഹത്യക്ക് മോഡി ആസൂത്രണം ചെയ്യുമ്പോള്‍ ആരോഗ്യ മന്ത്രി അശോക് ഭട്ട്, നഗരവികസന മന്ത്രി ഐ കെ ജഡേജ, വിഎച്ച്പി നേതാവ്് ജയ്ദീപ് പട്ടേല്‍ എന്നിവര്‍ പിന്തുണ നല്‍കി. ജയ്ദീപ് പട്ടേലുമായി മോഡി ബന്ധപ്പെട്ടതിന് ഫോണ്‍ രേഖകള്‍ തെളിവുണ്ട്. ആഭ്യന്തരവകുപ്പിലെ ഉദ്യോഗസ്ഥരുമായും മറ്റ് മന്ത്രിമാരുമായും ബന്ധപ്പെടും മുമ്പായിരുന്നു ഇത്. മരിച്ച കര്‍സേവകരുടെ ജഡങ്ങളെ കലാപത്തിനുപയോഗിക്കാനായി ഗോധ്രയില്‍ പരസ്യമായും തിടുക്കത്തിലും പോസ്റ്റ്മോര്‍ട്ടം ചെയ്തു. പോസ്റ്റ്മോര്‍ട്ടം ചെയ്യുമ്പോള്‍ മോഡിയും ഗോധ്രയില്‍ ഉണ്ടായിരുന്നു. കര്‍സേവകരുടെ ജഡം പട്ടേലിന് കൈമാറാന്‍ തീരുമാനം ഉണ്ടായത് മോഡി വിളിച്ചുചേര്‍ത്ത മിനി ക്യാബിനറ്റിലാണ്. ഇതിനൊക്കെ ആവശ്യത്തിന് തെളിവുണ്ടായിട്ടും അത് കണക്കിലെടുക്കാതെയാണ് അന്വേഷണം അവസാനിപ്പിക്കണമെന്ന് പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെട്ടത്. കലാപം തടയാതിരിക്കാന്‍ പൊലീസിനെയും ഭരണസംവിധാനത്തെയും പൂര്‍ണമായും നിശ്ശബ്ദമാക്കി. ഗുജറാത്ത് ഡിജിപി കെ ചക്രവാരി, പൊലീസ് കമീഷണറായിരുന്ന പി സി പാണ്ഡെ, അഡീഷണല്‍ ചീഫ് സെക്രട്ടറി അശോക് നാരായണ്‍, മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥര്‍, പൊലീസ് എന്നിവരും വംശഹത്യക്ക് പിന്തുണ നല്‍കി.
ഗോധ്ര ദുരന്തം നടന്ന 2002 ഫെബ്രുവരി 27ന് തന്നെ കലാപത്തിനുള്ള ഒരുക്കം തുടങ്ങിയതായി പ്രത്യേക അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിരുന്നു. സംസ്ഥാന ഇന്റലിജന്‍സ്് ബ്യൂറോയ്ക്ക് ജില്ലകളില്‍നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണിത്. ട്രെയിന്‍ ദുരന്തത്തിന് പിന്നാലെ, "ചോരയ്ക്ക് പകരം ചോര" എന്ന മുദ്രാവാക്യവുമായി വിഎച്ച്പി ജനങ്ങളെ സംഘടിപ്പിച്ചു തുടങ്ങി. ഫെബ്രുവരി 28ന് കൂട്ടക്കൊല നടന്ന മെഘാനിനഗറിലൂടെ നരേന്ദ്ര മോഡി കടന്നു പോയതിന് ടെലിഫോണ്‍ രേഖകളുണ്ട്. ഗോധ്രയിലെത്താന്‍ ഹെലികോപ്റ്റര്‍ പിടിക്കാനാണ് മോഡി ഇതു വഴി പോയത്. വഡോദരയില്‍നിന്ന് ആകാശമാര്‍ഗം അഹമ്മദാബാദില്‍ എത്തിയശേഷം മോഡി മെഘാനാബാദില്‍ തങ്ങിയെന്നും ടെലിഫോണ്‍ രേഖകള്‍ വെളിപ്പെടുത്തുന്നു. കര്‍സേവകരുടെ ജഡത്തിനായി ഫെബ്രുവരി 28ന് സായുധരായ ആര്‍എസ്എസ് വിഎച്ച്പി പ്രവര്‍ത്തകര്‍ അഹമ്മദാബാദിലെ സോല സിവില്‍ ആശുപത്രിക്ക് മുന്നില്‍ തമ്പടിച്ചിരുന്നു. മുസ്ലിങ്ങള്‍ക്കെതിരെ ആക്രമണത്തിന് ഒരുക്കം നടക്കുന്നതായി സന്ദേശം കിട്ടിയിടും നടപടിയുണ്ടായില്ല.
സോല ആശുപത്രിയിലെ ഡോക്ടര്‍മാരും ജീവനക്കാരുംവരെ ജീവന് ഭീഷണി നേരിടുന്നതായി സന്ദേശം ലഭിച്ചു. കര്‍സേവകരുടെ ജഡത്തെ പിന്തുടര്‍ന്നത് അക്രമാസക്തരായ 5000-6000 പേരായിരുന്നു. ശവഘോഷയാത്രയ്ക്ക് അനുമതി നല്‍കിയത് കലാപം കത്തിക്കാനാണ്. ഖേദ്ബ്രഹ്മ, വഡോദര, മൊഡാസ, ദാഹോദ്, ആനന്ദ് തുടങ്ങിയ സ്ഥലങ്ങളില്‍ അക്രമം പൊട്ടിപ്പുറപ്പെടുമ്പോഴും സംസ്ഥാന സര്‍ക്കാര്‍ നിഷ്ക്രിയത്വം പാലിച്ചു. ശവഘോഷയാത്രയില്‍ പങ്കെടുക്കാന്‍ എത്തിയ വിഎച്ച്പി നേതാവ് ഗിരിരാജ് കിഷോറിന് സുരക്ഷ ഒരുക്കാന്‍ വേണ്ടത്ര പൊലീസിനെ നല്‍കാന്‍ മോഡിക്ക് മടിയുണ്ടായില്ല. എന്നാല്‍, വംശഹത്യ നടന്ന ഗുല്‍ബര്‍ഗിലും നരോദപാട്യയിലും സമാധാനം ഉറപ്പിക്കാന്‍ പൊലീസിനെ നിയോഗിച്ചില്ല-സാക്കിയ ജാഫ്രി ഹര്‍ജിയില്‍ പറഞ്ഞു.
deshabhimani 180413
No comments:
Post a Comment