Monday, April 15, 2013

മന്ത്രിമാര്‍ തിരിഞ്ഞുനോക്കിയില്ല: എം ബി രാജേഷ്


പാലക്കാട്: അട്ടപ്പാടിയില്‍ പോഷകാഹാരക്കുറവ്മൂലം കുഞ്ഞുങ്ങള്‍ മരിച്ചിട്ടും മന്ത്രിമാര്‍ തിരിഞ്ഞുനോക്കിയില്ലെന്ന് എം ബി രാജേഷ് എംപി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പോഷകാഹാരമില്ലാത്തതിന്റെ പേരില്‍ കുഞ്ഞുങ്ങള്‍ മരിക്കാനിടയായത് കേരളത്തിന് അപമാനമാണ്. പട്ടികജാതി, സാമൂഹ്യക്ഷേമം, ആരോഗ്യം എന്നീ മൂന്നു വകുപ്പുകളുടെ പിടിപ്പുകേടാണ് ഇതിനു കാരണം. മന്ത്രിമാരാരും വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല. മന്ത്രിമാര്‍ എത്രയുംവേഗം അട്ടപ്പാടി സന്ദര്‍ശിച്ച് സ്ഥിതിഗതി വിലയിരുത്തണം. സര്‍ക്കാരിന്റെ പിടിപ്പുകേടും കൊള്ളരുതായ്മയുമാണ് മരണങ്ങള്‍ക്കു കാരണം. പ്രശ്നത്തിന്റെ ഗൗരവം സര്‍ക്കാര്‍ വേണ്ടവിധം ഉള്‍ക്കൊണ്ടിട്ടില്ല. നാടുനീളെ ഓടിനടന്ന് നിവേദനങ്ങള്‍ വാങ്ങി അവ ചവറ്റുകുട്ടയിലിടുന്ന മുഖ്യമന്ത്രിയാണിവിടെ.
പോഷകാഹാരക്കുറവ്മൂലം കുട്ടികള്‍ മരിക്കുന്നത് അങ്കണവാടികളുടെയും ഐസിഡിഎസിന്റെയും കാര്യക്ഷമതയില്ലായ്മ മൂലമാണ്. അങ്കണവാടികള്‍ വഴി പോഷകാഹാരം കൃത്യമായി വിതരണം ചെയ്യുന്നുണ്ടോയെന്ന് പരിശോധിക്കണം. യുഡിഎഫ്ഭരണം എല്ലാ മേഖലയിലും വരുത്തിയ തകര്‍ച്ചയുടെ തെളിവാണ് കുഞ്ഞുങ്ങളുടെ മരണങ്ങള്‍. ശിശുമരണങ്ങള്‍ ഇനി അട്ടപ്പാടിയില്‍ ഉണ്ടാവാതിരിക്കാന്‍ സര്‍ക്കാര്‍ മുന്‍കരുതലെടുക്കണം. മൂന്നു വകുപ്പുകളെയും ഏകോപിപ്പിച്ച് പ്രവര്‍ത്തനം നടത്തണം. അട്ടപ്പാടിയിലേക്ക് സര്‍ക്കാര്‍ അടിയന്തര മെഡിക്കല്‍സംഘത്തെ അയക്കണം. ആദിവാസി ഊരുകളില്‍ സൗജന്യറേഷന്‍ അനുവദിക്കണം. മാതൃ-ശിശുക്ഷേമത്തിനായി സര്‍ക്കാര്‍ മാറ്റിവയ്ക്കുന്ന ഫണ്ട് അട്ടപ്പാടിയില്‍ എന്തുചെയ്തുവെന്ന കാര്യത്തില്‍ വിശദമായി അന്വേഷിക്കണമെന്നും എം ബി രാജേഷ് എംപി ആവശ്യപ്പെട്ടു.

അന്വേഷണം വേണം: പി കെ ബിജു

വടക്കഞ്ചേരി: അട്ടപ്പാടി ആദിവാസിമേഖലയില്‍ കുട്ടികള്‍ പോഷകാഹാരക്കുറവ്മൂലം മരിക്കാനിടയാകുന്ന സാഹചര്യം അന്വേഷിക്കണമെന്ന് പി കെ ബിജു എംപി ആവശ്യപ്പെട്ടു. രണ്ടു മാസത്തിനിടെ നാല് നവജാതശിശുക്കള്‍ അട്ടപ്പാടി ആദിവാസിമേഖലയില്‍ മരിച്ചു. പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിനായി ആദിവാസിമേഖലയിലേക്ക് കൂടുതല്‍ തുക വകയിരുത്തണം. അനുവദിക്കുന്ന തുക അര്‍ഹതപ്പെട്ടവര്‍ക്ക് ചെലവഴിക്കപ്പെടുന്നുണ്ടോയെന്നും പരിശോധിക്കണം. 1987-88 നടന്ന 43-ാം നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ 48 ശതമാനമായിരുന്നു ഇന്ത്യന്‍ഗ്രാമങ്ങളിലെ പോഷകാഹാരക്കുറവ്. 2001-02 ഓടെ 57-ാം നാഷണല്‍ സാമ്പിള്‍ സര്‍വേയില്‍ ഇത് 57 ശതമാനമായി. രാജ്യത്തെ രക്ഷിക്കാന്‍ കൂടുതല്‍ തുക വകയിരുത്താന്‍ നടപടി സ്വീകരിക്കാതെ, കുത്തക കമ്പനികള്‍ക്ക് നികുതിയിളവ് കൊടുക്കുന്നതിനാണ് കേന്ദ്രസര്‍ക്കാര്‍ ബജറ്റില്‍ മുന്‍തൂക്കം നല്‍കിയത്. യുഡിഎഫ് സര്‍ക്കാര്‍ തദ്ദേശ സ്വയംഭരണവകുപ്പിനെ മൂന്നാക്കി വിഭജിച്ചതിനെ തുടര്‍ന്നുണ്ടായ ആശയക്കുഴപ്പംമൂലം പദ്ധതിക്ക് കൃത്യമായി ഫണ്ട് ലഭിക്കാത്ത സാഹചര്യമാണ് നിലവിലുള്ളത്. ഇത് പരിഹരിക്കുകതന്നെ വേണം- എംപി പറഞ്ഞു.

ആദിവാസിമേഖലയിലെ പ്രാഥമിക ആരോഗ്യകേന്ദ്രങ്ങള്‍ സ്വകാര്യവ്യക്തികള്‍ക്ക് പാട്ടത്തിന് കൊടുക്കാനുളള യുഡിഎഫ് സര്‍ക്കാരിന്റെ തീരുമാനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന ആരോഗ്യമന്ത്രിക്കും കത്ത് നല്‍കി. കുട്ടികള്‍ മരിക്കുന്ന സംഭവം ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിനും പട്ടികവര്‍ഗ വികസന മന്ത്രാലയത്തിനും ഫാക്സ് സന്ദേശം അയച്ചുവെന്ന് വിമണ്‍ ആന്‍ഡ് ചൈല്‍ഡ് വെല്‍ഫെയര്‍ പാര്‍ലിമെന്റ് സ്ഥിരംസമിതിയംഗം കൂടിയായ എംപി പറഞ്ഞു.

deshabhimani

No comments:

Post a Comment