റെയില്‍വേ തപാല്‍ സര്‍വീസില്‍ (ആര്‍എംഎസ്) നിന്നുള്ള ഉരുപ്പടികള്‍ പോസ്റ്റ് ഓഫീസുകളില്‍ എത്തിക്കാത്തതു മൂലം എറണാകുളം നഗരത്തിലെ തപാല്‍ സംവിധാനം താറുമാറായി. ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ പല പ്രധാന വസ്തുക്കളും സൗത്ത് റെയില്‍വേ സ്റ്റേഷനിലെ ആര്‍എംഎസ് ഓഫീസില്‍ കെട്ടിക്കിടക്കുകയാണ്. ആര്‍എംഎസില്‍നിന്നുള്ള തപാല്‍ ഉരുപ്പടികള്‍ മെയില്‍ മോട്ടോര്‍ സര്‍വീസ് (എംഎംഎസ്) മുഖേനയാണ് തപാല്‍ ഓഫീസുകളില്‍ എത്തിക്കുന്നത്. ആര്‍എംഎസിനു കീഴിലുള്ള എംഎംഎസ് കാര്യക്ഷമമായി പ്രവര്‍ത്തിക്കാത്തതാണ് തപാല്‍വിതരണം താറുമാറാക്കുന്നതെന്ന് ജീവനക്കാര്‍ പറയുന്നു.
കൊച്ചി 18 (എറണാകുളം നോര്‍ത്ത്) പോസ്റ്റ് ഓഫീസില്‍ വ്യാഴാഴ്ച ആര്‍എംഎസില്‍ നിന്ന് തപാല്‍ എത്തിയില്ല. എംഎംഎസ് സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നിലപാടിന്റെ ഭാഗമായി ആവശ്യത്തിന് ജീവനക്കാരെയോ വാഹനങ്ങളോ നല്‍കുന്നില്ല. എറണാകുളം എംഎംഎസിലെ ടെക്നിക്കല്‍ മാനേജര്‍ ഡിസംബറില്‍ വിരമിച്ചശേഷം പുതിയ ആളെ നിയമിച്ചിട്ടില്ല. തപാല്‍ എത്തിക്കാനുള്ള 15 വാഹനങ്ങളില്‍ എട്ടും അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കാത്തതിനാല്‍ ഓടുന്നില്ല. എറണാകുളം എംഎംഎസില്‍ മെക്കാനിക്കിനെയും നിയമിച്ചിട്ടില്ല. 10 ഡ്രൈവര്‍മാരുടെ ഒഴിവുണ്ട്. ഇതില്‍ നിയമനം നടത്തുന്നില്ല. എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍നിന്ന് മണിക്കൂറിന് 43.75 രൂപ വേതനത്തില്‍ നിയമിച്ച ആറ് ഡ്രൈവര്‍മാരാണ് ഇപ്പോഴുള്ളത്. ഇത് നഗരത്തിലെ തപാല്‍വിതരണത്തിന് തീര്‍ത്തും അപര്യാപ്തമാണ്. എറണാകുളത്തെ വാഹനങ്ങളുടെ അറ്റകുറ്റപ്പണിക്ക് തിരുവനന്തപുരത്തുനിന്ന് ആള്‍ വരേണ്ട സ്ഥിതിയാണ്. ഇയാള്‍ക്ക് വേതനം നല്‍കുന്നതു സംബന്ധിച്ച് പോസ്റ്റല്‍വിഭാഗവും ആര്‍എംഎസും തമ്മില്‍ തര്‍ക്കമാണ്. ഇതും തപാല്‍വിതരണത്തെ ബാധിക്കുന്നു.
കൊച്ചി നഗരത്തിലെ തപാല്‍സംവിധാനമാകെ തകിടംമറിച്ച് ജനങ്ങളെ ബുദ്ധിമുട്ടിക്കുന്ന നിലപാടാണ് തപാല്‍വകുപ്പ് സ്വീകരിക്കുന്നത്. ഫോര്‍ട്ട്കൊച്ചി വെളി, ഹിന്ദി പ്രചാരസഭ പോസ്റ്റ് ഓഫീസുകള്‍ അടുത്തിടെ നിര്‍ത്തലാക്കി. ബാനര്‍ജി റോഡ് പോസ്റ്റ് ഓഫീസ് നേരത്തെ നിര്‍ത്തി. എംജി റോഡ് പോസ്റ്റ് ഓഫീസ് തരംതാഴ്ത്തി നിര്‍ത്തലാക്കാനുള്ള നീക്കം നടക്കുന്നുണ്ട്. സ്വകാര്യവല്‍ക്കരണത്തിന് ആക്കംകൂട്ടുന്നതിനാണ് ഈ നടപടിയെന്ന് തപാല്‍ ജീവനക്കാരുടെ സംഘടനകള്‍ പറയുന്നു.
deshabhimani 140413
No comments:
Post a Comment