Tuesday, April 16, 2013

മണ്ഡലം പ്രസിഡന്റിനെ വീട്ടില്‍ക്കയറി വെട്ടി


യൂത്ത് കോണ്‍ഗ്രസ് മണ്ഡലം തെരഞ്ഞെടുപ്പില്‍ വിജയിച്ച പ്രസിഡന്റിനെ എതിര്‍വിഭാഗം വീട്ടില്‍ കയറി വെട്ടി. ഭാര്യയുടെയും പിഞ്ചുമകന്റെയും മുന്നിലിട്ടാണ് വെട്ടിയും കുത്തിയും പരിക്കേല്‍പ്പിച്ചത്. പരിക്കേറ്റ യൂത്ത് കോണ്‍ഗ്രസ് അയ്യന്തോള്‍ മണ്ഡലം പ്രസിഡന്റ് പ്രേംജി കൊള്ളന്നൂരി(29)നെ തൃശൂര്‍ വെസ്റ്റ് ഫോര്‍ട്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രേംജിയുടെ മുതുകത്ത് കുത്തും കൈക്ക് മൂന്ന് വെട്ടും തലയ്ക്ക് ഇരുമ്പുവടികൊണ്ട് അടിയുമേറ്റു. സംഭവത്തില്‍ രണ്ടുപേരെ പൊലീസ് അറസ്റ്റ്്ചെയ്തു. പ്രതികള്‍ മന്ത്രി സി എന്‍ ബാലകൃഷ്ണന്റെ അനുയായികളാണെന്ന് മറുവിഭാഗം ആരോപിച്ചു.

ഐ ഗ്രൂപ്പിലെ ചേരിപ്പോരാണ് ആക്രമണത്തിനു പിന്നിലെന്ന് പൊലീസും യൂത്ത്കോണ്‍ഗ്രസുകാരും പറഞ്ഞു. പ്രേംജിക്കെതിരെ എ ഗ്രൂപ്പിനു പുറമെ സ്വന്തം ഗ്രൂപ്പിലെ ഒരുവിഭാഗവും മത്സരിച്ചിരുന്നു. പരാജയപ്പെട്ട ഐ ഗ്രൂപ്പുകാരാണ് അയ്യന്തോള്‍ ഈച്ചരത്തു വീട്ടില്‍ മധുവിന്റെ നേതൃത്വത്തില്‍ ആക്രമണം നടത്തിയത്. വിഷുദിവസം വൈകിട്ട് ആറിന് അയ്യന്തോള്‍ കാര്‍ത്യായനി ക്ഷേത്രത്തിനു സമീപത്തെ വാടകവീട്ടില്‍വച്ചായിരുന്നു ആക്രമണം.

പ്രേംജിയെ വീട്ടിലെത്തിയ നാലംഗസംഘം മാരകായുധങ്ങളുമായി ആക്രമിച്ചു. തടയാനെത്തിയ ഭാര്യയെ തള്ളിയിട്ടു. ഉറങ്ങിക്കിടന്ന നാലുവയസ്സുള്ള മകന്‍ എഴുന്നേറ്റ് ഉറക്കെ കരഞ്ഞെങ്കിലും അക്രമികള്‍ വകവച്ചില്ല. സംഭവമറിഞ്ഞ് വെസ്റ്റ് പൊലീസ് സ്ഥലത്തെത്തിയെങ്കിലും മധു അവരെ മടക്കി അയച്ചുവെന്ന് പ്രേംജിയുടെ സഹോദരന്‍ ലാല്‍ ആരോപിച്ചു. മധു (44), അയ്യന്തോള്‍ വാരണകുടത്ത് രവികുമാര്‍(37) എന്നിവരെ പിന്നീട് തൃശൂര്‍ വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തു. മറ്റു പ്രതികളായ വൈശാഖ്, വിവേക് എന്നിവര്‍ ഒളിവിലാണെന്ന് പൊലീസ് പറഞ്ഞു. മധു കൊലപാതകമടക്കം നിരവധി കേസിലെ പ്രതിയാണ്.

deshabhimani 160413

No comments:

Post a Comment