Tuesday, April 16, 2013

ക്രൂഡോയില്‍ വില ഇടിഞ്ഞു; പെട്രോളിന് കുറച്ചത് ഒരുരൂപ


ആഗോളവിപണിയില്‍ ക്രൂഡോയില്‍വില കുത്തനെ കുറഞ്ഞിട്ടും ആനുപാതികമായ കുറവ് പെട്രോളിയം ഉല്‍പ്പന്നങ്ങളില്‍ വരുത്താന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകുന്നില്ല. എണ്ണക്കമ്പനികളുടെ ഈ കൊള്ളയ്ക്ക് കേന്ദ്രസര്‍ക്കാര്‍ കൂട്ടുനില്‍ക്കുകയും ചെയ്യുന്നു. പെട്രോള്‍വില ലിറ്ററിന് ഒരു രൂപ കുറയ്ക്കാനാണ്&ാറമവെ;എണ്ണക്കമ്പനികളുടെ തീരുമാനം. തിങ്കളാഴ്ച അര്‍ധരാത്രിമുതല്‍ വിലക്കുറവ് നിലവില്‍വന്നു.

തിരുവനന്തപുരത്ത് ഒരു ലിറ്റര്‍ പെട്രോളിന് 68.25 രൂപയായി വില കുറയും. തിങ്കളാഴ്ച 69.42 രൂപയായിരുന്നു വില. എണ്ണക്കമ്പനികള്‍ പത്രക്കുറിപ്പിലൂടെയാണ് വില കുറച്ച വിവരം അറിയിച്ചത്. വാറ്റ് നികുതിയില്‍ വരുന്ന കുറവുകൂടി കണക്കിലെടുക്കുമ്പോള്‍ ഡല്‍ഹിയില്‍ 1.20 രൂപ, മുംബൈയില്‍ 1.26 രൂപ, ചെന്നൈയില്‍ 1.26 രൂപ, കൊല്‍ക്കത്തയില്‍ 1.24 രൂപയുമാണ് കുറയുക. മാസംതോറും ഡീസലിന് വില വര്‍ധിപ്പിക്കുന്ന പരിപാടിയില്‍നിന്ന് തല്‍ക്കാലം എണ്ണക്കമ്പനികള്‍ പിന്‍വാങ്ങി. ഇന്ത്യ ഇറക്കുമതിചെയ്യുന്ന ക്രൂഡോയിലിന് വീപ്പയ്ക്ക് 101.35 ഡോളറാണ് ഏപ്രില്‍ 12ന്റെ വില. ഇന്ത്യന്‍ രൂപ നിരക്കില്‍ 5517.49 രൂപ. ഒരു മാസംമുമ്പ് ഇത് 5752.03 രൂപയായിരുന്നു. ഒരു മാസത്തിനിടയില്‍ വീപ്പയ്ക്ക് അഞ്ച് ഡോളര്‍ കുറവുവന്നിട്ടും അതിന് ആനുപാതികമായി എല്ലാ പെട്രോളിയം ഉല്‍പ്പന്നങ്ങളുടെയും വില കുറവുവരുത്താന്‍ എണ്ണക്കമ്പനികള്‍ തയ്യാറാകുന്നില്ല. ക്രൂഡോയിലിന് കഴിഞ്ഞ എട്ടുമാസത്തിനിടയിലെ ഏറ്റവും കുറഞ്ഞ വിലയാണ് രേഖപ്പെടുത്തിയത്. അതിന്റെ പ്രയോജനം ലഭിക്കുന്നത് എണ്ണക്കമ്പനികള്‍ക്കുമാത്രമാണ്.

ക്രൂഡോയില്‍ ഇറക്കുമതിക്ക് കുറച്ചുപണം ചെലവഴിച്ച് ഉല്‍പ്പന്നങ്ങള്‍ കൂടിയ വിലയ്ക്ക് വില്‍ക്കുകയാണവര്‍. ക്രൂഡോയില്‍വില കുറയുന്നതിന്റെ മൂന്നിലൊരുഭാഗംപോലും ഉപയോക്താക്കള്‍ക്ക് വിലക്കുറവിന്റെ ആനുകൂല്യമായി നല്‍കുന്നില്ല. ഡീസല്‍ സബ്സിഡി നിരക്കില്‍ നല്‍കുന്നതുമൂലം ഇപ്പോഴും ലിറ്ററിന് 11 രൂപ നഷ്ടം സഹിക്കുകയാണെന്നാണ് എണ്ണക്കമ്പനികളുടെ വാദം. ഓരോമാസവും വില വര്‍ധിപ്പിച്ച് ഒരു വര്‍ഷംകൊണ്ട് സബ്സിഡി പൂര്‍ണമായി എടുത്തുകളയാനാണ് കേന്ദ്ര സര്‍ക്കാര്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിരിക്കുന്നത്. ക്രൂഡോയില്‍ വില കുറഞ്ഞാലും വില്‍പ്പനനഷ്ടം കുറയുന്നില്ലെന്ന നിലപാടെടുക്കുകയാണ് എണ്ണക്കമ്പനികള്‍.

രണ്ടാഴ്ച കൂടുമ്പോള്‍ ആഗോള ക്രൂഡോയില്‍വില, ഡോളറുമായുള്ള രൂപയുടെ വിനിമയമൂല്യം എന്നിവ പരിഗണിച്ച് പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില പുതുക്കിനിശ്ചയിക്കാനാണ് എണ്ണക്കമ്പനികള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ആഗോളവിപണിയില്‍ എത്ര വില കുറഞ്ഞാലും അതിന് ആനുപാതികമായി വില കുറയ്ക്കുന്നില്ല. നാമമാത്രമായ വിലക്കുറവ് വരുത്തി ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണ് ശ്രമം.
(വി ജയിന്‍)

deshabhimani

No comments:

Post a Comment