Friday, April 19, 2013
വര്‍ഗീയത സമുദായത്തെ ഒറ്റപ്പെടുത്തും: പിണറായി
ഏതൊരു വര്‍ഗീയതയും ആ സമുദായത്തെ വളര്‍ത്തുകയല്ല, ഒറ്റപ്പെടുത്തുകയാണ് ചെയ്യുകയെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ വ്യക്തമാക്കി. മതസൗഹാര്‍ദം ശക്തിപ്പെടുത്താന്‍ വര്‍ഗീയതയെ പൂര്‍ണമായും മനസ്സില്‍നിന്ന് കളഞ്ഞേ പറ്റൂ. വര്‍ഗീയതയ്ക്കെതിരെ ഒരു നിസ്സംഗതയും പാടില്ല. വിട്ടുവീഴ്ചയില്ലാതെ എതിര്‍ക്കണമെന്നും ബീമാപള്ളി ഉറൂസിന്റെ ഭാഗമായി ചേര്‍ന്ന മതസൗഹാര്‍ദസമ്മേളനം ഉദ്ഘാടനം ചെയ്ത് പിണറായി പറഞ്ഞു.
ഏതെങ്കിലും വര്‍ഗീയതയ്ക്ക് മതത്തെ ശക്തിപ്പെടുത്താനാകില്ല. മറിച്ച് മറുവര്‍ഗീയതയെ സൃഷ്ടിക്കല്‍മാത്രമാണ് നടത്തുന്നത്. ഇവ പരസ്പരപൂരകങ്ങളായി പ്രവര്‍ത്തിക്കുന്നു. മതസൗഹാര്‍ദം ശരിയായ രീതിയില്‍ പുലരാന്‍ മതനിരപേക്ഷതയില്‍ ഊന്നിയ പ്രവര്‍ത്തനമാണ് അവശ്യംവേണ്ടത്. ഏതൊരു മതവിശ്വാസിയും സാധാരണനിലയില്‍ അന്യമതസ്ഥരുമായി നല്ലതോതില്‍ സൗഹൃദം പുലര്‍ത്തുന്നവരാണ്. എന്നാല്‍, പരസ്പരസൗഹാര്‍ദം തകര്‍ത്ത് ജനങ്ങളെ ഭിന്നിപ്പിക്കാനുള്ള ഏറ്റവും നല്ല ആയുധമായി വര്‍ഗീയവാദത്തെ ചിലര്‍ ഉപയോഗിക്കുന്നു. മതനിരപേക്ഷതയ്ക്ക് നല്ല വേരോട്ടമുണ്ടായിരുന്ന നമ്മുടെ നാട്ടില്‍ ബ്രിട്ടീഷുകാരാണ് ഇത് തുടങ്ങിവച്ചത്. 1857ലെ ഒന്നാം സ്വാതന്ത്ര്യസമരമെന്ന് വിശേഷിപ്പിക്കുന്ന ബ്രിട്ടീഷുകാര്‍ക്കെതിരെ നടന്ന സമരംതൊട്ട് ഇത് നാം കണ്ടതാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലും നടക്കാന്‍ പാടില്ലാത്ത പലതുംനടന്നു. ബോധപൂര്‍വം വര്‍ഗീയവികാരം ഉണര്‍ത്താനും സംഘര്‍ഷവും കലാപവും നടത്താനും സംഘടനകള്‍ രൂപീകൃതമായി. ഇവ പ്രത്യേക രീതിയിലാണ് പ്രവര്‍ത്തിക്കുന്നത്. ഇത്തരം സംഘടനകള്‍ക്ക് ആള്‍ബലമില്ലെങ്കിലും അവര്‍ ഉയര്‍ത്തിവിടുന്ന വികാരത്തിന് അടിപ്പെട്ടാല്‍ വലിയ തോതില്‍ അപകടമുണ്ടാകുമെന്ന് നാം കണ്ടതാണ്.
രണ്ടുതരത്തിലുള്ള വര്‍ഗീയതയും വന്‍തോതില്‍ പണം ചെലവഴിക്കുന്നു. വ്യത്യസ്തമായ സംഘാടനവും സായുധപരിശീലനവും നടത്തുന്നു. ഇത് മതനിരപേക്ഷത ശക്തിപ്പെട്ട സമൂഹത്തിലും കടന്നുവരുന്നുവെന്നത് ഗൗരവമായി കാണേണ്ടിയിരിക്കുന്നു. നമ്മുടെ സമൂഹത്തിലെ ന്യൂനപക്ഷ സമുദായത്തില്‍പ്പെട്ടവരായാലും ഭൂരിപക്ഷ സമുദായത്തില്‍പ്പെട്ടവരായാലും മഹാഭൂരിപക്ഷവും മതനിരപേക്ഷതയില്‍ വിശ്വസിക്കുന്നു. വളരെ ചെറിയ വിഭാഗം മാത്രമാണ് വര്‍ഗീയമായി ചിന്തിക്കുന്നത്. അവരിലും ചെറിയ വിഭാഗം മാത്രമാണ് തീവ്രവാദനിലപാട് എടുക്കുന്നത്- പിണറായി പറഞ്ഞു. ബീമാപള്ളി ജമാഅത്ത് പ്രസിഡന്റ് എസ് മാഹിന്‍കണ്ണ് അധ്യക്ഷനായി.
deshabhimani 190413
Subscribe to:
Post Comments (Atom)
No comments:
Post a Comment