കര്‍ഷകസംഘം ജില്ലാസമ്മേളനത്തിന് ഉജ്വല തുടക്കം
സ. ബി ബാബു നഗര്‍ (എകെഎസ് ഓഡിറ്റോറിയം, ഓടനാവട്ടം): ആഗോളവല്‍ക്കരണ-ഉദാരവല്‍ക്കരണനയങ്ങളുടെ കെടുതികള്‍ ഏറ്റുവാങ്ങി പ്രതിസന്ധിയുടെ ആഴങ്ങളിലേക്കു പതിക്കുന്ന കാര്‍ഷിക മേഖലയുടെ സംരക്ഷണത്തിനായി ഉജ്വല പോരാട്ടങ്ങള്‍ സംഘടിപ്പിക്കുമെന്ന പ്രതിജ്ഞയോടെ കേരള കര്‍ഷകസംഘം കൊല്ലം ജില്ലാസമ്മേളനത്തിന് ആവേശകരമായ തുടക്കമായി. കര്‍ഷകസംഘം നേതാവായിരിക്കെ അന്തരിച്ച ബി ബാബുവിന്റെ പേരില്‍ സജ്ജമാക്കിയ സമ്മേളനനഗറില്‍ സംഘം ജില്ലാപ്രസിഡന്റ് സി ബാള്‍ഡുവിന്‍ പതാക ഉയര്‍ത്തിയതോടെയാണ് സമ്മേളന നടപടികള്‍ക്കു തുടക്കമായത്.
സമ്മേളനനഗറില്‍ സ്ഥാപിച്ച രക്തസാക്ഷിമണ്ഡപത്തില്‍ പ്രതിനിധികളും നേതാക്കളും പുഷ്പാര്‍ച്ചന നടത്തി. 450 പ്രതിനിധികള്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നു. ഉദ്ഘാടനസമ്മേളനത്തില്‍ ജില്ലാപ്രസിഡന്റ് അധ്യക്ഷനായി. കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ സമ്മേളനം ഉദ്ഘാടനംചെയ്തു. സംസ്ഥാന വൈസ്പ്രസിഡന്റ് എം കെ ഭാസ്കരന്‍, സംസ്ഥാന ജോയിന്റ് സെക്രട്ടറി ജോര്‍ജ്മാത്യു, അഖിലേന്ത്യ കിസാന്‍സഭ കേന്ദ്രകമ്മിറ്റി അംഗം പി കൃഷ്ണപ്രസാദ്, കെഎസ്കെടിയു സംസ്ഥാന പ്രസിഡന്റ് ബി രാഘവന്‍, എസ് കെ പ്രീജ, സിപിഐ എം സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ വരദരാജന്‍, ജെ മേഴ്സിക്കുട്ടിയമ്മ, എസ് രാജേന്ദ്രന്‍, ജില്ലാസെക്രട്ടറിയറ്റ് അംഗങ്ങളായ എസ് സുദേവന്‍, കെ സോമപ്രസാദ് തുടങ്ങിയ നേതാക്കള്‍ ഉദ്ഘാടനസമ്മേളനത്തില്‍ പങ്കെടുത്തു.
ഉദ്ഘാടനസമ്മേളനത്തിനുശേഷം ജില്ലാസെക്രട്ടറി എന്‍ എസ് പ്രസന്നകുമാര്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. തുടര്‍ന്ന് റിപ്പോര്‍ട്ടിന്മേല്‍ പൊതുചര്‍ച്ച തുടങ്ങി. രണ്ടാംദിവസമായ ശനിയാഴ്ച രാവിലെ 9.30ന് പ്രതിനിധി സമ്മേളനം പുനരാരംഭിക്കും. വൈകിട്ട് നാലോടെ പ്രതിനിധി സമ്മേളനം സമാപിക്കും. തുടര്‍ന്ന് നെടുവത്തൂര്‍ ഏരിയ കേന്ദ്രീകരിച്ച് കര്‍ഷകപ്രകടനം നടക്കും. ഓടനാവട്ടം ഹൈസ്കൂള്‍ ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹര്‍കിഷന്‍സിങ് സുര്‍ജിത് നഗറില്‍ ചേരുന്ന പൊതുസമ്മേളനം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ ഉദ്ഘാടനംചെയ്യും.
പ്രകൃതിയും കൃഷിയും സംരക്ഷിക്കാന്‍ പോരാട്ടം: ഇ പി ജയരാജന്‍
ഓടനാവട്ടം: പ്രകൃതിയെയും കര്‍ഷകരെയും സംരക്ഷിക്കാനുള്ള ഉജ്വല പോരാട്ടങ്ങള്‍ വരുംനാളുകളില്‍ സംഘടിപ്പിക്കുമെന്ന് കേരള കര്‍ഷകസംഘം സംസ്ഥാന പ്രസിഡന്റ് ഇ പി ജയരാജന്‍ പറഞ്ഞു. മാധവ് ഗാഡ്ഗില്‍ റിപ്പോര്‍ട്ടില്‍ പ്രകൃതിസംരക്ഷണത്തിനു സ്വീകരിക്കേണ്ട നടപടികള്‍ സംബന്ധിച്ച ശുപാര്‍ശകള്‍ സ്വാഗതംചെയ്യുന്നു. എന്നാല്‍, പ്രകൃതി മനുഷ്യനുവേണ്ടിയല്ല, മൃഗങ്ങള്‍ക്കുവേണ്ടി മാത്രമാണെന്ന ഗാഡ്ഗിലിന്റെ വാദത്തോട് യോജിപ്പില്ലെന്നും ഇ പി പറഞ്ഞു. കേരള കര്‍ഷകസംഘം കൊല്ലം ജില്ലാസമ്മേളനം ഓടനാവട്ടം എകെഎസ് ഓഡിറ്റോറിയത്തിലെ സ. ബി ബാബു നഗറില്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കൃഷിയെ തൊഴിലുറപ്പുപദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ തയ്യാറാകാത്ത കേന്ദ്രസര്‍ക്കാര്‍ നിലപാട് അങ്ങേയറ്റം വിവേചനപരമാണ്. കാര്‍ഷികോല്‍പ്പന്നങ്ങള്‍ക്ക് ഇന്നു ലഭിക്കുന്നത് തുച്ഛമായ വില മാത്രമാണ്. അധ്വാനത്തിന്റെ വില യഥാര്‍ഥ ഉല്‍പ്പന്നങ്ങളുടെ വിലനിര്‍ണയത്തിനായി പരിഗണിക്കുന്നില്ല. കാര്‍ഷികോല്‍പ്പന്നങ്ങളുടെ വിലക്കുറവിന് ഇതും പ്രധാനകാരണമാണ്. മഴ കുറഞ്ഞതും കടുത്ത വരള്‍ച്ചയും കാലാവസ്ഥാ വ്യതിയാനവും ഒക്കെ ചേര്‍ന്നതോടെ കേരളം മുമ്പെങ്ങുമില്ലാത്തവിധം കടുത്ത കാര്‍ഷികപ്രതിസന്ധിയിലായി. ഇതു മുറിച്ചുകടക്കുന്നതിന് ഓരോ ഘട്ടത്തിലും നടത്താവുന്ന കൃഷി ഏതൊക്കെയെന്നു കര്‍ഷകരെ പഠിപ്പിക്കേണ്ടതുണ്ട്. പ്രകൃതി സന്തുലിതാവസ്ഥ സംരക്ഷിച്ചും സാമ്പത്തികഭാരം ലഘൂകരിച്ചും നല്ല ഭക്ഷണത്തിനുള്ള വിഭവങ്ങള്‍ ഉല്‍പ്പാദിപ്പിച്ചും പുതിയൊരു കൃഷിരീതി രൂപപ്പെടുത്തണം. ഇതിന് ഓരോ പ്രദേശത്തെയും കര്‍ഷകരുടെ കൂട്ടായ്മ സംഘടിപ്പിക്കുന്നതിന് കര്‍ഷകസംഘം മുന്‍കൈയെടുക്കണം.
വനഭൂമിയുടെ അഞ്ചുശതമാനം ടൂറിസം-റിസോര്‍ട്ട് ആവശ്യങ്ങള്‍ക്കായി മാറ്റാമെന്ന യുഡിഎഫ് സര്‍ക്കാരിന്റെ നയം വലിയ പ്രതിസന്ധി ഉണ്ടാക്കും. ആഗോളവല്‍ക്കരണ നയങ്ങളുടെ മറവില്‍ ലക്ഷക്കണക്കിന് കോടി രൂപയുടെ അഴിമതിയാണ് കേന്ദ്രസര്‍ക്കാര്‍ നടത്തുന്നത്. അഴിമതിപ്പണം ഉപയോഗിച്ച് കോര്‍പറേറ്റ് മാധ്യമങ്ങളെ വിലയ്ക്കെടുക്കാനും സര്‍ക്കാര്‍ അനുകൂല പ്രചാരണം വന്‍തോതില്‍ സംഘടിപ്പിക്കാനും കോണ്‍ഗ്രസ് ശ്രമിക്കുന്നു. സുശക്തമായ കര്‍ഷകപ്രസ്ഥാനം കെട്ടിപ്പടുത്തുമാത്രമെ ഈ വെല്ലുവിളികള്‍ നേരിടാനാകൂ. കൃഷിത്തകര്‍ച്ചയെ തുടര്‍ന്ന് പ്രതിസന്ധിയിലായ കര്‍ഷകരെ രക്ഷിക്കാന്‍ കേരള കര്‍ഷകസംഘം മുന്നിട്ടിറങ്ങണം. എല്ലാവിഭാഗം കര്‍ഷകരുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭങ്ങള്‍ നയിക്കാനും സംഘത്തിനു കഴിയണമെന്നും ഇ പി പറഞ്ഞു.
കാര്‍ഷികമേഖലയെ തൊഴിലുറപ്പ് പദ്ധതിയില്‍ നിലനിര്‍ത്തണം
ഓടനാവട്ടം: മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതിയുടെ പുതിയ മാര്‍ഗനിര്‍ദേശത്തില്‍ പദ്ധതിയില്‍നിന്നു കാര്‍ഷികമേഖലയെ ഒഴിവാക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്നും ഇത് പുനഃപരിശോധിക്കണമെന്നും കേരള കര്‍ഷകസംഘം ജില്ലാസമ്മേളനം പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
ഗ്രാമീണമേഖലയിലെ പാവപ്പെട്ടവര്‍ക്ക് തൊഴിലും വരുമാനവും ഉറപ്പുവരുത്തി ദാരിദ്ര്യം ഇല്ലാതാക്കാനും കാര്‍ഷിക മേഖലയില്‍ ഉല്‍പ്പാദനം വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് തൊഴിലുറപ്പു പദ്ധതി തന്നെ ആവിഷ്കരിച്ചത്. ഭൂവികസന പദ്ധതികള്‍, ജലസംരക്ഷണവും ജലക്കൊയ്ത്തും, ചെറുകിട ജലസേചന പദ്ധതികള്‍, പരമ്പരാഗത ജലസ്രോതസ്സുകളുടെ സംരക്ഷണം, വനവല്‍ക്കരണം അടക്കമുള്ള പദ്ധതികള്‍ എന്നിവ തൊഴിലുറപ്പു പദ്ധതിയില്‍ ഏറ്റെടുക്കണമെന്നാണ് നിയമത്തില്‍ പറയുന്നത്. ഇതിനു വിരുദ്ധമായി കാര്‍ഷികമേഖലയിലെ പദ്ധതികള്‍ ഏറ്റെടുക്കാന്‍ പാടില്ലെന്ന നിര്‍ദേശം തൊഴിലുറപ്പു നിയമത്തിന് കടകവിരുദ്ധമാണ്. കാര്‍ഷികോല്‍പ്പാദനത്തിനു സഹായകമായ പദ്ധതികള്‍, ക്ഷീരകര്‍ഷകമേഖലയടക്കം ഉള്‍പ്പെടുത്തി ഉല്‍പ്പാദനവര്‍ധനയ്ക്കും കുടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും കഴിയുംവിധം തൊഴിലുറപ്പു പദ്ധതി വിപുലപ്പെടുത്തുകയാണ് കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ ചെയ്യേണ്ടത്. അതിന് അടിയന്തര നടപടികള്‍ സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രസര്‍ക്കാരില്‍ സമ്മര്‍ദം ചെലുത്തണമെന്നും പ്രമേയം ആവശ്യപ്പെട്ടു.
കേരളത്തില്‍ കൃഷിഭൂമിയിലെ പദ്ധതികള്‍ ഒഴിവാക്കിയാല്‍ വലിയ പ്രതിസന്ധിയുണ്ടാകും. തൊഴിലുറപ്പു പദ്ധതി ദുര്‍ബലപ്പെടുത്താനും കാര്‍ഷികമേഖലയിലെ പദ്ധതികള്‍ ഒഴിവാക്കാനുമുള്ള നീക്കത്തിനെതിരെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരാന്‍ എല്ലാ കൃഷിക്കാരോടും സമ്മേളനം അഭ്യര്‍ഥിച്ചു. ആയിരത്തോളം കോടിരൂപ ചെലവിട്ട കല്ലട ജലസേചന പദ്ധതി കര്‍ഷകര്‍ക്ക് ഉപകാരമാകുംവിധം പുനഃക്രമീകരിച്ച് ജലസേചനസൗകര്യം ലഭ്യമാക്കണമെന്നും സമ്മേളനം മറ്റൊരു പ്രമേയത്തില്‍ ആവശ്യപ്പെട്ടു.
deshabhimani 200413

No comments:
Post a Comment