Saturday, April 20, 2013

കായല്‍സമ്മേളനത്തിന് നാളെ ശതാബ്ദി


വള്ളങ്ങള്‍ ചേര്‍ത്തിട്ട് മുകളില്‍ പലകനിരത്തി കെട്ടിയുണ്ടാക്കിയ ചെറിയ തുരുത്ത്. മുളവുകാട്, വടുതല, പനമ്പുകാട് ഭാഗങ്ങളില്‍നിന്ന് പുലയസമുദായക്കാരായ ഏതാനുംപേര്‍ കൊച്ചിക്കായലിലെ ഈ താല്‍ക്കാലിക വേദിയിലേക്ക് ചെറുവഞ്ചികള്‍ തുഴഞ്ഞെത്തി. കരയില്‍ ഒത്തുകൂടാന്‍ പോയിട്ട് മേല്‍ജാതിക്കാരുടെ കണ്ണില്‍പ്പെടാന്‍പോലും അവകാശമില്ലാത്തവര്‍ സ്വാതന്ത്ര്യത്തോടെ കായല്‍പ്പരിപ്പില്‍ ഒത്തുചേര്‍ന്നത് കൊച്ചി രാജ്യത്തെ ആദ്യ പുലയസമുദായ സംഘടനാ രൂപീകരണത്തിനാണ്. അയിത്തത്തിനും അനാചാരങ്ങള്‍ക്കുമെതിരായ അധഃസ്ഥിത ജനവിഭാഗങ്ങളുടെ പോരാട്ടചരിത്രത്തിലെ നാഴികക്കല്ലായ ആ കായല്‍ സമ്മേളനത്തിന് ഈ വരുന്ന 21ന് 100 വയസ്സ് തികയുന്നു.

തിരുവിതാംകൂറില്‍ അയ്യങ്കാളിയുടെ നേതൃത്വത്തില്‍ ആരംഭിച്ച പോരാട്ടങ്ങളും പണ്ഡിറ്റ് കറുപ്പന്റെ ജാതിക്കുമ്മി എന്ന ഗാനകാവ്യത്തിന്റെ സ്വാധീനവുമാണ് കൊച്ചിയിലെ പുലയ കൂട്ടായ്മക്ക് ഊര്‍ജമായത്. എങ്കിലും എവിടെയും ഒന്നു സമ്മേളിച്ച് കൂട്ടായ്മ രൂപീകരണത്തെക്കുറിച്ച് ആലോചിക്കാന്‍ നിര്‍വാഹമില്ലായിരുന്നു. പുലയരുടെ അന്നത്തെ സാമൂഹ്യാവസ്ഥ അത്രയേറെ പരിതാപകരമാണ്. പൊതുവഴികളില്‍ ഇറങ്ങി നടക്കുന്നതുപോയിട്ട് സവര്‍ണവിഭാഗത്തിന്റെ ദൃഷ്ടിയില്‍പ്പെടുന്നതുപോലും കുറ്റം. 1911ലെ സെന്‍സസ് റിപ്പോര്‍ട്ട്പ്രകാരം പുലയര്‍ക്ക് സവര്‍ണരില്‍നിന്ന് 64 അടി ദൂരമാണ് തീണ്ടല്‍പ്പാട്. ദീനം വന്നവര്‍ക്ക് ആശുപത്രികളില്‍ പോകാന്‍പോലും നിവൃത്തിയില്ല. അവരുടെ വാസസ്ഥലങ്ങള്‍ ചളി പ്രദേശത്തും പാടത്തും കാടുകളിലും മറ്റുമായിരിക്കാനെ നിവൃത്തിയുള്ളൂ എന്നാണ് പുലയരുടെ സാമൂഹ്യാവസ്ഥയെക്കുറിച്ച് കെ പി പത്മനാഭമേനോന്‍ കൊച്ചി രാജ്യചരിത്രത്തില്‍ എഴുതിയിട്ടുള്ളത്. ഈ കാരണങ്ങളാകണം തീണ്ടലും തൊടീലുമില്ലാത്ത കായലില്‍ സമ്മേളിക്കാന്‍ അന്നത്തെ സമുദായപ്രമുഖരെ പ്രേരിപ്പിച്ചത്. പണ്ഡിറ്റ് കെ പി കറുപ്പനാണ് കായലില്‍ യോഗം ചേരാനുള്ള ആശയം അവതരിപ്പിച്ചത്. സഹായങ്ങള്‍ ചെയ്തത് പ്രമുഖ അഭിഭാഷകനായ തോട്ടയ്ക്കാട്ട് കുഞ്ഞുകൃഷ്ണമേനോനും. അതേക്കുറിച്ച് ടി കെ സി വടുതല തന്റെ ലേഖന സമാഹാരമായ വ്യക്തിമഹാത്മ്യത്തില്‍ ഇങ്ങനെ എഴുതി:

"ഒടുവില്‍ അദ്ദേഹം (കറുപ്പന്‍) മറ്റൊരു ഉപായം കണ്ടെത്തി. ഇപ്പോള്‍ നാവികത്താവളം സ്ഥിതിചെയ്യുന്നതിനു കിഴക്കുവശത്തായി കാണുന്ന കായല്‍പ്പരപ്പില്‍ ചുറ്റുപാടുമുള്ള ആളുകള്‍ക്ക് വഞ്ചികളിലായി വന്നുചേരുന്നതിനും വഞ്ചികള്‍ പരസ്പരം അടുപ്പിച്ചിട്ട് ചങ്ങാടത്തിന്റെ പ്രതീതി വരുത്തി അതിലിരുന്ന് ആലോചന നടത്തുന്നതിനും തീരുമാനിച്ചു". കായല്‍സമ്മേളനമെന്നും വള്ളം കെട്ടിയ സമ്മേളനമെന്നും അറിയപ്പെട്ട ആ യോഗം 1913 ഏപ്രില്‍ ഉരുപത്തൊന്നിനാണ് ചേര്‍ന്നത്. ഇതേക്കുറിച്ച് ആദ്യ കമ്യൂണിസ്റ്റ് മന്ത്രിസഭയില്‍ അംഗമായ പി കെ ചാത്തന്‍മാസ്റ്റര്‍ 1981ലെ കെ പി വള്ളോന്‍ സ്മരണികയില്‍ എഴുതി. "അതൊരു സുപ്രഭാതം തന്നെയായിരുന്നു. ചെറുവഞ്ചികളില്‍ പുലയര്‍ കൂട്ടംകൂട്ടമായി വന്നെത്തി. പരിസരപ്രദേശങ്ങളില്‍നിന്നെല്ലാം പ്രായമായവരും യുവാക്കളും ബാലന്മാരും. രണ്ടു വള്ളം കൂട്ടിക്കെട്ടി അധ്യക്ഷവേദിയും ഒരുക്കിയിരുന്നു".

കായല്‍സമ്മേളനത്തിലെ തീരുമാനപ്രകാരം മെയ് 25ന് സെന്റ് ആല്‍ബര്‍ട്സ് ഹൈസ്കൂള്‍ ഹാളില്‍ ഒത്തുകൂടിയ രണ്ടായിരത്തോളം പുലയസമുദായാംഗങ്ങളുടെ വിപുലമായ യോഗത്തിലാണ് "കൊച്ചി പുലയസഭ" രൂപീകരിച്ചത്. പി സി ചാഞ്ചന്‍, കൃഷ്ണേതി എന്നിവര്‍ ആദ്യ സെക്രട്ടറിയും പ്രസിഡന്റുമായി. സമ്മേളനത്തിനുശേഷം കൊച്ചി ദിവാന്‍ ബാനര്‍ജിക്ക് നിവേദനം നല്‍കാനും നടപടിയെടുത്തു. പൊതുവഴികളില്‍ സഞ്ചാര അവകാശവും സ്കൂളുകളില്‍ പുലയരുടെ കുട്ടികള്‍ക്ക് പ്രവേശനവും തേടിക്കൊണ്ടുള്ളതായിരുന്നു നിവേദനം. പിന്നീടുള്ള വര്‍ഷങ്ങളിലും സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ ചിട്ടയോടെ നടന്നതായി രേഖകള്‍ പറയുന്നു. അധഃസ്ഥിതവിഭാഗത്തിന് അനുകൂലമായ നിരവധി നടപടിക്ക് സഭയുടെ പ്രവര്‍ത്തനം കാരണമായി. കായല്‍സമ്മേളനത്തിന്റെ നൂറാം വാര്‍ഷികം ആഘോഷിക്കാന്‍ പട്ടികജാതി ക്ഷേമസമിതി തീരുമാനിച്ചു. ഇതിന്റെ ഭാഗമായി 21ന് വൈകിട്ട് അഞ്ചിന് വല്ലാര്‍പാടത്ത് പൊതുയോഗം ചേരും.
(എം എസ് അശോകന്‍)

deshabhimani 200413

No comments:

Post a Comment