Tuesday, April 16, 2013

കാവല്‍ പിന്‍വലിച്ചതില്‍ ഗൂഢാലോചന


വടകര: വള്ളിക്കാട് റോഡരികിലുള്ള ടി പി ചന്ദ്രശേഖരന്‍ സ്തൂപം തകര്‍ക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് സ്ഥലത്തെ പൊലീസ് കാവല്‍ പിന്‍വലിച്ചതില്‍ ദുരുഹത. സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വധിക്കാനുള്ള ശ്രമത്തില്‍ ആര്‍എംപി ബന്ധം മറനീക്കി പുറത്തുവന്നതോടെയാണ് ജനശ്രദ്ധ തിരിച്ചുവിടാന്‍ പൊലീസ് സഹായത്തോടെ ഒഞ്ചിയം മേഖലയില്‍ വ്യാപകമായി അക്രമം അഴിച്ചുവിടുന്നത്. സ്തൂപം തകര്‍ത്തതും ഇതിന്റെ ഭാഗമാണെന്നാണ് നിഗമനം. പ്രതികളെ കണ്ടെത്തുന്നതിന് പകരം ചന്ദ്രശേഖരന്‍ വധക്കേസിലെ മുഖ്യസാക്ഷിയുടെ മൊഴിയെ അടിസ്ഥാനമാക്കി ഉടനടി രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്ത് ഉത്തരവാദിത്തം സിപിഐ എമ്മില്‍ ആരോപിക്കാനാണ് പൊലീസും ശ്രമിച്ചത്.

ചന്ദ്രശേഖരന്‍ കൊല്ലപ്പെട്ട സ്ഥലത്തെ കടയുടെ മുന്നിലെ റോഡരികിലാണ് സിമന്റ് പൈപ്പില്‍ മണല്‍ നിറച്ച് താല്‍ക്കാലിക സ്തൂപം നിര്‍മിച്ചത്. ഇതിന് സമീപത്ത് കൊടി മരവും ചന്ദ്രശേഖരന്റെ ഫോട്ടോയും സ്ഥാപിച്ചിരുന്നു. ഫോട്ടോയ്ക്കോ കൊടിമരത്തിനോ കേടുപാടൊന്നും സംഭവിച്ചിട്ടില്ല. റോഡരികില്‍ പൊതുസ്ഥലത്ത് സ്തൂപങ്ങള്‍ നിര്‍മിക്കുന്നതിന് നിയമതടസമുണ്ട്. സ്ഥിരം സ്തൂപം നിര്‍മിക്കാന്‍ സ്ഥലം ആവശ്യപ്പെട്ട് കടയുടമയോട് ആര്‍എംപി നേതൃത്വം നടത്തിയ കച്ചവട ശ്രമം പരാജയപ്പെട്ടിരുന്നു. അതുകൊണ്ടുതന്നെ സ്തൂപം തകര്‍ക്കപ്പെട്ടതിനുപിന്നില്‍ ഗൂഢാലോചനയും ആസൂത്രണവും നടന്നിട്ടുണ്ടെന്ന് വ്യക്തം.

മാര്‍ച്ച് 27ന് രാത്രി വള്ളിക്കാടും ബാലവാടിയിലും രണ്ട് സിപിഐ എം ഓഫീസുകള്‍ ആക്രമിക്കപ്പെട്ടിരുന്നു. മേഖലയില്‍ സമാധാനാന്തരീക്ഷം പുനഃസ്ഥാപിച്ച ശേഷമുണ്ടായ അക്രമ സംഭവം സിപിഐ എം കരുതലോടെയാണ് കണ്ടത്. വള്ളിക്കാട്ടെ സ്തൂപത്തിന് പൊലീസ് കാവല്‍ ഏര്‍പ്പെടുത്തണമെന്നും പ്രദേശത്ത് അക്രമ സംഭവങ്ങള്‍ ഉണ്ടായാല്‍ ഉത്തരവാദിത്തം പാര്‍ടിയില്‍ അടിച്ചേല്‍പിക്കാന്‍ സാധ്യതയുണ്ടെന്നും സിപിഐ എം ഒഞ്ചിയം ഏരിയാ നേതൃത്വം പൊലീസ് അധികൃതരെ അറിയിച്ചു. ഇക്കാര്യം പത്രപ്രസ്താവനയായും നല്‍കിയിട്ടുണ്ട്. സ്തൂപത്തിന് സമീപമുള്ള കടയില്‍ അടുത്ത ദിവസംതന്നെ പൊലീസ് പിക്കറ്റ് ആരംഭിച്ചു. പൊലീസ് ബസും പത്ത്പേര്‍ അടങ്ങുന്ന എംഎസ്പി സംഘവുമാണ് ഇവിടെ ക്യാമ്പ് ചെയ്തത്. അര മണിക്കൂര്‍ ഇടവിട്ട് വള്ളിക്കാട് വഴി പട്രോളിങ് നടത്തുന്നതിന് എസ്ഐമാരുടെ നേതൃത്വത്തില്‍ മൂന്ന് ജീപ്പുകളും ക്രമീകരിച്ചിരുന്നു.എന്നാല്‍ സ്തൂപം തകര്‍ക്കുന്നതിന് തലേദിവസം ഇവിടെയുണ്ടായിരുന്ന എംഎസ്പിക്കാരെ പിന്‍വലിച്ചു. ഇതിന് വ്യക്തമായ ഉത്തരം നല്‍കാന്‍ പൊലീസ് അധികൃതര്‍ തയ്യാറായില്ല. അര മണിക്കൂര്‍ ഇടവേളയില്‍ പട്രോളിങ് നടന്നില്ലെന്ന് പൊലീസ് അധികൃതര്‍ സമ്മതിക്കുന്നുണ്ട്. മൂന്ന് ജീപ്പുകളില്‍ ഒന്ന് തകരാറിലായതിനാല്‍ ഈ സമയത്താണ് സ്തൂപം തകര്‍ത്തതെന്നാണ് പൊലീസ് ഭാഷ്യം.

ആര്‍എംപി നേതൃത്വത്തിന്റെ നിര്‍ദേശപ്രകാരമാണ് രണ്ട് സിപിഐ എം പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുത്തത്. നിരപരാധികളായ ഇവരെ വൈകിട്ട് വിട്ടയക്കുകയും ചെയ്തു. ചന്ദ്രശേഖരന്‍ ദിനമായ മെയ്നാലിന് നടക്കുന്ന പരിപാടികള്‍ കൊഴുപ്പിക്കുന്നതിനും സ്തൂപം പുനര്‍നിര്‍മിക്കുന്നതിനും ബോധപൂര്‍വം കുഴപ്പങ്ങള്‍ സൃഷ്ടിച്ച് പ്രവര്‍ത്തകരെ സജ്ജരാക്കാനും അതുവഴി സിപിഐ എമ്മിനെ കരിവാരിത്തേക്കാനുമാണ് ശ്രമം.

deshabhimani 160413

No comments:

Post a Comment