Tuesday, April 16, 2013

പ്രഭ ചൊരിയാതെ "ലാഭപ്രഭ"


വൈദ്യുതി ഉപഭോഗം കുറയ്ക്കാന്‍ കെഎസ്ഇബി ഏര്‍പ്പെടുത്തിയ "ലാഭപ്രഭ" പ്രഭ ചൊരിയുന്നില്ല. സംസ്ഥാനത്തെ 80 ലക്ഷത്തോളം വൈദ്യുതി ഉപഭോക്താക്കളില്‍ രണ്ടുലക്ഷത്തോളംപേര്‍ മാത്രമാണ് ഈ പദ്ധതിയില്‍ പേര് രജിസ്റ്റര്‍ ചെയ്തത്. കാല്‍ലക്ഷത്തോളം വരുന്ന ബോര്‍ഡ് ജീവനക്കാരില്‍ ഭൂരിപക്ഷവും രജിസ്റ്റര്‍ ചെയ്തിട്ടില്ല. വൈദ്യുതി പ്രതിസന്ധി രൂക്ഷമായതിനെ തുടര്‍ന്നാണ് ഉപഭോഗം കുറയ്ക്കാനും ഊര്‍ജസംരക്ഷണത്തിനുമായി "ലാഭപ്രഭ" സമ്മാന പദ്ധതി ആരംഭിച്ചത്. മാര്‍ച്ച് 23ന് ഔപചാരികമായി ഉദ്ഘാടനംചെയ്ത പദ്ധതിയുടെ രജിസ്ട്രേഷന്‍ നടപടി മാര്‍ച്ച് ഒടുവില്‍ തുടങ്ങി. പദ്ധതി ജനങ്ങളിലെത്തിക്കാന്‍ കോടികള്‍ ചെലവിട്ട് പരസ്യം നല്‍കിയിട്ടും മൂന്നാഴ്ച പിന്നിട്ടിട്ടും രണ്ടുലക്ഷത്തോളം പേര്‍ മാത്രമാണ് രജിസ്റ്റര്‍ചെയ്തത്. ഇതില്‍ അരലക്ഷത്തിലേറെപ്പേരുടെ രജിസ്ട്രേഷന്‍ സെക്ഷന്‍കോഡുകള്‍ തെറ്റിയതിനാല്‍ മാറ്റിവച്ചു. കൃത്യമായ രീതിയില്‍ രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 1.12 ലക്ഷമാണ്. മുക്കാല്‍ കോടിയോളം ഉപഭോക്താക്കള്‍ അംഗങ്ങളാവാതെ മാറിനില്‍ക്കുകയാണ്.

രജിസ്റ്റര്‍ചെയ്തശേഷം ആദ്യഘട്ടത്തില്‍ മീറ്റര്‍ റീഡിങ് നല്‍കിയവരുടെ എണ്ണം ഇതില്‍ നേര്‍പകുതി മാത്രം. 59,834 പേരാണ് തിങ്കളാഴ്ചവരെ ആദ്യഘട്ട റീഡിങ് അയച്ചത്. രജിസ്റ്റര്‍ ചെയ്യാത്ത ജീവനക്കാരില്‍ ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ ലൈന്‍മാന്‍മാര്‍ വരെയുണ്ട്. വൈദ്യുതി മന്ത്രിയുടെ ഓഫീസിലുള്ളവരുമുണ്ട്. ആദ്യതവണ റീഡിങ് അയച്ചവര്‍ ഒരാഴ്ചയ്ക്കുശേഷം കൃത്യമായി റീഡിങ് രേഖപ്പെടുത്തി മൊബൈല്‍ സന്ദേശം അയച്ചാല്‍ ഉപഭോഗത്തില്‍ കുറവ് വന്നിട്ടുണ്ടെങ്കില്‍ സമ്മാനം നല്‍കും. ആദ്യറൗണ്ടില്‍ സിഎഫ് ലാംപുകളാണ് സമ്മാനമായി നല്‍കുക. ഈ കാലയളവില്‍ വൈദ്യുതി ഉപഭോഗം കുറച്ച സന്ദേശമയക്കുന്ന എല്ലാവര്‍ക്കും സമ്മാനം നല്‍കും. രണ്ടാംഘട്ടം മുതലുള്ള സമ്മാനങ്ങള്‍ക്ക് മീറ്റര്‍ റീഡിങ് ഉള്‍പ്പെടെ ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ കൃത്യമായി പരിശോധിക്കും. സോളാര്‍ പാനലുകള്‍ ഉള്‍പ്പെടെ രണ്ടുകോടി രൂപയുടെ സമ്മാനങ്ങളാണ് നല്‍കുക. "ലാഭപ്രഭ"യില്‍ അംഗമാകുന്നതിന് കൃത്യമായ കാലാവധി നല്‍കിയിട്ടില്ലെങ്കിലും ഏപ്രില്‍ അവസാനവാരത്തോടെ രജിസ്ട്രേഷന്‍ നിര്‍ത്താനാണ് ആലോചന. ബോര്‍ഡിന് കീഴിലുള്ള ഐടി സെക്ഷനും കെല്‍ട്രോണും സംയുക്തമായാണ് "ലാഭപ്രഭ"യുടെ സാങ്കേതികവശം കൈകാര്യംചെയ്യുന്നത്.
(ബിജു കാര്‍ത്തിക്)

deshabhimani 160413

No comments:

Post a Comment