Tuesday, April 16, 2013

കെഎംസിസി മണ്ഡലം നേതാവിനുപിന്നാലെ ജില്ലാ പ്രസിഡന്റും രാജിവച്ചു


ഷുക്കൂര്‍ വധവുമായി ബന്ധപ്പെട്ട് ലീഗിലെ അഭിപ്രായ വ്യത്യാസത്തെതുടര്‍ന്ന് പോഷകസംഘടനയായ കെഎംസിസിയുടെ ജില്ല ഭാരവാഹികൂടി രാജിവച്ചു. കെഎംസിസി കണ്ണൂര്‍ ജില്ല പ്രസിഡന്റ് പി വി അമീറലിയാണ് രാജിവച്ചത്. മുസ്ലിംലീഗ് കണ്ണൂര്‍ ജില്ലാ നേതൃത്വത്തിന്റെ നടപടിയില്‍ പ്രതിഷേധിച്ചാണ് രാജിവക്കുന്നതെന്ന് അമീറലി ജില്ല മുസ്ലിം ലീഗ് കമ്മറ്റി സെക്രട്ടറിയ്ക്കും കെഎംസിസി സൗദി കിഴക്കന്‍ പ്രവിശ്യ കമ്മിറ്റി പ്രസിഡന്റിനും അയച്ച കത്തില്‍ പറഞ്ഞു. ഇതെ വിഷയത്തില്‍ കെഎംസിസി തളിപ്പറമ്പ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. മുഹമ്മദ് ഹനീഫ കഴിഞ്ഞ മാസം രാജിവച്ചിരുന്നു. ഇരുവരും ലീഗ് സംസഥാന, ജില്ല നേതാക്കള്‍ക്കെതിരെ മാനനഷ്ടത്തിന് വക്കീല്‍ നോട്ടീസും അയച്ചിരുന്നു.

ഷുക്കുര്‍ വധക്കേസിലെ സാക്ഷികളില്‍ ചിലര്‍ തളിപ്പറമ്പ് മുന്‍സിഫ് കോടതിയില്‍ മൊഴിമാറ്റി സത്യവാങ്മൂലം നല്‍കിയിരുന്നു. ഷുക്കുറിനെ സിപിഐ എം പ്രവര്‍ത്തകരാണ് കൊലപ്പെടുത്തിയത് എന്ന ലീഗ് പ്രചാരണത്തിന് തിരിച്ചടിയേറ്റ പ്രസ്തുത മൊഴിമാറ്റത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചത് അഡ്വ. മുഹമ്മദ് ഹനീഫ, പി വി അമീറലി, ഇരിക്കൂര്‍ നിയോജക മണ്ഡലം പ്രസിഡന്റ് മുസ്തഫ കുറ്റേരി, ജില്ല സെക്രട്ടറി സഗീര്‍ പാവന്നൂര്‍ എന്നിവരാണെന്ന് ലീഗ് ജില്ല നേതൃത്വം നിയോഗിച്ച കമീഷന്‍ കണ്ടത്തിയിരുന്നു. ഇവര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് സംസ്ഥാന കമ്മിറ്റിയോട് ആവശ്യപ്പെട്ട് ലീഗ് നേതാക്കള്‍ വാര്‍ത്താസമ്മേളനം നടത്തിയിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് മുഹമ്മദ് ഹനീഫ കഴിഞ്ഞ മാസം നിയോജകമണ്ഡലം ഭാരവാഹിസ്ഥാനത്ത് നിന്ന് രാജിവച്ചത്. ഇതിന്റെ പിന്നാലെയാണ് കണ്ണൂര്‍ ജില്ല പ്രസിഡന്റ് പി വി അമീറലിയും രാജിനല്‍കിയത്.

മുസ്ലിംലീഗ് കണ്ണൂര്‍ ജില്ല കമ്മിറ്റിയുടെ തീരുമാനം പുനപരിശോധിക്കണമെന്ന് കെഎംസിസി ജില്ല കമ്മിറ്റി യോഗം ചേര്‍ന്ന് ആവശ്യപ്പെട്ട് 50 ദിവസമായിട്ടും നടപടി ഉണ്ടാകാത്തതില്‍ പ്രതിഷേധിച്ചാണ് രാജിവയ്ക്കുന്നതെന്ന് ദമാമില്‍ ജോലിചെയ്യുന്ന അമീറലി അയച്ച കത്തില്‍ പറഞ്ഞു. നീണ്ടകാല എംഎസ്എഫ് പ്രവര്‍ത്തനത്തിന്ശേഷം സൗദിയില്‍ എത്തിയ താന്‍ കെഎംസിസി കണ്ണൂര്‍ ജില്ല ജനറല്‍ സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങള്‍ വഹിച്ചിരുന്നു. തളിപ്പറമ്പിലെ ലീഗിലെ ഗ്രൂപ് പ്രവര്‍ത്തനം ഉണ്ടായിരുന്നുവെന്നും അതില്‍ പങ്കാളിയാകാത്തതിന്റെ പേരില്‍ ഒരു വിഭാഗത്തിന് വൈരാഗ്യമുണ്ടായിരുന്നുവെന്നും അമീറലി കത്തില്‍ പറയുന്നു. ഇതിന്റെ ഭാഗമാണ് ഷുക്കൂര്‍ വധവുമായി ബന്ധപ്പെടുത്തി നടപടിക്ക് ശുപാര്‍ശചെയ്തത്. കമീഷന്‍ വീശദീകരണം തേടാനോ അന്വേഷണം നടത്താനോ തയ്യാറാകാതെ കുറ്റം അടിച്ചേല്‍പിച്ചത് പ്രതിഷേധാര്‍ഹമാണ്. പക്വത കാണിക്കേണ്ട ജില്ല നേതൃത്വം വൃത്തികെട്ട ഗ്രൂപ് വിധേയത്വ നടപടി തിരുത്തുമെന്ന് പ്രതീക്ഷിച്ചിരുന്നുവെന്നും അമീറലി ഞായറാഴ്ച അയച്ച രാജിക്കത്തില്‍ പറഞ്ഞു. വാര്‍ത്താസമ്മേളനം നടത്തിയ മുസ്ലിം ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, കണ്ണൂര്‍ ജില്ല പ്രസിഡന്റ് കെ എം സൂപി, ജില്ല വൈസ് പ്രസിഡന്റുമാരും അന്വേഷണ കമ്മീഷന്‍ അംഗങ്ങളുമായ അഡ്വ. കെ എ ലത്തീഫ്, അഡ്വ. എസ് മുഹമ്മദ്, അഡ്വ. പി വി സൈനുദ്ദീന്‍ എന്നിവര്‍ക്കെതിരായ നിയമ നടപടി തുടരുമെന്ന് അമീറലി പറഞ്ഞു.

പ്രസ്താവന പിന്‍വലിച്ച് ഖേദം പ്രകടിപ്പിക്കണമെന്ന് തളിപ്പറമ്പ് കോടതിയിലെ അഭിഭാഷകന്‍ ടി പി രാമചന്ദ്രന്‍ മുഖേന അയച്ച നോട്ടീസില്‍ ആവശ്യപ്പെട്ടത്. 50 ലക്ഷം രൂപയുടെ മാനനഷടം ആവശ്യപ്പെട്ടാണ് മുഹമ്മദ് ഹനീഫ നോട്ടീസ് അയച്ചത്.
(ടി എം മന്‍സൂര്‍)

deshabhimani 160413

No comments:

Post a Comment