Sunday, April 14, 2013

നരസയ്യ കൊടിക്കുന്നിലിനെ കണ്ടത് ദുരൂഹം


പാറമട ഉടമകളില്‍നിന്ന് വന്‍തുക കൈക്കൂലി വാങ്ങിയതിനു പിടിയിലായ ഉന്നത കേന്ദ്ര ഉദ്യോഗസ്ഥന്‍ എം നരസയ്യ കേന്ദ്ര തൊഴില്‍ സഹമന്ത്രി കൊടിക്കുന്നില്‍ സുരേഷുമായി കൂടിക്കാഴ്ച നടത്തിയത് വിവാദമാകുന്നു. തൊഴില്‍മന്ത്രാലയത്തിനു കീഴിലെ ഖനിത്തൊഴിലാളി ക്ഷേമവകുപ്പിന്റെ ദക്ഷിണേന്ത്യന്‍ ഡയറക്ടറായ നരസയ്യ ഏപ്രില്‍ ഏഴിനാണ് മന്ത്രിയുടെ ചെങ്ങന്നൂരിലെ വീട്ടിലെത്തിയത്. നരസയ്യയെ മന്ത്രി വീട്ടിലേക്ക് വിളിച്ചുവരുത്തിയതായാണ് വിവരം. പത്തനംതിട്ടയിലെ പാറമട ഉടമയായ കലഞ്ഞൂര്‍ മധുവുമൊത്താണ് നരസയ്യ മന്ത്രിയെ കണ്ടത്. തൊട്ടടുത്ത ദിവസം സിബിഐ ഇയാളെ അറസ്റ്റ്ചെയ്തു.

നരസയ്യയുമായുള്ള കൂടിക്കാഴ്ചയെ ന്യായീകരിക്കുകയാണ് കൊടിക്കുന്നില്‍. വകുപ്പിനു കീഴിലെ ഉദ്യോഗസ്ഥനുമായി ചര്‍ച്ച നടത്തിയതില്‍ തെറ്റില്ലെന്നും അത് മാധ്യമങ്ങളുമായി പങ്കുവയ്ക്കാന്‍ ആഗ്രഹിക്കുന്നില്ലെന്നുമാണ് കേന്ദ്രമന്ത്രിയുടെ പ്രതികരണം. എന്നാല്‍, നിരന്തരം കൈക്കൂലി വാങ്ങുന്നതായി പരാതിയുള്ള ഉദ്യോഗസ്ഥനെ പാറമട ഉടമയ്ക്കൊപ്പം മന്ത്രി വീട്ടില്‍ വിളിച്ചുവരുത്തിയത് ദുരൂഹതയ്ക്കും സംശയത്തിനും ഇട നല്‍കുന്നു. തന്റെ വകുപ്പിനു കീഴിലെ ഉദ്യോഗസ്ഥനെ മന്ത്രിക്ക് ഓഫീസിലേക്ക് വിളിച്ചുവരുത്താവുന്നതേയുള്ളൂ. ചര്‍ച്ചയുടെ വിശദാംശങ്ങള്‍ മന്ത്രി മറച്ചുവയ്ക്കുന്നതും സംശയം ബലപ്പെടുത്തുന്നു.

കേരളത്തില്‍ എത്തുംമുമ്പേ ഒരു കോടിയോളം രൂപ വിവിധ പാറമട ഉടമകളില്‍നിന്ന് നരസയ്യ കൈക്കൂലി വാങ്ങിയിട്ടുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്കു ലഭിച്ച വിവരം. ഇത്തരം പരാതികളുടെ അടിസ്ഥാനത്തിലാണ് കഴിഞ്ഞദിവസം കേരളത്തിലെത്തിയ ഇയാളെ സിബിഐ വിശദമായി നിരീക്ഷിച്ചതും എറണാകുളം റെയില്‍വേ സ്റ്റേഷനില്‍വച്ച് അറസ്റ്റ്ചെയ്തതും. നാലരലക്ഷം രൂപ ഇയാളില്‍നിന്ന് കണ്ടെടുത്തു. ഇത് കൈക്കൂലിതുകയാണെന്നാണ് സിബിഐ നിഗമനം. കൊച്ചിയിലെ ഒരു ഹോട്ടലില്‍ ക്യാമ്പ്ചെയ്ത് പാറമട ഉടമകളെ വിളിച്ചുവരുത്തിയാണ് പണം സ്വീകരിച്ചത്. ഹോട്ടലിലെ ക്യാമറയില്‍നിന്ന് കൈക്കൂലി വാങ്ങുന്ന ദൃശ്യങ്ങള്‍ സിബിഐക്ക് ലഭിച്ചു. കേരളത്തിലെ ഒമ്പത് പാറമട ഉടമകള്‍ നരസയ്യയ്ക്ക് കൈക്കൂലി നല്‍കിയതായി സമ്മതിച്ചിട്ടുണ്ടെന്ന് സിബിഐ വൃത്തങ്ങള്‍ പറഞ്ഞു. കൈക്കൂലിയുടെ ഒരുവിഹിതം ബോസിനും നല്‍കണമെന്നാണ് ചോദ്യംചെയ്യലില്‍ നരസയ്യ പറഞ്ഞത്. ബോസ് അദ്ദേഹത്തിന്റെ മേലുദ്യോഗസ്ഥനാണെന്നാണ് സിബിഐ കരുതുന്നതെങ്കിലും വകുപ്പിന്റെ ബോസായ മന്ത്രിതന്നെയാണോ അതെന്ന സംശയവുമില്ലാതില്ല.

പണത്തിനുപുറമെ മറ്റു പല ഉപഹാരങ്ങളും നരസയ്യ സ്വീകരിച്ചിട്ടുണ്ട്. അതേസമയം, പല പാറമടകളിലും സുരക്ഷാസംവിധാനം പരിതാപകരമാണ്. ഇത് ഉറപ്പുവരുത്തേണ്ട ഉന്നത ഉദ്യോഗസ്ഥന്‍തന്നെ കൈക്കൂലിക്കാരനാകുന്നത് സകല സുരക്ഷാചട്ടങ്ങളും കാറ്റില്‍പറത്തുന്ന സ്ഥിതിയുണ്ടാക്കുന്നു. നേരത്തെ, പാറമടകളില്‍നിന്ന് തീവ്രവാദികള്‍ വെടിമരുന്ന് ശേഖരിച്ചതായിപോലും തെളിഞ്ഞിരുന്നു. തിരുവനന്തപുരം ജില്ലയിലെ ഒരു പാറമട ഉടമയ്ക്കെതിരെ ദേശീയ മനുഷ്യാവകാശ കമീഷന് ലഭിച്ച പരാതി അന്വേഷിക്കാനും നേരത്തെ നരസയ്യയെയാണ് ചുമതലപ്പെടുത്തിയിരുന്നത്. എന്നാല്‍, ഈ പാറമട ഉടമയില്‍നിന്ന് നരസയ്യ ആനുകൂല്യം പറ്റിയതായി സിബിഐ അന്വേഷണത്തില്‍ വ്യക്തമായി. ഇതിനിടെ ശനിയാഴ്ച നരസയ്യയുടെ ഹൈദരാബാദിലെ വസതിയില്‍ സിബിഐ കൊച്ചി യൂണിറ്റിലെ ഉദ്യോഗസ്ഥര്‍ റെയ്ഡ് നടത്തി.

deshabhimani 140413

No comments:

Post a Comment