Sunday, April 14, 2013
വൈദ്യുതി: പുതിയ പദ്ധതികള്‍ നിലച്ചു; ഭാവിയും ഇരുട്ടില്‍
വൈദ്യുതിപ്രതിസന്ധി അതിരൂക്ഷമായി തുടരുന്നതിനിടെ സംസ്ഥാനത്ത് പുതിയ വൈദ്യുതപദ്ധതികളുടെ നിര്‍മാണം നിലച്ചു. ഈ സര്‍ക്കാരിന്റെ കാലയളവില്‍ ഇനി ഒറ്റ മെഗാവാട്ടുപോലും അധികം ഉല്‍പ്പാദിപ്പിക്കാന്‍ കഴിയില്ലെന്നതാണ് അവസ്ഥ. കേരളത്തിന്റെ ഭാവിയും ഇരുട്ടിലാകാന്‍ ഇതിടയാക്കും. വന്‍കിടപദ്ധതികള്‍ പരിസ്ഥിതിപ്രശ്നങ്ങളുടെ കുരുക്കിലാണ്. എന്നാല്‍, എല്ലാ അനുമതിയും ലഭ്യമായിട്ടുള്ള ചെറുകിട ജലവൈദ്യുതപദ്ധതികളും അനാസ്ഥമൂലം മുടങ്ങിയിരിക്കുകയാണ്.
പെരിങ്ങല്‍ക്കുത്ത് (24 മെഗാവാട്ട്), പെരുന്തേനരുവി (ആറ് മെഗാവാട്ട്), ചിമ്മിനി (രണ്ടര മെഗാവാട്ട്) പദ്ധതികളുടെ നിര്‍മാണോദ്ഘാടനം നടത്തിയെങ്കിലും പണി മുന്നോട്ടുപോയില്ല. ഏഴര മെഗാവാട്ടിന്റെ ആനക്കയം, 3.6 മെഗാവാട്ടിന്റെ വെള്ളത്തൂവല്‍ പദ്ധതികള്‍ ടെന്‍ഡര്‍നടപടിയില്‍ ഒതുങ്ങി. റാന്നി- പെരുനാട് (16.73) കമീഷന്‍ചെയ്യുമെന്ന വാക്കും പാലിച്ചില്ല. മൂന്നര മെഗാവാട്ടിന്റെ ആഢ്യന്‍പാറ, 5.15 ദശലക്ഷം യൂണിറ്റിന്റെ അപ്പര്‍ കല്ലാര്‍, 10.18 ദശലക്ഷം യൂണിറ്റിന്റെ ഒലിക്കല്‍, 5.88 ദശലക്ഷം യൂണിറ്റിന്റെ പൂവാരംതോട്, 19.92 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിക്കാന്‍ കഴിയുന്ന ചെമ്പുക്കടവ് മൂന്നാംഘട്ടം, 24.7 ദശലക്ഷം യൂണിറ്റിന്റെ പെരുവണ്ണാമൂഴി എന്നിവയും പ്രാരംഭഘട്ടത്തില്‍ നില്‍ക്കുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് നിര്‍മാണം തുടങ്ങിയ പള്ളിവാസല്‍ എക്സ്റ്റന്‍ഷന്‍ (60 മെഗാവാട്ട്), തോട്ടിയാര്‍ (40 മെഗാവാട്ട്) എന്നിവയുടെ പണിയും മുടങ്ങി.
അട്ടപ്പാടിയില്‍ കാറ്റില്‍നിന്ന് 200 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാനുള്ള പദ്ധതിക്ക് എന്‍ടിപിസിയുമായി രണ്ടുവര്‍ഷംമുമ്പ് കരാര്‍ ഒപ്പിട്ടെങ്കിലും തുടര്‍നടപടികളുണ്ടായില്ല. എല്‍ഡിഎഫ് ഭരണകാലത്ത് വിവാദങ്ങളുണ്ടാക്കി തടഞ്ഞ പദ്ധതിയാണിത്. സൗരോര്‍ജവൈദ്യുതിക്കുള്ള പദ്ധതികളും കടലാസില്‍ ഒതുങ്ങുന്നു. കൊറിയന്‍ കമ്പനിയെന്ന് അവകാശപ്പെട്ട് എത്തിയ സ്വകാര്യസംരംഭകര്‍ 300 മെഗാവാട്ട് ഉല്‍പ്പാദിപ്പിക്കാമെന്ന് വാഗ്ദാനംചെയ്തു. പാലക്കാട് ആസ്ഥാനമായുള്ളതാണ് ഈ കമ്പനിയെന്നും അവരുടെ പദ്ധതി അപ്രായോഗികമാണെന്നും തെളിഞ്ഞതോടെ ഉപേക്ഷിക്കേണ്ടി വന്നു. ഒടുവില്‍ ടെന്‍ഡറിലൂടെ അവര്‍തന്നെ തെരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇപ്പോള്‍ വാഗ്ദാനം ചെയ്യുന്നത് 50 മെഗാവാട്ടുമാത്രം. ജര്‍മന്‍ സാങ്കേതികവിദ്യയില്‍ പദ്ധതി നടപ്പാക്കുമെന്ന് പറയുന്ന ആ സ്ഥാപനത്തിന് കെഎസ്ഇബി താല്‍പ്പര്യപത്രം നല്‍കിയെങ്കിലും പദ്ധതി ഒരിഞ്ചുപോലും മുന്നോട്ടുപോയിട്ടില്ല.
പതിനായിരം വീടുകള്‍ക്കുമുകളില്‍ സബ്സിഡി നിരക്കില്‍ സൗരോര്‍ജ പാനല്‍ സ്ഥാപിക്കാനുള്ള അനെര്‍ട്ടിന്റെ പദ്ധതിയും അനിശ്ചിതത്വത്തിലാണ്. പദ്ധതിയില്‍ ഇതുവരെ രജിസ്റ്റര്‍ചെയ്തത് പകുതിയോളംപേര്‍മാത്രം. അനാസ്ഥയ്ക്കുപുറമേ സാമ്പത്തികപ്രതിസന്ധിയും നിര്‍മാണപ്രവര്‍ത്തനങ്ങളെ ബാധിക്കുന്നു. പണമില്ലാത്തതിനാല്‍ അറ്റകുറ്റപ്പണികള്‍പോലും അവതാളത്തിലാണ്. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് രണ്ടുവര്‍ഷമാകുമ്പോള്‍ ആകെ ഉല്‍പ്പാദിപ്പിച്ചത് രണ്ടര മെഗാവാട്ടുമാത്രം. കഴിഞ്ഞ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 208 മെഗാവാട്ട് ഉല്‍പ്പാദിപ്പിച്ച സ്ഥാനത്താണിത്. 1996-2001ലെ എല്‍ഡിഎഫ് സര്‍ക്കാര്‍ 1088 മെഗാവാട്ട് ഉല്‍പ്പാദിപ്പിച്ച് റെക്കോഡിട്ടപ്പോള്‍ അതിനുശേഷം വന്ന യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് 17 മെഗാവാട്ടുമാത്രമായിരുന്നു ഉല്‍പ്പാദനം.
(ആര്‍ സാംബന്‍)
deshabhimani 140413
Subscribe to:
Post Comments (Atom)
No comments:
Post a Comment