Sunday, April 14, 2013

മരിച്ച സിനാനെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പ്


എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതനായി ജനിച്ചിട്ടും സര്‍ക്കാര്‍ സഹായം കിട്ടാതെ മരിച്ച കുട്ടിയെ മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് ആരോഗ്യവകുപ്പിന്റെ കത്ത്. ശ്വാസതടസം മൂലം ഏപ്രില്‍ അഞ്ചിന് മരിച്ച അമ്പലത്തറ പാറപ്പള്ളിയിലെ ഷാലുദ്ദീന്‍-ഫാത്തിമ ദമ്പതികളുടെ എട്ടു മാസം പ്രായമുള്ള സിനാനെ എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തുന്നതിനുള്ള മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുപ്പിക്കണമെന്ന് അറിയിച്ച് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അയച്ച കത്താണ് ചൊവ്വാഴ്ച രക്ഷിതാക്കള്‍ക്ക് തപാല്‍മാര്‍ഗം ലഭിച്ചത്. വിദഗ്ധസംഘം പരിശോധിക്കുന്ന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് തൊട്ടടുത്ത പ്രാഥമികാരോഗ്യകേന്ദ്രവുമായി ബന്ധപ്പെടണമെന്നാണ് ഡിഎംഒയുടെ അറിയിപ്പ്.

തല വളര്‍ന്ന് ശ്വാസമെടുക്കാന്‍ വിഷമിച്ച സിനാനെ ദുരിതബാധിതരുടെ പട്ടികയില്‍പെടുത്തിയിരുന്നില്ല. കഴിഞ്ഞ നവംബറില്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി സ്വീകരിക്കാതെ എന്‍ഡോസള്‍ഫാന്‍ ഇരയോട് കാട്ടിയ ക്രൂരതക്ക് മറയിടാന്‍ മരണശേഷം തയ്യാറാക്കിയ തിരക്കഥയാണ് കത്തെന്ന് വെളിപ്പെട്ടു. നവംബര്‍ 22ന് മുഖ്യമന്ത്രിക്ക് സിനാന്റെ ഉപ്പ നല്‍കിയ നിവേദനമാണ് ഡിഎംഒയുടെ കത്തില്‍ സൂചകമായി ചേര്‍ത്തിട്ടുള്ളത്. ഡിഎംഒ ഓഫീസില്‍നിന്ന് കത്തയച്ച തിയതി രേഖപ്പെടുത്തിയത് 2012 മെയ് 31 എന്നാണ്. 2012 ജൂണ്‍ 25നാണ് സിനാന്‍ ജനിച്ചത്. അജാനൂര്‍ പഞ്ചായത്തിലെ ജനന രജിസ്റ്ററില്‍ സിനാന്റെ ജനനത്തിയതി രേഖപ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രിക്ക് പരാതി നല്‍കുന്നതിനുമുമ്പേ നടപടി സ്വീകരിച്ചെന്ന് വരുത്തിത്തീര്‍ക്കാനാണ് ആരോഗ്യവകുപ്പ് ഈ അതിബുദ്ധി കാണിച്ചത്. നിരവധി തവണ പരാതി നല്‍കുകയും സിനാന്റെ ദൈന്യതയെക്കുറിച്ച് പത്രങ്ങളിലും ടിവിയിലും വാര്‍ത്ത വന്നിട്ടും അനങ്ങാതിരുന്ന ആരോഗ്യവകുപ്പ് അധികൃതര്‍ ജനകീയ പ്രതിഷേധത്തില്‍നിന്നും മറ്റും രക്ഷപ്പെടാനാണ് വ്യാജ കത്ത് ഉണ്ടാക്കിയത്.

deshabhimani

No comments:

Post a Comment