Tuesday, April 16, 2013

കേന്ദ്രനിര്‍ദേശങ്ങളില്‍ പലതും കേരളം തള്ളി


 ക്രമസമാധാനപാലനത്തിന് ഭരണപരിഷ്കാര കമീഷന്‍ മുന്നോട്ടുവച്ച 153 നിര്‍ദേശങ്ങളില്‍ പലതിനോടും&ാറമവെ;കേരളത്തിന് വിയോജിപ്പ്. നിര്‍ദേശങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കേന്ദ്രം വിളിച്ചുചേര്‍ത്ത മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് കേരളം വിയോജിപ്പ് പ്രകടിപ്പിച്ചത്. അന്വേഷണകാര്യങ്ങള്‍ക്കായി സംസ്ഥാനതലത്തില്‍ പ്രത്യേക ബോര്‍ഡിന് രൂപം നല്‍കുക, പൊലീസ് സ്റ്റേഷനുകളുടെ പരിശോധനയ്ക്ക് പ്രത്യേക ഇന്‍സ്പെക്ടറേറ്റ് രൂപീകരിക്കുക, നഗരങ്ങളിലെ ക്രമസമാധാനപാലനത്തിന് പ്രത്യേക കേഡറിന് രൂപം നല്‍കുക, ട്രാഫിക് നിയമങ്ങള്‍ നടപ്പാക്കുന്ന ചുമതല തദ്ദേശസ്ഥാപനങ്ങളെ ഏല്‍പ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ കേരളം തള്ളി. മറ്റ് ചില സംസ്ഥാനങ്ങളും ഈ നിര്‍ദേശങ്ങളോട് വിയോജിച്ചു. യോഗത്തില്‍ പങ്കെടുത്ത സംസ്ഥാന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ കേരളത്തിന് എതിര്‍പ്പുള്ള വിഷയങ്ങള്‍ കേന്ദ്രത്തിന്റെ ശ്രദ്ധയില്‍പ്പെടുത്തി.

പൊലീസിന്റെ നിയന്ത്രണം മറ്റൊരു ഏജന്‍സിയെ ഏല്‍പ്പിക്കുന്നതിന് തുല്യമാകും എന്നതിനാലാണ് ബോര്‍ഡ് ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ എന്ന നിര്‍ദേശത്തെ എതിര്‍ത്തതെന്ന് തിരുവഞ്ചൂര്‍ പിന്നീട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ മറ്റൊരു ഏജന്‍സിയെ കൈകടത്താന്‍ അനുവദിക്കുന്നതിനോട് യോജിക്കാനാകില്ല. പ്രതിപക്ഷനേതാവും മറ്റും ഉള്‍ക്കൊള്ളുന്ന "സംസ്ഥാന സുരക്ഷാ കൗണ്‍സില്‍" നിലവിലുണ്ട്. സമാനസ്വഭാവത്തില്‍ മറ്റൊരു ബോര്‍ഡിന്റെ ആവശ്യമില്ല. പൊലീസ് സ്റ്റേഷനുകളുടെയും മറ്റും പ്രവര്‍ത്തനം പരിശോധിക്കാന്‍ ഹൈക്കോടതി ജഡ്ജിയായി വിരമിച്ച വ്യക്തിയുടെ നേതൃത്വത്തില്‍ സ്വതന്ത്ര ഡയറക്ടറേറ്റെന്ന നിര്‍ദേശത്തോടും യോജിക്കാനാകില്ല. സംസ്ഥാനത്ത് ഇത്തരം വിഷയങ്ങള്‍ പരിശോധിക്കുന്നതിന് മനുഷ്യാവകാശ- ന്യൂനപക്ഷ കമീഷനുകളും മറ്റുമുണ്ട്. കേന്ദ്രത്തിന്റെ പല നിര്‍ദേശങ്ങളും കേരളം ഇതിനോടകം നടപ്പാക്കി. എല്‍ഡിഎഫ് സര്‍ക്കാര്‍ നടപ്പാക്കിയ ജനമൈത്രി പൊലീസ്, സ്റ്റുഡന്റ് പൊലീസ് കേഡറ്റ് തുടങ്ങിയ പദ്ധതികളെ കേന്ദ്രം അകമഴിഞ്ഞ് അഭിനന്ദിച്ചതായും തിരുവഞ്ചൂര്‍ അറിയിച്ചു.

പൊലീസ് സേനയില്‍ 33 ശതമാനം വനിതകളായിരിക്കണമെന്ന നിര്‍ദേശം നടപ്പാക്കുക എളുപ്പമല്ല. നിലവില്‍ 10 ശതമാനത്തില്‍ താഴെയാണ് പൊലീസില്‍ വനിതകളുടെ പ്രാതിനിധ്യം. ഓരോ വര്‍ഷവും വനിതാ പൊലീസിന്റെ എണ്ണത്തില്‍ അഞ്ചു ശതമാനം വീതം വര്‍ധിപ്പിക്കാന്‍ തീരുമാനിച്ചിട്ടുണ്ടെങ്കിലും 33 ശതമാനത്തില്‍ എത്താന്‍ കാലതാമസമെടുക്കും. പൊലീസ് പരിശീലനത്തിനായി ചീഫ് ഓഫ് ട്രെയ്നിങ് എന്ന തസ്തിക രൂപീകരിക്കുന്നതിനോട് യോജിപ്പാണ്. ബീറ്റ് പൊലീസിങ് കാര്യക്ഷമമാക്കുന്നതിന് കൂടുതല്‍ തസ്തികകള്‍ സൃഷ്ടിക്കേണ്ടതുണ്ട്- തിരുവഞ്ചൂര്‍ പറഞ്ഞു. തീരസുരക്ഷ ശക്തിപ്പെടുത്തുന്നതിനും കേരള- തമിഴ്നാട്- കര്‍ണാടക അതിര്‍ത്തിമേഖലയില്‍ മാവോയിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനും കേരളം കേന്ദ്രസഹായം ആവശ്യപ്പെട്ടു.

deshabhimani 160413

No comments:

Post a Comment