മെഗാ മെഡിക്കല്‍ ക്യാമ്പ് ആദിവാസിപീഡനമായി
അഗളി: പോഷകാഹാരക്കുറവും ശിശുമരണവും തടയാന്‍ സര്‍ക്കാര്‍ സംഘടിപ്പിച്ച മെഗാ മെഡിക്കല്‍ക്യാമ്പ് ആദിവാസി പീഡനമായി. കഴിഞ്ഞ 12 മുതല്‍ നടത്തിയ സര്‍വേയിലാണ് ഊരുകളിലുള്ള രോഗികളെ കണ്ടെത്തിയത്. 197 ഊരുകളിലായി 23,597 ആളുകളെ ആരോഗ്യപ്രവര്‍ത്തകര്‍ പരിശോധിച്ചു. ഇതില്‍ 536 പേര്‍ പോഷകാഹാരക്കുറവ് മൂലം രോഗബാധിതരാണ്. 463 പേര്‍ക്ക് അനീമിയ ബാധിച്ചിട്ടുണ്ട്. ഇവരെയെല്ലാം കോട്ടത്തറ ട്രൈബല്‍ ആശുപത്രിയില്‍ എത്തിച്ചാണ് ക്യാമ്പ് സംഘടിപ്പിച്ചത്. എന്നാല്‍, പ്രതീക്ഷിച്ചതിനേക്കാള്‍ അധികമാണ് ക്യാമ്പില്‍ എത്തിയവരുടെ എണ്ണം. സര്‍വേയില്‍ ഉള്‍പ്പെടാത്ത നിരവധി രോഗികളും പോഷകാഹാരക്കുറവുള്ളവരും ഊരുകളിലുണ്ട്. ക്യാമ്പ് സംഘടിപ്പിച്ചതില്‍ ഗുരുതര വീഴ്ചയാണ് പട്ടികവര്‍ഗം, ആരോഗ്യ, സാമൂഹ്യക്ഷേമം വകുപ്പുകള്‍ക്ക് സംഭവിച്ചത്.
കൈക്കുഞ്ഞുങ്ങളുമായി കിലോമീറ്ററുകള്‍ താണ്ടിയെത്തിയ അമ്മമാരും പ്രായമായവരും മണിക്കൂറുകളോളം മന്ത്രിമാരെ കാത്ത് ചികിത്സക്കായി കാത്തിരിക്കേണ്ടിവന്നു. പകല്‍ 11നാണ് മന്ത്രിമാര്‍ എത്തിയത്. ആവശ്യമായ രജിസ്ട്രേഷന്‍ കൗണ്ടറുകളും ഉണ്ടായിരുന്നില്ല. ആകെ 13 ഡോക്ടര്‍മാര്‍ മാത്രമാണ് രോഗികളെ പരിശോധിച്ചത്. ഇവരില്‍ പല ഡോക്ടര്‍മാരും മന്ത്രിമാരുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയാന്‍ അവരുടെ പിന്നാലെ ഓടേണ്ടിവന്നു. രക്തവും മറ്റും പരിശോധിക്കാന്‍ സൗകര്യം ഒരുക്കിയിരുന്നില്ല. ഇതോടെ കൃത്യമായ പരിശോധന കൂടാതെയാണ് രോഗികള്‍ക്ക് മരുന്ന് കുറിക്കേണ്ടിവന്നത്. നിലവില്‍ ആശുപത്രിയിലുള്ള സൗകര്യങ്ങള്‍ മാത്രം ഉപയോഗപ്പെടുത്തിയാണ് ക്യാമ്പ് നടത്തിയത്. അകത്തും പുറത്തും പിഞ്ചുകുട്ടികളുമായി അമ്മമാര്‍ അവശരായി ക്യൂ നില്‍ക്കുന്ന കാഴ്ച ദയനീയമായിരുന്നു. ഊരുകളില്‍ ചികിത്സ എത്തിക്കുന്നതിന് പകരം ആദിവാസികളെ ആശുപത്രിയിലേക്കു വിളിച്ചുവരുത്തി മെഗാ ചികിത്സാമേള നടത്തി മാധ്യമശ്രദ്ധ നേടുകയായിരുന്നു സര്‍ക്കാരിന്റെ ലക്ഷ്യം.
സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശവുമായി ആദിവാസികള്‍
അഗളി: സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശവുമായി ആദിവാസി സംഘടനകളും സ്ത്രീകളും. കോട്ടത്തറ ആശുപത്രിയില്‍ മന്ത്രിമാരായ ശിവകുമാറിന്റെയും പി കെ ജയലക്ഷമിയുടെയും നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിലാണ് ആദിവാസി കോണ്‍ഗ്രസ് നേതാവ് മുരുകേശനടക്കമുള്ളവര്‍ സര്‍ക്കാരിനെതിരെ പൊട്ടിത്തെറിച്ചത്. ആദിവാസികളെ അറിയാത്ത, പ്രശ്നം പഠിക്കാത്ത നിങ്ങളെ ഊരില്‍ കാലുകുത്താന്‍ അനുവദിക്കില്ലെന്ന് മുരുകേശ് പറഞ്ഞു. തുടര്‍ന്ന് സദസ്സിലുണ്ടായിരുന്ന സ്ത്രീകളും വിമര്‍ശവുമായി എഴുന്നേറ്റു.
വന്‍കിടക്കാര്‍ വ്യാജരേഖയുണ്ടാക്കി ആദിവാസി ഭൂമി വാങ്ങി മലനിരത്തുന്നു, കുറുമ്പ പാക്കേജ് എന്‍ജിഒക്ക് നല്‍കുന്നു, കാര്‍ഷികപാക്കേജില്‍ ആദിവാസികളുടെ പരമ്പരാഗത കൃഷിക്കും സ്ഥാനമില്ല, കനത്ത വേനലില്‍ വ്യാപകമായി മരം മുറിക്കുന്നു, വനാവകാശ നിയമം പാസായി രണ്ടു വര്‍ഷമായിട്ടും ഒരുതുണ്ടുഭൂമി പോലും ആദിവാസിക്ക് കിട്ടിയിട്ടില്ല. എന്നിങ്ങനെ ആദിവാസികളുടെ പ്രശ്നങ്ങള്‍ കുരുക്കഴിഞ്ഞപ്പോള്‍ ഉത്തരം നല്‍കാനാവാതെ മന്ത്രിമാര്‍ക്ക് തലകുനിച്ച് ഇരിക്കേണ്ടിവന്നു.
പോഷകാഹാരക്കുറവുമൂലം നിരവധി കുട്ടികള്‍ മരിക്കുമ്പോള്‍ മുന്‍കൂട്ടി ഒരു പദ്ധതിയും തയ്യാറാക്കാതെയാണ് മന്ത്രിമാരും പരിവാരങ്ങളും അട്ടപ്പാടിയിലെത്തിയത്. ആദിവാസികളുടെ പ്രശ്നങ്ങള്‍ മന്ത്രിമാര്‍ മനസ്സിലാക്കുകയോ പഠിക്കുകയോ ചെയ്തിരുന്നില്ല. തൊഴിലില്ലായ്മ, ശുദ്ധജലത്തിന്റെ അഭാവം തുടങ്ങി അവരുടെ നീറുന്ന പ്രശ്നങ്ങള്‍ക്കൊന്നും പരിഹാരമില്ലെന്ന് മാത്രമല്ല പരിഹാര നിര്‍ദേശങ്ങള്‍ പോലുമുണ്ടായില്ല.
സര്‍ക്കാരിനു വീഴ്ചപറ്റിയെന്ന് മന്ത്രിമാര്‍
അഗളി: പോഷകാഹാരക്കുറവുമൂലം അട്ടപ്പാടിയില്‍ കുട്ടികള്‍ മരിക്കാനിടയായത് ആരോഗ്യവകുപ്പിന്റെയും സാമൂഹ്യക്ഷേമവകുപ്പിന്റെയം വീഴ്ചയെന്ന് പട്ടികവര്‍ഗ മന്ത്രി പി കെ ജയലക്ഷ്മി. ബന്ധപ്പെട്ട വകുപ്പുകള്‍ക്ക് വീഴ്ച ഉണ്ടായിട്ടുണ്ടെന്ന് ആരോഗ്യ മന്ത്രി വി എസ് ശിവകുമാറും സമ്മതിച്ചു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.
ഒന്നരവര്‍ഷത്തിനിടെ 33 കുട്ടികള്‍ മരിച്ച സാഹചര്യത്തിലാണ് മന്ത്രിമാര്‍ ശനിയാഴ്ച അട്ടപ്പാടിയിലെത്തിയത്. കോട്ടത്തറയില്‍ മന്ത്രിമാരുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരും യോഗം ചേര്‍ന്നു. പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണാന്‍ അട്ടപ്പാടി ആരോഗ്യപാക്കേജ് നടപ്പാക്കുമെന്ന് മന്ത്രിമാര്‍ അറിയിച്ചു. പട്ടികവര്‍ഗം, സാമൂഹ്യക്ഷേമം, പഞ്ചായത്ത്, ആരോഗ്യം, എക്സൈസ് വകുപ്പുകളെ ഏകോപിപ്പിച്ചാണ് പാക്കേജ് നടപ്പാക്കുക. അട്ടപ്പാടി ആദിവാസിമേഖലയില്‍ മാതൃ-ശിശു സംരക്ഷണത്തില്‍ സര്‍ക്കാരിന് ഗുരുതര വീഴ്ചയുണ്ടായെന്ന് എം ബി രാജേഷ് എംപി പറഞ്ഞു. അദ്ദേഹം ഉന്നയിച്ച പത്ത് നിര്‍ദേശങ്ങളും അംഗീകരിച്ചു നടപടി സ്വീകരിക്കുമെന്ന് മന്ത്രിമാര്‍ ഉറപ്പുനല്‍കി. എല്ലാ മാസവും വകുപ്പുകളുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ യോഗം ചേരും. പാക്കേജിന്റെ പ്രവര്‍ത്തനത്തിന് മേല്‍നോട്ടംവഹിക്കാന്‍ ഒറ്റപ്പാലം സബ്കലക്ടറെ ചുമതലപ്പെടുത്തി. മന്ത്രിമാര്‍ക്ക് പുറമെ, എം ബി രാജേഷ് എംപി, എന്‍ ഷംസുദ്ദീന്‍ എംഎല്‍എ, മുല്ലക്കര രത്നാകരന്‍ എംഎല്‍എ, വി എസ് സുനില്‍കുമാര്‍ എംഎല്‍എ, ജോസ്ബേബി, ആരോഗ്യ വകുപ്പ് ഡയറക്ടര്‍ ജമീല ബാലന്‍, ട്രൈബല്‍ വകുപ്പ് ഡയറക്ടര്‍ ഹരികിഷോര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
deshabhimani 2100413
No comments:
Post a Comment