Saturday, April 20, 2013

മോഡിയെ ഷിബു ആദരിച്ചത് ഉമ്മന്‍ചാണ്ടിയുടെ മനസ്സറിഞ്ഞ്


തൊഴില്‍മന്ത്രി ഷിബു ബേബിജോണ്‍ അഹമ്മദാബാദിലെത്തി നിര്‍വഹിച്ചത്, നരേന്ദ്രമോഡിക്ക് കേരളത്തില്‍ സൗഹൃദപാത ഒരുക്കാനുള്ള കേരള സര്‍ക്കാരിന്റെ ദൗത്യം. മോഡിക്ക് ആറന്മുളക്കണ്ണാടി സമ്മാനിച്ച ഷിബു, ഉമ്മന്‍ചാണ്ടി നയിക്കുന്ന കേരള സര്‍ക്കാരിനുവേണ്ടിയാണ് അദ്ദേഹത്തെ അനുമോദിച്ചതും ആദരിച്ചതും. ബിജെപി സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍ മധ്യസ്ഥനായി നിന്നായിരുന്നു കൂടിക്കാഴ്ച. ഗുജറാത്ത് വികസനമാതൃക പകര്‍ത്തി കേരളത്തില്‍ പുതിയ സംരംഭങ്ങള്‍ തുടങ്ങാമെന്ന് അറിയിക്കുകയും അതിന് സമ്പൂര്‍ണമായ സഹകരണം മോഡി ഉറപ്പുനല്‍കുകയും ചെയ്തു. ഷിബു ഗുജറാത്തില്‍ പോയതും കേരളത്തിന്റെ സംരംഭങ്ങള്‍ക്ക് സഹായം തേടിയതും ഉമ്മന്‍ചാണ്ടിയുടെ അറിവോടെയാണ്. അടുത്ത ആഴ്ച കേരളത്തില്‍ എത്തുന്ന മോഡിയെ സമ്പൂര്‍ണമായി പ്രീതിപ്പെടുത്താനായിരുന്നു ഈ ഗുജറാത്ത് ദൗത്യം. വംശഹത്യയുടെ ചോരക്കറയുള്ള മോഡിക്കുമുന്നില്‍ കേരളം മുഖംതിരിക്കുമെന്ന പ്രതീതി നിലനില്‍ക്കെയാണ് യുഡിഎഫ് പ്രതിനിധി സൗഹൃദപ്പൂക്കള്‍ സമ്മാനിച്ചത്.

24ന് തിരുവനന്തപുരത്ത് പ്രത്യേകവിമാനത്തില്‍ വരുന്ന മോഡിക്കുവേണ്ടി കേരള പൊലീസ് ഉത്സാഹത്തോടെ സജ്ജീകരണങ്ങള്‍ നടത്തുകയാണ്. വരുന്ന ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ യുഡിഎഫിന് ബിജെപി സഹായം നേടുകയെന്ന ലക്ഷ്യം മോഡിയെ പ്രീതിപ്പെടുത്തിയതിനുപിന്നിലുണ്ട്. ഇവിടെ എല്‍ഡിഎഫും യുഡിഎഫും തമ്മിലാണ് മുഖ്യപോരാട്ടമെന്നതിനാല്‍ ബിജെപിക്ക് കോണ്‍ഗ്രസിനേക്കാള്‍ ശത്രുത കമ്യൂണിസ്റ്റുകാരോടാണെന്നത് ഓര്‍മിപ്പിച്ച് ബിജെപിവോട്ട് യുഡിഎഫ് പെട്ടിയിലാക്കാനുള്ള അന്തരീക്ഷം പരുവപ്പെടുത്തുകയാണ് ഉദ്ദേശ്യം. ദേശീയ ഏറ്റുമുട്ടലിന്റെ ചിത്രത്തില്‍നിന്ന് കേരളത്തെ മാറ്റിനിര്‍ത്തി തന്ത്രങ്ങള്‍ ആവിഷ്കരിക്കാനുള്ള രാഷ്ട്രീയകള്ളക്കളിയാണ് യുഡിഎഫ് ഉദ്ദേശിക്കുന്നത്. ഇത്തരം കാര്യങ്ങള്‍ ചെയ്യാന്‍ മന്ത്രിസഭയിലെ ഏറ്റവും വിശ്വസ്തരായി മുഖ്യമന്ത്രി കാണുന്ന രണ്ടുപേരില്‍ ഒരാളാണ് ഷിബു. ഉമ്മന്‍ചാണ്ടിയുടെ മനസ്സറിഞ്ഞ് കരുക്കള്‍ നീക്കാനുള്ള "കിസിഞ്ചര്‍ ദൗത്യം" ഷിബുവിനെപ്പോലെ നിര്‍വഹിക്കാന്‍ മറ്റൊരാള്‍ക്കാകില്ലെന്നും അദ്ദേഹത്തിനറിയാം.

ലോക്സഭാ തെരഞ്ഞെടുപ്പുഫലം മോശമായാല്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം അനിവാര്യമാണ്. 2005ല്‍ എ കെ ആന്റണിയെ താഴെയിറക്കി ഉമ്മന്‍ചാണ്ടി അധികാരം പിടിച്ചതുപോലെ, ഉമ്മന്‍ചാണ്ടിയെ ഗളഹസ്തം ചെയ്ത് ചെങ്കോലേന്താന്‍ കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല രംഗത്താണ്. ലോക്സഭാ തെരഞ്ഞെടുപ്പുകൂടി കണ്ടാണ് ചെന്നിത്തല കേരളയാത്ര നയിക്കുന്നത്. "സമൃദ്ധകേരളം, സുരക്ഷിതകേരളം" എന്ന മുദ്രാവാക്യത്തിലൂടെ ഇത് രണ്ടും ഉമ്മന്‍ചാണ്ടി ഭരണത്തിലില്ലെന്നും അതുണ്ടാകാന്‍ നേതൃമാറ്റം വരണമെന്നുമുള്ള സന്ദേശമാണ് ചെന്നിത്തല യാത്രയിലൂടെ നല്‍കുന്നത്. എന്നാല്‍, മോഡിയെ പ്രീതിപ്പെടുത്തുന്നതിലൂടെ ബിജെപിവോട്ട് നേടി ലോക്സഭാകടമ്പ കടക്കാനാണ് ഉമ്മന്‍ചാണ്ടിയും കൂട്ടരും നോക്കുന്നത്. അതിനുള്ള മനസ്സറിഞ്ഞ നീക്കമാണ് ഷിബു നടത്തിയതെങ്കിലും വിവാദം വഴിതിരിഞ്ഞതിനാലാണ് ഉമ്മന്‍ചാണ്ടി അതിനെ തള്ളിപ്പറഞ്ഞ് കൈകഴുകാന്‍ ശ്രമിക്കുന്നത്.

സര്‍ക്കാര്‍ ബജറ്റിലൂടെ നിര്‍ദേശിച്ച തൊഴില്‍ ഇന്‍സ്റ്റിറ്റ്യൂട്ടിനെ ഗുജറാത്ത് മാതൃകയിലാക്കാന്‍ മോഡിയുടെ നിര്‍ദേശപ്രകാരം കേരള- ഗുജറാത്ത് സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ സഹകരിച്ച് പ്രവര്‍ത്തിക്കാനും നിശ്ചയിച്ചിട്ടുണ്ട്. ബിജെപിയുടെ പ്രധാനമന്ത്രി സ്ഥാനാര്‍ഥിയായ മോഡി 24ന് തിരുവനന്തപുരത്ത് പ്രത്യേക വിമാനത്തില്‍ എത്തി വര്‍ക്കലയില്‍ ശിവഗിരിമഠത്തിന്റെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങും ഇതിനിടെ ചില യുഡിഎഫ് ദൂതന്മാരുമായുള്ള കൂടിക്കാഴ്ച ഉദ്ദേശിച്ചിരുന്നെങ്കിലും പുതിയ വിവാദം അതിനെ ബാധിക്കാനിടയുണ്ട്.
(ആര്‍ എസ് ബാബു)

deshabhimani 210413

No comments:

Post a Comment