Saturday, April 13, 2013

മഡുറോ, മറഡോണ.. വെനസ്വേലയില്‍ പ്രചാരണത്തിന് ആവേശ സമാപനം


ഹ്യൂഗോ ഷാവേസിന്റെ സ്വപ്നങ്ങള്‍ ഹൃദയത്തിലേറ്റി തെരുവീഥികളെ ചെങ്കടലാക്കിയ ജനലക്ഷങ്ങളുടെ ആര്‍ത്തിരമ്പലില്‍ വെനസ്വേലയില്‍ തെരഞ്ഞെടുപ്പു പ്രചാരണത്തിന് സമാപനം. ചുവപ്പ് വസ്ത്രങ്ങളണിഞ്ഞ് അണിനിരന്ന ജനങ്ങളുടെ തിരതള്ളലില്‍ തലസ്ഥാനമായ കരാക്കസിന്റെ വീഥികള്‍ നിറഞ്ഞുകവിഞ്ഞു. ആടിയും പാടിയും മുദ്രാവാക്യം മുഴക്കിയും നിറഞ്ഞ സോഷ്യലിസ്റ്റ് പാര്‍ടി പ്രവര്‍ത്തകര്‍ നിക്കോളസ് മഡുറോയുടെ വിജയം സുനിശ്ചിതമാണെന്ന് പ്രഖ്യാപിച്ചു. മഡുറോക്കൊപ്പം ഫുട്ബോള്‍ ഇതിഹാസം ദ്യോഗോ മറഡോണയുടെ സാന്നിധ്യം ഇരട്ടി ആവേശമായി. ചിത്രത്തില്‍നിന്ന് പാടേമാഞ്ഞ പ്രതിപക്ഷ സ്ഥാനാര്‍ഥി ഹെന്‍റിക് കാപ്രിലെസിന്റെ അനുയായികള്‍ പടിഞ്ഞാറന്‍ സംസ്ഥാനങ്ങളില്‍ ചെറുറാലികള്‍ നടത്തി.

ഷാവേസിന് മരണമില്ലെന്ന പ്രഖ്യാപനമാണ് പ്രചാരണത്തിന്റെ സമാപനത്തിലും ഉയര്‍ന്നുകേട്ടത്. ഷാവേസിന്റെ സ്വപ്നങ്ങള്‍ യാഥാര്‍ഥ്യമാക്കുകയാണ് തന്റെ ലക്ഷ്യമെന്ന് പ്രഖ്യാപിച്ച മഡുറോയെ വെനസ്വേലന്‍ ജനത നേതാവായി അംഗീകരിച്ചുകഴിഞ്ഞെന്നും ഇതിനകം വ്യക്തമായി. ജനസാഗരത്തിനിടയിലൂടെ പതുക്കെ മുന്നോട്ടുനീങ്ങിയ ട്രക്കില്‍ ചുവന്ന ഷര്‍ട്ട് ധരിച്ച് മഡുറോക്കൊപ്പം എത്തിയ മറഡോണ ഫുട്ബോളുകള്‍ ഒപ്പിട്ട് ജനങ്ങളിലേക്ക് തൊടുത്തു. ആവേശാരവത്തോടെ ജനം അത് ഹൃദയത്തിലേറ്റി. ഷാവേസിനെ അനുസ്മരിപ്പിച്ച് രണ്ടു തത്തകളെ ചുമലിലേറ്റിയാണ് മഡുറോ സമാപനറാലിക്കെത്തിയത്. തന്റെ തലയ്ക്കുചുറ്റും പറക്കുന്ന പക്ഷിയായി ഷാവേസ് എപ്പോഴുമുണ്ടെന്ന് മഡുറോ നേരത്തെ പറഞ്ഞിരുന്നു.

 "എനിക്ക് ആഗ്രഹമുണ്ടായിട്ടല്ല ഞാനിവിടെ നില്‍ക്കുന്നത്. ഒന്നും ഞാന്‍ അതിയായി ആഗ്രഹിച്ചിട്ടില്ല. നമ്മുടെ രാജ്യം സ്വന്തം കാലില്‍ നില്‍ക്കണമെന്ന് മാത്രമാണ് ഞാന്‍ ആശിച്ചത്. ഷവേസിനുവേണ്ടി പ്രവര്‍ത്തിക്കാത്ത ഒരുദിവസം എന്റെ ജീവിതത്തില്‍ ഉണ്ടാകുന്നതിനെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ സാധ്യമല്ല"-മഡുറോ പറഞ്ഞു. കഴിഞ്ഞ ഒക്ടോബറിലെ തെരഞ്ഞെടുപ്പില്‍ ആറുവര്‍ഷത്തേക്കുകൂടി തെരഞ്ഞെടുക്കപ്പെട്ട ഷാവേസ് നടപ്പാക്കാന്‍ ഉദ്ദേശിച്ച പദ്ധതികളുടെ രേഖ സമാപനറാലിയില്‍ മഡുറോ ഉയര്‍ത്തിക്കാട്ടി. ഇത് സാക്ഷാല്‍ക്കരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

deshabhimani 130413

No comments:

Post a Comment