ഉള്ള്യേരി: യുഡിഎഫിന്റെ വകുപ്പ് വിഭജനമാണ് സംസ്ഥാനത്തെ അധികാര വികേന്ദ്രീകരണത്തിന് തിരിച്ചടിയായതെന്ന് മുന്‍ ധനകാര്യ മന്ത്രിയും സിപിഐ എം കേന്ദ്രകമ്മിറ്റിയംഗവുമായ ഡോ. തോമസ് ഐസക്. തദ്ദേശസ്വയംഭരണം, ഗ്രാമവികസനം, നഗരവികസനം എന്നീ മൂന്ന് വകുപ്പുകളാക്കി മാറ്റിയതാണ് വികേന്ദ്രീകൃതാസൂത്രണത്തിന് തലവേദനയായത്. ശാസ്ത്രസാഹിത്യ പരിഷത്തിന്റെ സുവര്‍ണജൂബിലി സമ്മേളനങ്ങളുടെ ഭാഗമായി അധികാര വികേന്ദ്രീകരണം ഇനി എങ്ങോട്ട് എന്ന വിഷയത്തില്‍ സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ വികസിപ്പിക്കാന്‍ കേന്ദ്രാവിഷ്കൃത പദ്ധതികള്‍ എന്‍ജിഒ, സ്വയംസഹായ സംഘങ്ങള്‍ എന്നിവയെ ഏല്‍പ്പിക്കുന്നത് അശാസ്ത്രീയവും ജനവിരുദ്ധവുമാണെന്നും ഐസക്ക് പറഞ്ഞു. പഞ്ചായത്തുകള്‍ക്ക് സമാന്തരമായി പണമുണ്ടാക്കിയാണ് ഇത്തരം സംഘങ്ങള്‍ക്ക് പണം കൊടുക്കുന്നത്. പന്ത്രണ്ടാം പദ്ധതിയില്‍ വികേന്ദ്രീകൃതാസൂത്രണം എന്നൊരു വാക്കില്ല. ഉദ്യോഗസ്ഥ പുനര്‍വിന്യാസം നടക്കുന്നില്ല. കുടുംബശ്രീകള്‍ ഗ്രാമസഭകളുടെ ഉപഘടകങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. ബാലുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എ കെ മണി അധ്യക്ഷനായി. പരിഷത്ത് സംസ്ഥാന പ്രസിഡന്റ് കെ ടി രാധാകൃഷ്ണന്‍ ആമുഖ പ്രഭാഷണം നടത്തി. മുന്‍മന്ത്രി കുട്ടിഅഹമ്മദ് കുട്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, ആര്‍ കെ രവിവര്‍മ, മണിയൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി സുരേഷ്ബാബു, പ്രൊഫ. പി കെ രവീന്ദ്രന്‍, ടി ഗംഗാധരന്‍ എന്നിവര്‍ സംസാരിച്ചു. ഉള്ള്യേരി പഞ്ചായത്ത് പ്രസിഡന്റ് എ പി പ്രസന്ന സ്വാഗതം പറഞ്ഞു.
deshabhimani

No comments:
Post a Comment