Wednesday, April 17, 2013

സപ്ലൈകോ നെല്ല് സംഭരണം പാളി; കര്‍ഷകര്‍ സ്വകാര്യ മില്ലുകളിലേക്ക്

സംസ്ഥാനത്ത് നെല്ലിന് മതിയായ താങ്ങുവില ലഭിക്കാത്തതിനാല്‍ കര്‍ഷകര്‍ സപ്ലൈകോയെ കൈയൊഴിഞ്ഞു. ആലപ്പുഴ, പാലക്കാട്, തൃശൂര്‍ ജില്ലകളില്‍ സപ്ലൈകോ വഴിയുള്ള നെല്ല് സംഭരണം കഴിഞ്ഞവര്‍ഷത്തെ അപേക്ഷിച്ച് വന്‍കുറവാണ്. സംഭരിച്ച നെല്ലിന് പണം ലഭിക്കാനുള്ള താമസവും കര്‍ശന നിബന്ധനകളും കര്‍ഷകരെ സപ്ലൈകോയില്‍നിന്ന് അകറ്റി. പൊതുവിതരണ കേന്ദ്രങ്ങളില്‍ എത്തേണ്ട നെല്ല് സ്വകാര്യ മില്ലുകള്‍ സ്വന്തമാക്കുകയാണ്.

ആലപ്പുഴ ജില്ലയില്‍ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ സപ്ലൈകോ സംഭരിച്ചത് 40,000 ടണ്‍ കുറവാണ്. കഴിഞ്ഞ ഏപ്രില്‍-മേയില്‍ 1,30,000 മെട്രിക് ടണ്‍ സംഭരിച്ചിരുന്നു. ഇത്തവണ സംഭരിച്ചത് 95,000 ടണ്‍. നെല്ലറയായ പാലക്കാട്ടും സ്ഥിതി വ്യത്യസ്തമല്ല. കഴിഞ്ഞ വര്‍ഷത്തെക്കാള്‍ നാല് മടങ്ങ് കുറവാണ് സംഭരണം. പാലക്കാട് താലൂക്കില്‍ 31,978 ടണ്‍ സംഭരിച്ചിടത്ത് ഇത്തവണ 8000 ടണ്‍മാത്രം. ഒറ്റപ്പാലം താലൂക്കില്‍ 10,908 ടണ്‍ 4,470 ടണ്‍ ആയി. ചിറ്റൂര്‍, ആലത്തൂര്‍ താലൂക്കുകളിലും നാലുമടങ്ങ് കുറവുണ്ട്. തൃശൂര്‍ ജില്ലയില്‍ 70,000 ടണ്‍ 30,000 ആയി കുറഞ്ഞു. മലപ്പുറം പൊന്നാനി കോള്‍ മേഖലയില്‍നിന്ന് ഒന്നാം വിളയായി 38 ടണ്‍ നെല്ലാണ് ഇതുവരെ സംഭരിച്ചത്. കഴിഞ്ഞവര്‍ഷം ജില്ലയില്‍ 10,000 ടണ്‍ നെല്ലാണ് ആകെ സംഭരിച്ചത്. സീസണ്‍ അവസാനിക്കാന്‍ ഒരുമാസം മാത്രം ശേഷിക്കെ ഇതിന്റെ അടുത്തുപോലും എത്താനാവില്ലെന്ന് അധികൃതര്‍ പറയുന്നു.

കിലോ 17 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിക്കുന്നത്. സ്വകാര്യ മില്ലുകള്‍ 16 മുതല്‍ 16.50 രൂപവരെയേ നല്‍കുന്നുള്ളൂ. പാലക്കാട്, തൃശൂര്‍ ജില്ലകളിലെ ജ്യോതി നെല്ലിന് 20രൂപയ്ക്ക് മുകളില്‍ കൊടുക്കുന്നുണ്ട്. ഗുണമേന്മയുള്ള നെല്ല് സ്വകാര്യമില്ലുകള്‍ക്ക് നല്‍കിയശേഷമാണ് പലരും സപ്ലൈകോയെ സമീപിക്കുന്നത്. സപ്ലൈകോയുടെ സംഭരണ നിബന്ധനകളും കര്‍ഷകരെ അകറ്റുന്നു. 17 ശതമാനത്തില്‍ കുറവ് നനവ്, അജൈവിക വസ്തുക്കള്‍ ഒരു ശതമാനം, ജൈവ വസ്തുക്കള്‍ ഒരു ശതമാനം, പതിര് മൂന്ന് ശതമാനം, അരിമണി ഉള്‍പ്പെടെയുള്ള പാഴ്വസ്തുക്കള്‍ മൂന്ന് ശതമാനം എന്നിങ്ങനെയാണ് വ്യവസ്ഥകള്‍. സ്വകാര്യ മില്ലുകള്‍ക്ക് ഇതൊന്നുമില്ല. ഇതുകൂടാതെ മാസങ്ങളുടെ കാത്തിരിപ്പിനുശേഷമാണ് പലര്‍ക്കും നെല്ലിന്റെ പണം ലഭിച്ചത്. സ്വകാര്യമില്ലുകള്‍ നെല്ല് വാങ്ങുമ്പോള്‍ത്തന്നെ പണം നല്‍കുന്നു. കഴിഞ്ഞവര്‍ഷം കിലോ 15 രൂപയ്ക്കാണ് സപ്ലൈകോ നെല്ല് സംഭരിച്ചത്. അന്ന് സ്വകാര്യ മില്ലുകള്‍ 9.50 രൂപയേ നല്‍കിയുള്ളൂ. അതിനാല്‍ കര്‍ഷകര്‍ ആവേശത്തോടെയാണ് സപ്ലൈകോയ്ക്ക് നെല്ല് വിറ്റത്. പദ്ധതി സംസ്ഥാനത്താകെ വ്യാപിച്ചതും സംഭരണം വര്‍ധിക്കാന്‍ ഇടയാക്കി.

നേരത്തെ പ്രധാന കാര്‍ഷിക മേഖലകളില്‍നിന്നുമാത്രമായിരുന്നു സപ്ലൈകോ സംഭരണം. പുതിയ മേഖലയിലേക്ക് സംഭരണം പിന്നീട് വ്യാപിപ്പിച്ചെങ്കിലും മതിയായ ഫണ്ട് വകയിരുത്തിയില്ല. എന്നിട്ടും നാലുലക്ഷം ടണ്‍ ലക്ഷ്യമിട്ടിടത്ത് ആറ് ലക്ഷം ടണ്‍ നെല്ല് സംഭരിക്കേണ്ടിവന്നു. അധികമായി ഏറ്റെടുത്ത നെല്ലിന് പ്രതിഫലം നല്‍കാന്‍ കാലതാമസം വരികയുംചെയ്തു. ചില ജില്ലകളില്‍ ബാങ്കുകള്‍വഴി എളുപ്പം പണം നല്‍കുന്ന സംവിധാനം നടപ്പാക്കിയെങ്കിലും കര്‍ഷകരെ ആകര്‍ഷിക്കാനായില്ല.

deshabhimani 170413

No comments:

Post a Comment