Wednesday, April 17, 2013

ഏതു കടയില്‍നിന്നും റേഷന്‍ വാങ്ങാന്‍ പദ്ധതി


കാര്‍ഡ് ഉടമയ്ക്ക് സംസ്ഥാനത്തെ ഏതു റേഷന്‍ കടയില്‍ നിന്നും ഭക്ഷ്യധാന്യം വാങ്ങാന്‍ കഴിയുംവിധമുള്ള കംപ്യൂട്ടര്‍വല്‍ക്കരണത്തിന് ജൂലൈയില്‍ തുടക്കമാകും. തുടക്കമെന്നോണം തിരുവനന്തപുരം ജില്ലയിലാണ് പദ്ധതി ആരംഭിക്കുകയെന്ന് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ് വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. മൂന്നു ഘട്ടമായി നടപ്പാക്കുന്ന പദ്ധതി മെയ് 14ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഉദ്ഘാടനംചെയ്യും. ആന്ധ്രപ്രദേശില്‍ പരീക്ഷിച്ച ആധാര്‍ അധിഷ്ഠിത ബയോമെട്രിക് സംവിധാനമാണ് ഉപയോഗിക്കുക. കാര്‍ഡ് ഉടമയ്ക്കു മാത്രമല്ല, കുടുംബാംഗങ്ങളില്‍ ആര്‍ക്കും വിരലടയാളം രേഖപ്പെടുത്തി റേഷന്‍ വാങ്ങാനുള്ള സംവിധാനം ഒരുക്കും.

അഴിമതിയും കരിഞ്ചന്തയും പൂഴ്ത്തിവയ്പ്പും തടയുകയാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. മൊത്തവ്യാപാര സ്ഥാപനങ്ങളില്‍നിന്ന് റേഷന്‍ കടകളിലേക്ക് സര്‍ക്കാര്‍ ചെലവില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന ഡോര്‍-ടു- ഡോര്‍ ഡെലിവറി സംവിധാനം ആരംഭിക്കും. എഫ്സിഐ ഗോഡൗണികളില്‍നിന്ന് മൊത്തവ്യാപാര സ്ഥാപനങ്ങളിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിക്കുന്ന വാഹനം തിരിച്ചറിയാന്‍ പ്രത്യേക നിറം പൂശുന്നതും പരിഗണനയിലാണ്. തിരുവനന്തപുരം ജില്ലയിലെ }നാല് റേഷന്‍ കടകളിലാണ് കംപ്യൂട്ടര്‍വല്‍ക്കരണം തുടങ്ങുക. ഒപ്പം സിവില്‍ സപ്ലൈസ് ഡയറക്ടറേറ്റിലും ജില്ലാ സപ്ലൈ ഓഫീസിലും ജില്ലയിലെ ഒരു താലൂക്ക് സപ്ലൈ ഓഫീസിലും നടപ്പാക്കും. ഡിസംബറില്‍ ജില്ലയിലെ മറ്റു താലൂക്കുകളിലും മുഴുവന്‍ റേഷന്‍ കടകളിലും ന്യായവില ഷോപ്പുകളിലും പദ്ധതി വ്യാപിപ്പിക്കും. 2014 ഏപ്രിലില്‍ സംസ്ഥാനത്താകെ കംപ്യൂട്ടര്‍വല്‍ക്കരണം പൂര്‍ത്തിയാക്കുമെന്നും മന്ത്രി പറഞ്ഞു

deshabhimani 170413

No comments:

Post a Comment