കണ്ണൂര്‍: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനുനേരെ നടന്ന വധോദ്യമം സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ അന്വേഷകസംഘത്തിനു ലഭിച്ചു. വധോദ്യമത്തിന്റെ ആസൂത്രണത്തിലേക്ക് വിരല്‍ചൂണ്ടുന്ന വിവരങ്ങളും ഇതിലുള്‍പ്പെടുമെന്നാണ് സൂചന. എന്നാല്‍, ഇതു വെളിപ്പെടുത്താന്‍ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. അന്വേഷണം നല്ലനിലയില്‍ നടക്കുകയാണെന്നും മൂന്നുനാലു ദിവസത്തിനകം ചിത്രം ഏറെക്കുറെ വ്യക്തമാകുമെന്നും ക്രൈംബ്രാഞ്ച് എസ്പി ബി അശോകന്‍ പറഞ്ഞു. പിണറായി, വളയം മേഖലയിലെ 12 പേരെ ഇതിനകം ചോദ്യം ചെയ്തു. തിങ്കളാഴ്ച മൂന്നു സംഘമായി തിരിഞ്ഞായിരുന്നു അന്വേഷണം. ഡിവൈഎസ്പി വി എന്‍ വിശ്വനാഥന്റെ നേതൃത്വത്തില്‍ ഒരു സംഘം പിണറായി മേഖലയില്‍ പരിശോധനയും ചോദ്യം ചെയ്യലും നടത്തിയപ്പോള്‍ സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ വി രമേശന്റെ നേതൃത്വത്തിലുള്ള സംഘം വളയം മേഖലയിലും സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ എം പി വിനോദിന്റെ നേതൃത്വത്തിലുള്ള സംഘം ഇരിട്ടി, കരിക്കോട്ടക്കരി ഭാഗത്തും കേന്ദ്രീകരിച്ചു. അതിനിടെ, പിടിയിലായ പ്രതി കൃഞ്ഞികൃഷ്ണന്‍നമ്പ്യാര്‍ കത്തിവാള്‍ പണിയാന്‍ വളയത്തെ കൊല്ലനെ ഏല്‍പ്പിച്ചതായി അന്വേഷകസംഘത്തിനു വിവരം ലഭിച്ചു. അഡ്വാന്‍സ് നല്‍കി പണിയാന്‍ ഏല്‍പ്പിച്ചെങ്കിലും കത്തിവാള്‍ കൊണ്ടുപോയില്ലെന്ന് കൊല്ലന്‍ ചോദ്യംചെയ്യലില്‍ പറഞ്ഞു. വിശദമായി ചോദ്യം ചെയ്യാനായി ഇയാളെ കണ്ണൂരിലേക്കു വിളിപ്പിച്ചിട്ടുണ്ട്.
ഗൂഢാലോചന പുറത്ത് കൊണ്ടുവരണം: സിഐടിയു
തിരു: സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയനെ വകവരുത്താന്‍ എത്തിയ അക്രമിക്കുപിന്നിലെ ഗൂഢാലോചന വെളിച്ചത്തുകൊണ്ടുവരണമെന്ന് സിഐടിയു സംസ്ഥാന കമ്മിറ്റി ആവശ്യപ്പെട്ടു. ഇത്രയും ഗുരുതരമായ പ്രശ്നം ഉയര്‍ന്നുവന്നിട്ടും മുഖ്യമന്ത്രി മൗനം പാലിക്കുന്നത് ദുരൂഹമാണ്. പിണറായിയെ വധിക്കുക എന്ന ലക്ഷ്യത്തോടെയാണ് താന്‍ ചെന്നത് എന്ന് കുഞ്ഞികൃഷ്ണന്‍ നമ്പ്യാര്‍ പൊലീസിനോട് സമ്മതിച്ചു. ആ ഉദ്ദേശ്യംവച്ചാണ് ആയുധങ്ങള്‍ സംഭരിച്ചതെന്നും അക്രമി പറയുന്നു. വധശ്രമത്തിന് പ്രേരിപ്പിച്ചവരെ വെളിച്ചത്തുകൊണ്ടുവരാന്‍ സമഗ്രാന്വേഷണം വേണം. ഇപ്പോള്‍ നടക്കുന്ന അന്വേഷണം തീരെ തൃപ്തികരമല്ല. സംസ്ഥാനത്തെ സമുന്നതനായ ഒരു നേതാവിനുനേരെ നടന്ന വധശ്രമം വെളിപ്പെട്ടിട്ടും ലാഘവബുദ്ധിയോടെ പ്രശ്നത്തെ സമീപിക്കുന്ന സര്‍ക്കാര്‍നിലപാട് പ്രതിഷേധാര്‍ഹമാണ്. വധഗൂഢാലോചനയില്‍ ആര്‍എംപിക്കുള്ള പങ്കും അന്വേഷിക്കണം. ഈ പ്രശ്നത്തില്‍നിന്ന് ശ്രദ്ധ തിരിച്ചുവിടാനാണ് ഒഞ്ചിയം മേഖലയില്‍ ആര്‍എംപിക്കാര്‍ പ്രകോപനം സൃഷ്ടിക്കുന്നത്. ഇത്തരം അക്രമങ്ങളില്‍നിന്ന് ആര്‍എംപിക്കാരെ പിന്തിരിപ്പിക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കണമെന്നും സംസ്ഥാനക്കമ്മിറ്റി ആവശ്യപ്പെട്ടു. യോഗത്തില്‍ പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍ അധ്യക്ഷനായി. ജനറല്‍സെക്രട്ടറി എളമരം കരീം റിപ്പോര്‍ട്ട് അവതരിപ്പിച്ചു.
deshabhimani 160413
No comments:
Post a Comment