സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ ഇ കെ വിഭാഗത്തിന്റെ "സുപ്രഭാതം" ദിനപത്രത്തെ സഹായിക്കേണ്ടെന്ന് മുസ്ലിംലീഗ് നേതൃത്വം. പുതിയ പത്രം പാര്‍ടി മുഖപത്രമായ "ചന്ദ്രിക"യെ ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ഈ സാഹചര്യത്തില്‍ പത്രത്തിനുവേണ്ടിയുള്ള ഫണ്ട് പിരിവ് അനിശ്ചിതത്വത്തിലായി. എല്ലാകാലത്തും ലീഗിനെ പിന്തുണച്ചിരുന്ന സമസ്ത കുറച്ചുകാലമായി അഭിപ്രായ വ്യത്യാസത്തിലാണ്. തിരുകേശ വിവാദവും കാന്തപുരം സുന്നികളുമായുള്ള അടുപ്പവും ലീഗിനെ പൂര്‍ണമായി വിശ്വസിക്കാമോയെന്ന ആശങ്ക സമസ്തയിലുണ്ടാക്കുന്നു. "ചന്ദ്രിക"യില്‍നിന്നും നീതികിട്ടുന്നില്ലെന്നും സമസ്തക്ക് പരാതിയുണ്ട്. ഈ സാഹചര്യത്തിലാണ് പുതിയ പത്രം തുടങ്ങണമെന്ന ആശയം സജീവമായത്.
"സുപ്രഭാതം" ദിനപത്രത്തിന്റെ ട്രയല്‍കോപ്പി കഴിഞ്ഞവര്‍ഷം തിരൂരങ്ങാടി കൂരിയാട് നടന്ന "സമസ്ത" സമ്മേളനത്തില്‍ വിതരണംചെയ്തിരുന്നു. തുടര്‍ന്ന് മദ്രസകളും പള്ളികളും കേന്ദ്രീകരിച്ച് പത്രത്തിന് ഫണ്ട് പിരിച്ചെടുക്കാന്‍ ഇ കെ വിഭാഗം നടത്തിയ ശ്രമം പൂര്‍ണമായി വിജയിച്ചില്ല. മദ്രസ, പള്ളി കമ്മിറ്റി ഭാരവാഹികളായ ലീഗ് പ്രാദേശിക നേതാക്കളും പ്രവര്‍ത്തകരും സഹകരിക്കാത്തതാണ് കാരണം. സുന്നി മഹല്ല് ഫെഡറേഷന്‍ വഴി പള്ളികളില്‍നിന്നും പത്രത്തിന്റെ ഫണ്ട് പിരിച്ചെടുക്കാനായി സര്‍ക്കുലറും രശീതിബുക്കുകളും വിതരണംചെയ്ത് ഒരു മാസം പിന്നിട്ടിട്ടും പുരോഗതിയില്ല. ഇക്കാര്യത്തില്‍ ലീഗ് നേതൃത്വത്തിന് പങ്കുണ്ടെന്ന് സമസ്ത കരുതുന്നു. ഒരു മദ്രസയില്‍നിന്നും പള്ളിയില്‍നിന്നും ചുരുങ്ങിയത് ഇരുപതിനായിരം രൂപ പിരിച്ചെടുക്കാനായിരുന്നു നിര്‍ദേശം. ഇതിനായി 2000 രൂപക്കുള്ള പത്ത് രശീതികള്‍ അടങ്ങിയ ബുക്കുകളാണ് മദ്രസ കമ്മിറ്റികളെ ഏല്‍പ്പിച്ചിരിക്കുന്നത്. എന്നാല്‍ പല മദ്രസ കമ്മിറ്റികളും ഇത് പിരിച്ചെടുക്കാന്‍ തയ്യാറാവാതെ രശീതിബുക്ക് തിരിച്ചേല്‍പ്പിച്ചു. "സുപ്രഭാത"ത്തിന്റെ പ്രചാരണം വിപുലമാക്കിയാല്‍ "ചന്ദ്രിക"യുടെ സര്‍ക്കുലേഷനെ ബാധിക്കുമെന്ന് മനസ്സിലാക്കിയാണ് പ്രാദേശിക ലീഗ് ഭാരവാഹികള്‍ ഫണ്ട് പിരിവ് നിരുത്സാഹപ്പെടുത്തുന്നത്.
സമസ്തയുടെ കീഴില്‍ സംസ്ഥാനത്ത് ഏകദേശം പതിനായിരത്തോളം മദ്രസകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ മദ്രസകളില്‍നിന്നുള്ള ഫണ്ട് സമാഹരണത്തിലൂടെ 20 കോടി രൂപ ശേഖരിക്കാനായിരുന്നു പദ്ധതി. ഇങ്ങനെ ഫണ്ട് സമാഹരിക്കാനായാല്‍ പത്രം ചെറിയ പെരുന്നാളിന് പുറത്തിറക്കാനായിരുന്നു ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ഉദ്ദേശിച്ചതിന്റെ പത്ത് ശതമാനംപോലും മദ്രസകളില്‍നിന്നും ലഭിക്കാത്തതിനാല്‍ "സുപ്രഭാതം" പുലരാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും. സമസ്തയുമായി വിവിധ വിഷയത്തില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമായ സാഹചര്യത്തില്‍ "സുപ്രഭാത"ത്തിലൂടെ ലീഗ് വിരുദ്ധ പ്രചാരണമുണ്ടാകുമെന്ന് നേതൃത്വം ഭയപ്പെടുന്നുണ്ട്.
deshabhimani 160413
No comments:
Post a Comment