Saturday, April 13, 2013

കല്‍ക്കരി അഴിമതി: സിബിഐ റിപ്പോര്‍ട്ട് കേന്ദ്രനിയമ മന്ത്രി തിരുത്തി


കല്‍ക്കരി അഴിമതിക്കേസുമായി ബന്ധപ്പെട്ട് സുപ്രിംകോടതിയില്‍ സിബിഐ സമര്‍പ്പിച്ച അന്വേഷണ പുരോഗതി റിപ്പോര്‍ട്ടില്‍ കേന്ദ്രനിയമമന്ത്രിയും പ്രധാനമന്ത്രിയുടെ ഓഫീസും ചേര്‍ന്ന് തിരുത്തലുകള്‍ നടത്തിയെന്ന വാര്‍ത്ത വിവാദമാകുന്നു.  ക്രമക്കേടുകള്‍ കണ്ടെത്തിയ സി ബി ഐയുടെ റിപ്പോര്‍ട്ട് കേന്ദ്ര നിയമമന്ത്രി അശ്വനികുമാറും പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദേ്യാഗസ്ഥരും പരിശോധിച്ച് മാറ്റം വരുത്തിയ ശേഷമാണ് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ചതെന്ന് ദേശീയ പത്രമായ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ടു ചെയ്തു. റിപ്പോര്‍ട്ടില്‍ തങ്ങള്‍ നിര്‍ദ്ദേശിക്കുന്ന മാറ്റങ്ങള്‍ വരുത്തണമെന്നും അവര്‍ സി ബി ഐയോട് ആവശ്യപ്പെട്ടു. നിര്‍ബന്ധത്തിന് വഴങ്ങി അവയില്‍ ചിലത് സി ബി ഐ അംഗീകരിക്കുകയും ചെയ്തുവെന്നാണ് പത്രം റിപ്പോര്‍ട്ടില്‍ പറയുന്നത്.
 കഴിഞ്ഞ മാസമാണ് റിപ്പോര്‍ട്ട് സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചത്.   സുപ്രിംകോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് മുമ്പ് നിയമമന്ത്രി അശ്വിനികുമാര്‍ സിബിഐ ഡയറക്ടര്‍ രഞ്ജിത്ത് സിന്‍ഹയെ കണ്ട് തിരുത്തിയ റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മതിയെന്ന് ആവശ്യപ്പെട്ടെന്നാണ് വെളിപ്പെടുത്തല്‍. യോഗ്യതയില്ലാത്ത കമ്പനികള്‍ക്ക് 2006 മുതല്‍ 2009 വരെ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചുവെന്ന് സിബി ഐ കണ്ടെത്തിയിരുന്നു. ഈ വാദം സര്‍ക്കാര്‍ തള്ളിയിരുന്നു.

ഒന്നാം യു പി എ സര്‍ക്കാറിന്റെ കാലത്ത് കല്‍ക്കരിപ്പാടങ്ങള്‍ അനുവദിച്ചതില്‍ ക്രമക്കേട് നടന്നെന്ന ആരോപണമാണ് സിബിഐ അന്വേഷിച്ചത്. ക്രമക്കേട് നടന്നതായി സിബിഐ കോടതിയില്‍ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ കേന്ദ്രസര്‍ക്കാര്‍ ഇത് നിഷേധിക്കുകയും ചെയ്തു.
മാനദണ്ഡങ്ങള്‍ പാലിക്കാതെയാണ് ഖനികള്‍ അനുവദിച്ചതെന്ന് തെളിഞ്ഞാല്‍ മുഴുവന്‍ ലൈസന്‍സും റദ്ദാക്കാന്‍ മടിക്കില്ലെന്ന് സുപ്രിംകോടതി കേന്ദ്രത്തിന് മുന്നറിയിപ്പും നല്‍കിയിട്ടുണ്ട്. 2006-09 കാലത്ത് അപേക്ഷ നല്‍കിയ കമ്പനികളുടെ യോഗ്യതകള്‍പോലും പരിശോധിക്കാതെയാണ് കല്‍ക്കരിഖനികള്‍ അനുവദിച്ചതെന്നാണ് ആരോപണം.

സര്‍ക്കാരിന്റെ നീക്കത്തെ തങ്ങള്‍ ആവുന്നവിധം എതിര്‍ത്തുവെന്നും എന്നാല്‍ മറ്റു വഴിയില്ലാതെ വന്നപ്പോള്‍ സമ്മര്‍ദ്ദത്തിന് വഴങ്ങുകയായിരുന്നെന്ന് സി ബി ഐയിലെ പേരു വെളിപ്പെടുത്താത്ത ഒരു ഉദ്യോഗസ്ഥന്‍ പറഞ്ഞു.

janayugom

No comments:

Post a Comment