Saturday, April 13, 2013

കാസര്‍കോട്- മംഗളൂരു റൂട്ടില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കണം: കമീഷന്‍


കാസര്‍കോട്- മംഗളൂരു അന്തര്‍സംസ്ഥാന റൂട്ടില്‍ സ്വകാര്യബസുകള്‍ക്ക് പെര്‍മിറ്റ് നല്‍കണമെന്ന് ഹൈക്കോടതി നിയോഗിച്ച കമീഷന്‍ റിപ്പോര്‍ട്ട് നല്‍കി. സ്വകാര്യബസ് ലോബികളില്‍നിന്ന് കമ്മീഷന്‍ കൈപ്പറ്റിയാണ് ഹൈക്കോടതിയിലെ സീനിയര്‍ അഭിഭാഷകന്‍ എ കെ മാധവനുണ്ണി കമീഷന്‍ പ്രവര്‍ത്തിച്ചതെന്ന ആരോപണം ശരിവയ്ക്കുന്നതായിരുന്നു കഴിഞ്ഞദിവസം കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. ഏപ്രില്‍ 1, 2 തീയതികളില്‍ കാസര്‍കോടും മംഗളൂരുവിലുമായി നാടകീയമായി തെളിവെടുപ്പ് നടത്തിയാണ് കമീഷന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. കാസര്‍കോട്- മംഗളൂരു അന്തര്‍സംസ്ഥാന റൂട്ട് ദേശസാല്‍ക്കരിച്ചതിനെതിരെ സ്വകാര്യ ബസുടമകള്‍ നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ കോടതി കമീഷനെ നിയോഗിച്ചത്.

മികച്ച രീതിയില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കുകയെന്ന ലക്ഷ്യത്തോടെ സ്വകാര്യബസുടമകള്‍ നടത്തുന്ന നീക്കങ്ങള്‍ക്ക് സര്‍വ പിന്തുയും നല്‍കുകയായിരുന്നു യുഡിഎഫ് സര്‍ക്കാര്‍. തെളിവെടുപ്പിനായി സ്വകാര്യബസ് ഉടമകള്‍ തങ്ങള്‍ക്കനുകൂലമായി മൊഴി നല്‍കുന്നതിന് വിവിധ ഭാഗങ്ങളില്‍നിന്നും സ്ത്രീകളും കുട്ടികളുമുള്‍പ്പെടെയുള്ളവരെ കൊണ്ടുവന്നിരുന്നു. ഇത് ബോധ്യപ്പെട്ടിട്ടും കമീഷന്‍ കണ്ടില്ലെന്ന് നടക്കുകയായിരുന്നു. സ്ഥിരയാത്രക്കാരില്‍ ഭൂരിഭാഗവും കെഎസ്ആര്‍ടിസിക്ക് അനുകൂലമായാണ് മൊഴി നല്‍കിയത്. സ്വകാര്യബസുകളേക്കാള്‍ സുഖകരമായ യാത്രയാണ് കെഎസ്ആര്‍ടിസി ബസിലേതെന്നും ഇവര്‍ കമീഷന്‍ മുമ്പാകെ പറഞ്ഞിരുന്നു. ഇവയെല്ലാം ചെവിക്കൊള്ളാതെ സ്വകാര്യബസ് ലോബികളെ സഹായിക്കാനാണ് കമീഷന്‍ തയ്യാറായത്. മംഗളൂരുവില്‍ തെളിവെടുപ്പിനെത്തിയ കമീഷന് സ്വകാര്യബസ് ലോബികള്‍ എല്ലാവിധ സൗകര്യങ്ങളോടുകൂടിയ വന്‍കിട ഫ്ളാറ്റാണ് താമസിക്കാനായി നല്‍കിയതെന്ന ആരോപണവും ശക്തമാണ്. ഇത് ശരിവയ്ക്കുന്ന വിധത്തിലുള്ളതാണ് കോടതി മുമ്പാകെ സമര്‍പ്പിച്ച റിപ്പോര്‍ട്ട്.

അന്തര്‍സംസ്ഥാന റൂട്ടുകളിലെ പെര്‍മിറ്റ് സംബന്ധിച്ചുള്ള കേസ് എറണാകുളത്തെ സ്റ്റേറ്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി ട്രൈബ്യൂണലില്‍ (എസ്ടിഎടി) നിലനില്‍ക്കുന്നതിനാല്‍ അതില്‍ തീര്‍പ്പാകുംവരെ സ്വകാര്യബസുകള്‍ ഓടാന്‍ അനുവദിക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. 22 സ്വകാര്യബസിന്റെ പെര്‍മിറ്റ് റദ്ദാക്കാനുള്ള തീരുമാനം നിര്‍ത്തിവയ്ക്കണമെന്നും ഉത്തരവില്‍ പറയുന്നുണ്ട്. ഇതിനെതിരെ കെഎസ്ആര്‍ടിസിയും കെഎസ്ആര്‍ടിഇഎ (സിഐടിയു)യും ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഇതിനെ തുടര്‍ന്നാണ് തെളിവെടുപ്പിനായി ഹൈക്കോടതി കമീഷനെ നിയമിച്ചത്. കര്‍ണാടക- കേരള സംസ്ഥാന സര്‍ക്കാരുകള്‍ ഒപ്പുവച്ച കരാര്‍പ്രകാരം ഈ റൂട്ടില്‍ ഇരു സംസ്ഥാനങ്ങളുടെയും കെഎസ്ആര്‍ടിസിക്ക് മാത്രമേ പുതിയ പെര്‍മിറ്റ് നല്‍കാന്‍ പാടുള്ളു. ഇത് മോട്ടോര്‍ വകുപ്പ് ആക്ടില്‍ ഉറപ്പാക്കിയിട്ടുമുണ്ട്. ഇതിനെതിരെ സ്വകാര്യബസ്സുടമകള്‍ നല്‍കിയ ഹര്‍ജിയില്‍ സുപ്രീംകോടതി അഞ്ചംഗ ബഞ്ച് കെഎസ്ആര്‍ടിസിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചിരുന്നു.

ഇക്കാര്യങ്ങളെല്ലാം കോടതിയെ യഥാസമയം ബോധ്യപ്പെടുത്താന്‍ തയ്യാറാകാതെ സ്വകാര്യബസ് ലോബികളെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ശ്രമിച്ചത്. കുത്തക ബസ്സുടമകളുടെ താല്‍പര്യം സംരക്ഷിക്കുന്നതിനായി മികച്ചരീതിയില്‍ സര്‍വീസ് നടത്തുന്ന കെഎസ്ആര്‍ടിസിയെ തകര്‍ക്കാനുള്ള നീക്കമാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. സുപ്രീംകോടതി വിധിയുടെ പകര്‍പ്പുകളും മറ്റും ഹാജരാക്കി സര്‍ക്കാര്‍ ക്രിയാത്മകമായി ഇടപെട്ടിരുന്നുവെങ്കില്‍ കോടതി കേസ് തള്ളുമായിരുന്നു.
(കെ സി ലൈജുമോന്‍)

deshabhimani 140413

No comments:

Post a Comment