Wednesday, April 17, 2013

മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ എംപിക്ക് പങ്കെന്ന് സിബിഐ


മലബാര്‍ സിമന്റ്സ് അഴിമതിക്കേസില്‍ മുന്‍ എംഎല്‍എയും നിലവില്‍ എംപിയുമായ വ്യക്തിക്ക് പങ്കുണ്ടെന്ന് സിബിഐ. കമ്പനി സെക്രട്ടറിയായിരുന്ന ശശീന്ദ്രന്റെ മരണവുമായി ബന്ധപ്പെട്ട് കരാറുകാരന്‍ വി എം രാധാകൃഷ്ണന്റെ വസതിയില്‍നിന്ന് പിടിച്ചെടുത്ത രേഖകളില്‍ എംപിക്കെതിരായ വിജിലന്‍സ് റിപ്പോര്‍ട്ടും ഉള്‍പ്പെടുന്നതായി സിബിഐ വെളിപ്പെടുത്തി. മലബാര്‍ സിമന്റ്സിലെ കല്‍ക്കരി, ഫ്ളൈ ആഷ്, ചുണ്ണാമ്പുകല്ല് ഇടപാടുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടിലാണ് എംപിയുടെ പങ്കിനെക്കുറിച്ച് വിവരങ്ങളുള്ളത്. ഫയല്‍നോട്ട് അടക്കമുള്ള റിപ്പോര്‍ട്ടില്‍ ഔദ്യോഗിക മുദ്രകള്‍ ഇല്ലെന്നും അന്വേഷണ ഉദ്യോഗസ്ഥനായ സിബിഐ എസ്പി നന്ദകുമാര്‍നായര്‍ ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.

മലബാര്‍ സിമന്റ്സിലെ അഴിമതിക്കേസുകളുടെ വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകളും കേസുകളില്‍ തെളിവായി ഹാജരാക്കപ്പെട്ട സുപ്രധാന രേഖകളുമാണ് രാധാകൃഷ്ണന്റെ വീട്ടില്‍നിന്ന് കണ്ടെത്തിയത്. കരാറുകളിലെ ക്രമക്കേടുകളെക്കുറിച്ചുള്ള കൊച്ചി വിജിലന്‍സ് എസ്പിയുടെ റിപ്പോര്‍ട്ടും ഇവയിലുണ്ട്. കമ്പനിയുടെ ഉന്നത ഉദ്യോഗസ്ഥരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളും ക്രമക്കേടുകളും പരാമര്‍ശിക്കുന്ന വിജിലന്‍സ് റിപ്പോര്‍ട്ടുകളാണ് ഏറെയും. ഇവയില്‍ നാലെണ്ണം ഫോട്ടോസ്റ്റാറ്റ് പകര്‍പ്പുകളാണ്. വിവരാവകാശ നിയമപ്രകാരം ലഭിക്കേണ്ട പകര്‍പ്പുകളല്ല ഇവ. ഇവയുടെ ഉറവിടം വ്യക്തമാക്കുന്ന മുദ്ര പതിച്ചിട്ടുമില്ലെന്ന് സിബിഐ പറയുന്നു. മലബാര്‍ സിമന്റ്സുമായി ബന്ധപ്പെട്ട വിജിലന്‍സ് അന്വേഷണ റിപ്പോര്‍ട്ടുകളുടെയും കരാറുകളുടെയും ഈ രേഖകള്‍ കരാറുകാരനായ രാധാകൃഷ്ണന്റെ പക്കല്‍ എത്തിയത് എങ്ങനെയെന്ന് കണ്ടെത്തേണ്ടതുണ്ടെന്ന് സിബിഐ അറിയിച്ചു.

അതീവ രഹസ്യസ്വഭാവമുള്ള രേഖകളാണ് പിടിച്ചെടുക്കപ്പെട്ടവയില്‍ ഏറെയും. വിവരാവകാശ നിയമപ്രകാരമാണ് തനിക്ക് ഈ രേഖകള്‍ ലഭിച്ചതെന്ന രാധാകൃഷ്ണന്റെ വാദം ശരിയല്ല. കുടുംബപ്രശ്നങ്ങള്‍ മൂലമാണ് ശശീന്ദ്രന്‍ ജീവനൊടുക്കിയതെന്ന ആരോപണവും നിലനില്‍ക്കുന്നതല്ലെന്ന് സിബിഐ തുടര്‍ന്നു. രാധാകൃഷ്ണന്റെ വസതിയില്‍നിന്ന് 36 രേഖകള്‍ പിടിച്ചെടുത്തതായി സിബിഐ പറഞ്ഞു. ഉന്നത രാഷ്ട്രീയസ്വാധീനവും ബന്ധവുമുള്ള വ്യക്തിയാണ് വി എം രാധാകൃഷ്ണന്‍. സാക്ഷികളെ സ്വാധീനിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്ത മുന്‍കാല ചരിത്രവും ഇയാള്‍ക്കുണ്ട്. ശശീന്ദ്രന്റെ ഭാര്യ ടീനയും വിജിലന്‍സ് ഡിവൈഎസ്പിയായിരുന്ന സഫിയുള്ള സെയ്തും രാധാകൃഷ്ണന്‍ സാക്ഷികളെ ഭീഷണിപ്പെടുത്തിയതുസംബന്ധിച്ച് മൊഴി നല്‍കിയിട്ടുണ്ടെന്നും സിബിഐ അറിയിച്ചു. രാധാകൃഷ്ണന്റെ ജാമ്യാപേക്ഷ കോടതി ചൊവ്വാഴ്ചത്തേക്കു മാറ്റി. ശശീന്ദ്രന്റെയും കുട്ടികളുടെയും മരണം കൂട്ടക്കൊലയാകാനുള്ള സാധ്യത അന്വേഷിക്കണമെന്ന് എറണാകുളം സെഷന്‍സ് കോടതി ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും ഈ സാഹചര്യത്തില്‍ ആത്മഹത്യാപ്രേരണാകുറ്റം നിലനില്‍ക്കില്ലെന്നും പ്രതിഭാഗം അഭിഭാഷകന്‍ പി വിജയഭാനു വാദിച്ചു.
(പി പി താജുദ്ദീന്‍)

deshabhimani 170413

No comments:

Post a Comment