Wednesday, April 17, 2013
കെ പി സി സി പ്രസിഡന്റിനെ യോഗത്തില്‍നിന്ന് പുറത്താക്കി
പട്ടാമ്പി: കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല അടക്കമുള്ളവരെ നിയോജകമണ്ഡലം ഭാരവാഹികളുടെ യോഗത്തില്‍നിന്ന് പുറത്താക്കിക്കൊണ്ട് പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിന് എ ഐ സി സി ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ വിമര്‍ശനം. വെറുതെ കോണ്ഗ്രസുകാരനായിരിക്കുന്നതുകൊണ്ട് എന്താണ് ഗുണമെന്ന് പ്രവര്‍ത്തകരോട് ആരാഞ്ഞ രാഹുല്‍ പാര്‍ട്ടി ഭാരവാഹികള്‍ ജനങ്ങളോട് കടപ്പെട്ടു പ്രവര്‍ത്തിക്കുന്നുണ്ടോയെന്ന് ആത്മപരിശോധന നടത്തണമെന്നും ആവശ്യപ്പെട്ടു.മേലെപട്ടാമ്പിയില്‍ പണി കഴിപ്പിച്ച മോഴിക്കുന്നത്ത് ബ്രഹ്മദത്തന് നമ്പൂതിരിപ്പാട് കോണ്‍ഗ്രസ് ഓഫീസാണ് രാഹുല്‍ ഗാന്ധിയുടെ പതിവ് നാടകീയപ്രകടനത്തിന് വേദിയായത്.
ഇന്നലെ ജില്ലയിലെത്തുമെന്ന് പ്രതീക്ഷിച്ചിരുന്ന രാഹുല്‍ഗാന്ധി ഏതെങ്കിലും നിയോജകമണ്ഡലം യോഗത്തില്‍ പങ്കെടുക്കുമെന്ന് അറിയിപ്പുണ്ടായിരുന്നു. എന്നാല്‍, ഇത് എവിടെയായിരിക്കുമെന്നത് സംബന്ധിച്ച് സംസ്ഥാന-ജില്ലാ കോണ്‍ഗ്രസ് നേതൃത്വത്തെ അറിയിച്ചിരുന്നില്ല.
തൃശൂരിലെ പരിപാടികള്‍ കഴിഞ്ഞ് ഉച്ചയോടെ രാഹുല്‍ പുറപ്പെട്ടതായി അറിയിപ്പു ലഭിച്ചതിനെത്തുടര്‍ന്ന് ഡി സി സി പ്രസിഡന്റ് സി വി ബാലചന്ദ്രന് അടക്കമുള്ള നേതാക്കള്‍ ഉച്ചക്ക് ഒരു മണി മുതല്‍ ജില്ലാ അതിര്‍ത്തിയില്‍ വെയിലു കൊണ്ടു നില്‍ക്കുകയായിരുന്നു. എന്നാല്‍, 2.30 ഓടെ എത്തിയ രാഹുല്‍ ഇവരെ ഗൗനിക്കാതെ നേരേ പട്ടാമ്പിയിലേക്ക് തിരിച്ചു. ഇതിന് പിന്നാലെ പാഞ്ഞെത്തി ജില്ലാ നേതാക്കള്‍ തങ്ങളുടെ പ്രാതിനിധ്യം ഉറപ്പിക്കുകയും ചെയ്തു.
എ ഐ സി സി സെക്രട്ടറി മധുസൂദനന് മിസ്ത്രിക്കൊപ്പം രാഹുല്‍ എത്തിയതിനു ശേഷം സി പി മുഹമ്മദ് എം എല്‍ എ വളരെ ചുരുങ്ങിയ വാക്കുകളില്‍ പട്ടാമ്പിയിലെ കോണ്‍ഗ്രസിന്റെ ചരിത്രം വിശദീകരിച്ചു. ഇതിന് ശേഷം കെ പി സി സി പ്രസിഡന്റ് രമേശ് ചെന്നിത്തല, എം എല്‍ എമാരായ സി പി മുഹമ്മദ്, ഷാഫി പറമ്പില്‍, ഡി സി സി പ്രസിഡന്റ് എന്നിവരെ സമ്മേളനഹാളില്‍നിന്ന് പുറത്താക്കിയാണ് രാഹുല്‍ നിയോജകമണ്ഡലം ഭാരവാഹികളുമായി ആശയവിനിമയം നടത്തിയത്.
രാഹുലിന്റെ ചോദ്യങ്ങള്‍ പ്രധാനമായും ഇവയായിരുന്നു: കോണ്‍ഗ്രസിനെപ്പറ്റി ഇത്രയും കാലം കൊണ്ട് നിങ്ങള്‍ക്ക് എന്തു മനസ്സിലായി? ഈ പാര്‍ട്ടിയില്‍നിന്ന് ജനം പ്രതീക്ഷിക്കുന്നതെന്താണ്? ഭാരവാഹികള്‍ ജനത്തോടുള്ള കടപ്പാട് നിറവേറ്റുന്നുണ്ടോ? എം പിമാര്‍, എം എല്‍ എമാര്‍ തുടങ്ങിയവരെ നിശ്ചയിക്കുമ്പോള്‍ നേതൃത്വം നിങ്ങളോട് ആലോചിക്കാറുണ്ടോ? - ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റുമാരായ കമ്മുക്കുട്ടി എടത്തോള്‍, പി കെ ഉണ്ണികൃഷ്ണന് എന്നിവരുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍ പ്രവര്‍ത്തകര്‍ക്ക് അനുകൂല മറുപടി നല്കാവുന്ന ചോദ്യങ്ങള്‍ ഒന്നും തന്നെയുണ്ടായിരുന്നില്ല.
കോണ്‍ഗ്രസില്‍ പ്രവര്‍ത്തിക്കുന്നതില്‍ തൃപ്തിയുണ്ടോയെന്ന് പ്രവര്‍ത്തകരോട് ആരാഞ്ഞ രാഹുല്‍ യൂത്ത്കോണ്‍ഗ്രസ് പ്രവര്‍ത്തകരില്‍ ചിലരുടെ ഐഡന്റിറ്റി കാര്‍ഡ് വാങ്ങി നോക്കിയിട്ട് 'ഇതു കൊണ്ട് എന്താണ് പ്രയോജന'മെന്നും ആരാഞ്ഞു. അതേപ്പറ്റി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കും വലിയ ധാരണയുണ്ടായിരുന്നില്ല. 55 മിനുട്ട് കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി ആശയവിനിമയം നടത്തിയ ശേഷമാണ് രാഹുല്‍ മലപ്പുറം ജില്ലയിലേക്ക് തിരിച്ചത്.
janayugom 170413
Labels:
കോണ്‍ഗ്രസ്,
വാർത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment