മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊന്ന ഇറ്റാലിയന്‍ സൈനികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. സൈനികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കിയതായും ഇത് പാലിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്നും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. നിലവില്‍ വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ സൈനികര്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിട്ടുണ്ടെങ്കിലും കുറ്റവാളികളെ കൈമാറുന്നതിനുള്ള 1962ലെ നിയമം ഉപയോഗിച്ച് ഇവ റദ്ദാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചതായി ആഭ്യന്തര സെക്രട്ടറി ആര്‍ കെ സിങ്ങും അറിയിച്ചു. ഇക്കാര്യം സത്യവാങ്മൂലമായി 16നകം സുപ്രീംകോടതിയില്‍ സമര്‍പ്പിക്കാനും കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു. സൈനികര്‍ക്ക് വധശിക്ഷ നല്‍കില്ലെന്ന് ഇറ്റലിക്ക് ഉറപ്പ് നല്‍കിയ കാര്യം ആദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ പരസ്യമായി സമ്മതിക്കുന്നത്.
ഇന്ത്യന്‍ ശിക്ഷാനിയമമനുസരിച്ച് കൊലപാതകം, കൊലപാതക ശ്രമം എന്നിവയും കടല്‍സുരക്ഷ ഉറപ്പുവരുത്താനുള്ള സുവ നിയമം അനുസരിച്ചുള്ള കുറ്റങ്ങളുമാണ് സൈനികര്‍ക്കെതിരെ എന്‍ഐഎ ചുമത്തിയിരിക്കുന്നത്. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങളാണിവ. എന്നാല്‍, കുറ്റവാളികളെ കൈമാറുന്ന നിയമത്തിലെ 34 സി വകുപ്പ് അനുസരിച്ച് ഇവ റദ്ദാക്കാവുന്നതാണെന്ന് ആര്‍ കെ സിങ് പറഞ്ഞു. ഇന്ത്യയില്‍ചെയ്ത കുറ്റത്തിന് വധശിക്ഷയ്ക്ക് അര്‍ഹനായ ഒരു കുറ്റവാളി വധശിക്ഷ നിലവിലില്ലാത്ത ഒരു രാജ്യത്തില്‍നിന്നുള്ളയാളാണെങ്കില്‍ ശിക്ഷയില്‍ ഇളവ് നല്‍കാവുന്നതാണെന്നും കുറ്റവാളി കൈമാറ്റനിയമം പറയുന്നു. ഈ വ്യവസ്ഥ ഇറ്റാലിയന്‍ സൈനികരുടെ കേസില്‍ ബാധകമാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ നിലപാട്.
സുപ്രീംകോടതി അനുമതിയോടെ സ്വദേശത്തേക്ക് പോയ സൈനികരെ ഇറ്റലി തിരിച്ചയച്ചതിനെയാണ് കുറ്റവാളികളെ കൈമാറിയതായുള്ള കേന്ദ്രസര്‍ക്കാര്‍ വ്യാഖ്യാനം. വോട്ട് ചെയ്യാന്‍ പോയ സൈനികര്‍ നാലാഴ്ചയ്ക്കകം തിരിച്ചെത്തുമെന്ന് ഉറപ്പ് നല്‍കിയിരുന്നു. പിന്നീട് കളംമാറ്റിയ ഇറ്റലി സൈനികരെ തിരിച്ചയക്കില്ലെന്ന നിലപാടിലായി. ഇതിനെതിരെ സുപ്രീംകോടതി കര്‍ശന നിലപാട് കൈക്കൊണ്ടതോടെയാണ് സൈനികരെ തിരിച്ചയക്കാന്‍ ഇറ്റലി നിര്‍ബന്ധിതമായത്. സൈനികര്‍ക്ക് തടവുശിക്ഷ ലഭിച്ചാല്‍ അത് ഇന്ത്യയില്‍ അനുഭവിക്കേണ്ടിവരില്ലെന്നും കേന്ദ്രസര്‍ക്കാര്‍ ഉറപ്പാക്കും. വധശിക്ഷ ലഭിക്കാവുന്ന കുറ്റങ്ങള്‍ സൈനികര്‍ക്കെതിരെ ചുമത്തിയതില്‍ ഇറ്റലി പ്രതിഷേധം അറിയിച്ചിരുന്നു. കേസ് എന്‍ഐഎയ്ക്ക് വിട്ടതിലും കടുത്ത കുറ്റകൃത്യങ്ങള്‍ ചുമത്തിയിലുമുള്ള ആശങ്ക ഇറ്റാലിയന്‍ പ്രധാനമന്ത്രി മരിയോ മോണ്ടി വിദേശമന്ത്രി സല്‍മാന്‍ ഖുര്‍ഷിദിനെ അറിയിക്കുകയും ചെയ്തിരുന്നു.
deshabhimani 100413
No comments:
Post a Comment