76ലെ ഗുവാഹത്തി സമ്മേളനത്തോടെ കോണ്‍ഗ്രസില്‍ ജനാധിപത്യത്തിന് അന്ത്യമായി
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥക്കാലത്ത് 1976ല്‍ ഗുവാഹത്തിയില്‍ ചേര്‍ന്ന എഐസിസി സമ്മേളനത്തോടെ കോണ്‍ഗ്രസിലെ ജനാധിപത്യം പൂര്‍ണമായി ഇല്ലാതായെന്ന് വിക്കിലീക്സ് പുറത്തുവിട്ട അമേരിക്കന്‍ നയതന്ത്രരേഖകള്‍. സഞ്ജയ്ഗാന്ധി കോണ്‍ഗ്രസിനെ പൂര്‍ണമായും തന്റെ നിയന്ത്രണത്തിലാക്കിയത് ആ സമ്മേളനത്തിലാണ്. ബംഗാളിലെ പ്രിയരഞ്ജന്‍ദാസ് മുന്‍ഷിക്ക് യൂത്ത്കോണ്‍ഗ്രസ് ദേശീയ അധ്യക്ഷപദവി നഷ്ടമായത് ഗുവാഹത്തി സമ്മേളനത്തില്‍ സഞ്ജയ്ഗാന്ധിക്ക് എതിരായ നിലപാട് സ്വീകരിച്ചതുകൊണ്ടാണെന്നും വിക്കി രേഖ പറയുന്നു. ഹരിയാനയില്‍നിന്നുള്ള വിശ്വസ്തയായ വനിതാനേതാവ് അംബിക സോണിയെ സഞ്ജയ് ആ സ്ഥാനത്ത് അവരോധിച്ചു. ഇതുവഴി യൂത്ത്കോണ്‍ഗ്രസിന്റെ പൂര്‍ണമായ നിയന്ത്രണം സഞ്ജയ് സ്വന്തമാക്കിയെന്ന് യുഎസ് എംബസി സന്ദേശത്തില്‍ പറയുന്നു. പരാതിയുമായി ദാസ്മുന്‍ഷി ഇന്ദിരയെ കണ്ടെങ്കിലും ചില ആശ്വാസവാക്കുകളല്ലാതെ നടപടിയൊന്നും ഉണ്ടായില്ലെന്നും സന്ദേശത്തിലുണ്ട്.
ഗുവാഹത്തി എഐസിസി സമ്മേളനത്തില്‍ ദാസ്മുന്‍ഷിക്കൊപ്പം എ കെ ആന്റണിയും പരസ്യമായി സഞ്ജയ്ഗാന്ധിയെ വിമര്‍ശിച്ചെന്ന് 1976 നവംബര്‍ 26ലെ യുഎസ് എംബസി സന്ദേശത്തില്‍ പറയുന്നു. അന്ന് കെപിസിസി പ്രസിഡന്റായിരുന്നു ആന്റണി. സഞ്ജയിനെ എതിര്‍ത്തതിനാല്‍ ആന്റണിയെയും ദാസ്മുന്‍ഷിയെയും കോണ്‍ഗ്രസിലെ ഇടതുപക്ഷക്കാരായി പോലും സന്ദേശത്തില്‍ വിശേഷിപ്പിക്കുന്നുണ്ട്. കേരളത്തില്‍ സഞ്ജയ്ഗാന്ധി തീര്‍ത്തും അസ്വീകാര്യനായിരുന്നു. പലരും കോണ്‍ഗ്രസ് വിട്ടതായും സന്ദേശത്തില്‍ പറയുന്നു. കരുണാകരവിഭാഗം സഞ്ജയ്ഗാന്ധിയെ പിന്തുണയ്ക്കുന്ന സമീപനമാണ് സ്വീകരിച്ചത്. കരുണാകരനൊപ്പം യൂത്ത്കോണ്‍ഗ്രസിലെ ഒരു വിഭാഗവും അനുകൂല നിലപാടെടുത്തതായി സന്ദേശത്തിലുണ്ട്.
ബൊഫോഴ്സിനും മുമ്പേ കോണ്‍ഗ്രസ് പ്രതിരോധ കുംഭകോണം തുടങ്ങി
ന്യൂഡല്‍ഹി: പ്രതിരോധ ഇടപാടില്‍ രാജീവ്ഗാന്ധി ഇടനിലക്കാരനായി പ്രവര്‍ത്തിച്ചെന്ന് വ്യക്തമാക്കുന്ന വിക്കിലീക്സ് രേഖകള്‍ പ്രതിരോധ കുംഭകോണങ്ങളില്‍ കോണ്‍ഗ്രസിനുള്ള പങ്കിനെക്കുറിച്ച് വെളിച്ചം വീശുന്നതാണ്. ബൊഫോഴ്സ് കുംഭകോണത്തിന് ഒരു പതിറ്റാണ്ട് മുമ്പേയെങ്കിലും പ്രതിരോധ കുംഭകോണങ്ങളില്‍ കോണ്‍ഗ്രസിന് പങ്കുണ്ടെന്ന് പുതിയ വെളിപ്പെടുത്തലുകള്‍ തെളിയിക്കുന്നു. കോണ്‍ഗ്രസിന്റെ അടിത്തറയായ നെഹ്റുകുടുംബത്തിന് പ്രതിരോധ കുംഭകോണങ്ങളിലുള്ള ബന്ധം പൊതുവില്‍ ധരിച്ചുവന്നതിനേക്കാള്‍ ആഴത്തിലുള്ളതാണെന്ന് വ്യക്തമാകുകയാണ്.
ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ കോണ്‍ഗ്രസിന്റെ നട്ടെല്ലൊടിച്ചതില്‍ രാജീവ്ഗാന്ധി ഉള്‍പ്പെട്ട ബൊഫോഴ്സ് കുംഭകോണത്തിന് വലിയ പങ്കുണ്ട്. പ്രതാപത്തിന്റെ ഉന്നതിയില്‍ നിന്നിരുന്ന കോണ്‍ഗ്രസിനെ 1989ല്‍ അധികാരത്തില്‍നിന്ന് പുറത്തേക്ക് വലിച്ചിട്ടത് ബൊഫോഴ്സ് കേസാണ്. ഇന്ത്യന്‍ വ്യോമസേനയ്ക്കു വേണ്ടി വിമാനങ്ങള്‍ ഇറക്കുമതി ചെയ്യാന്‍ സ്വീഡിഷ് കമ്പനിയായ സാബ് സ്കാനിയയുടെ ഏജന്റായി രാജീവ് ഗാന്ധി പ്രവര്‍ത്തിച്ചെന്ന് വ്യക്തമാക്കുന്നതാണ് പുതുതായി പുറത്തുവന്ന രേഖകള്‍. 1973-76 കാലഘട്ടത്തിലെ അമേരിക്കന്‍ നയതന്ത്ര സന്ദേശങ്ങളാണ് ഇതിന്റെ അടിസ്ഥാനം. ഈ സമയത്ത് പൈലറ്റായി ജോലിചെയ്യുകയായിരുന്ന രാജീവ്ഗാന്ധിയെ സ്വീഡിഷ് വിമാനക്കമ്പനി ഏജന്റായി തെരഞ്ഞെടുക്കുകയായിരുന്നു. സ്വീഡിഷ് കമ്പനിക്ക് ഇന്ദിരാഗാന്ധിയെ സ്വാധീനിക്കാനുള്ള കുറുക്കുവഴിയായിരുന്നു രാജീവ് ഗാന്ധി. ഇടപാടുകളില്‍ ഒഴുകുന്ന കോഴകളില്‍ വലിയൊരു പങ്കും എത്തിച്ചേരുന്നത് രാജ്യങ്ങളുടെ അതിര്‍ത്തി ഭേദിച്ച് വട്ടമിട്ട് പറക്കുന്ന മധ്യസ്ഥര്‍ക്കിടയിലേക്കാണ്. ഇവര്‍ നടത്തുന്നതാവട്ടെ കടുത്ത കുറ്റകൃത്യവും രാജ്യദ്രോഹവുമാണ്. ഇത്തരമൊരു മധ്യസ്ഥന്റെ പങ്കാണ് ഇടപാടില്‍ രാജീവ് ഗാന്ധിക്കുണ്ടായിരുന്നത്. സ്വീഡിഷ് അധികൃതരെ ഉദ്ധരിച്ച് അമേരിക്കന്‍ എംബസി അയച്ച രഹസ്യരേഖകളില്‍ നെഹ്റുകുടുംബത്തിന് ഇന്ത്യയുടെ പ്രതിരോധ ഇടപാടുകളിലുള്ള പ്രാധാന്യത്തെക്കുറിച്ച് സൂചിപ്പിക്കുന്നു.
ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടശേഷം അധികാരമേറ്റ രാജീവ്ഗാന്ധിയുടെ കാലത്താണ് ബൊഫോഴ്സ് അഴിമതി അരങ്ങേറിയത്. രണ്ട് ഇടപാടിലും പ്രതിസ്ഥാനത്ത് വരുന്നത് സ്വീഡിഷ് കമ്പനികളാണെന്ന പ്രത്യേകതയുമുണ്ട്. പ്രതിരോധ ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ഒരാള്‍ രാജ്യത്തിന്റെ പ്രധാനമന്ത്രിയായി എന്നത് ഞെട്ടിപ്പിക്കുന്ന വസ്തുതയാണ്. രാജ്യത്തിന്റെ സുരക്ഷ ഉറപ്പ് വരുത്താന്‍ ബാധ്യസ്ഥനായ ഭരണാധികാരി ലാഭംമാത്രം ലക്ഷ്യമാക്കുന്ന ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഏജന്റാണെന്നത് ഇന്ത്യയുടെ അഭിമാനത്തിനു മാത്രമല്ല രാജ്യസുരക്ഷയ്ക്കുതന്നെ വെല്ലുവിളി ഉര്‍ത്തുന്നു. നെഹ്റുകുടുംബത്തിന്റെ ആശീര്‍വാദത്തോടെയാണ് ബൊഫോഴ്സ് കുംഭകോണത്തിലെ പ്രതിയായ ഒക്ടോവിയോ ക്വട്രോച്ചി രാജ്യം വിട്ടുപോയത്. രാജീവ്ഗാന്ധിക്കുശേഷം കോണ്‍ഗ്രസിന്റെ കടിഞ്ഞാണ്‍ അദ്ദേഹത്തിന്റെ ഭാര്യ സോണിയ ഗാന്ധിയുടെ കൈവശമായി. പ്രതിരോധ ഇടപാടുകളില്‍ പിന്നീടുള്ള കുംഭകോണങ്ങളൊക്കെ 10-ജനപഥിലേക്കും നീണ്ടു. അടുത്തിടെ പുറത്തു വന്ന അഗസ്ത വെസ്റ്റ്ലാന്‍ഡ് ഇടപാടില്‍പോലും കോണ്‍ഗ്രസിന് പങ്കാളിത്തമുണ്ടെന്നു വ്യക്തമായിരുന്നു.
ഇന്ദിരയുടെ വസതിയില്‍ യുഎസ് ചാരനുണ്ടായിരുന്നു
ന്യൂഡല്‍ഹി: അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരാഗാന്ധിയുടെ വസതിയില്‍ അമേരിക്കന്‍ ചാരനുണ്ടായിരുന്നതായി "കിസിഞ്ചര്‍ കേബിള്‍സ"ില്‍ സൂചന. അടിയന്തരാവസ്ഥക്കാലത്ത് ഇന്ദിരയും കോണ്‍ഗ്രസ് നേതൃത്വവും അമേരിക്കയോട് കൂടുതല്‍ താല്‍പ്പര്യം കാട്ടി തുടങ്ങിയതായി അറിയിച്ച് ഇന്ത്യയിലെ അമേരിക്കന്‍ എംബസി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ച സന്ദേശത്തിലാണ് ഈ സൂചന. അമേരിക്കയ്ക്കെതിരെ പ്രസ്താവന നടത്തുന്നതില്‍ സംയമനം പാലിക്കാന്‍ ഇന്ദിര നിര്‍ദേശിച്ചുവെന്ന് പ്രധാനമന്ത്രിയുടെ വസതിയിലെ ഒരു "വിശ്വസനീയ വൃത്തം" നല്‍കുന്ന വിവരമനുസരിച്ച് സന്ദേശത്തില്‍ പറയുന്നുണ്ട്. എന്നാല്‍, വിശ്വസനീയ വൃത്തം ആരെന്ന് വെളിപ്പെടുത്തിയിട്ടില്ല.
അടിയന്തരാവസ്ഥയ്ക്ക് മുമ്പുള്ള കാലയളവില്‍ അമേരിക്കയ്ക്കെതിരെ കോണ്‍ഗ്രസ് നേതാക്കളും കേന്ദ്രസര്‍ക്കാരിലെ ഉന്നത ഉദ്യോഗസ്ഥരും തുടരെ പ്രസ്താവന നടത്തിയിരുന്നു. പാകിസ്ഥാന് ആയുധങ്ങള്‍ നല്‍കുന്നു, അമേരിക്കയും ചൈനയും ചേര്‍ന്ന് കടലില്‍നിന്ന് ഇന്ത്യയെ വളയാന്‍ ശ്രമിക്കുന്നു തുടങ്ങിയ വിഷയങ്ങള്‍ ഉന്നയിച്ചായിരുന്നു അമേരിക്കാവിരുദ്ധ പ്രസ്താവനകള്‍. എന്നാല്‍, അടിയന്തരാവസ്ഥ പ്രഖ്യാപിച്ചശേഷം ഇത്തരം പ്രസ്താവനകള്‍ക്ക് ശമനം വന്നുവെന്ന് സന്ദേശത്തില്‍ പറയുന്നു. ഇത് ഇന്ദിരയുടെ വ്യക്തിപരമായ നിര്‍ദേശത്തെ തുടര്‍ന്നാണെന്ന് ഉറപ്പിക്കാമെന്നാണ് വിശ്വസനീയ വൃത്തത്തെ ആധാരമാക്കി എംബസി അറിയിക്കുന്നത്. ഇതിനുപിന്നാലെ ഇന്ത്യന്‍ മാധ്യമങ്ങള്‍ പ്രസിദ്ധീകരിക്കുന്ന നേതാക്കളുടെ യുഎസ് വിരുദ്ധ വാര്‍ത്തകള്‍ ശേഖരിച്ചതായും എംബസി പറയുന്നു. നേതാക്കളുടെ യുഎസ് വിരുദ്ധ പരാമര്‍ശങ്ങളില്‍ വലിയ കുറവ് വന്നുവെന്ന് രണ്ടാഴ്ചയ്ക്ക് ശേഷം അയച്ച സന്ദേശത്തില്‍ പറയുന്നു. അമേരിക്കന്‍ സഹായം പിന്നീട് വേണ്ടിവരുമെന്ന തോന്നലാകാം ഇന്ദിരയുടെ മാറ്റത്തിന് കാരണമെന്നും അന്നത്തെ യുഎസ് സ്ഥാനപതി വില്യം ബി സാക്സ്ബിയുടെ സന്ദേശം പറയുന്നു.
deshabhimani 100413
No comments:
Post a Comment